അമേരിക്കയില്‍ ഒരു 'വനിതാ ഒബാമ'

HIGHLIGHTS
  • ഇന്ത്യന്‍ വംശജ ഉന്നത പദവിയിലേക്ക്
  • ഭാവിയില്‍ പ്രസിഡന്‍റാകാനും സാധ്യത
US-POLITICS-VOTE-DEMOCRATS-BIDEN-HARRIS
അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയുടെ മുന്നില്‍ എത്തിനില്‍ക്കുകയാണ് ഇന്ത്യക്കാരിയുടെ മകളായ കമലദേവി ഹാരിസ് എന്ന കമല ഹാരിസ്
SHARE

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിനാലാം വാര്‍ഷികത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ മറ്റൊരു കാര്യംകൂടി. ലോകോത്തര വന്‍ശക്തിയായ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയുടെ മുന്നില്‍ എത്തിനില്‍ക്കുകയാണ് ഇന്ത്യക്കാരിയുടെ മകളായ കമലദേവി ഹാരിസ് എന്ന കമല ഹാരിസ്.

ഭാവിയില്‍ ഒന്നാം സ്ഥാനത്തുതന്നെ എത്താനും അങ്ങനെ യുഎസ് പ്രസിഡന്‍റാകാനും മറ്റു പലരേക്കാളും സാധ്യതയും ഇപ്പോള്‍ കമലയ്ക്കാണ്. അങ്ങനെ സംഭവിച്ചാല്‍ കറുത്ത വര്‍ഗക്കാരില്‍നിന്നുളള ആദ്യത്തെ വനിതാ പ്രസിഡന്‍റായിരിക്കും അവര്‍. ആ നിലയയില്‍ 'വനിതാ ഒബാമ'  എന്ന പേരും ഇപ്പോള്‍തന്നെ അവര്‍ക്കു കിട്ടിക്കഴിഞ്ഞു. 

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തന്‍റെ റണ്ണിങ് മേറ്റ് അഥവാ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി കമലയെ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് (ഓഗസ്റ്റ് 11). അമേരിക്കയിലെ രണ്ടു പ്രമുഖ കക്ഷികളും വെള്ളക്കാരല്ലാത്ത ആരെയും ഇതുവരെ ഈ സ്ഥാനത്തേക്കു നോമിനേറ്റ് ചെയ്തിരുന്നില്ല. ബറാക് ഒബാമ പ്രസിഡന്‍റായെങ്കിലും അത്തരമൊരാള്‍ ഒരിക്കലും വൈസ്പ്രസിഡന്‍റായിരുന്നില്ല. 

McCain Palin 2008
സാറാ പൈലിന്‍

തന്‍റെ റണ്ണിങ് മേറ്റ് ഒരു സ്ത്രീയായിരിക്കുമെന്നു ബൈഡന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍തന്നെ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം ഒരു സ്ത്രീപക്ഷക്കാരനായി അറിയപ്പെടുന്ന ആളായതിനാല്‍ ആരും അതില്‍ അല്‍ഭുതപ്പെടുകയുണ്ടായില്ല. സ്‌ത്രീകള്‍  റണ്ണിങ് മേറ്റാവുന്നതും പുതിയ കാര്യമല്ല. കാരണം, ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുതന്നെ ജെറല്‍ഡീന്‍ ഫെററോ 1984ലും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്നു സാറാ പൈലിന്‍ 2008ലും മല്‍സരിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിച്ച വാള്‍ട്ടര്‍ മോണ്‍ഡേല്‍, ജോണ്‍ മക്കെയിന്‍ എന്നിവരോടൊപ്പം അവരും തോറ്റു. 

US-145451147
സൂസന്‍ റൈസ്

ഒരു ഡസനോളം വനിതകളുടെ പട്ടികയാണ് ബൈഡന്‍റെ മുന്നിലുണ്ടായിരുന്നത്. കലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്ററായ കമല ഹാരിസിനു പുറമെ മസാച്യുസെറ്റ്സ് സെനറ്റര്‍ എലിസബത്ത് വാറന്‍, ഒബാമയുടെ ഭരണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഐക്യരാഷ്ട്ര സംഘടനയിലെ അമ്പാസ്സഡറുമായിരുന്ന സൂസന്‍ റൈസ് എന്നിവരായിരുന്നു മുന്‍നിരയില്‍. 

US-ELIZABETH-WARREN-BRINGS-HER-PRESIDENTIAL-CAMPAIGN-TO-SOUTHERN
എലിസബത്ത് വാറന്‍

എഴുപതു വയസ്സുള്ള എലിസബത്തും അന്‍പത്തഞ്ചുകാരിയായ കമലയും ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിക്കാനായി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രാഥമിക തിരഞ്ഞെടുപ്പുകളിലും രംഗത്തുണ്ടായിരുന്നു. എതിര്‍സ്ഥാനാര്‍ഥിയായ  ബൈഡനെ ആ സമയത്തു കമല രൂക്ഷമായി വിമര്‍ശിക്കുകയുമുണ്ടായി. ഒടുവില്‍. രക്ഷയില്ലെന്നു കണ്ട് കഴിഞ്ഞ വര്‍ഷാവസാനത്തോടെ പിന്മാറുകയും ബൈഡനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. റണ്ണിങ് മേറ്റിനെ കണ്ടെത്താന്‍ ബൈഡനെ സഹായിച്ചവരില്‍ ഒബാമയുമുണ്ടായിരുന്നു. 

വാക്കുകള്‍കൊണ്ടു തന്നെ ആക്രമിച്ച ആളെത്തന്നെ ബൈഡന്‍ തന്‍റെ റണ്ണിങ് മേറ്റാക്കിയത് അദ്ദേഹത്തിന്‍റെ വിശാലമനസ്ക്കതയ്ക്കു മാത്രമല്ല, കമലയുടെ  അനിഷേധ്യമായ കഴിവുകള്‍ക്കും സാക്ഷ്യം വഹിക്കുന്നു. 

US-ELECTIONS-MCCAIN
ബോബി ജിന്‍ഡാല്‍

ഇന്ത്യയില്‍ വേരുകളുള്ള ഒരാള്‍ യുഎസ് രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നത് ഇതാദ്യമല്ല. പഞ്ചാബി കുടുംബത്തില്‍നിന്നുള്ള ബോബി ജിന്‍ഡാല്‍ രണ്ടു തവണ ലൂയിസിയാനയിലെ ഗവര്‍ണറും രണ്ടു തവണ യുഎസ് പ്രതിനിധിസഭയിലെ അംഗവുമായിരുന്നു. ഒരു തവണ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ (റിപ്പബ്ളിക്കന്‍) പാര്‍ട്ടി ടിക്കറ്റിനുവേണ്ടി മല്‍സരിച്ചുവെങ്കിലും തോറ്റു.

പക്ഷേ, പിയൂഷ് എന്ന പേര് ഉപേക്ഷിച്ച് ബോബിയായ ജിന്‍ഡാലിനു തന്‍റെ ഇന്ത്യന്‍ പശ്ചാത്തലം പുറത്തു പറയാന്‍ മടിയായിരുന്നു. അതിനാല്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ അദ്ദേഹത്തിനു കാര്യമായ പിന്തുണ കിട്ടിയിരുന്നില്ല.

തികച്ചും വ്യത്യസ്തയാണ് തന്‍റെ ഇന്ത്യന്‍ പൈതൃകത്തില്‍ അഭിമാനിക്കുകയും അതിനെപ്പറ്റി ആഹ്ളാദത്തോടെ സംസാരിക്കുകയും ചെയ്യുന്ന കമല ഹാരിസ്. അവരും അനുജത്തി മായയും ജനിച്ചത് അമേരിക്കയിലെ കലിഫോര്‍ണിയയിലാണെങ്കിലും മാതാവ് ശ്യാമള തമിഴ്നാട്ടുകാരിയാണ്. ചെറുപ്പത്തില്‍ അമ്മയോടൊപ്പം പല തവണ ചെന്നൈയില്‍ വന്നതും മുത്തശ്ശനോടൊപ്പം ബീച്ചില്‍ നടക്കാന്‍ പോയതുമെല്ലാം അവര്‍ തന്‍റെ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്.

Election 2020 Joe Biden VP
ജോ ബൈഡന്‍, കമല ഹാരിസ്.

ന്യൂഡല്‍ഹിയില്‍ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന പി. വി. ഗോപാലന്‍റെ മകളായ ശ്യാമള ഡല്‍ഹിയിലെ വിദ്യാഭ്യാസത്തിനുശേഷം 19ാം വയസ്സില്‍ അമേരിക്കയില്‍ ഉപരിപഠനത്തിനു പോയതായിരുന്നു. കലിഫോര്‍ണിയയിലെ ഒരു സര്‍വകലാശാലയില്‍ ശാസ്ത്ര ഗവേഷണത്തിനു ചേര്‍ന്നു.

ലോകത്തിന്‍റെ മറ്റൊരു ഭാഗത്തുനിന്ന്-വെസ്റ്റിന്‍ഡീസ് ദ്വീപ് സമൂഹത്തിലെ ജമൈക്കയില്‍നിന്നു-സാമ്പത്തിക ശാസ്ത്രം പഠിക്കാനെത്തിയ ഡോണല്‍ഡ് ഹാരിസുമായി അവര്‍ പരിചയപ്പെട്ടു. ഇരുവരും പൗരാവകാശ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ടായിരുന്നു. അങ്ങനെയുണ്ടായ അടുപ്പം വിവാഹത്തില്‍ കലാശിക്കുകയും രണ്ടു മക്കളുണ്ടാവുകയും ചെയ്തു.

പക്ഷേ, 1971ല്‍ കമലയ്ക്ക് ഏഴു വയസ്സായിരുന്നപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. അതിനുശേഷം മക്കളെ വളര്‍ത്തിയത് ശ്യാമളയാണ്. കാനഡയിലെ ഒരു സര്‍വകലാശാലയില്‍ ജോലി ലഭിച്ച് ശ്യാമള അങ്ങോട്ടു പോയതിനാല്‍ അവരും മക്കളും അഞ്ചു വര്‍ഷം കാനഡയിലെ മോണ്‍ട്രിയോളിലായിരുന്നു. കാന്‍സര്‍ ഗവേഷണത്തില്‍ ഡോക്ടര്‍ ബിരുദം നേടിയ ശ്യാമള  2009ല്‍ കാന്‍സര്‍രോഗം മൂലംതന്നെ മരിച്ചു. 

സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര പ്രഫസറായിരിക്കേ 1998ല്‍ റിട്ടയര്‍ ചെയ്ത പിതാവ് ഡോണള്‍ഡ് ഹാരിസ് ഇടക്കാലത്തു ജമൈക്ക ഗവണ്‍മെന്‍റിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായിരുന്നു. അമ്മയെപ്പറ്റി കമലയ്ക്ക് എത്ര സംസാരിച്ചാലും മതിവരാറില്ലെങ്കിലും അച്ഛനെപ്പറ്റി അധികം സംസാരിക്കാറില്ല. 

നിയമ ബിരുദം നേടിയ കമല കുറച്ചുകാലം ഡിസ്ട്രിക്റ്റ് അറ്റോര്‍ണി (പ്രോസിക്യൂട്ടര്‍) ആയിരുന്നു. പിന്നീട് കലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി. ജോ ബൈഡന്‍റെ മകന്‍ ബ്യൂവായിരുന്നു അക്കാലത്തു ഡിലാവേറിലെ അറ്റോര്‍ണി ജനറല്‍. ഇരുവരും തമ്മിലുള്ള സഹകരണം രണ്ടു സംസ്ഥാനങ്ങളിലും നിയമ ലംഘകര്‍ക്കു പേടിസ്വപ്നമായിരുന്നു. "അവളൊരു പൊലീസാണ്" എന്നാണ് കമലയെപ്പറ്റി പലരും പറഞ്ഞിരുന്നത്. 

മസ്തിഷ്ക്ക കാന്‍സര്‍മൂലം ബ്യൂ 2015ല്‍ 46ാം വയസില്‍ നിര്യാതനായി. മകനുമായുള്ള കമലയുടെ ഗാഢമായ സൗഹൃദത്തെക്കുറിച്ചുള്ള ഓര്‍മകളും അവരെ തന്‍റെ റണ്ണിങ് മേറ്റാക്കാന്‍ തീരുമാനിച്ചതില്‍ പങ്കു വഹിച്ചതായി ബൈഡന്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നാലു വര്‍ഷമായി കലിഫോര്‍ണിയയില്‍നിന്നുളള സെനറ്ററാണ് കമല. 2014ല്‍ ഡഗ്ളസ് എംബോഫ് എന്ന അഭിഭാഷകനെ വിവാഹം ചെയ്തു. അദ്ദേഹത്തിന്‍റെ മുന്‍വിവാഹത്തിലെ രണ്ടു മക്കളെ സ്വന്തം മക്കളായി കാണുന്നു. അവര്‍ കമലയെ 'കോമല' എന്നും അമ്മകമല എന്ന അര്‍ഥത്തില്‍ 'മോംമല' എന്നും വിളിക്കുന്നു.  

Campaign 2016 Pence Immigration
മൈക്ക് പെന്‍സ്

നവംബറില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ബൈഡന്‍ ഏറ്റുമുട്ടുമ്പോള്‍ കമല ഹാരിസ് നേരിടന്നതു വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനെയാണ്. അറുപത്തൊന്നുകാരനായ പെന്‍സ് മുന്‍പ് ഇന്ത്യാനയിലെ ഗവര്‍ണറും യുഎസ് പ്രതിനിധി സഭയിലെ അംഗവുമായിരുന്നുവെങ്കിലും ദേശീയ തലത്തില്‍ അധികമൊന്നും അറിയപ്പെട്ടിരുന്നില്ല. ട്രംപിന്‍റെ നിഴലിലായതോടെ തീര്‍ത്തും നിഷ്പ്രഭനാവുകയും ചെയ്തു. അദ്ദേഹവും കമലയും തമ്മിലുള്ള സംവാദം ഒക്ടോബര്‍ ഏഴിനു നടക്കും.

USA-ELECTION/BIDEN-HARRIS
ജോ ബൈഡന്‍, കമല ഹാരിസ്.

ട്രംപിന്‍റെ കീഴില്‍ പെന്‍സിനു ലഭിച്ചതിനേക്കാള്‍ പരിഗണന ബൈഡന്‍റെ കീഴില്‍ കമലയ്ക്കു കിട്ടുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. അതിനൊരു കാരണം ബൈഡന്‍റെ പ്രായാധിക്യമാണ്. 77 വയസ്സുള്ള  അദ്ദേഹത്തിനു 22 വയസ്സ് കുറവുള്ള കമലയുടെ സഹായം കൂടൂതലായി സ്വീകരിക്കേണ്ടിവന്നേക്കാം. നാലു വര്‍ഷത്തിനുശേഷം 81ാം വയസ്സില്‍ വീണ്ടുമൊരു മല്‍സരത്തെ നേരിടാന്‍ ബൈഡന്‍ മുതിരുമോയെന്ന കാര്യവും സംശയമാണ്. കമല ഹാരിസ് ഭാവിയില്‍ അമേരിക്കയിലെ ഒന്നാം സ്ഥാനത്തെത്താനുളള സാധ്യത ആരും തള്ളിക്കളയുന്നില്ല

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom - US Presidential Elections 2020: Joe Biden picks Kamala Harris as running mate, first Black woman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA