യൂറോപ്പിലെ അവസാനത്തെ ഏകാധിപതി

HIGHLIGHTS
  • ബെലാറുസില്‍ ജനകീയ പ്രക്ഷോഭം
  • റഷ്യ സൈനികമായി ഇടപെടുമോ ?
BELARUS-OSCE/
അലക്സാന്‍ഡര്‍ ലുകഷെന്‍കോവ്
SHARE

'യൂറോപ്പിലെ അവസാനത്തെ ഏകാധിപതി' എന്ന പേരാണ് ബെലാറുസിലെ പ്രസിഡന്‍റ് അലക്സാന്‍ഡര്‍ ലുകഷെന്‍കോവിന്. അഞ്ചു തവണയായി 26 വര്‍ഷമായി അധികാരത്തിലിരിക്കുന്നു. എന്നിട്ടും മതിയായില്ല. ആറാം തവണയും പ്രസിഡന്‍റാകാനായി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനു വീണ്ടും മല്‍സരിച്ചു. 80 ശതമാനം വോട്ടുകളോടെ ജയിച്ചതായി അവകാശപ്പെടുകയും ചെയ്യുന്നു. 

പക്ഷേ, ജനങ്ങളില്‍ വലിയൊരു വിഭാഗം അത് അംഗീകരിക്കുന്നില്ല. വോട്ടെണ്ണലില്‍ തിരിമറി നടന്നുവെന്ന ആരോപണവുമായി സമരത്തിലാണവര്‍. ലുകഷെന്‍കോ രാജിവയ്ക്കണമെന്നും രാജ്യാന്തരനിരീക്ഷകരുടെ സാന്നിധ്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.      

തലസ്ഥാന നഗരമായ മിന്‍സ്ക്കിലും ചെറുതും വലുതുമായ മറ്റു നഗരങ്ങളിലും ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച മിന്‍സ്ക്കില്‍ നടന്ന റാലിയില്‍ പങ്കെടുത്തതു പതിനായിരങ്ങളായിരുന്നു. സമരം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കേ ലുകഷെന്‍കോ സ്വന്തം അനുകൂലികളെ രംഗത്തിറക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.  ഇതുകാരണം സ്ഥിതിഗതികള്‍ അടിക്കടി സംഘര്‍ഷഭരിതമായിക്കൊണ്ടിരിക്കുന്നു.

റഷ്യയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ബെലാറുസ് മുന്‍പ് റഷ്യയോടൊപ്പം സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നു. അവിടെ നടന്നുവരുന്ന സംഭവങ്ങള്‍ അതുപോലുള്ള മറ്റൊരു രാജ്യമായ യുക്രെയിനില്‍ ആറു വര്‍ഷം മുന്‍പ് നടന്ന കുഴപ്പങ്ങളെ ഓര്‍മിപ്പിക്കുന്നു. യുക്രെയിന്‍ പിന്നീട്  റഷ്യയും പാശ്ചാത്യലോകവും തമ്മിലുള്ള വടംവലിയുടെ വേദിയായി. ബെലാറുസില്‍ അതാവര്‍ത്തിക്കപ്പെടുമോ എന്ന ഭയവും നിലനില്‍ക്കുന്നു. 

ഓഗസ്റ്റ് ഒന്‍പതിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് മൊത്തത്തില്‍തന്നെ സ്വതന്ത്രവും നീതിയുക്തവും ആയിരുന്നില്ലെന്നാണ് ആക്ഷേപം. വോട്ടെണ്ണല്‍ സുതാര്യമായി നടന്നിരുന്നുവെങ്കില്‍ 60-70 ശതമാനം വോട്ടുകളോടെ താന്‍ ജയിക്കുമായിരുന്നുവെന്നു മുഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ സ്വെറ്റ്ലാന ടിഖനോവ്സ്ക്കായ അവകാശപ്പെടുന്നു. അവര്‍ക്കു കിട്ടിയ വോട്ടുകള്‍ പത്തു ശതമാനം മാത്രമാണെന്നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. 

പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിവരികയായിരുന്ന സ്വെറ്റ്ലാന വധഭീഷണിയെ തുടര്‍ന്ന് അയല്‍രാജ്യമായ ലിത്വാനയിലേക്കു രക്ഷപ്പെട്ടു. തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ മക്കളെ അവര്‍ അങ്ങോട്ടേക്ക് അയച്ചിരുന്നു. വിദേശത്തിരുന്നുകൊണ്ടും വിഡിയോകളിലൂടെ നാട്ടിലെ സമരത്തിന് ആവേശം പകരുകയാണ് സ്വെറ്റ്ലാന.  

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്‍സൈനികരും സമരത്തില്‍ ചേരാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഏഴായിരത്തോളം പേര്‍ അറസ്റ്റിലായി. പലരെയും പൊലീസ് തല്ലിച്ചതച്ചതായി ആരോപിക്കപ്പെടുന്നു. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്ററ്റി ഇന്‍റര്‍ നാഷനല്‍ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. സമരത്തിനിടയില്‍ പരുക്കേറ്റ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. 

പ്രശ്നം ബെലാറുസില്‍ ഒതുങ്ങിനില്‍ക്കുന്നില്ലെന്നും വ്യക്തമാവുകയാണ്. 27 രാജ്യങ്ങള്‍ അടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ ലുകഷെന്‍കോ വിരുദ്ധരെ പിന്തുണയ്ക്കുന്നു. അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റിനെതിരെ ഉപരോധ നടപടികള്‍ എടുക്കാനും ഉദ്ദേശിക്കുന്നു. 

russian-president-vladimir-putin
വ്ളാഡിമിര്‍ പുടിന്‍

അതേസമയം, ലുകഷെന്‍കോയെ അനുകൂലിക്കുകയാണ് അയല്‍പക്കത്തെ ഏറ്റവും പ്രധാന രാജ്യമായ റഷ്യയുടെ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. ഇരുവരും ബെലാറുസിലെ കുഴപ്പങ്ങളുടെ പിന്നില്‍ പാശ്ചാത്യ കരങ്ങള്‍ കാണുന്നു. പാശ്ചാത്യര്‍ സൈനികമായി ഇടപെട്ടാല്‍ അതിനെ ചെറുക്കാന്‍ ആവശ്യമായ സഹായം പുടിന്‍ വാഗ്ദാനം ചെയ്തതായി ലുകഷെന്‍കോ വെളിപ്പെടുത്തിയിട്ടുമുണ്ട്.  

മുന്‍പ് ബൈലോറഷ്യ എന്നറിയപ്പെട്ടിരുന്ന ബെലാറുസ് (രണ്ടു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റര്‍) സോവിറ്റ് യൂണിയന്‍റെ ഭാഗമായിരുന്നത് 1922 മുതല്‍ 1991 വരെയാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവന്നു. 1986ല്‍ യുക്രെയിനിലെ ചെര്‍ണോബില്‍ ആണവ നിലയത്തിലെ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ആണവ പ്രസരണത്തിന്‍റെ കെടുതികള്‍ക്കും ഇരയായി. 

സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന കാലത്തുതന്നെ മറ്റൊരു കാരണത്താലും ബെലാറുസ് ശ്രദ്ധിക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ജോണ്‍ കെന്നഡിയെ 1963ല്‍ വെടിവച്ചുകൊന്ന ലീ ഹാര്‍വി ഓസ്വാല്‍ഡ് അതിനു മുന്‍പ് കുറച്ചുകാലം താമസിച്ചിരുന്നതു മിന്‍സ്ക്കിലായിരുന്നു. യുഎസ് സൈന്യത്തില്‍നിന്നു പിരിഞ്ഞ അയാള്‍ സോവിയറ്റ് യൂണിയനിലേക്കു കൂറുമാറുകയായിരുന്നു. രാജ്യാന്തര വനിതാ ടെന്നിസ് താരം വിക്ടോറിയ അസെറങ്കയുടെ ജന്മനാടുമാണ് ബെലാറുസ്.

സോവിയറ്റ് കാലത്ത് ഒരു കൂട്ടുകൃഷിയിടത്തിന്‍റെ സാരഥിയായിരുന്നു അലക്സാന്‍ഡര്‍ ലുകഷെന്‍കോ. സൈന്യത്തിലും സേവനം ചെയ്തു. സോവിയറ്റ് യൂണിയനില്‍നിന്നു ബെലാറുസ് സ്വതന്ത്രമായതിന്‍റെ നാലാം വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് ആദ്യത്തെ പ്രസിഡന്‍റായത്. 

ആ തിരഞ്ഞെടുപ്പിലും പിന്നീടു നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിക്കാനായി ലുകഷെന്‍കോ കുതന്ത്രങ്ങള്‍ പ്രയോഗിച്ചുവെന്നാണ് ആരോപണം.  2011ലെ തിരഞ്ഞെടുപ്പിനു മുന്‍പ് നാല് എതിര്‍ സ്ഥാനാര്‍ഥികളെ കാണാതായി. 2006ല്‍ മറ്റൊരു പ്രമുഖ സ്ഥാനാര്‍ഥി അറസ്റ്റിലാവുകയും തടങ്കലില്‍ മര്‍ദ്ദനങ്ങളെ നേരിടേണ്ടിവരികയും ചെയ്തു.

ഇത്തവണ രംഗത്തുണ്ടായിരുന്ന മൂന്നു പ്രമുഖ എതിരാളികളില്‍ രണ്ടു പേര്‍ അറസ്റ്റിലാവുകയും മൂന്നാമന് അയോഗ്യത കല്‍പ്പിക്കപ്പെടുകയും ചെയ്തു. അറസ്റ്റിലായവരില്‍ ഒരാളായ പ്രശസ്ത ബ്ളോഗര്‍ സിയാര്‍ഹി ടിഖനോവ്സ്ക്കിയുടെ ഭാര്യ സ്വെറ്റ്ലാന മല്‍സരിക്കാന്‍ മുന്നോട്ടുവന്നത് അങ്ങനെയാണ്. 

അതിനു മുന്‍പ് അധികമാരും അവരെ അറിയുകപോലും ചെയ്തിരുന്നില്ല. 37 വയസ്സുകാരിയായ ഒരു സാധാരണ വീട്ടമ്മ എന്നു കരുതി അവരുടെ വെല്ലുവിളി നിസ്സാരമാക്കി തള്ളുകയായിരുന്നു അറുപത്തഞ്ചുകാരനായ ലുകഷെന്‍കോ. അദ്ദേഹത്തിന്‍റെ കണക്കുകൂട്ടലുകള്‍ ഇത്തവണ തെറ്റി. 

ഗത്യന്തരമില്ലെന്നു ബോധ്യമായതോടെയാണ് പുടിന്‍റെ സഹായം തേടിയത്. ബെലാറുസും റഷ്യയും തമ്മില്‍ നേരത്തെതന്നെ സാമ്പത്തിക-സൈനിക സഹകരണ ഉടമ്പടികളുണ്ട്. ഇരു രാജ്യങ്ങളും കൂടിയുള്ള കോണ്‍ഫെഡറേഷനും വിഭാവനം ചെയ്യപ്പെട്ടിരുന്നു. എങ്കിലും, അടുത്ത കാലത്തായി ഇതിലൊന്നും ലുകഷെന്‍കോ കാര്യമായ താല്‍പര്യം കാണിച്ചിരുന്നില്ലത്രേ. ഇപ്പോള്‍ സ്ഥിതി മാറി. റഷ്യന്‍ സഹായം അത്യന്താപേക്ഷിതമായിത്തീര്‍ന്നു. ലുകഷെന്‍കോ പുറംതള്ളപ്പെട്ടാല്‍ കാലക്രമത്തില്‍ ബെലാറസ് പാശ്ചാത്യാനുകൂലികളുടെ നിയന്ത്രണത്തിലാവുമെന്ന ഭയം റഷ്യക്കുമുണ്ട്.     

സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന പല രാജ്യങ്ങളും പില്‍ക്കാലത്തു പാശ്ചാത്യ ചേരിയിലേക്കു മാറുകയുണ്ടായി. സോവിയറ്റ് നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിലതും ആ വഴിക്കുപോയി. സോവിയറ്റ് യൂണിയനെ ചെറുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയില്‍ ചേര്‍ന്നവരും അക്കൂട്ടത്തിലുണ്ട്. ഇതെല്ലാം റഷ്യയെആശങ്കപ്പെടുത്തുകയായിരുന്നു. അതിനിടയിലാണ് 2014ല്‍ യുക്രെയിനിലെ റഷ്യ അനുകൂലിയായ പ്രസിഡന്‍റിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അദ്ദേഹം പുറത്താവുകയും ഒരു റഷ്യ വിരുദ്ധ ഭരണകൂടം അവരോധിക്കപ്പെടുകയും ചെയ്തു. യുക്രെയിന്‍റെ ഭാഗമായ ക്രൈമിയ അടര്‍ത്തിയെടുത്തു റഷ്യ സ്വന്തമാക്കിയത് അതിനെ തുടര്‍ന്നാണ്. 

അത്തരമൊരു സ്ഥിതിവിശേഷം ഇനിയുമുണ്ടാവാന്‍ റഷ്യ ആഗ്രഹിക്കുന്നില്ല.  ബെലാറുസ് ഒരു കാരണവശാലും പാശ്ചാത്യ ചേരിയിലേക്കു പോകാന്‍ ഇടയാവരുതെന്നു നിര്‍ബന്ധവുമുണ്ട്. കാരണം, ആ രാജ്യം  റഷ്യയെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്കും പാശ്ചാത്യര്‍ക്കും ഇടയിലുള്ള ഒരു ബഫര്‍കൂടിയാണ്. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Web Column Videsharangom - Belarus unrest: President Lukashenko accuses opposition of staging coup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA