റഷ്യന്‍ രാഷ്ട്രീയത്തില്‍ വിഷം

HIGHLIGHTS
  • പുടിന്‍റെ മുഖ്യ എതിരാളി ഗുരുതരാവസ്ഥയില്‍
  • സോവിയറ്റ് കാലത്തുതന്നെ തുടങ്ങിയ ചരിത്രം
France Europe Russian Opposition
അലക്സി നവല്‍നി
SHARE

പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ എതിര്‍ക്കുന്നതു ചിലപ്പോള്‍ ജീവന്‍തന്നെ അപകടത്തിലാക്കുമെന്നു പറയുന്നതു വാസ്തവമാണോ ?  റഷ്യയിലെ മുഖ്യ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി വിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായതോടെ വീണ്ടും ഉയരുന്നത് ഈ ചോദ്യമാണ്. നവല്‍നിയെ വധിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് സംശയം. 

യഥാര്‍ഥത്തില്‍ പുടിനുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യം കാണിക്കുന്ന ഏക റഷ്യന്‍ നേതാവാണ് നാല്‍പത്തിനാലുകാരനായ അഭിഭാഷകന്‍ നവല്‍നി. പുടിനെതിരെ അടുത്ത കാലത്തു നടന്ന പല പ്രതിഷേധ പ്രകടനങ്ങളുടെയും പ്രചോദനം അദ്ദേഹമായിരുന്നു. 

പുടിനെയും അദ്ദേഹത്തിന്‍റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടിയെയും നവല്‍നി വിശേഷിപ്പിക്കുന്നതു കള്ളന്മാരുടെയും കൊള്ളക്കാരുടെയും സംഘമെന്നാണ്. അതിന്‍റെയെല്ലാം പ്രത്യാഘാതങ്ങള്‍ പലതവണ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നു. ജയിലിലും വീട്ടുതടങ്ങലിലും കഴിയേണ്ടിവന്നു. 

റഷ്യയിലെ തന്നെ സൈബീരിയയില്‍ പോയിരുന്ന നവല്‍നി ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഓഗസ്റ്റ് 20) രാവിലെ വിമാനത്തില്‍ മോസ്ക്കോയിലേക്കു മടങ്ങുകയായിരുന്നു. യാത്രയ്ക്കിടയില്‍ കലശലായ അസുഖം അനുഭവപ്പെടുകയും ടോയിലറ്റില്‍ പോയപ്പോള്‍ ബോധരഹിതനായി വീഴുകയും ചെയ്തു. 

വിമാനം പുറപ്പെടുന്നതിനുമുന്‍പ് ടോംസ്ക്ക് വിമാനത്താവളത്തിലെ ഒരു കഫേയില്‍നിന്ന് അദ്ദേഹം ചായ കഴിച്ചിരുന്നു. അതിനു ശേഷം ഒന്നും കഴിക്കുകയുണ്ടായില്ല. അതിനാല്‍ ചായയില്‍ ആരോ വിഷം കലര്‍ത്തിയെന്നാണ് സംശയിക്കപ്പെടുന്നത്.  വിമാനം അടിയന്തരമായി സൈബീരിയയിലെതന്നെ ഓംസ്ക്കില്‍ ഇറങ്ങുകയും നവല്‍നിയെ അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഐസിയുവില്‍ വെന്‍റിലേറ്ററിലായി. വിദഗ്ദ്ധ ചികില്‍സയ്ക്കുവേണ്ടി അദ്ദേഹത്തെ അജര്‍മനിയിലേക്കു കൊണ്ടുപോകാന്‍ അന്നുതന്നെ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിക്കുകയുണ്ടായില്ല.

സ്ഥിതി വഷളാകുമെന്ന ന്യായത്തില്‍ ആശുപത്രി അധികൃതര്‍ അതിനു വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍ ശനിയാഴ്ച രാവിലെയാണ് നവല്‍നിയെയും വഹിച്ചുകൊണ്ടുള്ള വിമാനം ജര്‍മനിയിലേക്കു പുറപ്പെട്ടത്. 

എന്തു വിഷമാണ് പ്രയോഗിക്കപ്പെട്ടതെന്നും ആരാണത് ചെയ്തതെന്നുമുള്ള കാര്യങ്ങളില്‍ ഇതുവരെ സൂചനകളൊന്നുമില്ല. എങ്കിലും, മുന്‍പ് നടന്ന പല സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ സംശയത്തിന്‍റെ സൂചിമുനകള്‍ തിരിയുന്നത് പുടിന്‍റെയും അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റിന്‍റെയും നേരെയാണ്. 

russian-president-vladimir-putin
വ്ളാഡിമിര്‍ പുടിൻ

പുടിന്‍റെ അപ്രീതി സമ്പാദിച്ചവര്‍ക്കു വിഷബാധയേല്‍ക്കുകയം  അവരില്‍ ചിലര്‍ മരിക്കുകയും മറ്റു ചിലര്‍ മാസങ്ങളോളം മരണവുമായി മല്ലിടേണ്ടിവരികയും ചെയ്ത സംഭവങ്ങളുടെ ഒരു നീണ്ട ചരിത്രമാണുള്ളത്. നവല്‍നിക്കുതന്നെ കഴിഞ്ഞ വര്‍ഷം തടങ്കലില്‍ കഴിയുമ്പോള്‍ വിഷം തീണ്ടുകയും മുഖത്തും മറ്റും തിണര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. അലര്‍ജിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍, മുന്‍പൊരിക്കലും നവല്‍നിക്കു അലര്‍ജി അനുഭവപ്പെട്ടിരുന്നില്ല. 

റഷ്യന്‍ ഭരണകൂടത്തിലെ ഗുരുതരമായ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകനായിരുന്ന യൂറി ഷെക്കോചിഖിന്‍ 2003ല്‍ മരിച്ചതും വിഷബാധയേറ്റായിരുന്നു. പെട്ടെന്നു മുടി കൊഴിയുകയും ആന്തരികാവയങ്ങള്‍ ഒന്നൊന്നായി തകരാന്‍ തുടങ്ങുകയും ചെയ്തു. ആശുപത്രിയില്‍ 16 ദിവസം മരണവുമായി മല്ലിട്ടശേഷമായിരുന്നു മരണം.അദ്ദേഹത്തിന്‍റെ സഹ പ്രവര്‍ത്തകയായിരുന്ന വിശ്രുത വനിതാ ജേര്‍ണലിസ്റ്റ് അന്ന പൊളിറ്റ്കോവ്സ്ക്കായയ്ക്ക് അതിന്‍റെ അടുത്ത വര്‍ഷവും വിഷബാധയുണ്ടായി. അതിനെ അവര്‍ അതിജീവിച്ചുവെങ്കിലും മൂന്നു വര്‍ഷത്തിനുശേഷം മോസ്ക്കോയിലെ തന്‍റെ ഫ്ളാറ്റിലെ ലിഫ്റ്റില്‍ വച്ച് അവര്‍ വെടിയേറ്റു മരിച്ചു. ജേണലിസ്റ്റും  ചരിത്രകാരനുമായ വ്ളാഡിമിര്‍ കരമുര്‍സയ്ക്കു വിഷബാധയേറ്റതു 2015ലും 2017ലുമായി രണ്ടു തവണയായിരുന്നു. 

പുടിന്‍റെ ശത്രുത സമ്പാദിച്ചവരില്‍ പലരും അഭയം പ്രാപിച്ചിട്ടുള്ളത് ബ്രിട്ടനിലാണ്. അവിടെ നടന്ന രണ്ടു സംഭങ്ങള്‍ പ്രത്യേകിച്ചും രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. റഷ്യയും ബ്രിട്ടനും തമ്മിലുളള ബന്ധം ഉലയാന്‍ അവ കാരണമാവുകയും ചെയ്തു. പക്ഷേ, വിഷ ബാധയേറ്റവര്‍ റഷ്യയിലെ രാഷ്ട്രീയക്കാരല്ല, മുന്‍ ചാരന്മാരായിരുന്നു. അവരും പുടിന്‍റെ അപ്രീതി സമ്പാദിച്ചിരുന്നുവെന്നു മാത്രം.  അവരില്‍ ഒരാളായിരുന്നു 2006 നവംബറില്‍ ലണ്ടനില്‍ മരിച്ച അലക്സാന്‍ഡര്‍ ലിറ്റ്വിനങ്കോ. ഒരു ദിവസം റസ്റ്ററന്‍റില്‍ വച്ച് ചായ കഴിച്ചശേഷം അയാള്‍ പെട്ടെന്ന് അവശനാവുകയായിരുന്നു. ആന്തരികാവയവങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു. കഠിനവേദന സഹിച്ച് മൂന്നാഴ്ചയോളം മല്ലിട്ടശേഷമാണ് മരണത്തിനു കീഴടങ്ങിയത്. 

ലിറ്റ്വിനങ്കോ കുടിച്ച ചായയില്‍ ആണവ പ്രസരമുള്ള പോളോണിയം 210 എന്ന വിഷം കലര്‍ന്നിരുന്നതായി പിന്നീടു കണ്ടെത്തി. അതിന് ഉത്തരവാദികളായ രണ്ടു റഷ്യക്കാര്‍ പുടിന്‍റെ അംഗീകാരത്തോടെയാണ് കൃത്യം നടത്തിയതെന്നു ജൂഡീഷ്യല്‍ അന്വേഷണം ചൂണ്ടിക്കാട്ടുകയും ചെയ്തു. 

പോളോണിയം 210 എന്ന മാരകരമായ റേഡിയോ ആക്ടീവ് രാസവസ്തു മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന സാധനമല്ല. ചില രാജ്യങ്ങളുടെ ഗവേഷണശാലകളില്‍ യുദ്ധാവശ്യത്തിനുവേണ്ടിമാത്രം  നിര്‍മിക്കുന്നതാണ്. അതെങ്ങനെ ലിറ്റ്വിനങ്കോയുടെ കൊലയാളികള്‍ക്കു കിട്ടിയെന്ന അന്വേഷണമാണ് സംഭവത്തില്‍ റഷ്യക്കു പങ്കുണ്ടെന്ന നിഗമനത്തിലേക്കു നയിച്ചത്. 

റഷ്യന്‍ സൈന്യത്തില്‍ ഇന്‍റലിജന്‍സ് വിഭാഗത്തിലെ  ഉന്നത ഉദ്യോഗസ്ഥനായിരുന്ന സെര്‍ജി സ്ക്രിപലിനു നേരെ പ്രയോഗിക്കപ്പെട്ടതും സമാനമായ വിഷമായിരുന്നു. 2018ല്‍  ദക്ഷിണ ഇംഗ്ളണ്ടിലെ സോള്‍സ്ബറിയില്‍ ഒരു ഷോപ്പിങ് സെന്‍ററിനു സമീപമുള്ള ബെഞ്ചില്‍ സെര്‍ജി മകളോടൊപ്പം കുഴഞ്ഞുവീണു കിടക്കുന്നതായാണ് കണ്ടെത്തിയത്. 

തൊട്ടുമുന്‍പ് അതിനടുത്തുള്ള ഒരു റസ്റ്ററന്‍റും ബാറും അവര്‍ സന്ദര്‍ശിച്ചിരുന്നതിനാല്‍ വിഷബാധയുണ്ടായതു ഭക്ഷണത്തിലൂടെയോ പാനീയത്തിലൂടെയോ ആവാമെന്നായിരുന്നു സംശയം. മാരകമായ നോവിച്ചോക്ക് എന്ന രാസവസ്തു അവരുടെ രക്തത്തില്‍ കണ്ടെത്തുകയും ചെയ്തു. 

പുടിന്‍ വിരുദ്ധരായ വേറെയും ഒരു ഡസനോളം റഷ്യക്കാര്‍ ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയുണ്ടായി. അവരില്‍ ഒരു പ്രമുഖനായിരുന്നു കോടീശ്വരന്‍ ബോറിസ് ബെറസോവ്സ്കി. ലിറ്റ്വിനങ്കോയുടെ മരണത്തിന് ഉത്തരവാദി പുടിനാണെന്ന തുറന്നടിച്ചവരുടെ കൂട്ടത്തിലും ബെറസോവ്സ്ക്കിയുണ്ടായിരുന്നു. 2013ല്‍ ലണ്ടനു സമീപമുള്ള തന്‍റെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അയാളെ കണ്ടെത്തിയത്. 

സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്തും മോസ്ക്കോയിലെ ഭരണകൂടത്തിന്‍റെ അപ്രീതി സമ്പാദിച്ചവര്‍ക്കു വിഷബാധ ഏല്‍ക്കുകയുണ്ടായി. സോവിയറ്റ് നിയന്ത്രണത്തിലായിരുന്ന ബള്‍ഗേറിയയിലെ സാഹിത്യകാരന്‍ ജോര്‍ജി മാര്‍ക്കോയുടെ മരണം ആ വിധത്തിലായിരുന്നു.  ബ്രിട്ടനില്‍ അഭയം പ്രാപിച്ചിരുന്ന അദ്ദേഹം 1978ല്‍ ലണ്ടനില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ ഒരു അജ്ഞാതന്‍ തന്‍റെ കുടയുടെ അറ്റത്തു ഘടിപ്പിച്ചിരുന്ന സൂചി കൊണ്ടു അദ്ദേഹത്തിന്‍റെ തുടയില്‍ കുത്തുകയായിരുന്നു. അയാള്‍ ഓടിക്കളഞ്ഞു. കഠിനമായ വേദന അനുഭവപ്പെട്ടുവെങ്കിലും മാര്‍ക്കോ അതു വളരെ കാര്യമായി എടുത്തില്ല.

ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു പനി പിടിക്കുകയും മൂന്നു ദിവസത്തിനകം മരിക്കുകയും ചെയ്തു. റിസിന്‍ എന്ന മാരക വിഷമാണ് കുത്തിക്കയറ്റിയതെന്നു കണ്ടെത്തിയതു തുടര്‍ന്നു നടത്തിയ  അന്വേഷണത്തിലാണ്. നവല്‍നിക്ക് എന്തു സംഭവിക്കുമെന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. ഈ സംഭവം റഷ്യന്‍ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്നതും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.                

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Web Column Videsharangom - "Poisoned" Kremlin critic Alexei Navalny flown from Russia to Germany for treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.