അമേരിക്കയില്‍, ഇന്ത്യക്കാര്‍ക്കിടയിലെ ഇപ്പോഴത്തെ താരം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ കമല ഹാരിസ് മാത്രമല്ല. നിക്കി ഹേലി എന്ന മറ്റൊരു ഇന്ത്യന്‍ വംശജകൂടി തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ്. സ്ഥാനാര്‍ഥിയല്ലെങ്കിലും റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കുവേണ്ടി ഇന്ത്യക്കാരുടെ പിന്തുണ നേടിയെടുക്കാനുള്ള യജ്ഞത്തിലാണ് നിക്കി ഹേലിയെന്ന നിക്കി നിമ്രത രണ്‍ധവ ഹേലി.
അമേരിക്കയില്‍ ജനിച്ച ഇരുവരുടെയും കഥകള്‍ ഏതാണ്ട് ഒരു പോലെയാണെങ്കിലും ഒരു വ്യത്യാസമുണ്ട്. കമലയുടെ മാതാവ് തമിഴ്നാട്ടുകാരിയും പിതാവ് ജമൈക്കക്കാരനുമാണെങ്കില്‍ നിക്കിയുടെ മാതാവും പിതാവും പഞ്ചാബികളാണ്. ദശകങ്ങള്‍ക്കു മുന്‍പത്തെ അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളുമായി മല്ലിട്ടു മുന്നേറി യുഎസ് രാഷ്ട്രീയത്തിലെ മുന്‍നിരയില്‍ എത്തിയവരാണ് ഇരുവരും.

സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഓഗസ്റ്റ് 24) ആരംഭിച്ചപ്പോള്‍ ആദ്യദിവസംതന്നെ പ്രസംഗിച്ചവരില്‍ ഒരാള്‍ നിക്കിയായിരുന്നു. അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പില്‍ രണ്ടാം തവണയും പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിക്കുന്ന ഡോണള്‍ഡ് ട്രംപിന്‍റെ കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ അവര്‍ എണ്ണിയെണ്ണിപ്പറഞ്ഞു. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ തള്ളിക്കളയുകയുംചെയ്തു.
വെള്ളക്കാരല്ലാത്ത തന്‍റെയും കുടുംബത്തിന്‍റെയും അനുഭവങ്ങള്‍ എടുത്തു പറയാനും നിക്കി മടിച്ചില്ല. ട്രംപിന്‍റെ ഭരണത്തില്‍ വംശീയത ശക്തിപ്പെട്ടുവെന്ന പ്രചാരണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
അവര്‍ പറഞ്ഞു: "അമേരിക്കയില്‍ സര്‍വത്ര വംശീയത നടമാടുകയാണെന്നു പറയുന്നത് ഡമോക്രാറ്റിക് പാര്‍ട്ടിക്കാര്‍ക്കിടയില്‍ പതിവായിരിക്കുകയാണ്. അസത്യമാണിത്. അമേരിക്ക അത്തരമൊരു രാജ്യമല്ല. ഇതെന്‍റെ സ്വന്തം അനുഭവമാണ്. ഇന്ത്യയില്‍നിന്നു കുടിയേറിയവരുടെ മകളാണ് ഞാന്‍. എനിക്കതില്‍ അഭിമാനമുണ്ട്....എന്‍റെ പിതാവ് തലപ്പാവ് ധരിക്കുകയും എന്‍റെ മാതാവ് സാരിയുടുക്കുകയും ചെയ്യുന്നു....എന്‍റെ മാതാവ് ബിസിനസ് തുടങ്ങുകയും വിജയിക്കുകയും ചെയ്തു. പിതാവ് കറുത്ത വര്‍ഗക്കാരുടെ ചരിത്ര പ്രസിദ്ധമായ കോളജില്‍ 30 വര്‍ഷം പഠിപ്പിച്ചു. സൗത്ത് കാരൊലൈനയിലെ ജനങ്ങള്‍ അവരുടെ ആദ്യത്തെ വനിതാ ഗവര്‍ണറായി എന്നെ നിയമിച്ചു."
പതിനെട്ടു ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ കമലയിലൂടെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനു കിട്ടുന്നതു തടയുകയും ട്രംപിനു ലഭ്യമാക്കുകയുമാണ് നിക്കിയുടെ ലക്ഷ്യം. ഇന്ത്യന്‍ വംശജര്‍ പരമ്പരാഗതമായി ഡമോക്രാറ്റിക് പാര്‍ട്ടി അനുഭവികളാണെന്നത് പക്ഷേ, ഈ ദൗത്യം ക്ളേശകരമാക്കുന്നു.
അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ട്രംപിന്‍റെ സൗഹൃദം അടുത്ത കാലത്തായി ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ റിപ്പബ്ളിക്കന്‍ അനുകൂല തരംഗങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യം ആരും അവഗണിക്കുന്നുമില്ല. താന്‍ പ്രസിഡന്‍റായാലും ഇന്ത്യ-യുഎസ് ബന്ധം ശക്തമായി തുടരുമെന്നു ബൈഡന്‍ പ്രഖ്യാപിച്ചിട്ടുള്ളതും ഈ പശ്ചാത്തലത്തിലാണ്.
അന്‍പത്തഞ്ചുകാരിയായ കമല ഹാരിസിനേക്കാള്‍ ഏഴു വയസ്സിന് ഇളയവളാണ് നിക്കി. നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറായിരുന്നു. നിക്കിക്കു മുന്‍പ് മറ്റൊരു ഇന്ത്യന്‍ വംശജന്‍ മാത്രമേ യുഎസ് ഗവര്‍ണറായിരുന്നിട്ടുള്ളൂ- ലൂയിസിയാനയിലെ ബോബി ജിന്‍ഡാല്‍.
നിക്കിയെപ്പോലെതന്നെ പഞ്ചാബില്‍ കുടുംബ വേരുകളുളള റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗമാണ് ബോബിയും. യുഎസ് പ്രതിനിധി സഭയിലെ അംഗവുമായിരുന്നു.
ബോബിയെപ്പോലെതന്നെ പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിക്കാനും നിക്കിക്ക് ആഗ്രഹമുണ്ടന്നതു രഹസ്യമല്ല. നാലു വര്‍ഷത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ടിക്കറ്റ് നേടിയെടുക്കാനുള്ള ശ്രമംകൂടിയാണ് അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെന്നും അഭ്യൂഹങ്ങളുണ്ട്.
ട്രംപിനെ വൈറ്റ്ഹൗസില്‍ എത്തിച്ച 2016ലെ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിനെതിരെയാണ് നിക്കി പ്രവര്‍ത്തിച്ചിരുന്നത്. തന്നെപ്പോലെ ഒരു കുടിയേറ്റ കുടുംബത്തിലെ അംഗമായ ക്യൂബന്‍ വംശജന്‍ മാര്‍ക്കോ റൂബിയോയെ പിന്തുണച്ചു. അദ്ദേഹം മല്‍സരരംഗം വിട്ടതോടെ ടെഡ് ക്രൂസിന്‍റെ പക്ഷംചേര്‍ന്നു.
ഇന്ത്യയില്‍ പഞ്ചാബിലെ അമൃതസറില്‍ ജനിച്ച അജിത് സിങ് രണ്‍ധവ അരനൂറ്റാണ്ടുമുന്‍പ് ഭാര്യ രാജ് കൗറിനോടൊപ്പം കാനഡയിലേക്കു വിമാനം കയറുമ്പോള്‍ തുടങ്ങുന്നതാണ് നിക്കി ഹേലിയുടെ കഥ. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു ആ യാത്ര.
കൃഷി ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ അജിത് സിങ് ജോലി തേടി കാനഡയില്‍നിന്ന് അമേരിക്കയിലെ സൗത്ത് കാരൊലൈനയിലെത്തി. സര്‍വകലാശാലയില്‍ പ്രഫസറായി. മൂത്ത മകളായ നിമ്രതയെന്ന നിക്കിയുടെ ജനനം അവിടെ വച്ചായിരുന്നു. രണ്ടു പുത്രന്മാരുമുണ്ട്.
നിക്കിയെന്നതു വീട്ടിലെ വിളിപ്പേരായിരുന്നു. അതു സ്ഥിരപ്പെടുകയും 1996ല്‍ മൈക്കല്‍ ഹേലിയെന്ന അമേരിക്കക്കാരനെ വിവാഹം ചെയ്തതോടെ നിക്കി ഹേലിയാവുകയും ചെയ്തു. ആര്‍മി കോസ്റ്റ് ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനാണ് മൈക്കല്‍.
ഗവര്‍ണറാകുന്നതിനു മുന്‍പ് നിക്കി സൗത്ത് കാരൊലൈനയിലെതന്നെ സംസ്ഥാന നിയമസഭാംഗമായിരുന്നു. 2017 ജനുവരിയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസ്സഡറായി നിയമിച്ചതോടെയാണ് ദേശീയ തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍നിന്നു മറ്റാരും മുന്‍പ് ഇത്രയും ഉയര്‍ന്ന ഭരണകൂട പദവിയില്‍ എത്തിരുന്നില്ല. അത്രയും അറിയപ്പെടുന്ന മറ്റൊരു വനിതയും ഇപ്പോള്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ മുന്‍നിരയിലില്ലതാനും.
വിദേശകാര്യ പരിചയവും നയതന്ത്ര പ്രവര്‍ത്തന പശ്ചാത്തലവുമുള്ളവര്‍ക്കു പറഞ്ഞുവച്ചിട്ടുള്ളതെന്നു കരുതപ്പെടുന്ന യുഎന്‍ അംബാസ്സഡര്‍ പദവിയില്‍ നിക്കി നിയമിതയായത് അതൊന്നുമില്ലാതെയാണ്.
എങ്കിലും ഒന്നര വര്‍ഷത്തിനിടയില്‍ മുന്‍ഗാമികളില്‍ പലരിലും അസൂയ ജനിപ്പിക്കുന്ന വിധത്തില്‍ യുഎന്‍ വേദികളില്‍ അവര്‍ നിറഞ്ഞുനിന്നു. ട്രംപിന്‍റെ രാജ്യാന്തര വീക്ഷണം അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തേക്കാളേറെ വീറും വാശിയും പ്രകടിപ്പിക്കുകയും ചെയ്തു.
പക്ഷേ, ഒന്നര വര്‍ഷത്തിനുശേഷം നിക്കി യുഎന്‍ പദവി രാജിവച്ചു. ട്രംപിന്‍റെ പരിഗണനയില്‍ അവര്‍ക്ക് എത്രമാത്രം സ്ഥാനമുണ്ടെന്ന കാര്യം കുറേക്കൂടി വ്യക്തമായത് അപ്പോഴാണ്. താന്‍ നിയമിച്ച ഉന്നത ഉദ്യോഗസ്ഥരില്‍ നാല്‍പ്പതോളം പേരെ ട്രംപ് പല കാരണങ്ങളാല്‍ പിരിച്ചുവിടുകയായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്. ആര്‍. മക്മാസ്റ്റര്‍ എന്നിവര്‍വരെ അക്കൂട്ടത്തില്‍പ്പെടുന്നു.
അവരുടേതില്‍നിന്നു വ്യത്യസ്തമായിരുന്നു നിക്കിയുടെ വിടവാങ്ങല്‍. നിക്കിയെ ട്രംപ് വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചുവരുത്തുകയും ഇരുവരും അടുത്തടുത്തിരുന്നു മാധ്യമ പ്രതിനിധികളെ കാണുകയും ചെയ്തു. പ്രശംസകള്‍കൊണ്ട് അന്യോന്യം പൊതിയുന്നതില്‍ ഇരുവരും പിശുക്ക് കാണിച്ചുമില്ല.
ഈ വര്‍ഷത്തെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നു നിക്കി പറഞ്ഞതായിരുന്നു ട്രംപിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷാവഹമായ കാര്യം. 2024ലെ തിരഞ്ഞുടുപ്പില്‍ മല്‍സരിക്കാന്‍ നിക്കി കാലേക്കൂട്ടി ഒരുങ്ങുകയാണെന്ന അഭ്യൂഹത്തിന് അതു വഴിയൊരുക്കുകയുംചെയ്തു.
റിപ്പബ്ളിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ചെയ്ത ഉശിരന്‍ പ്രസംഗത്തിലൂടെ നിക്കി ആ പാര്‍ട്ടിയിലെ മുന്‍നിരനേതാക്കളില്‍ ഒരാളായിരിക്കുകയാണ്. 2024ലോ 2028ലോ അവര്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവുകയാണെങ്കിൽ അതിലാരും അല്‍ഭുതപ്പെടുകയില്ല.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Nikki Haley, Bobby Jindal and on-and-off relationships with Indian American identity