മാറ്റം തേടുന്ന തായ് മക്കള്‍

HIGHLIGHTS
  • ഭരണത്തില്‍ പട്ടാളത്തിന്‍റെ മേധാവിത്തം
  • രാജാവിനെതിരെയും വിമര്‍ശനം
THALAND-POLITICS-ROYALS
Prayut Chan-O-Cha. Photo Credit: Royal Thai Government / AFP
SHARE

"ഞങ്ങള്‍ക്കു വേണം യഥാര്‍ഥ ജനാധിപത്യം". തായ്​ലൻഡിൽ കഴിഞ്ഞ ചില മാസങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്നതാണ്‌ ഈ മുദ്രാവാക്യം. ഇങ്ങനെ ആവശ്യപ്പെട്ട് തെരുവുകളില്‍ പ്രകടനം നടത്തുന്നവരില്‍ അധികപേരും വിദ്യാര്‍ഥികളും യുവാക്കളുമാണ്. 

അത്രയും പരസ്യമായിട്ടല്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ മറ്റൊരു മുദ്രാവാക്യവും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്: "നമുക്കൊരു രാജാവിന്‍റെ ആവശ്യമെന്ത്?' കഴിഞ്ഞ മാസം ചില സര്‍വകലാശാലകളിലെ വിദ്യാര്‍ഥി കൂട്ടായ്മകളിലും ഈ മുദ്രാവാക്യം ഉയരുകയുണ്ടായി. നാലു വര്‍ഷംമുന്‍പ് മാത്രം അവരോധിക്കപ്പെട്ട പുതിയ രാജാവിനെ ലക്ഷ്യമാക്കിയാണ്  ചോദ്യം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തായ് രാജവാഴ്ചയുടെചരിത്രത്തില്‍ ഇത്തരമൊരു ചോദ്യം മുന്‍പൊരിക്കലും ഉയര്‍ന്നിരുന്നില്ല. 

രാജാവിനെയോ രാജകുടുംബാഗങ്ങളെയോ അവഹേളിക്കുകയോ അവരോട് അനാദരവ് കാട്ടുകയോ ചെയ്യുന്നതു 15 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതവഗണിച്ചുകൊണ്ടാണ് യുവജനങ്ങള്‍  രാജാവിനെതിരെയും രാജവാഴ്ചയ്ക്കെതിരെയും ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നത്. 

ഏഴു കോടിയോളം വരുന്ന തായ് ജനതയില്‍ വലിയൊരു വിഭാഗം, വിശേഷിച്ചും യുവാക്കള്‍ തികച്ചും അസംതൃപ്തരാണ്. യഥാര്‍ഥ ജനാധിപത്യമില്ല. തിരഞ്ഞെടുപ്പുകള്‍ നടക്കാറുണ്ടെങ്കിലും പലപ്പോഴും പട്ടാളം ഇടപെടുകയും അധികാരത്തിന്‍റെ കടിഞ്ഞാണ്‍ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു.   

കഴിഞ്ഞ 84 വര്‍ഷത്തിനിടയില്‍ ഒരു ഡസനിലേറെ പട്ടാളവിപ്ളവങ്ങളും ഏതാനും പട്ടാളവിപ്ളവ ശ്രമങ്ങളും നടന്നു. ഏറ്റവും ഒടുവിലത്തേതായിരുന്നു 2014ലേത്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്‍റിനെ അട്ടിമറിച്ചാണ് പട്ടാളത്തലവന്‍ ജനറല്‍ പ്രയുത് ചാന്‍ ഓച്ച ഭരണം പിടിച്ചെടുത്തത്. 

പ്രധാനമന്ത്രിയായി സ്വയം അവരോധിച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പ്  പ്രഹസനത്തിലൂടെ ആ പദവിയിന്മേലുള്ള തന്‍റെ പിടി ഉറപ്പിക്കുകയും ചെയ്തു. 

പിടിപ്പുകേടിന്‍റെ പര്യായമായ പ്രയുതിന്‍റെ ഭരണത്തില്‍ ജനജീവിതം ദുസ്സഹമായിത്തീര്‍ന്നുവെന്നാണ് പരക്കേയുള്ള ആക്ഷേപം. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം തായ്ലന്‍ഡില്‍ നേരത്തെതന്നെ വളരെ കൂടുതലാണ്.  പ്രയുതിന്‍റെ  ഭരണത്തില്‍ അതു പിന്നെയും വര്‍ധിച്ചതേയുള്ളൂ. എതിര്‍ക്കുന്നവര്‍ അടിച്ചമര്‍ത്തപ്പെടുന്നു.  

അതിനിടയില്‍ കോവിഡ് മഹാമാരി വരികയും ടൂറിസ്റ്റുകള്‍ വരാതാവുകയും ചെയ്തു. മുഖ്യമായും ടൂറിസത്തില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന തായ്​ലൻഡിന്റെ സമ്പദ് വ്യവസ്ഥ അവതാളത്തിലായി. തൊഴിലില്ലായ്മ വര്‍ധിച്ചു. 

യുവജനങ്ങള്‍ക്കിടയില്‍ വേരോടാന്‍ തുടങ്ങിയിരുന്ന ഒരു പുതിയ രാഷ്ട്രീയ കക്ഷിയെ ഭരണഘടനാ കോടതി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നിരോധിച്ചതായിരുന്നു ജനങ്ങളെ അസ്വസ്ഥരാക്കിയ മറ്റൊരു സംഭവം. 

അധികാര മണ്ഡലത്തിന്‍റെ അനിഷ്ടം സമ്പാദിക്കുന്ന പാര്‍ട്ടികള്‍ നിരോധിക്കപ്പെടുന്നത് ഇതാദ്യമല്ലതാനും. ഭരണഘടനാ കോടതി പട്ടാളത്തിന്‍റെ താളത്തിനൊത്തു തുള്ളുകയാണെന്നും ജനങ്ങളില്‍ വലിയൊരു വിഭാഗം കുറ്റപ്പെടുത്തുന്നു. 

THAILAND-KING/CORONATION
Thailand's King Maha Vajiralongkorn and Queen Suthida. Photo Credit : Reuters

രാജാവായ മഹാ വജിറലോങ്കോണ്‍ പക്ഷേ ഇതൊന്നും അറിയുന്നില്ല. മിക്ക സമയത്തും വിദേശത്ത്, പ്രത്യേകിച്ച് ജര്‍മനിയില്‍ കുടുംബവും പരിവാരവും സമേതം കഴിയുന്ന അദ്ദേഹത്തിന് ഇതിലൊന്നും താല്‍പര്യമില്ലെന്നും പറയപ്പെടുന്നു. ഈയിടെ അമ്മറാണിയുടെ ജന്മദിനം ആഘോഷിക്കാന്‍ നാട്ടിലെത്തിയ അദ്ദേഹം പിറ്റേന്നു തന്നെ മടങ്ങിപ്പോയത്രേ. 

ഭരണഘടനാ വിധേയമായ രാജവാഴ്ചയാണ് 1932 മുതല്‍ തായ്ലന്‍ഡിലുള്ളത്. അതിനുമുന്‍പ് ഒന്നര നൂറ്റാണ്ടുകാലം രാജാവ് സര്‍വാധികാരിയായിരുന്നു. ചാക്രി രാജവംശത്തിലെ ഒന്‍പതാമത്തെ രാജാവായി 1946ല്‍ സ്ഥാനമേറ്റ  ഭൂമിബോല്‍ അദുല്യദേജ്  70 വര്‍ഷം സിംഹാസനത്തിലിരുന്നു ലോകറെക്കോഡ് സൃഷ്ടിച്ചു. 2016ല്‍ 88ാം വയസ്സില്‍  അന്തരിച്ചു. അദ്ദേഹത്തിന്‍റെ മൂത്ത മകനാണ് അറുപത്തെട്ടുകാരനായ ഇപ്പോഴത്തെ രാജാവ്.

ഭൂമിപോലിന്‍റെ കാലത്താണ്  പട്ടാളം പലതവണ ഭരണം പിടിച്ചടക്കിയത്. എല്ലാറ്റിനും രാജാവിന്‍റെ മൗനാനുവാദം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. 15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു 

2006ലെ പട്ടാള വിപ്ളവം. തായ് ചരിത്രത്തിലെ അനിശ്ചിതത്വത്തിന്‍റെയും ഇളകിമറിയലിന്‍റെയും പുതിയ അധ്യായം തുടങ്ങുന്നത് അതോടെയാണ്. 

THAILAND-THAKSIN/
Thaksin Shinawatra. Photo Credit : Jumana El Heloueh / Reuters

നാലു വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ ആദ്യത്തെ പ്രധാനമന്ത്രിയായ തക്സിന്‍ ഷിനാവത്രയാണ് അന്ന് അധികാരത്തില്‍നിന്നു പുറംതള്ളപ്പെട്ടത്. അദ്ദേഹത്തിനെതിരെ നടന്നുവന്നിരുന്ന പ്രതിപക്ഷ പ്രക്ഷോഭം പട്ടാളത്തിന് ഇടപെടാന്‍ സാഹചര്യം  ഒരുക്കിക്കൊടുക്കുകയായിരുന്നു. 

തക്സിന്‍റെ തായ് റക് തായ്  പാര്‍ട്ടി നിരോധിക്കപ്പെടുകയും അറസ്റ്റില്‍നിന്നു രക്ഷപ്പെടാന്‍ അദ്ദേഹം നാടുവിട്ടുപോവുകയുംചെയ്തു. പിന്നീട് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ജയിലില്‍ ആകാതിരിക്കാന്‍ 14 വര്‍ഷമായി വിദേശത്തു കഴിയുന്നു. 

അതിനിടയിലും തായ് രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനം നിലനിര്‍ത്താന്‍ തസ്കിനു കഴിഞ്ഞത് അല്‍ഭുതമായിരുന്നു. പുതിയ പേരുകളില്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ രൂപീകരിച്ച പാര്‍ട്ടികളാണ് തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പുകളിലും ജയിച്ചത്. പക്ഷേ, അവര്‍ക്കും പ്രതിപക്ഷ പ്രക്ഷോഭത്തെ നേരിടേണ്ടിവന്നു. 

AUSTRALIA-THAILAND-DIPLOMACY
Yingluck Shinawatra. Photo Credit : Mark Graham / AFP

ആ ഗവണ്‍മെന്‍റുകളില്‍ അവസാനത്തേതായിരുന്നു തക്സിന്‍റെ ഇളയ സഹോദരിയായ യിങ്ലക്ക് ഷിനാവത്രയുടേത്. ഫ്യൂ തായ് എന്ന പുതിയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ അവര്‍ക്കു രണ്ടര വര്‍ഷമേ പ്രധാനമന്ത്രി പദത്തില്‍ തുടരാനായുള്ളൂ. 

പ്രതിപക്ഷ പ്രക്ഷോഭത്തിനിടയില്‍, അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സംബന്ധിച്ച് ഭരണഘടനാ കോടതിയില്‍ കേസുമുണ്ടായി. കുറ്റക്കാരിയെന്നു കണ്ട് കോടതി യിങ്ലക്കിന് അഞ്ചു വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിക്കുകയം 2014ല്‍ അവര്‍ അധികാരത്തില്‍നിന്നു പുറത്താവുകയും ചെയ്തു. തുടര്‍ന്നാണ് പട്ടാളം വീണ്ടും ഭരണം പിടിച്ചടക്കിയത്.

സഹോദരനെപ്പോലെതന്നെ അറസ്റ്റ് ഭയന്ന് യിങ്ലക്ക് നാടുവിട്ടു. അതിനുശേഷം അരി സബ്സിഡിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ സുപ്രീം കോടതി അവരെ അഞ്ചുവര്‍ഷം തടവിനു ശിക്ഷിക്കുകയും ചെയ്തു.തിരിച്ചെത്തിയാല്‍ ജയിലിലാകുമെന്ന കാരണത്താല്‍ അവരും സഹോദരനെപ്പോലെ വിദേശത്തു കഴിയുന്നു.

ഇരുവര്‍ക്കും മധ്യയൂറോപ്പിലെ സേര്‍ബിയ പൗരത്വം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത കാലത്തൊന്നും നാട്ടില്‍ തിരിച്ചെത്താനുള്ളസാധ്യത അവര്‍ കാണുന്നില്ലെന്നര്‍ഥം. 

അഞ്ചു വര്‍ഷം നീണ്ടുനിന്ന പട്ടാള ഭരണത്തിന് ഒടുവില്‍ കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലൂടെയാണ് മുന്‍ പട്ടാളത്തലവന്‍ പ്രയുത്  ചാന്‍ ഓച്ച വീണ്ടും പ്രധാനമന്ത്രിയായത്. അദ്ദേഹത്തിന്‍റെ പലാങ് പ്രചാരത് പാര്‍ട്ടിക്കു പാര്‍ലമെന്‍റിന്‍റെ അധോസഭയില്‍ രണ്ടാം സ്ഥാനം മാത്രമേ കിട്ടിയിരുന്നുള്ളൂ. എങ്കിലും, നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ മാത്രമുള്ള സെനറ്റിന്‍റെയും പിന്തുണയോടെ പ്രയുത് പ്രധാനമന്ത്രിയാവുകയായിരുന്നു. സെനറ്റിലെ എല്ലാ അംഗങ്ങളും (250) പട്ടാള ഭരണകൂടം നോമിനേറ്റ് ചെയ്തവരാണ്.

500 അംഗങ്ങളുള്ള അധോസഭയില്‍ ഭൂരിപക്ഷമുള്ളവര്‍ക്കു മാത്രമേ പ്രധാനമന്ത്രിയാകാനാവൂ എന്നായിരുന്നു നേരത്തെയുള്ള ഭരണഘടനാ വ്യവസ്ഥ. ഉപരിസഭയായ സെനറ്റിന് അതില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല. 

പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പില്‍ സെനറ്റിനും പങ്കാളിത്തമുള്ള പുതിയ ഭരണഘടന പട്ടാള ഭരണകൂടത്തിന്‍റെ സൃഷ്ട്രിയാണ്. അതു മാറ്റണമെന്നും ജനങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുകയാണ്. 

യുവജനങ്ങള്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സംഘടനയായിരുന്നു രണ്ടു വര്‍ഷം മുന്‍പ്മാത്രം രൂപീകൃതമായ ഫ്യൂച്ചര്‍ ഫോര്‍വേഡ് പാര്‍ട്ടി. ഒരു കാര്‍ കമ്പനിയുടമയുടെ മകനായ താനതോണ്‍ ജുവാന്‍ഗ്രൂന്‍ഗ്രുവാന്‍ഗിറ്റ് എന്ന നാല്‍പ്പത്തൊന്നുകാരനായിരുന്നു അതിന്‍റെ നേതാവ്. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പിലൂടെ അവര്‍ പാര്‍ലമെന്‍റില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ചെലവിലേക്കുവേണ്ടി താനതോണ്‍ തന്‍റെ പാര്‍ട്ടിക്ക് ഒരു വന്‍തുക വായ്പയായി നല്‍കിയിരുന്നു. എന്നാല്‍, അതു സംഭാവനയാണെന്നും അത്രയും തുക സംഭാവന നല്‍കുന്നതു നിയമവിരുദ്ധമാണെന്നും പരാതിയുണ്ടായി. അതിന്‍റെ പേരില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഭരണഘടനാകോടതി പാര്‍ട്ടിയെ നിരോധിച്ചു. താനാതോണ്‍ ഉള്‍പ്പെടെയുള്ള അതിന്‍റെ നേതാക്കള്‍ക്കു പത്തുവര്‍ഷത്തേക്കു വിലക്ക് കല്‍പ്പിക്കുകയുംചെയ്തു.  

ഇതിന്‍റെയും പശ്ചാത്തലത്തിലാണ് ജനങ്ങള്‍, വിശേഷിച്ച് യുവാക്കള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിരിക്കുന്നത്. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom Column - Youth-led protests in Thailand get support from citizens demanding ‘real democracy’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA