തുര്‍ക്കിയും ഗ്രീസും നേര്‍ക്കുനേര്‍

HIGHLIGHTS
  • മെഡിറ്ററേനിയന്‍ കടല്‍ പ്രക്ഷുബ്ധം
  • വിദ്വേഷത്തിന്‍റെ നീണ്ട ചരിത്രം
Turkey Libya
Recep Tayyip Erdogan. Photo Credit :AP Photo /Burhan Ozbilici
SHARE

തുര്‍ക്കിയും ഗ്രീസും അയല്‍രാജ്യങ്ങള്‍ എന്നതിനു പുറമെ പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിലെ അംഗങ്ങളുമാണ്. എങ്കിലും, അവ തമ്മില്‍ ദീര്‍ഘകാലമായി തുടര്‍ന്നു വരുന്ന ശത്രുതയ്ക്ക് നാറ്റോ അംഗത്വം തടസ്സമാകുന്നില്ല. ഇപ്പോഴാണെങ്കില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടലിന്‍റെ വക്കോളം എത്തിനില്‍ക്കുകയും ചെയ്യുന്നു. ദക്ഷിണ യൂറോപ്പിനും ഉത്തരാഫ്രിക്കയ്ക്കും ഇടയിലുളള മെഡിറ്ററേനിയന്‍ കടല്‍ ഇതോടെ സമീപ കാലത്തൊന്നും ഇല്ലാത്ത വിധത്തില്‍ പ്രക്ഷുബ്ധമായിരിക്കുകയാണ്.

Turkey Greece
Oruc Reis Vessel. Photo Credit : Turkey's Ministry of Energy and Natural Resources via AP

മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കന്‍ മേഖലയുമായി ചേര്‍ന്നുകിടക്കുന്ന ഈജിയന്‍ കടലിലെ ഭൂമിക്കടിയില്‍ കണ്ടെത്തിയിട്ടുള്ള വ്യാപകമായ എണ്ണ-പ്രകൃതി വാതക നിക്ഷേപമാണ് പ്രശ്നകാരണം. അതു കുഴിച്ചെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഓറുജ് റൈെസ് എന്ന പര്യവേക്ഷണക്കപ്പല്‍ തുര്‍ക്കി അങ്ങോട്ടേക്ക് അയച്ചു. ഏതാനും യുദ്ധക്കപ്പലുകളുടെ അകമ്പടിയുമുണ്ടായിരുന്നു. 

അയല്‍ രാജ്യങ്ങളായ ഗ്രീസും സൈപ്രസും അതിനെ എതിര്‍ത്തു. രാജ്യാന്തര കടല്‍ നിയമം അനുസരിച്ച് ആ ഭാഗം തങ്ങളുടെ സാമ്പത്തിക മേഖലയ്ക്ക് അകത്താണെന്നും അതിനാല്‍ തുര്‍ക്കിയുടെ നടപടി ആ നിയമത്തിന്‍റെ ലംഘനമാണെന്നുമാണ് അവരുടെ വാദം. തുര്‍ക്കി അതു തള്ളിക്കളയുന്നു. മാത്രമല്ല, യുഎന്‍ ആഭിമുഖ്യത്തില്‍ 1982ല്‍ രൂപംകൊണ്ട രാജ്യാന്തര കടല്‍ നിയമം തുര്‍ക്കി അംഗീകരിക്കുന്നുമില്ല. 

ഗ്രീസ് മാത്രമല്ല, ആ രാജ്യം ഉള്‍പ്പെടുന്ന 27 അംഗ യൂറോപ്യന്‍ യൂണിയനും (ഇയു) തുര്‍ക്കിയോട് പര്യവേക്ഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഉപരോധം നേരിടേണ്ടിവരുമെന്നു ഇയു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുര്‍ക്കി അതും തള്ളിക്കളഞ്ഞു. വര്‍ഷങ്ങളായി തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ കാത്തുനില്‍ക്കുകയാണെങ്കിലും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ല. അതിലുള്ള അമര്‍ഷവും ഇയുവിന്‍റെ നേരെ തുര്‍ക്കിക്കുണ്ട്.  

സ്വന്തം താല്‍പര്യം സംരക്ഷിക്കാനുളള ശ്രമത്തിന്‍റെ ഭാഗമായി ഗ്രീസും തര്‍ക്ക പ്രദേശത്തേക്കു യുദ്ധക്കപ്പലുകള്‍ അയച്ചു. സൈനികാഭ്യാസങ്ങളോടെ ഇരു രാജ്യങ്ങളുടെയും ശക്തി പ്രകടനവുമുണ്ടായി. 

തുര്‍ക്കിയുടെയും ഗ്രീസിന്‍റെയും നേതാക്കള്‍ തമ്മിലുള്ള വാക്പോരും മൂര്‍ഛിക്കുകയാണ്. അതിനിടയിലാണ് ഗ്രീസിന്‍റെ ഒരു യുദ്ധക്കപ്പല്‍ തുര്‍ക്കിയുടെ ഒരു യുദ്ധക്കപ്പലുമായി കൂട്ടിയിടിക്കുകയും തുര്‍ക്കി കപ്പലിനു കേടുപറ്റുകയും ചെയ്തത്. അബദ്ധത്തില്‍ സംഭവിച്ചതാണെങ്കിലും പ്രശ്നം എത്രയും വേഗം ഒത്തുതീര്‍ന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാമെന്ന് ഇതു താക്കീതു നല്‍കുന്നു. 

സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്തു നാറ്റോ സെക്രട്ടറി ജനറല്‍ ജെസ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് ഇരുരാജ്യങ്ങളുടെയും നേതാക്കളെ വിളിക്കുകയും അപകടം ഒഴിവാക്കുന്നതു സംബന്ധിച്ച് സംസാരിക്കുകയും ചെയ്തതാണ് ഇതിനിടയിലുണ്ടായ ഒരേയൊരു രജതരേഖ. തങ്ങളുടെ രണ്ടംഗങ്ങള്‍ തമ്മില്‍ സൈനികമായി ഏറ്റുമുട്ടാനുളള സാധ്യത നാറ്റോയെ ആശങ്കപ്പെടുത്തുന്നു. 

അങ്ങനെയൊരു സംഭവം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. അമേരിക്ക കഴിഞ്ഞാല്‍ നാറ്റോയിലെ ഏറ്റവും വലിയ സൈന്യം തുര്‍ക്കിയുടേതാണ്. ആണവ മിസൈലുകള്‍ ഒരുക്കി നിര്‍ത്തിയിട്ടുള്ള ഒരു സുപ്രധാന നാറ്റോ സൈനിക താവളം സ്ഥിതിചെയ്യുന്നതും തുര്‍ക്കിയില്‍തന്നെ.    

BELGIUM-EU-SUMMIT-HEALTH-VIRUS
Kyriakos Mitsotakis. Photo Credit : John Thys / AFP

ഇതേസമയം, തുര്‍ക്കിയും ഗ്രീസും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരം കണ്ടെത്താനുള്ള ശ്രമം ഇതുവരെ ഒരു ഭാഗത്തുനിന്നും തുടങ്ങിയിട്ടുമില്ല. ഇതു സംബന്ധിച്ച് ചര്‍ച്ച തുടങ്ങണമെങ്കില്‍ തുര്‍ക്കി ആദ്യംതന്നെ അതിന്‍റെ കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയനിലെ തര്‍ക്ക മേഖലയില്‍നിന്നു പിന്‍വലിക്കണമെന്നാണ് ഗ്രീസ് പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്സൊടാകിസ് ആവശ്യപ്പെടുന്നത്. തുര്‍ക്കിയെ അതിനുകൂടി അവകാശപ്പെട്ട സ്ഥലത്തു നിന്നു പുറത്താക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നു തുര്‍ക്കി പ്രസിഡന്‍റ് റസിപ് തയ്യിപ് എര്‍ദൊഗാനും പറയുന്നു.  

തുര്‍ക്കിയും ഗ്രീസും തമ്മില്‍ ദീര്‍ഘകാലമായി  നിലനില്‍ക്കുന്ന ഗുരുതരമായ മറ്റു ചില തര്‍ക്കങ്ങളും ഈ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിലുണ്ട്. തുര്‍ക്കി കേന്ദ്രമായി രൂപംകൊണ്ടതും ആറിലേറെ നൂറ്റാണ്ടുകള്‍ നീണ്ടുനിന്നതുമായ ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ചരിത്രംമുതല്‍ അതു തുടങ്ങുന്നു. 

400 വര്‍ഷം ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന ഗ്രീസ് അതില്‍നിന്നു സ്വാതന്ത്ര്യം നേടിയതു 1832ലായിരുന്നു.  അതിനു ശേഷം പല തവണ തുര്‍ക്കിയും ഗ്രീസും തമ്മില്‍ സൈനികമായി ഏറ്റുമുട്ടി. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയോടൊപ്പം ചേര്‍ന്ന ഓട്ടോമന്‍ സാമ്രാജ്യം അതില്‍ നേരിട്ട പരാജയത്തെ തുടര്‍ന്നു ഛിന്നഭിന്നമായതോടെ ആ കാലഘട്ടം അവസാനിക്കുകയും ചെയ്തു. 

പക്ഷേ, തുര്‍ക്കിയും ഗ്രീസും തമ്മിലുള്ള തര്‍ക്കങ്ങളും ശത്രുതയും അവസാനിച്ചില്ല. ഇരു രാജ്യങ്ങളിലെയും ജനങ്ങളെ (ഗ്രീസില്‍നിന്നു മുസ്ലിംകളെയും തുര്‍ക്കിയില്‍നിന്നു ക്രൈസ്തവരെയും) പരസ്പരം കൈമാറുകയെന്ന  1923ലെ അത്യന്തം വേദനാജനകമായ സംഭവത്തിലാണ് അതൊടുവില്‍ എത്തിച്ചേര്‍ന്നത്.

ഇന്ത്യാവിഭജനത്തോടെ ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമായി മുസ്ലിംകളും ഹിന്ദുക്കളും അങ്ങോട്ടുമിങ്ങോട്ടും പലായനം ചെയ്യേണ്ടിവന്നത് അതിനു 24 വര്‍ഷങ്ങള്‍ക്കുശേഷമാണ്. രണ്ടു സംഭവങ്ങളിലും ലക്ഷക്കണക്കിനാളുകള്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും അതിലേറെ പേരുടെ ജീവിതം താറുമാറാവുകയും ചെയ്തു. 

പില്‍ക്കാലത്തു തുര്‍ക്കിയും ഗ്രീസും തമ്മിലുള്ള ബന്ധം കുറേക്കൂടി വഷളാക്കാന്‍ ഇടയാക്കിയ മറ്റൊന്നായിരുന്നു  സൈപ്രസ് പ്രശ്നം. രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ കിടക്കുന്ന ഒരു ദ്വീപ് രാജ്യമാണ് സൈപ്രസ്. 1960ല്‍ ബ്രിട്ടനില്‍ നിന്നു സ്വതന്ത്രമായി. അവിടെയും ജനങ്ങളിലെ രണ്ടു വലിയ വിഭാഗങ്ങളായ തുര്‍ക്കി വംശജരും ഗ്രീക്ക് വംശജരും തമ്മില്‍ വൈരാഗ്യത്തിലായിരുന്നു.

അതിനിടയിലാണ് ഗ്രീസില്‍ രാജാവിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചടക്കിയത്. പിന്നീട് അവരുടെ പിന്തുണയോടെ സൈപ്രസിലും പട്ടാള വിപ്ളവമുണ്ടായി. ഉടന്‍തന്നെ അവിടത്തെ തുര്‍ക്കി വംശജരെ രക്ഷിക്കാനെന്ന പേരില്‍ തുര്‍ക്കി സൈന്യം സൈപ്രസിലേക്കു കടക്കുകയും അതിന്‍റെ വടക്കന്‍ മേഖല (രാജ്യത്തിന്‍റെ മൂന്നിലൊന്ന്) പിടിച്ചെടുക്കുകയും ചെയ്തു.  

ടര്‍ക്കിഷ് റിപ്പബ്ളിക്ക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ് എന്ന പേരില്‍ 1983ല്‍ അവിടെ ഒരു പുതിയ രാജ്യം പ്രഖ്യാപിക്കപ്പെട്ടു. അതിനെ തുര്‍ക്കിയല്ലാതെ മറ്റാരും ഇതുവരെ അംഗീകരിച്ചിട്ടില്ല.  യുഎന്‍ അംഗത്വും രാജ്യാന്തര അംഗീകാരവുമുള്ള സൈപ്രസ് ഗവണ്‍മെന്‍റ് പ്രവര്‍ത്തിക്കുന്നതു ദ്വീപിന്‍റെ  മൂന്നില്‍ രണ്ടു വരുന്ന തെക്കു ഭാഗത്താണ്. അവര്‍ക്ക് ഇയുവില്‍ അംഗത്വവും    ലഭിച്ചു. തുര്‍ക്കിയും ഗ്രീസും തമ്മിലുള്ള ശത്രുതയുടെ അടയാളമായി നിലനില്‍ക്കുകയാണ് സൈപ്രസിന്‍റെ വിഭജനവും. 

ഏറ്റവുമൊടുവില്‍, ഇക്കഴിഞ്ഞ ജൂലൈയില്‍ തുര്‍ക്കിയിലെ ഹായ സൊഫിയ എന്ന ചരിത്ര പ്രസിദ്ധമായ ആരാധനാലയത്തിന്‍റെ കാര്യത്തിലുണ്ടായ സംഭവ വികാസവും ഈ സ്ഥിതഗതികളുമായി ചേര്‍ത്തു ചര്‍ച്ച ചെയ്യപ്പെടുന്നു. മുന്‍പ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എന്നറിയപ്പെട്ടിരുന്ന തുര്‍ക്കി നഗരമായ ഇസ്റ്റംബൂള്‍  ബൈസാന്‍റിയന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നപ്പോള്‍ 537ല്‍ നിര്‍മിക്കപ്പെട്ട ഒരു ക്രൈസ്തവ ദേവാലയമായിരുന്നു ഹായ സൊഫിയ.  

കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ഓട്ടോമന്‍ തുര്‍ക്കികളുടെ അധീനത്തിലായതോടെ അതു മസ്ജിദായി. ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ പതനത്തിനുശേഷം റിപ്പബ്ളിക്കായി മാറിയ തുര്‍ക്കിയുടെ പ്രസിഡന്‍റ് മുസ്തഫ കമാല്‍ അതാതുര്‍ക്ക് വരുത്തിയ മാറ്റം മറ്റൊരു വിധത്തിലുള്ളതായിരുന്നു. തുര്‍ക്കിയെ അദ്ദേഹം മതനിരപേക്ഷ രാഷ്ട്രമാക്കി. ഹായ സൊഫിയയെ മ്യൂസിയമാക്കുകയും ചെയ്തു. 

കമാല്‍ അതാതുര്‍ക്കിന്‍റെ ആശയാദര്‍ശങ്ങളെ എതിര്‍ക്കുന്നവരാണ് കഴിഞ്ഞ 18 വര്‍ഷമായി തുര്‍ക്കിയില്‍ അധികാരത്തില്‍. അവരുടെ നേതാവാണ് പ്രസിഡന്‍റ് എര്‍ദൊഗാന്‍. ഹായ സൊഫിയ മ്യൂസിയമാക്കിയതിനെതിരെ കോടതിയില്‍ കേസ് നടക്കുകയായിരുന്നു. 

അതാതര്‍ക്കിന്‍റെ നടപടി നിയമവിരുദ്ധമായിരുന്നുവെന്ന വിധിയുണ്ടായ ഉടനെ ഹായ സൊഫിയയെ എര്‍ദൊഗാന്‍ മസ്ജിദായി പ്രഖ്യാപിക്കുകയും അതു മുസ്ലിംകളുടെ പ്രാര്‍ഥനക്കായി തുറന്നുകൊടുക്കുകയും ചെയ്തു.  ആ ദിവസം ഗ്രീസില്‍ ഉടനീളം ദുഃഖത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും സൂചകമായി ക്രൈസ്ത ദോവാലയങ്ങളില്‍ മണിമുഴങ്ങി. 

കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തുര്‍ക്കിയുടെയും ഗ്രീസിന്‍റെയും നാവിക സേനകള്‍ മുഖാമുഖം  നോക്കി നില്‍ക്കുമ്പോള്‍ ഈ സംഭവങ്ങളെല്ലാം ഒന്നിച്ചുചേര്‍ത്തു വായിക്കപ്പെടുന്നു.  

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Vidhesharangom Column - Turkey- Greece tensions: Erdogan urges EU to be 'impartial' in Mediterranean row

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.