ഷരീഫിനെ കാത്ത് കോടതികള്‍

HIGHLIGHTS
  • പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
  • നാടകം കളിക്കുന്നുവെന്നു വിമര്‍ശനം
PAKISTAN-POLITICS/
Nawaz Sharif. Photo Credit : Caren Firouz / Reuters
SHARE

മൂന്നു തവണ പാക്കിസ്ഥാനിലെ പ്രധാനമന്ത്രിയായിരുന്ന മിയാന്‍ മുഹമ്മദ് നവാസ് ഷരീഫ് പത്തുമാസമായി നാട്ടിലില്ല. എങ്കിലും വാര്‍ത്തകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. വാര്‍ത്തകളൊന്നും അദ്ദേഹത്തിനു സന്തോഷം നല്‍കുന്നതല്ലെന്നു മാത്രം. കാരണം, കോടതികളും കേസുകളും വിദേശത്തെ ആശുപത്രി വാസത്തോടനുബന്ധിച്ചുള്ള വിവാദങ്ങളുമാണ് അവയില്‍ മിക്കതിലും. 

രണ്ടു വര്‍ഷത്തിലേറെയായി പലവിധ കേസുകളുമായി മല്ലിടുകയാണ് എഴുപതുകാരനായ ഷരീഫ്. ഒടുവില്‍ ഒരു അഴിമതിക്കേസില്‍ ഏഴു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട് ലഹോറിലെ കുപ്രസിദ്ധമായ കോട് ലാഖ്പത് ജയിലിലായിരുന്നു. അതിനിടയില്‍ ഹൃദ്രോഗം മൂര്‍ഛിക്കുകയും ആശുപത്രിയിലാവുകയും ചെയ്തു. വിദഗ്ദ്ധ ചികില്‍സയ്ക്കായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ലണ്ടനിലേക്കു പോകാനും അനുവാദം ലഭിച്ചു.  

ലഹോര്‍ ഹൈക്കോടതി അതിനുവേണ്ടി അനുവദിച്ചത് നാലാഴ്ചയായിരുന്നു അതു ഡിസംബറില്‍തന്നെ കഴിഞ്ഞു. സമയം നീട്ടിക്കിട്ടിയുമില്ല. പത്തു മാസമായിട്ടും ഷരീഫ് തിരിച്ചെത്തിയില്ല. കോവിഡ് മഹാമാരി കാരണം ചികില്‍സ തുടരാനാവുന്നില്ലത്രേ. 

UN-SUMMIT-DIPLOMACY-IRAN-US-PAKISTAN
Imran Khan. Photo Credit : Angela Weiss / AFP Photo

ഇതിനിടയില്‍തന്നെ അദ്ദേഹം ലണ്ടനില്‍ ചുറ്റിക്കറങ്ങുന്നതായി അഭ്യൂഹങ്ങള്‍ പരക്കുകയും അതു സ്ഥിരീകരിക്കുന്ന വിധത്തിലുള്ള ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഷരീഫിനെ ലണ്ടനിലേക്കു പോകാന്‍ അനുവദിച്ചതു മണ്ടത്തരമായിപ്പോയെന്നു പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിലപിച്ചതും വാര്‍ത്തയായി.  

ഷരീഫുമായി ബന്ധപ്പെട്ട ചില കേസുകള്‍ കോടതികളില്‍ നടന്നുകൊണ്ടിരിക്കേയാണ് ഇതെല്ലാം.  ആ കോടതികളില്‍ അദ്ദേഹം ഹാജരാകേണ്ടതായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്ന കാരണത്താല്‍ അഴിമതി വിരുദ്ധ വിഭാഗത്തിന്‍റെ (നാഷനല്‍ എക്കൗണ്ടബിലിറ്റി ബ്യൂറോ) ഒരു കോടതി ഇക്കഴിഞ്ഞ ബുധനാഴ്ച (സെപ്റ്റംബര്‍ ഒന്‍പത്) ഷരീഫിനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു. ഏഴു ദിവസത്തിനകം ഹാജരായില്ലെങ്കില്‍ ഷരീഫിന്‍റെ സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

US Pakistan Benazir Bhutto
Benazir Bhutto Photo Credit : Mary Altaffer / AP Photo

വിദേശ രാജ്യങ്ങളില്‍നിന്നു സമ്മാനമായി കിട്ടിയതും പൊതു ഖജനാവിലേക്കു മുതല്‍കൂട്ടിയതുമായ ആഡംബര കാറുകള്‍ ചുളുവില കൊടുത്തു സ്വന്തമാക്കിയതു സംബന്ധിച്ചുള്ളതാണ് ഈ കേസ്. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) നേതാവായ ഷരീഫിനു പുറമെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാക്കളായ മുന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി, മുന്‍ പ്രധാനമന്ത്രി യൂസുഫ് റസ ഗീലാനി എന്നിവരും രണ്ടു ബിസിനസ് പ്രമാണിമാരും ഇതില്‍ പ്രതികളാണ്. 

PAKISTAN-CHINA-DIPLOMACY
Asif Ali Zardari. Photo Credit : Aamir Qureshi / AFP Photo

ഹാജരാകാതിരുന്ന ഷരീഫ് ഒഴികെയുള്ള നാലു പേരുടെ മേലും ജഡ്ജി കുറ്റം ചുമത്തി. തിരിച്ചെത്തുന്നതോടെ ഈ കേസിന്‍റെ നൂലമാലകളെയും ഷരീഫ് അഭിമുഖീകരിക്കേണ്ടിവരും. 

ഇസ്ലാമാബാദ് ഹൈക്കോടതിയും ഷരീഫിനെ കാത്തിരിക്കുകയായിരുന്നു. നേരത്തെ നടന്ന മറ്റു രണ്ട് അഴിമതിക്കേസുകളിലെ വിധിക്കെതിരെ ഷരീഫ് അപ്പീല്‍ നല്‍കിയിരുന്നത് അവിടെയാണ്. 

ലണ്ടനില്‍ ഷരീഫും മക്കളും കൂടി വാങ്ങിയ ആഡംബര  ഫ്ളാറ്റുകള്‍ സംബന്ധിച്ചുള്ളതാണ് ഒരു കേസ്. അതു വാങ്ങിയതു ഷരീഫിന്‍റെ  കണക്കില്‍പ്പെടാത്ത പണം  ഉപയോഗിച്ചാണെന്നായിരുന്നു  ആരോപണം. വിചാരണക്കോടതി ഷരീഫിനു പത്തുവര്‍ഷം തടവു വിധിച്ചുവെങ്കിലും അപ്പീല്‍ സ്വീകരിച്ച ഇസ്ലാമാബാദ് ഹൈക്കോടതി  അദ്ദേഹത്തിനു ജാമ്യംനല്‍കി. 

BRITAIN PAKISTAN
Shehbaz Sharif Photo Credit : Akira Suemor / AP Photo

സൗദി അറേബ്യയില്‍ ഷരീഫ് കുടുംബത്തിന്‍റെ ഉടമസ്ഥതയിലുളള അല്‍ അസീസിയ സ്റ്റീല്‍ മില്ലിനെ സംബന്ധിച്ചുളളതാണ് രണ്ടാമത്തെ കേസ്. അതും  ഷരീഫിന്‍റെ കള്ളപ്പണം ഉപയോഗിച്ചു വാങ്ങിയതാണെന്നായിരുന്നു ആരോപണം. ഏഴു വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ടുവെങ്കിലും ആ കേസിലും അപ്പീലിനെ തുടര്‍ന്നു ഇസ്ലാമാബാദ് ഹൈക്കോടതി എട്ട് ആഴ്ചത്തേക്കുജാമ്യം നല്‍കി. ചികില്‍സയ്ക്കുവേണ്ടി നാലാഴ്ചത്തേക്കു ലണ്ടനിലേക്കു പോകാന്‍ ലഹോര്‍ ഹൈക്കോടതി അനുവദിച്ചത് അതിനുശേഷമാണ്. 

ഹാജരാകാന്‍ കോടതി പല തവണ ഷരീഫിനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവില്‍, ഇക്കഴിഞ്ഞ വ്യാഴാഴ്ച (സെപ്റ്റംബര്‍ 10) ഹാജരാകാന്‍ കോടതി ഒരവസരംകൂടി നല്‍കി. ഹാജരാകുന്നതിനു പകരം വക്കീല്‍ മുഖേന ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കുകയാണ് ഷരീഫ് ചെയ്തത്. 

ഡോ. ഡേവിഡ് ലോറന്‍സ് എന്ന കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഒപ്പിട്ടിട്ടുളള അതില്‍ പറയുന്നത് അതിസങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയ ഷരീഫിന് ആവശ്യമാണെന്നും അതു നടത്താതെ നാട്ടിലേക്കു മടങ്ങുന്നത് അപകടകരമാണെന്നുമാണ്. ജഡ്ജിമാര്‍ക്ക് അതൊട്ടും ഇഷ്ടമായില്ല. 

ഷരീഫ് ഇപ്പോള്‍ ആശുപത്രിയിലാണോ എന്നു ചോദിച്ചപ്പോള്‍ അല്ലെന്ന്‌ അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ മറുപടി നല്‍കിയതും ജഡ്ജിമാരെ ചൊടിപ്പിക്കുകയാണ് ചെയ്തത്. ഏഴു മാസമായി ഷരീഫ് ആശുപത്രിയിലല്ലത്രേ. മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റില്‍ ഒപ്പിട്ട ഡോക്ടര്‍ ഉള്ളതു ലണ്ടനിലല്ല, അമേരിക്കയിലാണെന്നും വെളിപ്പെടുത്തലുണ്ടായി.  

ഒരു കോടതി പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച പ്രതിക്കു മറ്റൊരു കോടതിയില്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടോയെന്ന ചോദ്യവും ഉയര്‍ന്നു. ഷരീഫ് പറയുന്നതുപോലുള്ള ഗുരുതരമായ രോഗം അദ്ദേഹത്തിനില്ലെന്നും ലണ്ടനില്‍ അദ്ദേഹം നാടകം കളിക്കുകയാണെന്നുമാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പാക്കിസ്ഥാന്‍ തെഹ്രീഖെ ഇന്‍സാഫ് പാര്‍ട്ടിക്കാര്‍  ആരോപിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട രണ്ടു ഫോട്ടോകളും അതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. 

മകന്‍ ഹസനോടൊപ്പം തന്‍റെ ലണ്ടന്‍ വസതിക്കു സമീപമുള്ള തെരുവിലൂടെ ഷരീഫ് പ്രഭാത സവാരി നടത്തുന്നതാണ് ഒരു ചിത്രം. മറ്റതു ഷരീഫ് തന്‍റെ രണ്ടു പൗത്രിമാരോടൊപ്പം ഒരു റസ്റ്ററന്‍റിലിരുന്നു ചായ കുടിക്കുന്നതും. രണ്ടിലും അദ്ദേഹം പ്രത്യക്ഷത്തില്‍ ആരോഗ്യവാനാണ്.   

PAKISTAN-POLITICS-PM
Yousuf Raza Gilani. Photo Credit : Aamir Qureshi / AFP Photo

എന്താണ് ഷരീഫിന്‍റെ പ്ളാന്‍ ? കേസുകളെ നേരിടുന്നത് ഒഴിവാക്കാനായി വിദേശത്ത്, അധിക പക്ഷവും ലണ്ടനില്‍ തന്നെ കഴിയാനാണോ ഉദ്ദേശ്യം ? എങ്കില്‍ എത്ര കാലത്തേക്ക് ? ഇങ്ങനെയുള്ള ചോദ്യങ്ങളും ഉയര്‍ന്നിരിക്കുകയാണ്. മുന്‍പ് ഷരീഫ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയും സമാനമായ സാഹചര്യത്തില്‍ വര്‍ഷങ്ങളോളം വിദേശത്തു കഴിയുകയുണ്ടായി.

മുത്തഹിദ ഖൗമി മൂവ്മെന്‍റെ (എംക്യൂഎം) പാര്‍ട്ടിയുടെ സ്ഥാപക നേതാവ് അല്‍ത്താഫ് ഹുസൈന്‍ ക്രിമിനല്‍ കേസുകളിലെ അറസ്റ്റില്‍നിന്നു രക്ഷപ്പെടാനായി 1992ല്‍ ഓടിപ്പോയതും ലണ്ടനിലേക്കായിരുന്നു. അവിടെനിന്നു തന്നെ ടെലിഫോണിലൂടെ പ്രസംഗിച്ചുകൊണ്ടു പാര്‍ട്ടിയെ നയിച്ചു. ഒരിക്കലും നാട്ടില്‍ തിരിച്ചെത്തിയില്ല. 

പലരുടെയും വീക്ഷണത്തില്‍ അവരുടെയെല്ലാം അനുഭവങ്ങളേക്കാള്‍ തീക്ഷ്ണമായ അനുഭവങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഷരീഫിനു നേരിടേണ്ടിവന്നത്. മുന്‍പ് രണ്ടു തവണ സംഭവിച്ചതുപോലെ മൂന്നാം തവണയും കാലാവധി പൂര്‍ത്തിയാക്കാനാവാതെ അദ്ദേഹത്തിന് അധികാരം വിട്ടൊഴിയേണ്ടിവന്നു. അഴിമതിക്കേസിലെ പ്രതിയെന്ന നിലയില്‍ സുപ്രീം കോടതി അദ്ദേഹത്തിന് അയോഗ്യത കല്‍പ്പിച്ചതായിരുന്നു കാരണം. പാര്‍ലമെന്‍റ് അംഗത്വവും പ്രധാനമന്ത്രിപദവിയും പോലുള്ള പൊതുപദവികള്‍ വഹിക്കാനുള്ള ഈ അയോഗ്യത  ആജീവനാന്തമാണെന്നും കോടതി വിധിച്ചു. 

രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായിരുന്ന പാക്കിസ്ഥാന്‍ മുസ്ലിം ലീഗിന്‍റെ (എന്‍) അധ്യക്ഷന്‍ കൂടിയായിരുന്നു ഷരീഫ്. ആ പദവി വഹിക്കാനും അദ്ദേഹത്തിനു വിലക്ക് കല്‍പ്പിക്കപ്പെട്ടു. സഹോദരനുംപഞ്ചാബ് മുഖ്യമന്ത്രിയായ ഷഹബാസ് ഷരീഫ് അധ്യക്ഷനായി. 

അഴിമതിക്കേസുകള്‍ ഒന്നൊന്നായി ഷരീഫിനെ പിടികൂടാന്‍ തുടങ്ങുകയും ചെയ്തു. ഒരു കേസില്‍ പത്തു വര്‍ഷവും മറ്റൊരു കേസില്‍ ഏഴു വര്‍ഷവും തടവിനു ശിക്ഷിക്കപ്പെട്ടു. കനത്ത പിഴകളുമുണ്ടായി. 

ശിക്ഷയില്‍ അവസാനിക്കാന്‍ ഇടയുള്ള കേസുകള്‍ വേറെയും അദ്ദേഹത്തെ കാത്തിരിക്കുന്നു. ഇതിനിടയിലാണ് ചികില്‍സയുടെ പേരിലുളള അദ്ദേഹത്തിന്‍റെ ലണ്ടന്‍ വാസവും വിവാദമായിരിക്കുന്നത്.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Vidhesharangom Column - Pakistan Court Declares Nawaz Sharif Proclaimed Offender In Graft Case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.