രോഗം ബാധിച്ച ബാലറ്റ് യുദ്ധം

HIGHLIGHTS
  • അമേരിക്കയില്‍ ഇത്തവണ പകുതിയും തപാല്‍ വോട്ടുകള്‍
  • കള്ളവോട്ടിനു കളമൊരുങ്ങുന്നുവെന്ന് ആരോപണം
AP12-07-2020_000011B
Donald Trump. Photo Credit: Jim Patson / AFP
SHARE

അമേരിക്കയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അടുത്തു വരികയാണെങ്കിലും പോളിങ്ങിന് ഇനിയും ഒരു മാസത്തിലേറെ ബാക്കിയുണ്ട്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും എതിരാളിയായ ജോ ബൈഡനും തമ്മിലുളള മൂന്നു സംവാദങ്ങളില്‍ ആദ്യത്തേതുതന്നെ അടുത്ത ചൊവ്വാഴ്ച (സെപ്റ്റംബര്‍ 29) നടക്കാനിരിക്കുന്നതേയുള്ളൂ.

ട്രംപിനോ ബൈഡനോ ആര്‍ക്കു വോട്ടു ചെയ്യണമെന്നു പലരും തീരുമാനിക്കുന്നത് തീപ്പാറാനിടയുള്ള ഈ ഏറ്റുമുട്ടലുകള്‍ക്കു ശേഷമായിരിക്കും. പക്ഷേ, പോളിങ് മറ്റൊരു വിധത്തില്‍ തുടങ്ങിക്കഴിഞ്ഞു.

പോളിങ് ദിനത്തില്‍ ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്കു വേണ്ടി മുന്‍കൂട്ടി വോട്ടുചെയ്യാനുള്ള സൗകര്യം ചില സംസ്ഥാനങ്ങളില്‍ നേരത്തെതന്നെയുണ്ട്. ഇത്തവണ കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ഭയംകാരണം അവരുടെ എണ്ണം വളരെയേറെ വര്‍ധിച്ചു. അമേരിക്കയിലെ കോവിഡ് മരണം രണ്ടു ലക്ഷം കവിഞ്ഞ സ്ഥിതിയില്‍ ഇതു സ്വാഭാവികം. 

അതിനാല്‍, മിക്ക സംസ്ഥാനങ്ങളും മുന്‍കൂര്‍ പോളിങ് സൗകര്യം ലഭ്യമാക്കാന്‍ നിര്‍ബന്ധിതമായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 18) നാലു സംസ്ഥാനങ്ങളില്‍ മുന്‍കൂര്‍ പോളിങ് തുടങ്ങുകയും ചെയ്തു. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ഇതു നടക്കുന്നത് അടുത്തമാസം 29 വരെയുള്ള പല ദിവസങ്ങളിലാണ്. 

USA-ELECTION/BIDEN
Joe Biden Photo Credit: Carlos Barria / Reuters

ക്യൂവില്‍ കാത്തുനിന്നു നേരിട്ടു വോട്ടുരേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കുവേണ്ടി പതിവുപോലെ തപാല്‍വോട്ട് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കോവിഡ് കാരണം ഇത്തവണ അതിനുവേണ്ടി അപേക്ഷ നല്‍കിയവരുടെ എണ്ണവും  വര്‍ധിച്ചു. 

കൃത്രിമം നടക്കാനിടയുണ്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ തപാല്‍വോട്ട് ഇത്തവണ അഭ്യൂതപൂര്‍വമായ വിവാദത്തിനു കാരണമായിട്ടുമുണ്ട്.  മുഖ്യമായും ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത് പ്രസിഡന്‍റ് ട്രംപ് തന്നെയാണ്. 

തപാല്‍ വോട്ട് സൗകര്യം പല രാജ്യങ്ങളിലുമുണ്ട്. ഇന്ത്യയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, കേന്ദ്രക്യാബിനറ്റ് മന്ത്രിമാര്‍, പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഈസൗകര്യം ഉപയോഗപ്പെടുത്താം. 

സായുധ സേനാംഗങ്ങള്‍, സ്വന്തം സംസ്ഥാനത്തിനു പുറത്തു ജോലി ചെയ്യുന്ന പൊലീസുകാര്‍, ഇന്ത്യക്കു പുറത്തു ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, അവരുടെ ഭാര്യമാര്‍ അല്ലെങ്കില്‍ ഭര്‍ത്താക്കന്മാര്‍ എന്നിവരും തപാലിലൂടെ വോട്ടുചെയ്യുന്നു. 

മഹാമാരിയുടെ പശ്ചാത്തലത്തില്‍, ബിഹാറിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 80 വയസ്സിനു മുകളിലുള്ളവര്‍, ക്വാറന്‍റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കും ഈ സൗകര്യം ലഭിക്കും. മുന്‍കൂട്ടി അപേക്ഷ നല്‍കിയിരിക്കണം. 

അമേരിക്കയിലെ സ്ഥിതി ഇതില്‍നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. തപാലിലൂടെ വോട്ടുചെയ്യാനുള്ള സൗകര്യം ചില സംസ്ഥാനങ്ങളില്‍ ആര്‍ക്കും ഉപയോഗപ്പെടുത്താം. മുന്‍കൂട്ടി അപേക്ഷ നല്‍കിയിരിക്കണമെന്നു മാത്രം. ചില സംസ്ഥാനങ്ങളില്‍ കാരണം കാണിക്കണമെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ അതിന്‍റെ ആവശ്യമില്ല.  

സാമൂഹിക അകലം പാലിക്കല്‍, വോട്ടു ചെയ്യുന്നതിനു മുന്‍പും ശേഷവും സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകല്‍ പോലുളള കോവിഡ് പ്രതിരോധ നിബന്ധനകള്‍ വോട്ടര്‍മാര്‍ അനുസരിക്കേണ്ടതുണ്ട്. അതു കാരണം, ഇത്തവണ അവര്‍ പതിവില്‍ കൂടുതല്‍ നേരം പോളിങ് ബൂത്തുകളുടെ മുന്നില്‍ കാത്തുനില്‍ക്കേണ്ടിവരും. 

അതൊഴിവാക്കാന്‍ ഇത്തവണ വോട്ടര്‍മാരില്‍ പകുതിയോളം പേര്‍വരെ തപാല്‍വോട്ടു സൗകര്യം ഉപയോഗപ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ (2016ല്‍) ഇതു 24 ശതമാനമായിരുന്നു.

കോവിഡിന്‍റെ ആഗമനത്തിനുശേഷം ലോകത്തു നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പ് മാറ്റിവയക്കുന്ന കാര്യമായിരുന്നു ആദ്യം ആലോചനയില്‍. നിയമം പരിശോധിച്ചപ്പോള്‍ അതു സാധ്യമല്ലെന്നു മനസ്സിലായി. നാലു വര്‍ഷം  കൂടുമ്പോള്‍ നംബറിലെ ആദ്യത്തെ തിങ്കളാഴ്ച കഴിഞ്ഞുവരുന്ന ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്നാണ് നിയമം. 

ഒന്നേകാല്‍ നൂറ്റാണ്ടുമുന്‍പ് (1845ല്‍) കോണ്‍ഗ്രസ് അങ്ങനെ തീരുമാനിച്ചതിനുശേഷം ഇതുവരെ അതില്‍ മാറ്റമുണ്ടായിട്ടില്ല. മാറ്റിവയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍തന്നെ അധികമൊന്നും നീട്ടിവയ്ക്കാനും സാധ്യമല്ല. 

കാരണം, പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും ജനുവരി 20ന് ഉച്ചയോടെ സ്ഥാനമേറ്റെടുത്തിരിക്കണമെന്നും നിയമമുണ്ട്.  നിലവിലുള്ള പ്രസിഡന്‍റിന്‍റെയും വൈസ്പ്രസിഡന്‍റിന്‍റെയും നാലു വര്‍ഷക്കാലാവധി അതോടെ അവസാനിച്ചിരിക്കും. 

അതിനാല്‍, നിശ്ചിത തീയതിയില്‍തന്നെ പോളിങ് നടത്തേണ്ടത് അനിവാര്യമായിത്തീര്‍ന്നു. മുന്‍കൂര്‍ വോട്ടിനും തപാല്‍വോട്ടിനുമുള്ള സൗകര്യം ആവുന്നത്ര വര്‍ധിപ്പിക്കുകയല്ലാതെ നിവൃത്തിയില്ലെന്നുംവന്നു. 

ഇതിനെ അനുകൂലിക്കുകയാണ് ഡമോക്രാറ്റിക് പാര്‍ട്ടി. പോളിങ് ശതമാനം കൂടുന്നതു തങ്ങള്‍ക്കു ഗുണകരമാവുമെന്ന് അവര്‍ കരുതുകയും ചെയ്യുന്നുണ്ടത്രേ. അതേസമയം, എട്ടുകോടിയോളം വോട്ടര്‍മാരുടെ തപാല്‍ വോട്ട് കൈകാര്യം ചെയ്യാന്‍ യുഎസ് തപാല്‍ സര്‍വീസിനു കെല്‍പ്പുണ്ടോയെന്ന കാര്യം അവരെ അലട്ടുകയുമാണ്. 

തപാല്‍ വോട്ടുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതില്‍   ട്രംപും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും അപകടം മണക്കുന്നുവെന്നതാണ് മറ്റൊരു കാര്യം. തപാല്‍വോട്ടിലൂടെ വ്യാപകമായ കള്ളവോട്ടിനു ഡമോക്രാറ്റുകള്‍ വട്ടംകൂട്ടുകയാണെന്ന് അവര്‍ സംശയിക്കുന്നു. ഈ തിരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വ്യാജമായ തിരഞ്ഞെടുപ്പാകാന്‍ ഇടയുണ്ടെന്നുപോലും ട്രംപ് പറയുന്നുമുണ്ട്.    

TOPSHOT-US-VOTE-DEMOCRAT-SANDERS
Hillary Clinton. Photo Credit : John / Gurzinski

കഴിഞ്ഞ തവണ (2016ല്‍) തനിക്കെതിരെ മല്‍സരിച്ച ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനു കിട്ടിയ വോട്ടുകളില്‍ 50 ലക്ഷംവരെ കള്ളവോട്ടുകളായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തിയിരിക്കുകയാണ്. ഇല്ലെങ്കില്‍ ജനകീയ വോട്ടുകളുടെ അടിസ്ഥാനത്തില്‍തന്നെ താന്‍ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം വാദിക്കുന്നു.

ജനങ്ങളുടെ വോട്ടുകള്‍ ട്രംപിനേക്കാള്‍ 29 ലക്ഷം കൂടുതല്‍ കിട്ടിയത് ഹിലരിക്കായിരുന്നു. എന്നിട്ടും ഇലക്ടറല്‍ കോളജിന്‍റെ വോട്ടുകള്‍ കൂടുതല്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ ട്രംപ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ മറ്റൊരു അസാധാരണ വശമാണ് അങ്ങനെ അനാവരണം ചെയ്യപ്പെട്ടത്. 

Bush Heart Procedure
George W. Bush. Photo Credit : Carolyn Kaster / AP Photo

തപാല്‍ വോട്ടുകള്‍ എണ്ണുക എളുപ്പമല്ല. കവര്‍ തുറന്നു ബാലറ്റ് പുറത്തെടുക്കുകയും വോട്ടറുടെ ഒപ്പുകള്‍ ഒത്തുനോക്കുകയും അങ്ങനെ വോട്ട് യഥാര്‍ഥമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. തപാല്‍ വോട്ടുകളുടെ എണ്ണത്തിലുള്ള വര്‍ധനകാരണം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം വരാനുമിടയുണ്ട്.  ഒടുവില്‍ തര്‍ക്കത്തിനും കേസിനുമെല്ലാം അതു വഴിയൊരുക്കാനുള്ള സാധ്യതയുമുണ്ട്. 

അതിനാല്‍, അമേരിക്കയിലെ അടുത്ത പ്രസിഡന്‍റ് ആരാണെന്നു പതിവുപോലെ പോളിങ്ങിന്‍റെ അന്നു രാത്രിതന്നെയോ പിറ്റേന്നു രാവിലെയോ അറിയാന്‍ കഴിയുമോ എന്നു സംശയമായിരിക്കുകയാണ്. ഫലപ്രഖ്യാപനം ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ നീണ്ടുപോയേക്കാമെന്നു കരുതുന്നവരുമുണ്ട്.

ഇരുപതു വര്‍ഷംമുന്‍പ് (2000) ആല്‍ ഗോറും (ഡമോക്രാറ്റ്) ജോര്‍ജ് ഡബ്ളിയു. ബുഷും (റിപ്പബ്ളിക്കന്‍) തമ്മില്‍ നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിക്കപ്പെട്ടത് 36 ദിവസം വൈകിയായിരുന്നു. വോട്ടെണ്ണല്‍ സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളായിരുന്നു കാരണം. 

INDIA-ECONOMY-GSG-SUMMIT-GORE
Al Gore Photo Credit: Money Sharma / AFP

കേസ് സ്ുപ്രീം കോടതിയില്‍വരെ എത്തുകയും ചെയ്തു. സമാനമായ അനുഭവമാണോ ഇത്തവണയും അമേരിക്കയെ കാത്തിരിക്കുന്നത് ?

English Summary : Vidheshagangom : US Election 2020: Early voting-begins in four states

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA