ഒരു യുഎസ് 'സുപ്രീം' വിവാദം

HIGHLIGHTS
  • ജഡ്ജി നിയമനത്തില്‍ രാഷ്ട്രീയ തര്‍ക്കം
  • നിയമനം പ്രായ പരിധിയില്ലാതെ
APTOPIX Supreme Court Scalia
U.S. Supreme Court Photo : Alex Brandon / AP Photo
SHARE

വാഷിങ്ടണില്‍ അമേരിക്കന്‍ സുപ്രീം കോടതിയുടെ കവാടത്തില്‍ കൊത്തിവച്ചിട്ടുള്ള ആപ്ത വാക്യത്തിന്‍റെ അര്‍ഥം "നിയമത്തിനു കീഴില്‍ തുല്യനീതി" എന്നാണ്. പക്ഷേ, ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയം കടന്നുവരുമ്പോള്‍ ഈ മഹനീയ തത്വം പൂര്‍ണമായും നടപ്പിലാകുന്ന കാര്യം ഉറപ്പിക്കാനാകുമോ ?

യുഎസ് സുപ്രീം കോടതിയിലെ ഒരു വനിതാ ജഡ്ജി ഈയിടെ അന്തരിച്ചു. ആ ഒഴിവു നികത്താനായി പുതിയൊരു ജഡ്ജിയെ നിയമിക്കണം. സാധാരണ ഗതിയില്‍ ഇതൊരു പ്രശ്നമാകേണ്ടതില്ല. എന്നാല്‍, അമേരിക്കയില്‍ ഇപ്പോള്‍ അതൊരു വലിയ പ്രശ്നവും ചൂടുപിടിച്ച വിവാദവുമായിരിക്കുകയാണ്. 

കാരണം, അവിടെ ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയം നിര്‍ണായക പങ്കു വഹിക്കുന്നു. ഈ സാഹചര്യത്തിലാണ് 'നിയമത്തിനു കീഴില്‍ തുല്യനീതി' എന്ന തത്വം എത്രത്തോളം പാലിക്കപ്പെടുമെന്ന സംശയം ഉയര്‍ന്നുവരുന്നതും. 

ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത് ജഡ്ജിമാരുടെ ഒരു സമിതി അഥവാ കൊളീജിയമാണ്. അങ്ങനെ  നിയമനത്തില്‍ നിഷ്പക്ഷത ഉറപ്പുവരുത്തുന്നു. എന്നാല്‍, അമേരിക്കയില്‍ ജഡ്ജിയെ പ്രസിഡന്‍റ് തിരഞ്ഞെടുക്കുകയാണ്.  

നിയമനം പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റിന്‍റെ അംഗീകാരത്തിനു വിധേയമായിരിക്കും. പ്രസിഡന്‍റിന്‍റെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ് സെനറ്റെങ്കില്‍ അംഗീകാരത്തിനു തടസ്സമുണ്ടാവില്ല. ഇപ്പോഴുള്ളത് അത്തരമൊരു സാഹചര്യമാണ്. പക്ഷേ, പ്രശ്നം ഉണ്ടായിരിക്കുന്നതിനു കാരണം അതല്ല. 

USA-COURT/GINSBURG
Justice Ruth Bader Ginsburg. Photo Credit :Jonathan Ernst/ / Reuters

യുഎസ് സുപ്രീം കോടതിയിലെ ഒന്‍പതു ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് റുത്ത് ബാഡര്‍ ഗിന്‍സ്ബര്‍ഗ്. 87 ാംവയസ്സിലാണ് കാന്‍സര്‍രോഗം മൂലം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 18ന് അവര്‍ നിര്യാതയായത്. ഈ പ്രായത്തിലും ഉദ്യോഗത്തില്‍ തുടരുകയായിരുന്നുവോ എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേയുള്ളൂ : യുഎസ് സുപ്രീം കോടതി ജഡ്ജിമാര്‍ നിയമിക്കപ്പെടുന്നത്  ആജീവനാന്ത കാലത്തേക്കാണ്. 

ജഡ്ജിമാര്‍ക്കു വേണമെങ്കില്‍ സ്വയം വിരമിക്കാം. ആവശ്യമായി വന്നാല്‍ അവരെ കുറ്റവിചാരണ ചെയ്തു നീക്കം ചെയ്യാനും വകുപ്പുണ്ട്. നീതിമാനായ നിയമജ്ഞന്‍ എന്ന നിലയില്‍ ഇന്നും ലോകമൊട്ടുക്കും ആദരിക്കപ്പെടുന്ന ഒലിവര്‍ വെന്‍ഡല്‍ ഹോംസ്  90 വയസ്സ് വരെയാണ് ജഡ്ജിയായിയിരുന്നത്. 

1932ല്‍ അദ്ദേഹം സ്വമേധയാ വിരമിക്കുകയായിരുന്നു. ഇന്ത്യയില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ 65ാം വയസ്സിലും ഹൈക്കോടതി ജഡ്ജിമാര്‍ 62ാം വയസ്സിലും വിരമിക്കണമെന്നാണ് നിയമം. 

ജസ്റ്റിസ് ഗിന്‍സ്ബര്‍ഗിനെ  27 വര്‍ഷം മുന്‍പ് നോമിനേറ്റ് ചെയ്തതു ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റനായിരുന്നു. ലിബറല്‍ ചിന്താഗതിക്കാരിയും പുരോഗനമവാദിയുമായ ഒരു ധീര ന്യായാധിപയായി അവര്‍ അറിയപ്പെട്ടു. സുപ്രധാനമായ പല കേസുകളിലെയും അവരുടെ വിധികള്‍ അതിനു സാക്ഷ്യം വഹിക്കുന്നു. 

ഗിന്‍സ്ബര്‍ഗ് ജീവിച്ചിരുന്നപ്പോള്‍ സുപ്രീം കോടതി ജഡ്ജിമാരില്‍ യാഥാസ്ഥിതികരും ലിബറല്‍ ചിന്താഗതിക്കാരും തമ്മിലുള്ള അനുപാതം 5 : 4 ആയിരുന്നു. അതായത്, റിപ്പബ്ളിക്കന്‍ അനുകൂലികള്‍ അഞ്ചും ഡമോക്രാറ്റ് അനുകൂലികള്‍ നാലും. ഗിന്‍സ്ബര്‍ഗിന്‍റെ മരണത്തോടെ അതു 5 : 3 ആയി. തനിക്കും പാര്‍ട്ടിക്കും സ്വീകാര്യനായ ഒരാളെ ആ ഒഴിവിലേക്കു നിയമിച്ചുകൊണ്ട് അനുപാതം 6 : 3 ആക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നു. സുപ്രീം കോടതിയെ സ്വന്തം സ്വാധീന വലയത്തിലാക്കാന്‍ ഭരണാധിപന്മാര്‍ ശ്രമിക്കുന്നത് അമേരിക്കയില്‍ അപൂര്‍വമല്ല. 

USA-TRUMP/
Donald Trump. Photo Credit : Carlos Barria / Reuters

പക്ഷേ, ട്രംപിന്‍റെ അധികാര കാലാവധി തീരാന്‍ പോവുകയാണെന്നത് ഇതിനു പ്രശ്നമാകുന്നു. ജനുവരി 20 വരെ തുടരാമെങ്കിലും അതിനുമുന്‍പ് നവംബര്‍ മൂന്നിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍  തോല്‍ക്കുകയാണെങ്കില്‍ പിന്നെ അദ്ദേഹത്തിനു പ്രസക്തിയില്ലാതാകും.

അതിനിടയില്‍ സുപ്രീം കോടതി ജഡ്ജി നിയമനം പോലുള്ള ഒരു സുപ്രധാന നടപടിക്ക് അദ്ദേഹം ഒരുങ്ങുന്നത് ഉചിതമാണോ ? ഈ ചോദ്യത്തെ ചുറ്റിപ്പറ്റിയാണ് വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്. കോവിഡ് മഹാമാരി, സാമ്പത്തിക മാന്ദ്യം, വംശീയത,  തപാല്‍വോട്ട് തര്‍ക്കം എന്നിവ പോലുള്ള മറ്റു കാര്യങ്ങളോടൊപ്പം ഇതും ഇപ്പോള്‍ ഈ തിരഞ്ഞെടുപ്പിന്  പതിവിലേറെ വീറും വാശിയും പകരുകയാണ്. 

പുതിയ ജഡ്ജിയെ നിയമിക്കാന്‍ ട്രംപും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും തിരക്കുകൂട്ടുന്നത് സമാന സാഹചര്യത്തില്‍ അവര്‍ മുന്‍പ് സ്വീകരിച്ചിരുന്ന നിലപാടിനു കടകവിരുദ്ധമാണെന്നാണ് ഡമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2015ല്‍ പ്രസിഡന്‍റ് എന്ന നിലയിലുള്ള ബറാക് ഒബാമയുടെ രണ്ടാമത്തെ ടേം അവസാനിക്കാന്‍ കഷ്ടിച്ച് ഒരു വര്‍ഷം ബാക്കിയുളളപ്പോഴും പ്രശ്നം ഉയര്‍ന്നുവന്നിരുന്നു. 

സുപ്രീം കോടതിയിലെ ജഡ്ജി ആന്‍റോണിന്‍ സ്കാലിയ മരിച്ചപ്പോള്‍ ആ ഒഴിവു നികത്താന്‍ ഒബാമ മെറിക് ഗാര്‍ലന്‍ഡിനെ നിയമിച്ചു. പക്ഷേ, ഒരു വര്‍ഷത്തിനകം വിരമിക്കാന്‍ പോകുന്ന പ്രസിഡന്‍റ് ഇത്തരമൊരു സുപ്രധാന നിയമം നടത്തുന്നത് അനുവദിക്കാന്‍ ആവില്ലെന്നായിരുന്നു റിപ്പബ്ളിക്കന്‍ നിലപാട്. 

ഗാര്‍ലന്‍ഡിനു സെനറ്റിന്‍റെ അംഗീകാരം കിട്ടുന്നത് ആ സഭയില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ളിക്കന്മാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി. അതിനിടയില്‍ ഒബാമയുടെ കാലാവധി തീരുകയും ട്രംപ് പ്രസിഡന്‍റാവുകയും ചെയ്തു.  

തനിക്കിഷ്ടമുള്ള ഒരാളെ (നീല്‍ ഗോര്‍സുച്ച്) ട്രംപ് നോമിനേറ്റ് ചെയ്തപ്പോള്‍ സെനറ്റ് അതംഗീകരിച്ചു. യുഎസ് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിലെ രാഷ്ട്രീയക്കളികളിലേക്കു സമീപകാലത്തു ടോര്‍ച്ചടിച്ചു കാണിച്ച രണ്ടു സംഭങ്ങളില്‍ ഒന്നായിരുന്നു അത്.

Media-Kavanaugh Hearing
Brett Kavanaugh Photo Credit :Andrew Harnik / AP Photo

ലിബറല്‍ ചിന്താഗതിക്കാരനായി അറിയപ്പെട്ടിരുന്ന ജഡ്ജി ആന്‍റണി കെന്നഡി 2018ല്‍ സ്വമേധയാ വിരമിക്കാന്‍ തീരുമാനിച്ചതിനു ശേഷമായിരുന്നു രണ്ടാമത്തെ സംഭവം. രണ്ടാമതൊരു ജഡ്ജിയെക്കൂടി നിയമിക്കാന്‍ ട്രംപിന് അങ്ങനെ അവസരം കിട്ടി. യാഥാസ്ഥിതികനും റിപ്പബ്ളിക്കന്‍ പാര്‍ട്ടി അനുഭാവിയുമായ ബ്രെറ്റ് കെവനോയെ അദ്ദേഹം നിയമിച്ചതോടെ സുപ്രീം കോടതിയില്‍  യാഥാസ്ഥിതികര്‍ക്കു ഭൂരിപക്ഷമാവുകയും ചെയ്തു. 

പക്ഷേ, കെവനോയുടെ നിയമനം മറ്റൊരു കാരണത്താല്‍ വലിയൊരു വിവാദത്തിന് ഇടയാക്കി. അദ്ദേഹത്തിന് എതിരെ ഒരു വനിത ഉന്നയിച്ച ലൈംഗികാരോപണമായിരുന്നു കാരണം. ആരോപണം തള്ളപ്പെടുകയും സെനറ്റ് അദ്ദേഹത്തിന്‍റെ നിയമനം അംഗീകരിക്കുകയും ചെയ്തു.  

പക്ഷേ, അതോടനുബന്ധിച്ച് സെനറ്റിന്‍റെ ജുഡീഷ്യറി കമ്മിറ്റിയുടെ മുന്‍പാകെ ഹാജരായ കെവനോ ആരോപണം നിഷേധിക്കുക മാത്രമല്ല ചെയ്തത്. അതിന്‍റെ പിന്നില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഗൂഡാലോചനയുണ്ടെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. 

2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപിനോടേറ്റ പരാജയത്തിനു പകരം വീട്ടാന്‍ അവര്‍ ശ്രമിക്കുകയാണെന്നു പറയാനും അദ്ദേഹം മടിച്ചില്ല. അങ്ങനെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചായ് ​വ് സ്ഥാനമേല്‍ക്കുന്നതിന്‍റെ തൊട്ടുമുന്‍പ് പോലും പ്രകടമായി.                   

കുടിയേറ്റം, ഗര്‍ഭഛിദ്രം, വോട്ടവകാശം, തോക്കു നിയന്ത്രണം, ആരോഗ്യ പരിരക്ഷ, പരിസ്ഥിതി പ്രശ്നങ്ങള്‍, ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍, സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ പല കാര്യങ്ങളിലും അവസാന വാക്ക് സുപ്രീം കോടതിയുടേതായിരിക്കും. അതിനാല്‍, സുപ്രീം കോടതിയിലെ ജഡ്ജി നിയമനം അമേരിക്കയില്‍ പലപ്പോഴും ഒരു വലിയ രാഷ്ട്രീയ സംഭവമാകുന്നു

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom : US Supreme Court Justice Ruth Bader Ginsburg dies at 87

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.