കാലം മാറിയത് കാണാതെ യുഎന്‍

HIGHLIGHTS
  • സ്ഥിരാംഗത്വത്തിന് ഇന്ത്യയുടെ കാത്തിരിപ്പ് ഇനിയും എത്രനാള്‍ ?
  • പരിഷ്ക്കരണം വൈകരുതെന്ന് ആവശ്യം
IRAN-NUCLEAR/UN
Photo Credit: Denis Balibouse / Reuters
SHARE

മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും എന്നതിനു മാത്രം മാറ്റം സംഭവിക്കുന്നില്ല എന്നൊരു ചൊല്ലുണ്ട്. മുക്കാല്‍ നൂറ്റാണ്ടുകാലമായി ഘടനയില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലാത്ത യുഎന്‍ അഥവാ ഐക്യരാഷ്ട്ര സംഘടനയെ പലരും ഇതിനൊരു അപവാദമായി കാണുന്നു.   

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അത്തരമൊരു യുദ്ധം ഇനിയുണ്ടാവരുതെന്ന മുഖ്യമായ ഉദ്ദേശ്യത്തോടെ 1945ല്‍ രൂപംകൊണ്ടതാണ് യുഎന്‍. അതിലെ അംഗസംഖ്യ അന്ന് 51 ആയിരുന്നത് ഇപ്പോള്‍ 193 ആയി. രാജ്യാന്തര തലത്തില്‍ അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ഏറെക്കുറെ വ്യത്യസ്തമാണ്.  രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലെ സങ്കീര്‍ണതകളും വ്യത്യസ്തം. 

അവയ്ക്കു പരിഹാരം കണ്ടെത്തുന്നതില്‍ യുഎന്‍ പലപ്പോഴും ദയനീയമായി പരാജയപ്പെടുന്നു. അതിനൊരു മുഖ്യകാരണം സംഘടനയുടെ ഘടനയില്‍ ഇതുവരെ കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണെന്ന അഭിപ്രായവും നേരത്തെതന്നെയുണ്ട്. കാലോചിതമായ പരിഷ്ക്കരണം ഇനിയും വൈകരുതെന്ന ആവശ്യവും നിരന്തരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 

അങ്ങനെ ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ മുന്‍നിരയിലാണ് ഇന്ത്യ. ഐക്യരാഷ്ട്ര സംഘടനയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റംബര്‍ 26) ചെയ്ത വിഡിയോ പ്രസംഗത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമായി ഉന്നയിച്ചതും ഇക്കാര്യമാണ്. 

സംഘടനയുടെ സുപ്രധാന നയരൂപീകരണ വേദിയായ രക്ഷാസമിതിയില്‍ ഇന്ത്യക്ക് അര്‍ഹമായ സ്ഥാനം (സ്ഥിരാംഗത്വം) ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. 

"ഇനിയും എത്രകാലം നമ്മള്‍ ഇതിനുവേണ്ടി കാത്തിരിക്കണം ? ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയില്‍നിന്ന് ഇനിയും എത്രകാലമാണ് ഇന്ത്യയെ മാറ്റിനിര്‍ത്തുക?"

ഇതായിരുന്നു മോദിയുടെ വാക്കുകള്‍.   

കഴിഞ്ഞ 75 വര്‍ഷങ്ങള്‍ക്കിടയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഘടനയില്‍ ഉണ്ടായ മാറ്റങ്ങള്‍ ഏതാനും വിരലുകളില്‍ എണ്ണാം. രക്ഷാസമിതിയില്‍ചൈനയുടെ സീറ്റ് (സ്ഥിരാംഗത്വം) തയ്​വാൻ കൈവശമാക്കി വച്ചിരുന്നത് 1977ല്‍ ചൈനയ്ക്കു തിരിച്ചുകിട്ടിയതായിരുന്നു അവയില്‍ ഏറ്റവും പ്രധാനം. മറ്റൊരു സ്ഥിരാംഗമായിരുന്ന സോവിയറ്റ് യൂണിയന്റെ സ്ഥാനം 1991ല്‍ ആ രാജ്യത്തിന്‍റെ തകര്‍ച്ചയോടെ റഷ്യക്കു കിട്ടുകയും ചെയ്തു. 

INDIA-KASHMIR/CHINA-UN
Photo Credit :Eric Thayer / Reuters

രക്ഷാസമിതിയിലെ താല്‍ക്കാലികാംഗങ്ങളുടെ എണ്ണം ആറായിരുന്നതു 1963 മുതല്‍ പത്തായതാണ് മറ്റൊരു മാറ്റം. പക്ഷേ, വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളുടെ എണ്ണം ഇപ്പോഴും അഞ്ചില്‍ ഒതുങ്ങിനില്‍ക്കുന്നു. 

ചൈനയ്ക്കും റഷ്യയ്ക്കും പുറമെ അമേരിക്ക, ബ്രിട്ടന്‍. ഫ്രാന്‍സ് എന്നിവയാണ് സ്ഥിരാംഗങ്ങള്‍. ഏതെങ്കിലും ഒരു പ്രമേയത്തെ രക്ഷാസമിതിയിലെ മൊത്തം 15 അംഗങ്ങളില്‍ 14 എണ്ണംവരെ അനുകൂലിച്ചാലും ഒരു സ്ഥിരാംഗം എതിര്‍ത്താല്‍ ആ പ്രമേയം പാസ്സാകില്ല. അതാണ് വീറ്റോ.  വീറ്റോ പ്രയോഗിച്ചിട്ടില്ലാത്ത ഒരു സ്ഥിരാംഗവുമില്ല. ഇതു കാരണം, സുപ്രധാനമായ പല പ്രശ്നങ്ങളിലും രക്ഷാസമിതിക്കു തീരുമാനം കൈക്കൊള്ളാന്‍ കഴിയാതെ വരുന്നു.  

യുഎന്‍ രൂപീകരിക്കുമ്പോള്‍ അഞ്ചു രാജ്യങ്ങള്‍ക്കു സ്ഥിരാംഗത്വം നല്‍കപ്പെട്ടത് അവ രണ്ടാം ലോകമഹായുദ്ധത്തിലെ വിജയികളാണെന്ന പരിഗണനയിലായിരുന്നു. എന്നാല്‍, ആ യുദ്ധത്തിനു ശേഷം മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞിരിക്കേ അത്തരമൊരു പരിഗണന തുടര്‍ന്നുപോകുന്നതു ചോദ്യം ചെയ്യപ്പെടുന്നു. 

ഇതിനിടയില്‍ ഇന്ത്യയെപ്പോലെ രാജ്യാന്തര രംഗത്തു മുന്‍നിരയില്‍ സ്ഥാനംനേടിയ രാജ്യങ്ങള്‍ അവഗണിക്കപ്പെടുന്നു.  ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലോകജനസംഖ്യയുടെ ആറിലൊന്ന് ഇന്ത്യക്കാരാണ്. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക രംഗങ്ങളില്‍ ഇന്ത്യ കരസ്ഥമാക്കിയ നേട്ടങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടുന്നു, 

യുഎന്‍ സമാധാന സേനകളിലേക്ക് ഏറ്റവുമധികം ഭടന്മാരെ അയച്ചുകൊടുത്ത രാജ്യങ്ങളിലും ഇന്ത്യ ഉള്‍പ്പെടുന്നു. ആണവ രാജ്യമെന്ന നിലയില്‍ വളരെ ഉത്തരവാദിത്ത ബോധത്തോടെയാണ് ഇന്ത്യ പെരുമാറുന്നതെന്ന കാര്യവും രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് യുഎന്‍ സ്ഥിരാംഗത്വത്തിനുള്ള അര്‍ഹത ഇന്ത്യ ഉന്നയിക്കുന്നത്. രക്ഷാസമിതിയിലെ പുതിയ നാലു താല്‍ക്കാലികാംഗങ്ങളില്‍ ഒന്നായി ഇക്കഴിഞ്ഞ ജൂണില്‍ ഇന്ത്യ വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതും ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കപ്പെടുന്നു. 

രണ്ടു വര്‍ഷത്തേക്കുള്ള ഈ അംഗത്വം ഇന്ത്യക്കു ലഭിക്കുന്നത് ഇത് എട്ടാം തവണയാണ്. തിരഞ്ഞെടുക്കപ്പെടാന്‍ പൊതുസഭയില്‍ മൂന്നിലൊന്നു വോട്ടുകിട്ടണം. ഇന്ത്യക്കു കിട്ടിയത് അതിലേറെയാണ്- മൊത്തമുള്ള 193ല്‍ 184. നേരത്തെ, 55 അംഗ ഏഷ്യ-പസിഫിക് മേഖലയുടെ സ്ഥാനാര്‍ഥിയായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയുമായിരുന്നു. അയര്‍ലന്‍ഡ്, മെക്സിക്കോ, നോര്‍വെ എന്നിവയോടൊപ്പം രക്ഷാ സമിതിയിലെ പുതിയ താല്‍ക്കാലികാംഗമായി ഇന്ത്യ സ്ഥാനം ഏറ്റെടുക്കുന്നത് അടുത്ത വര്‍ഷം ആരംഭത്തോടെയാണ്. 

സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ അര്‍ഹതയ്ക്ക് അമേരിക്കയുടെ രണ്ടു സമീപകാല പ്രസിഡന്‍റുമാര്‍-ബറാക് ഒബാമയും ഡോണള്‍ഡ് ട്രംപും-പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. യുഎസ്  പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ എതിര്‍ക്കുന്ന ജോ ബൈഡന്‍റെ നിലപാടും വ്യത്യസ്തമല്ലെന്നാണ് സൂചനകള്‍. 

രക്ഷാസമിതിയിലെ മറ്റു സ്ഥിരാംഗങ്ങളില്‍ റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയും ഇന്ത്യയെ അനുകൂലിക്കുന്നു. പക്ഷേ, ചൈന എതിര്‍ക്കാനാണ് സാധ്യത. ചൈനയെ അതിനു പ്രേരിപ്പിക്കുന്ന  വിധത്തില്‍ പിന്നില്‍ പാക്കിസ്ഥാനുമുണ്ട്. പാക്ക് എതിര്‍പ്പ് പലതവണ പ്രകടമാവുകയുണ്ടായി. 

ഇന്ത്യയ്ക്കു പുറമെ മറ്റു ചില രാജ്യങ്ങളും യുഎന്‍ സ്ഥിരാംഗത്വം ആവശ്യപ്പെടുന്നുണ്ട്.  ഇതിനുവേണ്ടി പരസ്പരം സഹായിക്കാനായി ഇന്ത്യയും ബ്രസീലും ജപ്പാനും ജര്‍മനിയും ചേര്‍ന്നു ജി-4 എന്ന പേരില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയുമുണ്ടായി.  പക്ഷേ, തെക്കെ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിന് യുഎന്‍ സ്ഥിരാംഗത്വം ലഭിക്കുന്നത് ആ ഭൂഖണ്ഡത്തിലെതന്നെ മറ്റൊരു വലിയ രാജ്യമായ അര്‍ജന്‍റീനയ്ക്ക് ഇഷ്ടമല്ല. ജപ്പാനെ ചൈനയും ജര്‍മനിയെ ഇറ്റലിയും എതിര്‍ക്കുന്നു. 

"ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയില്‍നിന്ന് ഇനിയും എത്രകാലമാണ് ഇന്ത്യയെ മാറ്റിനിര്‍ത്തുക?" എന്ന പ്രധാനമന്ത്രിയുടെ ചോദ്യം ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ അര്‍ഹത ഒരിക്കല്‍കൂടി ലോകശ്രദ്ധയിലേക്കു കൊണ്ടുവരുന്നു.  

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Vidhesharangom : Can India get permanent membership in UN?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA