നാലു ദശകങ്ങള്‍ക്കു മുന്‍പ് പ്രസിഡന്റ് റോണള്‍ഡ് റെയ്ഗന് വെടിയേറ്റ് ആശുപത്രിയിലായപ്പോള്‍ ഉണ്ടായതുപോലുള്ള അത്യസാധാരണമായ മാനസികാവസ്ഥയിലാണ് ഇപ്പോള്‍ അമേരിക്കക്കാര്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു കോവിഡ് രോഗം ബാധിച്ചുവെന്ന വാര്‍ത്ത അവരെ ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു.

രാഷ്ട്രനായകന് എന്തു സംഭവിക്കുമെന്ന ചോദ്യമാണ് അവരുടെ മുന്നില്‍. യുഎസ് പ്രസിഡന്റ് അമേരിക്കയുടെസാരഥി മാത്രമല്ല. ഏറ്റവും വലിയ സൈനിക-സാമ്പത്തിക ശക്തിയുടെ തലവന്‍ എന്ന നിലയില്‍ ലോകത്തെ ബാധിക്കുന്ന പല കാര്യങ്ങളും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ലോകം മുഴുവന്‍ ഇപ്പോള്‍ വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രിയില്‍ കണ്ണുനട്ടിരിക്കുന്നതില് അല്‍ഭുതമില്ല.
ട്രംപിന്റെ ഭാര്യ മെലാനിയയ്ക്കും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ കണ്ടത്. വൈറ്റ്ഹൗസിലെ ഒരു സഹായിയായ ഹോപ് ഹിക്ക് എന്ന വനിതയ്ക്കു രോഗം ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു പ്രസിഡന്റിനെയും പ്രഥമ വനിതയെയും പരിശോധനയ്ക്കു വിധേയരാക്കുകയായിരുന്നു.
ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വൈറ്റ് ഹൗസില്‍തന്നെ ക്വാറന്റീനില്‍ കഴിയാനാണ് ഉദ്ദേശിച്ചിരുന്നത്. മികച്ച ആശുപത്രിയിലേതു പോലുള്ള ചികില്‍സാ സൗകര്യങ്ങള്‍ വൈറ്റ്ഹൗസില്തന്നെയുണ്ട്.
പിന്നീട് ട്രംപിനു നേരിയ പനിയുണ്ടാവുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. മെലാനിയയ്ക്കു ചുമയും തലവേദനയുമുണ്ടായി. അതിനെ തുടര്‍ന്നാണ് പ്രസിഡന്റുമാരുടെ വാര്‍ഷിക ആരോഗ്യ പരിശോധന നടക്കാറുള്ള വാള്‍ട്ടര്‍ റീഡ് ആശുപത്രിയിലേക്ക് ഇരുവരെയും കൊണ്ടുപോയത്.

ഒരു രാഷ്ട്രനേതാവിനെ കോവിഡ് ബാധിക്കുന്നത് ഇതാദ്യമല്ല. ബ്രിട്ടനിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ബ്രസീലിലെ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയും നേരത്തെ അവരുടെ നാടുകളില്‍ കിടപ്പിലായിരുന്നു. ട്രംപിന്റെ സുഹൃത്തുക്കള്‍ കൂടിയായ അവര്‍ ദിവസങ്ങള്‍ക്കകം രോഗവിമുക്തി നേടി തിരിച്ചുവരികയും ചെയ്തു.

ലോകത്തെവിടെയും ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങളുള്ള അമേരിക്കയിലെ വിദഗ്ദ്ധുടെ പരിചരണത്തിലാണ് ട്രംപും ഭാര്യയും. അവരും അതിവേഗം രോഗവിമുക്തി നേടുന്നതു കാത്തിരിക്കുകയാണ് എല്ലാവരും.
നല്ല ആരോഗ്യമുള്ളവരും അധികം പ്രായമില്ലാത്തവരുമായ ആളുകള്‍ക്കു കോവിഡിനെ എളുപ്പത്തില്‍ പരാജയപ്പെടുത്താനാവും. അതിനാല്‍, അമ്പതുകാരിയായ മെലാനിയയുടെ കാര്യത്തില്‍ വലിയ ഉല്‍ക്കണ്ഠയില്ല. എന്നാല്‍, ട്രംപിനു 74 വയസ്സാണ്. ഇത്രയും ഉയര്‍ന്ന പ്രായത്തില്‍ മുന്‍പ് ആരും അമേരിക്കയിലെ പ്രസിഡന്റായിരുന്നിട്ടില്ല.

ട്രംപിനു മറ്റു രോഗങ്ങളുള്ളതായി അറിവില്ലെങ്കിലും തടി അല്‍പ്പം കൂടുതലാണ്. വ്യായാമം പതിവില്ലത്രേ. ഇതോടൊപ്പം പ്രായവും സാധാരണ ഗതിയില്‍ ഡോക്ടര്‍മാരില്‍ ഉല്ക്കണ്ഠയുണ്ടാക്കാന് ഇടയുണ്ട്. അതേസമയം, ട്രംപ് 10 ദിവസത്തിനകം രോഗവിമുക്തനായി പുറത്തുവരുമെന്നു അദ്ദേഹത്തെ മുന്‍പ് ചികില്‍സിച്ചിരുന്ന ഡോ. റോണി ജാക്സന് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ജോണ്‍ ഹിക്ക്ലി എന്നൊരു കിറുക്കന് 1981 മാര്‍ച്ച് 30ന് പ്രസിഡന്റ് റെയ്ഗനെ വെടിവച്ചപ്പോള്‍ അത്തരമൊരു സംഭവം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, കോവിഡ് ഒരു അപ്രതീക്ഷിത സംഭവമല്ല. എട്ടൊന്‍പതു മാസങ്ങളായി ലോകത്തിലെ മറ്റേതു നാട്ടുകാരെയുംപോലെ അമേരിക്കക്കാരെയും അതു വേട്ടയാടുകയാണ്. മാത്രമല്ല, ഏറ്റവുമധികം പേര്‍ക്കു (73 ലക്ഷം) രോഗം ബാധിച്ചതും ഏറ്റവുമധികം മരണം (രണ്ടു ലക്ഷത്തിലേറെ) സംഭവിച്ചതും അമേരിക്കയിലാണ്. അവിടെയാണ് ഇപ്പോള്‍ രാഷ്ട്രത്തലവനെപ്പോലും രോഗം പിടികൂടിയിരിക്കുന്നതും.
വൈദ്യശാസ്ത്രരംഗത്തു വന്‍നേട്ടങ്ങള്‍ കരസ്ഥമാക്കിയ അമേരിക്കയില്‍ ഇങ്ങനെ സംഭവിച്ചത് അമ്പരപ്പുളവാക്കുന്നു. അവിടെ കോവിഡ് പ്രശ്നം കൈകാര്യം ചെയ്യുന്നത് വേണ്ടത്ര ഗൗരവത്തോടെയല്ലെന്നു നേരത്തെതന്നെയുള്ള വിമര്‍ശനത്തെ ഇത് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
സാമൂഹികമായ അകലം പാലിക്കലും മാസ്ക്ക് ധരിക്കലുമാണ് കോവിഡിനെതിരായ രണ്ടു പ്രധാന മുന്‍കരുതല്‍ നടപടിയായി നിര്‍ദേശിക്കപ്പെടുന്നത്. മാസ്ക്ക് ധരിക്കാത്തവര്‍ക്കു ചില രാജ്യങ്ങളില്‍ ശിക്ഷ നല്‍കുന്നുപോലുമുണ്ട്.
എന്നാല്‍, അമേരിക്കയില്‍ ഇതു കര്‍ശനമായി പാലിക്കപ്പെട്ടിരുന്നില്ല. ട്രംപ് തന്നെ പലപ്പോഴും പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടതു മാസ്ക്ക് ഇല്ലാതെയാണ്. അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ എതിരാളിയായ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് മിക്കപ്പോഴും മാസ്ക്ക് ധരിക്കുന്നതിനെ ട്രംപ് കളിയാക്കുകയും ചെയ്തിരുന്നു. ചിലര്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചപ്പോള്‍ മറ്റു ചിലര്‍ പ്രസിഡന്റിനെ മാതൃകയാക്കി.
നവംബര്‍ മൂന്നിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 29) സ്ഥാനാര്‍ഥികള്‍ തമ്മില്‍ സംവാദം നടന്നപ്പോളും കണ്ടത് ഇതാണ്. ട്രംപോ ബൈഡനോ മാസ്ക്ക് ധരിച്ചിരുന്നില്ല. അകലം പാലിച്ചിരുന്നുവെന്നു മാത്രം.
വാതിലുകള്‍ അടച്ചിരുന്ന ഹാളില്‍ ഒന്നര മണിക്കൂര്‍ നേരമായിരുന്നു ഇവര്‍ തമ്മിലുള്ള വാക്പോര്. മോഡറേറ്റര്‍ ഉള്‍പ്പെടെയുള്ള സദസ്യരിലും പലര്‍ക്കും മാസ്ക്കില്ലായിരുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് കോവിഡ് പടരുകയെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കിയിരുന്നതു വിസ്മരിക്കപ്പെട്ടു.
പ്രായം ബൈഡന്റെ കാര്യത്തിലും അനുകൂലമല്ല. ട്രംപിനേക്കാള്‍ മൂന്നു വയസ്സ് കൂടുതലാണ് അദ്ദേഹത്തിന്. 32 വര്ഷംമുന്പ് അദ്ദേഹത്തിനു രണ്ടു തവണ മസ്ത്ഷ്ക്ക ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു.
പിന്നീട് അദ്ദേഹത്തിന് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഈ ശസ്ത്രക്രിയകളെ അദ്ദേഹത്തിന്റെ അനാരോഗ്യത്തിന്റെ അടയാളമായി ട്രംപ് അനുകൂലികള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
ചൊവ്വാഴ്ചയിലെ സംവാദത്തിന്റെ മൂന്നാം ദിവസം ബൈഡന് പരിശോധനയ്ക്കു വിധേയനായപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. എങ്കിലും, ട്രംപിനു രോഗബാധയുണ്ടായ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനു വീണ്ടും പരിശോധന വേണ്ടിവന്നേക്കാം.
കഴിഞ്ഞ ചില ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വിമാനത്തില്‍ യാത്ര ചെയ്തപ്പോഴും ട്രംപോ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു ചിലരോ മാസ്ക്ക് ധരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റിന്റെ ഉപദേഷ്ടാവും മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവുമായ ജാറിദ് കുഷ്നറും ഇവരില്‍ ഉള്‍പ്പെടുന്നു. ട്രംപിനും ഭാര്യക്കും കോവിഡ് ബാധിച്ചകാര്യം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നു കുഷ്നറും ഇവാന്‍കയും പരിശോധനയ്ക്കു വിധേയരായി. ഭാഗ്യവശാല്‍, ഫലം നെഗറ്റീവാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കഷ്ടിച്ച് ഒരു മാസംമാത്രം ബാക്കിയുളളപ്പോഴാണ് കോവിഡ് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. എങ്കിലും, പോളിങ് നീട്ടിവയ്ക്കുന്ന പ്രശ്നമില്ല. അതു സാധ്യവുമല്ല. ഇരു സ്ഥാനാര്‍ഥികളും പ്രചാരണ യോഗങ്ങളില്‍ നേരിട്ടുപങ്കെടുക്കുന്നതു നിര്‍ത്തിവയ്ക്കേണ്ടിവരും. ഇരുവര്‍ക്കും ഇതു പ്രയാസമുണ്ടാക്കാനിടയുണ്ട്. കാരണം, നിര്‍ണായക പ്രാധാന്യമുള്ള ചില സംസ്ഥാനങ്ങളിലെ പ്രചാരണം അവര്‍ അവസാനഘട്ടത്തിലേക്കു മാറ്റിവച്ചിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ടിലേക്കു ധാരാളം പണം പിരിഞ്ഞുകിട്ടുന്ന സന്ദര്‍ഭങ്ങളുമാണ് ഇത്തരം പ്രചാരണ യോഗങ്ങള്‍.
അഭിപ്രായ വോട്ടുകളില്‍ ബൈഡന് തന്റെ ലീഡ് നിലനിര്ത്തിക്കൊണ്ടിരിക്കേയാണ് ട്രംപ് ആശുപത്രിയിലായിരിക്കുന്നത്. അദ്ദേഹത്തിന്റെ അനുകൂലികളില്‍ പലരും ഇതില്‍ നിരാശ പൂണ്ടിരിക്കുമ്പോള്‍ മറ്റു പലരും പ്രതീക്ഷയിലാണെന്നും പറയപ്പെടുന്നു. സഹതാപ വോട്ടുകള്‍ ട്രംപിനെ തേടിയെത്തുമെന്നാണത്രേ അവരുടെ കണക്കുകൂട്ടല്‍.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Vidhesharangom : US President Donald Trump moved to Walter Reed military hospital for Covid-19 treatment