കോക്കേഷ്യയില്‍ പുതിയ യുദ്ധം

HIGHLIGHTS
  • രണ്ടു മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകള്‍ ഏറ്റുമുട്ടുന്നു
  • റഷ്യയും തുര്‍ക്കിയും തല്‍പര കക്ഷികള്‍
ARMENIA-AZERBAIJAN/
An ethnic Armenian soldier fires an artillery piece during fighting with Azerbaijan's forces in the breakaway region of Nagorno-Karabakh, in this handout picture released September 29, 2020. Defence Ministry of Armenia/Handout via Reuters.
SHARE

കുറച്ചുകാലമായി മിക്കവാറും മരവിച്ചുകിടന്നിരുന്ന ഒരു പ്രശ്നം പെട്ടെന്നു ചൂടായി പൊട്ടിത്തെറിക്കുകയാണ്. സോവിയറ്റ് യൂണിയന്‍റെ ഭാഗങ്ങളായിരുന്ന അസര്‍ബൈജാനും അര്‍മീനിയയും തമ്മിലുള്ള തര്‍ക്കമാണ് വീണ്ടും യുദ്ധമായി മാറിയിരിക്കുന്നത്. 

പത്തു ദിവസത്തിനകം ഇരു ഭാഗങ്ങളിലുമായി സാധാരണ ജനങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ മരിച്ചുകഴിഞ്ഞു. മുന്‍പ് 1988-1994 കാലത്തു നടന്ന യുദ്ധത്തില്‍ 20,000 മുതല്‍ 30,000വരെ ആളുകള്‍ കൊല്ലപ്പെടുകയും പത്തുലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിരുന്നു. 

ദക്ഷിണ യൂറോപ്പും പശ്ചിമേഷ്യയും തമ്മില്‍ കൂട്ടുമുട്ടുന്ന കവലയില്‍ കാസ്പിയന്‍ കടല്‍, കരിങ്കടല്‍ എന്നിവയ്ക്കും റഷ്യ, ജോര്‍ജിയ, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കും ഇടയിലാണ് ഈ പ്രദേശം. കോക്കേഷ്യ അഥവാ കോക്കസസ് വിളിക്കുന്ന ഭൂവിഭാഗത്തിന്‍റെ ദക്ഷിണ മേഖലയില്‍ നിബിഡ വനങ്ങളോടുകൂടിയ ഒരു മലമ്പ്രദേശം.

അസര്‍ബൈജാനോ (86,600 ചതുരശ്ര കിലോമീറ്റര്‍) അര്‍മീനിയയോ (29,743 ചതുരശ്ര കിലോമീറ്റര്‍) സ്വന്തം നിലയില്‍ ലോകത്ത് ഏറെയൊന്നും ഒച്ചപ്പാടുണ്ടാക്കാറില്ല. എങ്കിലും, ഈ രാജ്യങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കാരണം അവര്‍ തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവും രാജ്യാന്തര തലത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കാനുളള സാധ്യതകള്‍ എപ്പോഴും ഉണ്ട്താനും.

TOPSHOT-AZERBAIJAN-ARMENIA-KARABAKH-CONFLICT
Azerbaijani President Ilham Aliyev addresses the nation in Baku on September 27, 2020. Photo Credit: Azerbaijani Presidential Press Office / AFP Photo

ടാങ്കുകളും പീരങ്കികളും പോര്‍വിമാനങ്ങളും കവചിത വാഹനങ്ങളും മിസൈലുകളുമായി നടന്നുവരുന്ന പുതിയ യുദ്ധം അത്തരമൊരു സ്ഥിതിയാണ് വരുത്തിവച്ചിരിക്കുന്നത്. അസര്‍ബൈജാനില്‍ നിന്നുള്ള എണ്ണയും പ്രകൃതി വാതകവും വഹിച്ചുകൊണ്ട് ജോര്‍ജിയയിലേക്കും മെഡിറ്ററേനിയന്‍ തീരത്തേക്കും   പോകുന്ന പൈപ്ലൈനുകള്‍ക്ക് അപകടം സംഭവിക്കുമോയെന്ന ഭയവും വര്‍ധിച്ചുവരുന്നു.   

അസര്‍ബൈജാന് അകത്തു കിടക്കുന്നതും അര്‍മീനിയന്‍ വംശജര്‍ക്കു ബഹുഭൂരിപക്ഷമുള്ളതുമായ നഗോര്‍ണോ കാരബാഖ് എന്ന പ്രദേശത്തെച്ചൊല്ലിയാണ് തര്‍ക്കം. രാജ്യാന്തര നിയമപ്രകാരം ഇത് അസര്‍ബൈജാന്‍റെ ഭാഗമാണ്. ലോകത്തെ എല്ലാ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും അങ്ങനെയാണ് അതിനെ കാണുന്നതും. 

പക്ഷേ, ഏതാണ്ട് മൂന്നു ദശകങ്ങളായി അര്‍മീനിയന്‍ വംശജര്‍ അവിടെ സ്വന്തമായ ഒരു റിപ്പബ്ളിക്ക് സ്ഥാപിച്ചിരിക്കുകയാണ്. അതിനെ അവര്‍ ആര്‍ട്സാഖ് എന്നു വിളിക്കുന്നു. അര്‍മീനിയയിലെ ഗവണ്‍മെന്‍റ് അതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അവരും ഒരു രാജ്യമെന്ന നിലയില്‍ അതിനെ അംഗീകരിച്ചിട്ടില്ല.  നഗോര്‍ണോ കാരബാഖിലെ വിഘടന വാദികള്‍ പിന്നീട് അതിനു ചുറ്റുമുള്ള ചില അസര്‍ബൈജാന്‍ ജില്ലകള്‍ കൂടി പിടിച്ചടയ്ക്കി. അവിടെയും ജനങ്ങളില്‍ ബഹുഭൂരിപക്ഷം അര്‍മീനിയന്‍ വംശജരാണെന്നതാണ് അതിനുള്ള അവരുടെ ന്യായം. 

സ്വയം പ്രഖ്യാപിത ആര്‍ട്സാഖ് റിപ്പബ്ളിക്കിന്‍റെ വ്യാപ്തി അങ്ങനെ അര്‍മീനിയയുടെ അതിര്‍ത്തിവരെ എത്തുകയും വലിപ്പം ഏതാണ്ട് ഇരട്ടിയാവുകയും ചെയ്തു. അതിനെ അര്‍മീനിയയുമായി കൂട്ടിച്ചേര്‍ക്കുകയാണ് ഉദ്ദേശ്യം. 

അവരെ അവിടെനിന്നു പുറത്താക്കാനും സ്വന്തം സ്ഥലങ്ങള്‍ പിടിച്ചെടുക്കാനും അസര്‍ബൈജാന്‍ സെന്യം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27 നു ശ്രമം തുടങ്ങിയതോടെ പുതിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍മീനിയന്‍ സൈന്യം വെടിവച്ചപ്പോള്‍ തങ്ങള്‍ പ്രതികരിക്കുക മാത്രമായിരുന്നുവെന്ന് അസര്‍ബൈജാന്‍ സൈന്യം അവകാശപ്പെടുന്നു. 

മുസ്ലിം ഭൂരിപക്ഷമുള്ള അസര്‍ബൈജാനും ക്രൈസ്തവ ഭൂരിപക്ഷമുള്ള അര്‍മീനിയയും മുന്‍പ് റഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഭാഗങ്ങളായിരുന്നു. 1917ല്‍ മോസ്ക്കോയില്‍ ബോള്‍ഷെവിക്ക് വിപ്ളവകാരികള്‍ അധികാരം പിടിച്ചടക്കിയശേഷം അവ സോവിയറ്റ് യൂണിയനിലെ ഘടക റിപ്പബ്ളിക്കുകളായി. 

jospeh-stalin
Joseph Stalin. Illustration : Munaz. M. Z

നഗോര്‍ണോ കാരബാഖിലെ ജനങ്ങളില്‍ മിക്കവരും അര്‍മീനിയന്‍ വംശജരാണെന്ന വസ്തുത കണക്കിലെടുത്ത്  സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ അതിനു സ്വയംഭരണാധികാരവും നല്‍കി. അതിനെ അസര്‍ബൈജാന്‍കാര്‍ (അസീരികള്‍) എതിര്‍ത്തുവെങ്കിലും ഫലമുണ്ടായില്ല. 

പക്ഷേ, 1980കളുടെ അവസാനത്തില്‍ സോവിയറ്റ് നിയന്ത്രണം അയയാനും അര്‍മീനിയന്‍-അസീരി ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടാനും തുടങ്ങി. നഗോര്‍ണോ കാരബാഖിലെ നിയമസഭ ആ പ്രദേശത്തെ സ്വതന്ത്ര റിപ്പബ്ളിക്കായി പ്രഖ്യാപിക്കുകയും അര്‍മീനിയയുമായി കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതിനെ തുടര്‍ന്നായിരുന്നു ആറു വര്‍ഷത്തിനിടയില്‍ (1988-1994) 20,000-30,000 പേരുടെ മരണത്തിനിടയാക്കിയ അസര്‍ബൈജാന്‍-അര്‍മീനിയ യുദ്ധം. 

യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടന (ഒഎസ്സിഇ) ഇടപെട്ടു. അവര്‍ നിയോഗിച്ച റഷ്യ, അമേരിക്ക, ഫ്രാന്‍സ് എന്നിവ ഉള്‍പ്പെടുന്ന സമിതിയുടെ (മിന്‍സ്ക് ഗ്രൂപ്പ്) ശ്രമഫലമായി 1994ല്‍ വെടിനിര്‍ത്തലുണ്ടാവുകയും ചെയ്തു.  പക്ഷേ, നഗോര്‍ണോ കാരബാഖ് പ്രശ്നത്തിന് ഒപ്പുതീര്‍പ്പുണ്ടാക്കാന്‍ അവര്‍ക്കായില്ല. പുതിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് ആ പശ്ചാത്തലത്തിലാണ്. 

അര്‍മീനിയയുമായി സൈനിക സഖ്യത്തിലാണ് ഈ മേഖലയിലെ രാജ്യങ്ങളില്‍ ഏറ്റവും വലുതും ശക്തവുമായ റഷ്യ. അര്‍മീനിയയില്‍ സൈനിക താവളമുള്ള റഷ്യ അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അസര്‍ബൈജാനുമായും റഷ്യ നല്ല ബന്ധത്തിലായിരുന്നുവെങ്കിലും ഇപ്പോള്‍ അത് ഉലയാന്‍ തുടങ്ങിയിട്ടുണ്ട്.     

AZERBAIJAN-ARMENIA-KARABAKH-CONFLICT
A picture shows a rocket shell in the Ivanyan community in the breakaway Nagorny Karabakh region on October 1, 2020. - Armenian and Azerbaijani forces intensified their shelling on October 1 despite calls from the US, France and Russia for an end to days of fighting over the disputed Nagorny Karabakh region that has left more than 130 dead. Photo Credit: Hayk Baghdasaryan / AFP Photo

ഈ മേഖലയിലെ മറ്റൊരു പ്രധാന രാജ്യമായ തുര്‍ക്കി അസര്‍ബൈജാനു പിന്തുണ നല്‍കുന്നു. തുര്‍ക്കി വംശജരാണ് അസര്‍ബൈജാനിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും. അര്‍മീനിയയും തുര്‍ക്കിയുംതമ്മില്‍ നേരത്തെതന്നെ ഉടക്കിലുമാണ്.  തുര്‍ക്കി കേന്ദ്രമായുള്ള ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു അര്‍മീനിയ. ഒരു നൂറ്റാണ്ടുമുന്‍പ്,  ഒന്നാം ലോകമഹായുദ്ധകാലത്തു അര്‍മീനിയന്‍ വംശജര്‍ നടത്തിയ പ്രക്ഷോഭത്തിനെതിരെ തുര്‍ക്കി സൈന്യം പ്രതികരിച്ചത് അതിക്രൂരമായ വിധത്തിലായിരുന്നു. 

വംശീയഹത്യയായിപ്പോലും വിശേഷിപ്പിക്കപ്പെടുന്ന  ആ സംഭവം വീഴ്ത്തിയ കരിനിഴലിലാണ് ഇപ്പോഴും തുര്‍ക്കിയും അര്‍മീനിയയും. അസര്‍ബൈജാനോടൊപ്പം അര്‍മീനിയയും 1991ല്‍ സോവിയറ്റ് യൂണിയനില്‍നിന്നു സ്വതന്ത്രമായെങ്കിലും ആ രാജ്യവുമായി തുര്‍ക്കിക്ക് ഇന്നും നയതന്ത്രബന്ധമില്ല. അസര്‍ബൈജാനു തുര്‍ക്കി ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നുവെന്നാണ് അര്‍മീനിയയുടെ ആരോപണം. ഈയിടെ തങ്ങളുടെ ഒരു യുദ്ധവിമാനത്തെ വെടിവച്ചുവീഴ്ത്തിയതു തുര്‍ക്കിയുടെ യുദ്ധവിമാനമാണെന്നും അസര്‍ബൈജാനെ സഹായിക്കാന്‍ സിറിയയില്‍നിന്നു തുര്‍ക്കി കൂലിപ്പട്ടാളക്കാരെ റിക്രൂട്ട് ചെയ്യുകയാണെന്നും അര്‍മീനിയ കുറ്റപ്പെടുത്തുന്നു. 

റഷ്യ-തുര്‍ക്കി ബന്ധത്തിന്‍റെ ഭാവിയും ഇതിനിടയില്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്.  ഇവര്‍ ചില കാര്യങ്ങളില്‍ സൗഹൃദത്തിലാണെങ്കില്‍ മറ്റു ചില കാര്യങ്ങളില്‍ ഉടക്കിലുമാണ്. നഗോര്‍ണോ കാരബാഖ് പ്രശ്നത്തില്‍ അര്‍മീനിയയെ റഷ്യയും അസര്‍ബൈജാനെ തുര്‍ക്കിയും സഹായിക്കുന്നത് അവര്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടാന്‍ ഇടയാക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.  

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Russia, France, US call for ceasefire in Nagorno-Karabakh region

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.