വിശപ്പിന്‍റെ വിളി കേള്‍ക്കുന്നവര്‍

HIGHLIGHTS
  • ലോക ഭക്ഷ്യ പദ്ധതി ആദരിക്കപ്പെടുന്നു
  • വിശപ്പും പട്ടിണിയും യുദ്ധായുധങ്ങള്‍
NOBEL-PRIZE/PEACE
A World Food Program's flag flutters on the roof of WFP's headquarters after the WFP won the 2020 Nobel Peace Prize, in Rome, Italy October 9, 2020. Photo Credit : Remo Casilli / Reuters
SHARE

ഈ വര്‍ഷത്തെ നൊബേല്‍ സമാധാന സമ്മാനം യുഎന്‍ ആഭിമുഖ്യത്തിലുള്ള ലോക ഭക്ഷ്യ പദ്ധതി (വേള്‍ഡ് ഫുഡ് പ്രോഗ്രാം അഥവാ ഡബ്ളിയുഎഫ്പി) നേടുമെന്ന് അധികമാരും കരുതിയിരുന്നില്ല. അതിന്‍റെ അര്‍ഹതയെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയമുള്ളതായിരുന്നില്ല കാരണം. 

സമ്മാനം നേടാന്‍ സാധ്യതയുളള വ്യക്തികളെയും സംഘടനകളെയും കുറിച്ച്  മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതു മറ്റു ചില പേരുകളായിരുന്നു. പരിസ്ഥിതിപ്പോരാളിയായ ഗ്രേറ്റ തുന്‍ബെര്‍ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടി മുതല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സവിശേഷ ചര്‍ച്ചാവിഷയമായ ലോകാരോഗ്യ സംഘടന (ഡബ്ളിയുഎച്ച്ഒ) വരെ അക്കൂട്ടത്തില്‍പ്പെടുന്നു.

ആറു പതിറ്റാണ്ടുകളായി ലോകത്തിന്‍റെ പല ഭാഗങ്ങളിലും പട്ടിണിക്കും വിശപ്പിനും എതിരെ നിരന്തരമായും നിശ്ശബ്ദമായും പോരാടുകയാണ് ഡബ്ളിയുഎഫ്പി. പ്രവര്‍ത്തനരീതിയുടെ സ്വഭാവം കാരണംതന്നെ ഏറെയൊന്നും ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ അതിനാവാറില്ല. 

ഈ നൊബേല്‍ സമ്മാനത്തോടെ ആ നില മാറുന്നു.  മുക്കാല്‍ നൂറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സികള്‍ നേടുന്ന നൊബേല്‍ സമാധാന സമ്മാനങ്ങളുടെ എണ്ണം ഇതോടെ പന്ത്രണ്ടാവുന്നു.

Nobel Peace
A World Food Program's flag flutters on the roof of WFP's headquaters after the WFP won the 2020 Nobel Peace Prize, in Rome, Italy October 9, 2020. Photo Credit : Remo Casilli / Reuters

ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്ക് അത് എത്തിച്ചുകൊടുക്കുക വഴി അവരുടെ പട്ടിണിക്കും വിശപ്പിനും പരിഹാരം കാണുകമാത്രമല്ല ഡബ്ളിയുഎഫ്പി ചെയ്യുന്നത്. പട്ടിണിയും വിശപ്പും സംഘര്‍ഷങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും കാരണമാകുന്നതു തടയുകയും ചെയ്യുന്നു. 

വിശപ്പും പട്ടിണിയും യുദ്ധായുധങ്ങളായിപ്പോലും ഉപയോഗിക്കപ്പെടുകയാണ്. ഇതു തടയുന്നതിലും ലോക ഭക്ഷ്യ പദ്ധതി നിര്‍ണായക പങ്കു വഹിക്കുന്നു. സമ്മാനം പ്രഖ്യാപിച്ചുകൊണ്ടു പുറപ്പെടുവിച്ച പ്രസ്താവനയില്‍ നൊബേല്‍ സമ്മാന സമിതി ഇക്കാര്യം എടുത്തുപറഞ്ഞിട്ടുമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഡബ്ളിയുഎഫ്പിക്കു കൈവന്നിട്ടുള്ള സവിശഷ പ്രസക്തിയും അതില്‍ പരാമര്‍ശിക്കുന്നു.

ഭൂകമ്പവും പ്രളയവും ചുഴലിക്കാറ്റും പോലുളള പ്രകൃതി ദുരന്തങ്ങള്‍, വരള്‍ച്ചയും വെട്ടുക്കിളി ശല്യവും പോലുളള കാരണങ്ങളാല്‍ ഉണ്ടാകുന്ന കൃഷിനാശങ്ങള്‍, ഭക്ഷണ ക്ഷാമം, രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെടുന്ന ആഭ്യന്തര കലാപങ്ങള്‍ എന്നിവ മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുക മാത്രമല്ല ചെയ്യുന്നത്. അവശേഷിക്കുന്നവരെ പട്ടിണിയിലേക്കു തള്ളുകയും ചെയ്യുന്നു. 

തന്മൂലം ഇഞ്ചിഞ്ചായി മരിക്കുന്നവരും ഏറെയാണ്. പോഷകാഹാരക്കുറവു മൂലം കുട്ടികള്‍ക്കു ശാരീരികവും മാനസികവും ബുദ്ധിപരവുമായ അവശതകള്‍ അനുഭവിക്കേണ്ടിവരികയും അവരുടെ ഭാവി അപകടത്തിലാവുകയും ചെയ്യുന്നു. അവരുടെ രാജ്യത്തിന്‍റെ ഭാവിയെയും ഇതു ബാധിക്കുന്നു. ഇതെല്ലാം തടയുന്നതിനുളള മഹായജ്ഞത്തിലാണ് ഡബ്ളിയുഎഫ്പി. 

കഴിഞ്ഞ വര്‍ഷം 88 രാജ്യങ്ങളിലായി ഒന്‍പതു കോടി 70 ലക്ഷം പേര്‍ക്കാണ് സഹായം എത്തിച്ചുകൊടുത്തത്.  91 രാജ്യങ്ങളില്‍നിന്നു വാങ്ങിയ 170 കോടി ഡോളര്‍ വിലയ്ക്കുളള 44 ലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കള്‍വിതരണം ചെയ്തു. ഓരോ ദിവസവും 5600 ട്രക്കുകളും 30 കപ്പലുകളും 100 വിമാനങ്ങളും പ്രവര്‍ത്തിക്കുന്നു. 17,000ല്‍പ്പപരം ജീവനക്കാരോടൊപ്പം ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എന്‍ജിഒകളും കൈകോര്‍ക്കുന്നു. 

ഐക്യരാഷ്ട്ര സംഘടനയിലെ അംഗരാജ്യങ്ങള്‍ക്കു പുറമെ കമ്പനികളും വ്യക്തികളും നല്‍കുന്ന സംഭാവനകള്‍ കൊണ്ടാണ് ഡബ്ളിയുഎഫ്പി പ്രവര്‍ത്തിക്കുന്നത്. ഏറ്റവുമധികം നല്‍കുന്നത് അമേരിക്കയാണ്. ഈ വര്‍ഷം അവര്‍ നല്‍കിയത് 270 കോടി ഡോളര്‍. 96 കോടി ഡോളര്‍ നല്‍കി ജര്‍മനി രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. 

ഡബ്ളിയുഎഫ്പിയുടെ സാരഥ്യം വഹിക്കുന്ന  എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവി ഏറ്റവുമധികം തവണ വഹിക്കാന്‍ അവസരം ലഭിച്ചതും അമേരിക്കക്കാര്‍ക്കാണ്. മൂന്നു വര്‍ഷമായി ആ പദവിയിലുള്ള ഡേവിഡ് ബീസ്ലി മുന്‍പ് അമേരിക്കയിലെ ഒരു സംസ്ഥാന ഗവര്‍ണറായിരുന്നു. ഇന്ത്യക്കാരനായ സുശീല്‍ കെ. ദേവ് 1981ല്‍ ഏതാനും മാസം ആക്ടിങ് എക്സിക്യൂട്ടീവ് ഡയരക്ടറായിരുന്നിട്ടുണ്ട്.    

വാസ്തവത്തില്‍, ലോക ഭക്ഷ്യ പദ്ധതിയുടെ ആശയം ഉല്‍ഭവിച്ചതുതന്നെ അമേരിക്കയില്‍നിന്നാണ്.  1960ല്‍ അന്നത്തെ യുഎസ് പ്രസിഡന്‍റ് ഡ്വൈറ്റ് ഐസന്‍ഹോവറാണ് യുഎന്‍ പൊതുസഭയില്‍ ചെയ്ത പ്രസംഗത്തില്‍ അതിനുവേണ്ടി ആഹ്വാനംചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 15 വര്‍ഷം കഴിഞ്ഞിട്ടും അതിന്‍റെ കെടുതികളുടെ അനന്തര ഫലങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും പട്ടിണിയുടെ രൂപത്തില്‍ നിലനില്‍ക്കുന്നതു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. 

Niger Nobel Peace
In this image taken from WFP video, David Beasley, Executive director of the World Food Program (WFP), center, celebrates with members of WFP staff in Niamey, Niger, Friday Oct. 9, 2020, after being awarded the 2020 Nobel Peace prize. Photo Credit :WFP via AP

ഇറ്റലിയിലെ റോം ആസ്ഥാനമായി 1961ല്‍ ഡബ്ളിയുഎഫ്പി രൂപംകൊണ്ടതിനുശേഷം ഏതാനും മാസം കഴിഞ്ഞപ്പോള്‍തന്നെ ഇറാനിലുണ്ടായ ഭൂകമ്പത്തെതുടര്‍ന്നു സഹായ ഹസ്തവുമായി അതു രംഗത്തിറങ്ങി. ലോകത്ത് എവിടെയെങ്കിലും ഭക്ഷണവുമായി ഓടിയെത്തേണ്ടിവന്നിട്ടില്ലാത്ത ദിനങ്ങള്‍ അതിന്‍റെ 59 വര്‍ഷത്തെ ചരിത്രത്തില്‍ അധികമില്ല. 

സംഘര്‍ഷത്തിന്‍റെയും യുദ്ധത്തിന്‍റെയും പിടിയിലായ മധ്യാഫ്രിക്കന്‍ റിപ്പബ്ളിക്, ഡമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ, സുഡാന്‍, റുവാണ്ട, ഇത്യോപ്യ, കോസൊവോ, സിറിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ അവരുടെ ജീവന്‍ പിടിച്ചുനിര്‍ത്തിയത് ഡബ്ളിയുഎഫ്പി എത്തിച്ചുകൊടുത്ത ഭക്ഷണത്തിന്‍റെ ബലത്തിലാണ്.

മറ്റ് ഒട്ടേറെ രാജ്യങ്ങളില്‍ സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടികളുടെ ജീവനാഡിയും മറ്റാരുമല്ല.ചില സ്ഥലങ്ങളില്‍ ഭക്ഷണം നേരിട്ട് എത്തിക്കുന്നതിനു പകരം  അതു വാങ്ങാനായി ക്യാഷ് വൗച്ചറുകള്‍ വിതരണം ചെയ്യുന്നു.  

അടിയന്തര ഭക്ഷ്യസഹായം ആവശ്യമാകുന്നവരുടെ എണ്ണം ഈ വര്‍ഷം മുന്‍വര്‍ഷത്തിന്‍റെ ഇരട്ടിയാകുമെന്നാണ് കണക്കാക്കിയിരുന്നത്. കോവിഡ് മഹാമാരി വന്നെത്തിയതോടെ ആ കണക്കുകള്‍ തെറ്റി.  

പുതുതായി എത്രയോ പേര്‍ ഇപ്പോള്‍ ഭക്ഷണത്തിനു വേണ്ടി കൈകള്‍ നീട്ടുകയാണ്. ഇത്തരം സഹായങ്ങള്‍ ഒരിക്കലും ആവശ്യമായി വരില്ലെന്നു കരുതിയിരുന്നവരാണ് ഇവരില്‍ പലരും. മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ടതോടെ ഇവരും പെട്ടെന്നു പട്ടിണിയെ അഭിമുഖീകരിക്കാന്‍ തുടങ്ങി.

"കോവിഡിനു മെഡിക്കല്‍ വാക്സീന്‍ കണ്ടുപിടിക്കുന്നതുവരെ ഭക്ഷണമാണ് ഏറ്റവും നല്ല വാക്സീന്‍" എന്നു പറയുകയാണ് ഡബ്ളിയുഎഫ്പി തലവന്‍ ഡേവിഡ് ബീസ്ലി. 

English Summary : World Food Programme wins Nobel Peace Prize 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA