ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ അമേരിക്ക

HIGHLIGHTS
  • ഫലം അറിയാന്‍ നീണ്ട കാത്തിരിപ്പ്
  • ജോ ബൈഡന് വ്യക്തമായ ലീഡ്
USA-ELECTION/TRUMP
Donald Trump. Photo Credit : Carlos Barria / Reuters
SHARE

തിരഞ്ഞെടുപ്പ് തര്‍ക്കങ്ങള്‍ തെരുവു യുദ്ധങ്ങളായി മാറുന്നതിനുള്ള ഉദാഹരണങ്ങള്‍ ആഫ്രിക്കയുടെ ചരിത്രത്തില്‍ ഏറെയുണ്ട്. മുന്‍സോവിയറ്റ് ഘടക രാജ്യങ്ങളുടെ സമീപകാല ചരിത്രത്തിലും അത്തരം സംഭവങ്ങള്‍ വിരളമല്ല. ബെലാറുസിലും കിര്‍ഗിസ്ഥാനിലും ഈയിടെ നടന്ന സംഭവങ്ങള്‍ ഓര്‍മയിലെത്തുന്നു. 

എന്നാല്‍, ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നായ അമേരിക്കയിലും അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് അധികമാരും സങ്കല്‍പ്പിക്കുകപോലും ചെയ്തിട്ടുണ്ടാവില്ല.  അമേരിക്കയിലെ ഇക്കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ആ വിശ്വാസത്തെ അട്ടിമറിക്കുന്നു. 

TOPSHOT-US-VOTE-DEBATE
Joe Biden. Photo Credit : Jim Watson / AFP

അടുത്ത പ്രസിഡന്‍റ് ആരാണെന്ന് അറിയാനുള്ള ജനങ്ങളുടെ തീവ്രമായ ആകാംക്ഷയ്ക്ക് ഇടയില്‍ ഏതാനും  ദിവസങ്ങള്‍ കടന്നുപോയിട്ടും ഭാഗ്യവശാല്‍ കുഴപ്പങ്ങളൊന്നും പൊട്ടിപ്പുറപ്പെട്ടിട്ടില്ല എന്നത് ആശ്വാസപ്രദമാണ്. എങ്കിലും, അന്തരീക്ഷത്തില്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ആശങ്കയും ഉദ്വേഗവും മുറ്റിനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനു സാക്ഷ്യം വഹിക്കുന്ന ഒരു സംഭവമാണ് പോളിങ് ദിനത്തിന്‍റെ തലേന്നു വാഷിങ്ടണില്‍ ഉണ്ടായത്. അമേരിക്കയുടെ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിനു ചുറ്റും പെട്ടെന്ന് ഒരു വേലിക്കെട്ട് ഉയര്‍ന്നു. ചാടിക്കയറി അപ്പുറേത്തേക്കു കടക്കാന്‍ ആര്‍ക്കും കഴിയാത്ത വിധത്തിലാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. 

വൈറ്റ് ഹൗസിനു നേരെപോലും ആക്രണം ഉണ്ടായേക്കാമെന്ന ഭയമാണത്രേ ഈ മുന്‍കരുതല്‍ നടപടിക്കു പിന്നില്‍. കറുത്ത വര്‍ഗക്കാരുടെ നേരെയുളള പൊലീസിന്‍റെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ജൂണില്‍ രാജ്യവ്യാപകമായി പ്രകടനം നടന്നപ്പോള്‍ വൈറ്റ്ഹൗസ് പരിസരത്തും ജനങ്ങള്‍ തടിച്ചുകൂടുകയും അക്രമാസക്തമാവുകയും ചെയ്തതിനെ ഇത് ഓര്‍മിപ്പിക്കുന്നു. മുന്‍കരുതലെന്ന നിലയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ അംഗരക്ഷകള്‍ വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ നിലയത്തിലേക്കു മാറ്റുകയുമുണ്ടായി.  

ഈ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വൈറ്റ്ഹൗസ് പരിസരത്തും രാജ്യത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും ക്രമസമാധാന പാലത്തിനുവേണ്ടി അണിനിരക്കാന്‍ അര്‍ധ സൈനിക വിഭാഗമായ നാഷനല്‍ ഗാര്‍ഡ് ഒരുങ്ങിനില്‍ക്കുന്നുമുണ്ട്. കഴിഞ്ഞ ചില ആഴ്ചകളില്‍ തോക്കുകളുടെ വില്‍പ്പന ക്രമാതീതമായി വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകളും ഇതുമായി ചേര്‍ത്തു വായിക്കപ്പെടുന്നു.  

തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്‍ക്കവും കുഴപ്പവും ഉണ്ടാകാനിടയുണ്ടെന്ന മട്ടില്‍ പ്രസിഡന്‍റ് ട്രംപ്തന്നെ നടത്തിയ പരാമര്‍ശങ്ങളാണ് ഇതിന്‍റെയെല്ലാം പശ്ചാത്തലം. പോളിങ്ങിന്‍റെ പിറ്റേന്നു നേരം പുലരുന്നതിനുമുന്‍പ് ഫലം പുറത്തുവരണം, അതാണ് പതിവ്, അതിനു ശേഷമുള്ള വോട്ടെണ്ണല്‍ തിരിമറിക്കു വഴിയൊരുക്കും, താന്‍ അതംഗീകരിക്കില്ല, കുഴപ്പങ്ങളുണ്ടാകും, കോടതിയെ സമീപിക്കും. 

അതിനുവേണ്ടി അഭിഭാഷകരെ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്-ഇതായിരുന്നു പോളിങ്ങിനു മുന്‍പ്തന്നെ ട്രംപ് നടത്തിക്കൊണ്ടിരുന്ന പ്രസ്താവനകളുടെ ചുരുക്കം.

US-VOTE-TRUMP
Donald Trump. Photo Credit : Mandel Ngan / AFP

സുപ്രീം കോടതിയിലെ ഒരു ജഡ്ജിയുടെ ഒഴിവിലേക്കു തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ നിയമിക്കാന്‍ അദ്ദേഹം തിടുക്കം കാട്ടിയതിനു കാരണവും ഇതാണെന്ന് ആരോപിക്കപ്പെടുകയുണ്ടായി. ഈ നിയമനത്തോടെ റിപ്പബ്ളിക്കന്‍ ചായ്​​വുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം മറ്റുളളവരുടെ ഇരട്ടിയായി. (മൂന്നിനെതിരെ ആറ്). തിരഞ്ഞെടുപ്പ് കേസുകള്‍ കോടതിയില്‍ എത്തിയാല്‍ വിധി തനിക്ക് അനുകൂലമായിരിക്കുമെന്ന് ഒരുപക്ഷേ ട്രംപ് പ്രതീക്ഷിക്കുന്നുണ്ടാകും. 

മുന്‍ കാലങ്ങളില്‍ മിക്കപ്പോഴും പോളിങ്ങിന്‍റെ പിറ്റേന്നുകാലത്തു തന്നെ ഫലം പുറത്തുവന്നിരുന്നുവെന്നതു ശരിയാണ്. പക്ഷേ, അപ്പോഴും വോട്ടുകള്‍ മുഴുവന്‍ എണ്ണിത്തീരുമായിരുന്നില്ല. അതുവരെയുള്ള ഫല സൂചനകളുടെ അടിസ്ഥാനത്തില്‍ ടിവി ശൃംഖലകള്‍ നടത്തുന്ന കണക്കുകൂട്ടലുകളാണ് അന്തിമ ഫലത്തിന്‍റെ രൂപത്തില്‍ പുറത്തുവന്നുകൊണ്ടിരുന്നത്. മിക്കപ്പോഴും അതു ശരിയാവുകയും ചെയ്തിരുന്നു.

അതനുസരിച്ച് ഇപ്പോള്‍തന്നെ ട്രംപ് തന്‍റെ എതിരാളിയായ മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പിന്നിലാണ്. അഭിപ്രായ വോട്ടുകള്‍ നേരത്തെതന്നെ സൂചിപ്പിച്ചിരുന്നതാണിത്. ജനകീയ വോട്ടുകളുടെ കാര്യത്തില്‍ മാത്രമല്ല, ഇലക്ടറല്‍ വോട്ടുകളുടെ കാര്യത്തിലും ഇപ്പോള്‍ ബൈഡനാണ് മുന്നില്‍. എല്ലാ സംസ്ഥാനങ്ങളിലുമായി  മൊത്തമുള്ള 538 ഇലക്ടറല്‍ വോട്ടുളില്‍ ഭൂരിപക്ഷം (270) കിട്ടുന്നവരാണ് ജയിക്കുക. 

തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ അല്ലാതെ ഇത്തരമൊരു തിരിച്ചടി തനിക്കു നേരിടേണ്ടിവരുമെന്നു ട്രംപ് നിനച്ചിട്ടുണ്ടാവില്ല. പോളിങ് ബൂത്തിനു മുന്‍പില്‍ ദീര്‍ഘനേരം ക്യൂനിന്നാല്‍ കോവിഡ് രോഗം ബാധിക്കുമെന്ന ഭീതികാരണം ഇത്തവണ വളരെയേറെ പേര്‍ വോട്ടുചെയ്തതു  തപാല്‍ മുഖേനയാണ്. 

വ്യാപകമായ തോതില്‍ കള്ളവോട്ടു ചെയ്യാനുള്ള ഡമോക്രാറ്റിക് പാര്‍ട്ടിക്കാരുടെ കുതന്ത്രമായിട്ടാണ് ട്രംപ് അതിനെ കണ്ടത്. അതിനാല്‍ അദ്ദേഹം മുഖ്യമായി ഭയപ്പെട്ടിരുന്നതു തപാല്‍ വോട്ടുകളെയാണ്.  അവ ആരെയാണ് പിന്തുണയ്ക്കുകയെന്നു ഇനിയും കാണാനിരിക്കുന്നതേയുള്ളൂ.

തപാല്‍വോട്ടുകള്‍ തര്‍ക്കവിഷയമാകാനുള്ള സാധ്യതയ്ക്കു കാരണങ്ങള്‍ പലതുണ്ട്. സാധാരണ ഗതിയില്‍ മറ്റു വോട്ടുകള്‍ എണ്ണിയ ശേഷമാണ് അവ എണ്ണുക. പോളിങ്ങിനുശേഷം നിശ്ചിത ദിവസങ്ങള്‍ക്കുളളില്‍ കിട്ടുന്ന തപാല്‍ വോട്ടുകളും സ്വീകരിക്കപ്പെടും. 

TOPSHOT-US-VOTE-BIDEN
Joe Biden. Photo Credit : Jim Watson / AFP

പെന്‍സില്‍വാനിയ സംസ്ഥാനത്ത് ഇതു മൂന്നു ദിവസമാണെങ്കില്‍ നോര്‍ത്ത് കാരൊലൈനയില്‍ ഒന്‍പതു ദിവസമാണ്. രണ്ടിടത്തും കൂടി 35 ഇലക്ടറല്‍ വോട്ടുകളുണ്ട്.  ബാലറ്റ് അടങ്ങിയ കവര്‍ പോളിങ് ദിനത്തിനു മുന്‍പ്തന്നെ പോസ്റ്റ്ചെയ്തിരിക്കണമെന്നേനിബന്ധനയുള്ളൂ. ഇതിനെതിരെ ട്രംപിന്‍റെ പാര്‍ട്ടി കോടതിയെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായിരുന്നില്ല.   

തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനു സാധാരണഗതിയില്‍ തന്നെ കൂടുതല്‍ സമയം വേണം. ബാലറ്റ് അടക്കം ചെയ്തു കവര്‍ തുറക്കുക, ബാലറ്റ് സുരക്ഷിതമായി പുറത്തെടുക്കുക, അതു വ്യാജമല്ലെന്ന് ഉറപ്പു വരുത്താന്‍ ആവശ്യമായ നിശ്ചിത പരിശോധനകള്‍ നടത്തുക, അതിലെ ഒപ്പും വോട്ടര്‍ നേരത്തെ നല്‍കിയിരുന്ന ഒപ്പും തമ്മില്‍ ഒത്തുനോക്കുക എന്നിവയെല്ലാം അടങ്ങിയ ഒരു നീണ്ട പ്രക്രിയയാണത്. 

ഇത്തവണ ചെയ്യപ്പെട്ട തപാല്‍ വോട്ടുകളുടെ എണ്ണം യുഎസ് ചരിത്രത്തിലെതന്നെ ഒരു റെക്കോഡാണ്.മൊത്തം 23 കോടി വോട്ടര്‍മാരില്‍ തപാല്‍ മുഖേനയും മുന്‍കൂര്‍ സൗകര്യം ഉപയോഗിച്ചും വോട്ടു ചെയ്തവര്‍ പത്തുകോടി അഥവാ 44 ശതമാനം. തപാല്‍ വോട്ടുകളുടെ ആധിക്യം അനനുസരിച്ചുതന്നെ അവയെണ്ണാനുള്ള സമയവും കൂടുതലായി ആവശ്യമായി വരും. വ്യാജവോട്ടുകളെക്കുറിച്ചുളള പരാതികള്‍, അതിന്‍റെ പേരിലുളള തര്‍ക്കങ്ങള്‍ എന്നിവയും സമയം നീണ്ടുപോകാന്‍ കാരണമാകും. 

തപാല്‍വോട്ടുകളെ ഇക്കഴിഞ്ഞ വ്യാഴാഴ്ച (നവംബര്‍ അഞ്ച്) പോലും ട്രംപ് വിശേഷിപ്പിച്ചത് നിയമവിരുദ്ധ വോട്ടുകള്‍ എന്നായിരുന്നു. ‘‘അവ നമ്മുടെ പക്കല്‍നിന്നു വിജയം തട്ടിപ്പറിക്കും...’’ എന്നദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.  

എണ്ണിയതുതന്നെ വീണ്ടും എണ്ണേണ്ടിവരികയാണെങ്കില്‍ ഫല പ്രഖ്യാപനം പിന്നെയും നീണ്ടു പോവുകയും സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാവുകയും ചെയ്യും. ഇതെല്ലാം ഇപ്പോള്‍തന്നെ മറ്റു രാജ്യങ്ങളില്‍ അമേരിക്കയുടെ പ്രതിഛായയ്ക്കു കുറച്ചൊന്നുമല്ല കോട്ടം വരുത്തിയിട്ടുള്ളത്.

സംഘര്‍ഷം മുറ്റിനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്നം തെരുവിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാണെങ്കില്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം അതു തീരാക്കളങ്കമാവുകയും ചെയ്യും. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom Column by K. Obeidulla - US Presidential Election 2020 Results

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA