സമാധാനത്തിന്‍റെ പിന്നാലെ യുദ്ധം

HIGHLIGHTS
  • വടക്കന്‍ ഇത്യോപ്യയില്‍ ആഭ്യന്തര കലാപം
  • നൊബേല്‍ ജേതാവിന് പരീക്ഷണഘട്ടം
ETHIOPIA-SSUDAN-CONFLICT-DIPLOMACY
Abiy Ahmed. Photo Credit : Yonas Tadesse / AFP Photo
SHARE

നൂറാമത്തെ നൊബേല്‍ സമാധാന സമ്മാനത്തിന് ഇത്യോപ്യയുടെ പ്രധാനമന്ത്രി അബി അഹമദ് അര്‍ഹനായിട്ട് ഒരു വര്‍ഷം ആയതേയുള്ളൂ. അപ്പോഴേക്കും ആ രാജ്യത്തിന്‍റെ വടക്കന്‍ മേഖലയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അടിക്കടി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആ യുദ്ധത്തില്‍ ഗവണ്‍മെന്‍റ് പക്ഷത്തിനു നേതൃത്വം നല്‍കുകയാണ് നാല്‍പത്തിനാലുകാരനായ അഹമദ്.

അയല്‍ രാജ്യമായ എറിട്രിയയുമായുള്ള രണ്ടു പതിറ്റാണ്ടു  പഴക്കമുളള തര്‍ക്കവും യുദ്ധവും അവസാനിപ്പിച്ചതിന്‍റെ പേരിലായിരുന്നു 2019 ലെ നൊബേല്‍ സമാധാന സമ്മാനം അഹമദിനെ തേടിയെത്തിയത്. അങ്ങനെ അദ്ദേഹം ആ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളുമായി. 

അതിന് ഒരു വര്‍ഷം മുന്‍പ് മാത്രം പ്രധാനമന്ത്രി പദത്തില്‍ എത്തിയ  അഹമദ് രാജ്യത്തു നടപ്പാക്കിയ രാഷ്ട്രീയ പരിഷ്ക്കാരങ്ങളും ലോകശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. സമീപ മേഖലയിലെ കെന്യ, സൊമാലിയ എന്നിവ തമ്മിലും എറിട്രിയ, ജിബൂതി എന്നിവ തമ്മിലുമുള്ള തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കുന്നതിലും മാധ്യസ്ഥം വഹിച്ചു. സുഡാനില്‍ 30 വര്‍ഷം പ്രസിഡന്‍റായിരുന്ന ഉമര്‍ ഹസ്സന്‍ അല്‍ ബഷീര്‍ സ്ഥാനഭ്രഷ്ടനായ ശേഷമുണ്ടായ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കുന്നതിലും മുഖ്യപങ്കാളിയായി. അതിനെല്ലാമുള്ള അംഗീകാരവുമായിരുന്നു നൊബേല്‍ സമ്മാനം.

ഈ പശ്ചാത്തലത്തിലാണ് ഇത്യോപ്യയുടെ വടക്കെ അറ്റത്തെ ടിഗ്രേ മേഖലയില്‍ നടന്നുവരുന്ന ആഭ്യന്തര യുദ്ധവും അതിനു കാരണമായ പ്രശ്നങ്ങളും വിലയിരുത്തപ്പെടുന്നത്. ഈ മാസം നാലിനു ലോകശ്രദ്ധ മുഴുവന്‍ അമേരിക്കയിലെ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടായ വിവാദത്തിലും കുടുങ്ങിക്കിടന്ന വേളയിലായിരുന്നു യുദ്ധത്തിന്‍റെ തുടക്കം. അതിനു മുന്‍പ്തന്നെ ടിഗ്രേയിലെ പ്രാദേശിക ഭരണകൂടവും അബി അഹമദ് നയിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റും തമ്മില്‍ സംഘര്‍ഷം വളര്‍ന്നു വരികയായിരുന്നു. 

ടിഗ്രേയിലെ പ്രാദേശിക ഭരണകൂടത്തിനു സ്വന്തമായ സായുധ സൈന്യമുണ്ട്. അവര്‍ ആ മേഖലയിലെ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സൈന്യത്തെ ആക്രമിക്കുകയും അവരുടെ താവളങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുകയും ചെയ്തുവത്രേ. 

FILES-ETHIOPIA-NORWAY-NOBEL-PEACE-AHMED
Abiy Ahmed. Photo Credit : Michael Tewlde / AFP Photo

അവരെ ചെറുക്കാനായി താന്‍ കൂടുതല്‍ സൈന്യത്തെ അങ്ങോട്ടയച്ചുവെന്നാണ് പ്രധാനമന്ത്രി നല്‍കുന്ന വിശദീകരണം. ഇവര്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ ഒരാഴ്ചയ്ക്കുളളില്‍ നൂറുകണക്കിനാളുകള്‍ മരിക്കുകയും ആയിരങ്ങള്‍ അഭയാര്‍ഥികളാവുകയും ചെയ്തു.  ആഫ്രിക്കയുടെ വടക്കു കിഴക്കെ മൂലയില്‍ ഹോണ്‍ ഓഫ് ആഫ്രിക്ക അഥവാ ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന തന്ത്രപ്രധാന മേഖലയിലെ ഒരു നിര്‍ണായക ശക്തിയാണ് ഇത്യോപ്യ. ദീര്‍ഘകാലം ഹെയ്ലി സെലാസ്സി ചക്രവര്‍ത്തിയുടെ ഭരണത്തിലായിരുന്നു. 1974 ല്‍ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി മാര്‍ക്സിസ്റ്റുകള്‍ അധികാരം പിടിച്ചടക്കിയതായിരുന്നു ഇത്യോപ്യയുടെ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവവികാസം. 

അവരുടെ സ്വേഛാധിപത്യം അവസാനിപ്പിക്കുന്നതിനുവേണ്ടി വര്‍ഷങ്ങളോളം നടന്ന ഒളിപ്പോരിലെ മുഖ്യപങ്കാളിയായിരുന്നു ടിഗ്രേ ജനകീയ വിമോചന സേന (ടിപിഎല്‍എഫ്) എന്ന സായുധ സംഘടന. എറിട്രിയയുമായുള്ള യുദ്ധത്തിലും അവര്‍ സജീവമായിരുന്നു. രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ അവര്‍ ഇത്യോപ്യന്‍ ജനകീയ വിപ്ളവ ജനാധിപത്യ മുന്നണി (ഇപിആര്‍ഡിഎഫ്) എന്ന ഭരണ സഖ്യത്തിന്‍റെ നേതൃനിരയിലുമെത്തി.   

ഗോത്രവര്‍ഗാടിസ്ഥാനില്‍  രൂപീകരിക്കപ്പെട്ട പത്തു ഇത്യോപ്യന്‍ മേഖലകളില്‍ ഒന്നാണ് ടിഗ്രേ. ആ പേരിലാണ് അവിടത്തെ ജനങ്ങള്‍ അറിയപ്പെടുന്നതും. ഓരോ മേഖലയ്ക്കും സ്വന്തം പാര്‍ലമെന്‍റും സൈന്യവും ഭാഗികമായ സ്വയം ഭരണാധികാരവും ഹിതപരിശോധനയിലൂടെ (റഫറണ്ടം) വേറിട്ടുപോകാനുള്ള അവകാശവുമുണ്ട്. 

പതിനൊന്നരക്കോടി വരുന്ന ജനങ്ങളില്‍ ആറു ശതമാനം മാത്രമാണ് ടിഗ്രേകള്‍. എങ്കിലും, മറ്റു ഗ്രോത്രവര്‍ഗങ്ങളെ അപേക്ഷിച്ച് അവര്‍ക്കായിരുന്നു ഇത്യോപ്യയിലെ രാഷ്ട്രീയത്തിലും ഭരണത്തിലും കൂടുതല്‍ സ്വാധീനം. ഏറ്റവും വലിയ വിഭാഗമായ ഒറോമോകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുകയുണ്ടായി.

ഒറോമോ വിഭാഗത്തില്‍പ്പെട്ട അബി അഹമദ് 2018ല്‍ പ്രധാനമന്ത്രിയായതോടെയാണ് ഇതിനുമാറ്റമുണ്ടായത്. മുന്‍പ് ആറു വര്‍ഷം ആ പദവി വഹിച്ചിരുന്ന ഹെയ്ലിമറിയം ദെസലെഗിന്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നു രാജിവച്ചതിനെ തുടര്‍ന്നായിരുന്നു 42ാം വയസ്സില്‍ അഹമദിന്‍റെ  അധികാരാരോഹണം. ഇത്രയും പ്രായം കുറഞ്ഞ ഭരണാധിപന്‍ ആഫ്രിക്കയില്‍ വേറെയില്ല. 

ഒരു മുസ്ലിമിനു ക്രൈസ്തവ സ്ത്രീയില്‍ ജനിച്ച അദ്ദേഹം മുന്‍പ് പട്ടാളത്തില്‍ ലെഫ്റ്റന്‍റ് കേണലായിരുന്നു. ഇന്‍റലിജന്‍സ് ഓഫീസറായും സേവനം ചെയ്തു. അതിനിടയില്‍ എംഎ പാസ്സാവുകയും പിഎച്ച്ഡി നേടുകയും ചെയ്തു.  

പ്രധാനമന്ത്രിയെന്ന നിലയില്‍ അഹമദ് ഭരണരംഗം ഉടച്ചുവാര്‍ത്തപ്പോള്‍ ടിഗ്രേകള്‍ക്കു മുന്‍പുണ്ടായിരുന്ന  പല പദവികളും സ്ഥാനങ്ങളും നഷ്ടപ്പെട്ടു. അവരില്‍ ചില പ്രമുഖര്‍ അഴിമതിയുടെ പേരില്‍ അറസ്റ്റിലുമായി. ഇതെല്ലാം കാരണം  അഹമദിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്‍റിനെതിരെ ടിഗ്രേയില്‍ അസംതൃപ്ത്രിയും അമര്‍ഷവും പുകയുകയായിരുന്നു. 

അതിനിടയില്‍ കോവിഡ് മഹാമാരി വന്നെത്തിയതോടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലുമായി. പാര്‍ലമെന്‍റിലേക്കും തദ്ദേശഭരണകൂടത്തിലേക്കും ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ഗവണ്‍മെന്‍റ് മാറ്റിവച്ചു. 

പക്ഷേ, ടിഗ്രേയിലെ പ്രാദേശിക ഗവണ്‍മെന്‍റിന് അതിഷ്ടമായില്ല. കേന്ദ്ര തീരുമാനത്തെ ധിക്കരിച്ചുകൊണ്ട് അവര്‍ തദ്ദേശ നിയമസഭയിലേക്കു തിരഞ്ഞെടുപ്പ് നടത്തി. അബി അഹമദിന്‍റെ ഗവണ്‍മെന്‍റ് അതു നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ടിഗ്രേയിലെ പ്രാദേശിക ഭരണകൂടത്തെ പുറത്താക്കുകയും ചെയ്തു. ടിഗ്രേയില്‍ കേന്ദ്രത്തിന്‍റെയും പ്രാദേശിക ഗവണ്‍മെന്‍റിന്‍റെയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത് അതിനെ തുടര്‍ന്നാണ്.  

FILES-SUDAN-ETHIOPIA-NORWAY-NOBEL-PEACE-AHMED
Abiy Ahmed. Photo Credit : Ebrahim Hamid / AFP Photo

രണ്ടു പതിറ്റാണ്ടുകള്‍ക്കുമുന്‍പ് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇത്യോപ്യ. അടുത്ത കാലത്തായി അതിവേഗത്തിലുളള സാമ്പത്തിക വളര്‍ച്ചയുടെ പാതയിലായിരുന്നു. ലിംഗസമത്വത്തിലും ആഫ്രിക്കയ്ക്കു മാതൃകയായി. പുതിയ പ്രസിഡന്‍റും സുപ്രീം കോടതി ചീഫ് ജസ്റ്റിസും മന്ത്രിമാരില്‍ പകുതിപേരും വനിതകളാണ്. 

ഇത്യോപ്യയെ കുഴക്കുന്ന വേറെയും പ്രശ്നങ്ങളില്‍ ഒന്നാണ് അയല്‍ രാജ്യമായ ഈജിപ്തുമായും സുഡാനുമായുമുള്ള അതിന്‍റെ തര്‍ക്കം. ആഫ്രിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി ഇത്യോപ്യയില്‍ നിര്‍മിക്കപ്പെടുന്ന പടുകൂറ്റന്‍ അണക്കെട്ടാണ് ഇതിന്‍റെ കേന്ദ്രബിന്ദു. 

നൈല്‍ നദിയില്‍ നിര്‍മിക്കുന്ന ഇതിന്‍റെ പണി മിക്കവാറും പൂര്‍ത്തിയായിക്കഴിഞ്ഞു. സമ്പല്‍ സമൃദ്ധിയിലേക്കുള്ള ചവിട്ടുപടിയായി ഇത്യോപ്യ കാണുന്ന ഇതിനെ പക്ഷേ, ഈജിപ്തും സുഡാനും എതിര്‍ക്കുന്നു. 

അണക്കെട്ടില്‍ വെള്ളം സംഭരിക്കപ്പെടുന്നതോടെ നൈല്‍ നദിയില്‍നിന്നു തങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന വെള്ളത്തിന്‍റെ അളവും ഒഴുക്കും കുറയുമെന്നും കടുത്ത വരള്‍ച്ചയുടെ പിടിയില്‍ തങ്ങള്‍ അകപ്പെടുമെന്നും അവര്‍ ഭയപ്പെടുന്നു.  ഇതിന്‍റെ പേരില്‍ ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Vidhesharangom : Ethiopia Prime Minister Abiy Ahmed claims major advance in Tigray region

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.