അഴിഞ്ഞുവീഴുന്ന ചൈനീസ് മുഖംമൂടികള്‍

HIGHLIGHTS
  • ഹോങ്കോങ്ങില്‍ ബെയ്ജിങ് പിടിമുറുക്കുന്നു
  • എതിര്‍പ്പ് അടിച്ചമര്‍ത്താന്‍ കര്‍ശന നിയമം
TOPSHOT-HONG KONG-CHINA-POLITICS
Carrie Lam. Photo Credit : Anthony Wallace / AFP Photo
SHARE

ഹോങ്കോങ്ങിന്‍റെ കാര്യത്തില്‍ ചൈന അണിഞ്ഞുവന്ന മുഖംമൂടികള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴുകയാണ്. 23 വര്‍ഷംമുന്‍പ് ബ്രിട്ടനില്‍നിന്നു ചൈനയ്ക്കു തിരിച്ചുകിട്ടിയ ഹോങ്കോങ് ചൈനയിലെ മറ്റേതു നഗരത്തില്‍നിന്നും വ്യത്യസ്തമല്ലാതായിക്കൊണ്ടിരിക്കുന്നു. 

പക്ഷേ, ഇതു 1997ല്‍ ആ കൈമാറ്റ വേളയില്‍ ഹോങ്കോങ്ങിലെ ജനങ്ങള്‍ക്കും ബ്രിട്ടനും ചൈന നല്‍കിയിരുന്ന ഉറപ്പുകള്‍ക്കു കടക വിരുദ്ധമാണ്. നിലവിലുളള ജനാധിപത്യ രീതികള്‍ 50 വര്‍ഷത്തേക്കു (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നാണ് ചൈന ഉറപ്പുനല്‍കിയിരുന്നത്. 'ഒരു രാജ്യം രണ്ടു വ്യവസ്ഥകള്‍' എന്ന തത്വത്തിന്‍റെ അടിസ്ഥാനത്തിലുള്ള ആ ഉറപ്പ് തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. 

അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (നവംബര്‍ 11) സംഭവിച്ചത്. ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്ന നാലു നിയമ സഭാംഗങ്ങളെ ചൈനയുടെ ആജ്ഞാനുവര്‍ത്തിയായ മുഖ്യ ഭരണാധികാരി (ചീഫ് എക്സിക്യൂട്ടീവ്) കാരി ലാം പുറത്താക്കി. 

അവര്‍ കുഴപ്പക്കാരാണെന്നും നിയമസഭാംഗമായിരിക്കാന്‍ അര്‍ഹരല്ലെന്നും വിധിച്ചുകൊണ്ടായിരുന്നു ഈ നടപടി.  ലെജിസ്ലേേറ്റീവ് കൗണ്‍സില്‍  എന്നറിയപ്പെടുന്ന സഭയിലെ സമാന ചിന്താഗതിക്കാരായ മറ്റ് 15 അംഗങ്ങള്‍ക്കുള്ള താക്കീതും അതില്‍ അടങ്ങിയിരുന്നു. പക്ഷേ, അവര്‍ പ്രതികരിച്ചത് ചൈനയും ലാമും പ്രതീക്ഷിച്ച വിധത്തിലല്ല. 

പുറത്താക്കപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു പിറ്റേന്നുതന്നെ 15 പേരും കൂട്ടത്തോടെ രാജിവച്ചു. 70 അംഗ സഭയില്‍ ഇതോടെ പ്രതിപക്ഷം ഫലത്തില്‍ ഇല്ലാതായി. ഹോങ്കോങ് ലെജിസ്ലേറ്റീവ്  കൗണ്‍സില്‍ അങ്ങനെ ചൈനീസ് പാര്‍ലമെന്‍റ് പോലെ ഭരണകൂടത്തിന്‍റെ ഒരു റബര്‍ സ്റ്റാംപായി. വാസ്തവത്തില്‍ ചൈന ആഹ്രിച്ചിരുന്നതും അതുതന്നെയാണ്. 

കോവിഡ് മഹാമാരി സൃഷ്ടിച്ച ആശങ്കകളുടെയും അമേരിക്കയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ കോലാഹലങ്ങളുടെയും ഇടയിലായിരുന്നു ഈ സംഭവവികാസം. അതിനാല്‍ ലോകശ്രദ്ധ അധികമൊന്നും ആകര്‍ഷിക്കപ്പെടാതെ പോയി.   

ഇതിനുള്ള കരുനീക്കങ്ങള്‍ ഇക്കഴിഞ്ഞ ജൂണില്‍തന്നെ ബെയ്ജിങ്ങില്‍ നടന്നുവരികയായിരുന്നു. രാജ്യദ്രോഹം, വിഘടനവാദം, അട്ടിമറി, ഭീകരപ്രവര്‍ത്തനം എന്നിവ നിരോധിക്കാനും  കുറ്റവാളികള്‍ക്കു കനത്ത ശിക്ഷ നല്‍കാനുമുള്ള   ഒരു പുതിയ നിയമം ചൈനീസ് പാര്‍ലമെന്‍റ് പാസ്സാക്കിയത് ആ സമയത്താണ്. 

നിയമത്തിന്‍റെ യഥാര്‍ഥ ഉദ്ദേശ്യം അതല്ലെന്നും ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തുന്നവരെ നിശ്ശബ്ദരാക്കുകയാണെന്നും അന്നേ ആരോപണമുണ്ടായിരുന്നു. ആ നിയമം അനുസരിച്ചാണ് നാലു നിയമസഭാംഗങ്ങളെയും പുറത്താക്കിയത്. നിയമ സഭയിലേക്ക് ഇനി മല്‍സരിക്കാനും ഇവര്‍ക്കാവില്ല.   

ഹോങ്കോങ് ബ്രിട്ടനില്‍നിന്നു തിരിച്ചുവാങ്ങുമ്പോള്‍ ചൈന നല്‍കിയ ഉറപ്പുകള്‍ അനുസരിച്ച് ഹോങ്കോങ്ങിലെ നിയമങ്ങള്‍ നിര്‍മിക്കേണ്ടത് അവിടത്തെ നിയമസഭയാണ്. അതിന്‍റെ തിരസ്ക്കാരവുമാണ് ചൈനീസ് പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമം. 

ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ ചൈന തിരക്കുകൂട്ടിയതിനു കാരണം തന്നെ കഴിഞ്ഞ ചില വര്‍ഷങ്ങളായി ഇടയ്ക്കിടെ ഹോങ്കോങ്ങില്‍ നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളാണ്. അത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവരെല്ലാം ഇനി ഈ നിയമപ്രകാരം ദീര്‍ഘകാലത്തേക്കു ജയിലിലാകും. കുറ്റവാളികളെ പിടികൂടാന്‍ ഹോങ്കോങ് പൊലീസിനോടൊപ്പം ചൈനയുടെ സുരക്ഷാ ഏജന്‍സികള്‍ക്കും അധികാരം ഉണ്ടായിരിക്കും. സമരരംഗത്തു സജീവമായിരുന്ന ഒട്ടേറെ യുവാക്കള്‍ ഇതോടെ നിശ്ശബദരായിരിക്കുകയാണത്രേ. പലരും ഒളിവില്‍ പോവുകയോ നാടുവിടുകയോ ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ആറുമാസം നീണ്ടുനിന്നതും ചില ദിവസങ്ങളില്‍ പത്തുലക്ഷംവരെ ആളുകളെ തെരുവിലിറക്കിയതുമായ സമരത്തിന്‍റെ പശ്ചാത്തലവും ഒരു വിവാദ നിയമമായിരുന്നു. ഹോങ്കോങ്ങിലെ കേസുകളില്‍ പ്രതികളാകുന്നവരെ വിചാരണയ്ക്കായി ചൈനയിലേക്ക് അയക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു ആ നിയമം. 

സമരം കാരണം നിയമം പിന്‍വലിക്കപ്പെട്ടുവെങ്കിലും സമരക്കാര്‍ പിന്തിരിഞ്ഞില്ല. നിയമം കൊണ്ടുവന്ന ചീഫ് എക്സിക്യൂട്ടീവ് രാജിവയ്ക്കണം എന്നത് ഉള്‍പ്പെടെയുള്ള മറ്റു ചില ആവശ്യങ്ങളും അവര്‍ ഉന്നയിക്കാന്‍ തുടങ്ങി. ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്കും പ്രാദേശിക നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് പൂര്‍ണ ജനാധിപത്യ രീതിയില്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെടുകയുണ്ടായി. 

ഇതിന്‍റെയെല്ലാം ഫലം കഴിഞ്ഞ വര്‍ഷം നവംബറിലെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. 18 ജില്ലാ കൗണ്‍സിലുകളില്‍ 17 എണ്ണവും അവയിലെ തിരഞ്ഞെടുപ്പ് നടന്ന 452 സീറ്റുകളില്‍ 392 എണ്ണവും ജനാധിപത്യാനുകൂലികള്‍ തൂത്തുവാരി.   

ചൈനാ പക്ഷക്കാര്‍ക്കു കിട്ടിയത് ഒരേയൊരു ജില്ലാ കൗണ്‍സിലും മൊത്തം 60 സീറ്റുകളും. മുക്കാല്‍ കോടിയോളം വരുന്ന ജനങ്ങളിലെ 'നിശ്ശബ്ദ ഭൂരിപക്ഷം' സമരങ്ങള്‍ക്ക് എതിരാണെന്നും അവര്‍ ചൈനാ പക്ഷത്താണെന്നുമുള്ള പ്രചാരണം അങ്ങനെ തകര്‍ന്നു. 

GERMANY-CHINA-POLITICS-DIPLOMACY-G20
Xi Jinping. Photo Credit : Steffi Loos / AFP Photo

ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള പുതിയ തിരഞ്ഞെടുപ്പ് ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കേണ്ടതായിരുന്നു. അതിന്‍റെയും ഫലം വ്യത്യസ്തമാകില്ലെന്നു കരുതുകയായിരുന്നു പലരം. പക്ഷേ, കോവിഡ മഹാമാരി കാരണം ആ തിരഞ്ഞെടുപ്പ് ഒരു വര്‍ഷത്തേക്കു മാറ്റിവച്ചിരിക്കുകയാണ്. അതിനിടയില്‍ പ്രതിപക്ഷത്തെ പലര്‍ക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അയോഗ്യത കല്‍പ്പിക്കപ്പെടുകയും ചെയ്തു. 

ജില്ലാ കൗണ്‍സിലുകള്‍ക്ക് എടുത്തു പറയാവുന്ന അധികാരങ്ങളൊന്നുമില്ല. കാര്യങ്ങള്‍ നിര്‍ണയിക്കുന്നതു ചീഫ് എക്സിക്യൂട്ടീവും ലെജിസ്ലേറ്റീവ് കൗണ്‍സിലുമാണ്. അവരെ തിരഞ്ഞെടുക്കുന്നതും പൂര്‍ണ ജനാധിപത്യ രീതിയിലായിരിക്കുമെന്നു ഹോങ്കോങ്ങിലെ ജനങ്ങള്‍ക്കും ബ്രിട്ടനും ചൈന ഉറപ്പ് നല്‍കിയിരുന്നു.  എന്നാല്‍, ചീഫ് എക്സിക്യൂട്ടീവിനെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്നതിനു പകരം ഒരു 1200 അംഗ കമ്മിറ്റി തിരഞ്ഞെടുക്കുന്ന രീതി നടപ്പാക്കി. 

ആ സ്ഥാനത്തേക്കു മല്‍സരിക്കുന്നവര്‍ക്ക് അതിനുള്ള അര്‍ഹതയുണ്ടോയെന്നു തീരുമാനിക്കാനും ഒരു കമ്മിറ്റിയുണ്ട്. ഈ കമ്മിറ്റികളിലെല്ലാം ബഹുഭൂരിപക്ഷം ചൈനയെ അനുകൂലിക്കുന്നവരായതിനാല്‍ ബെയ്ജിങ്ങിലെ ഭരണാധികാരികളുടെ അംഗീകാരം നേടിയവര്‍ക്കു മാത്രമേ ചീഫ് എക്സിക്യൂട്ടീവാകാന്‍ കഴിയൂ. ഉദാഹരണം കാരി ലാം എന്ന വനിത തന്നെ.

ജനാധിപത്യത്തിനുവേണ്ടി ശബദമുയര്‍ത്തിയതു കാരണം ചൈനയുടെ അപ്രീതി സമ്പാദിച്ച പലര്‍ക്കും അക്കാരണത്താല്‍തന്നെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നിഷേധിക്കപ്പെടുന്നു. ഈ രീതി മാറണമെന്നും എല്ലാ വിധത്തിലും സുതാര്യവും സ്വതന്ത്രവും ജനാധിപത്യ രീതിയിലുള്ളതുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുകയായിരുന്നു. 

എന്നാല്‍, അതൊന്നും ചൈന അനുവദിക്കാന്‍ പോകുന്നില്ലെന്ന വസ്തുതയാണ് അടിക്കടി വ്യക്തമായിവരുന്നത്. കുഴപ്പക്കാരെന്ന പേരില്‍ നാലു ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളെ അയോഗ്യരാക്കി പുറത്താക്കിയ നടപടി അതിന് അടിവരയിടുന്നു. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom : Top Chinese official for Hong Kong signals more changes to law

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA