ട്രംപിനും ബൈഡനും ഇടയില്‍ അമേരിക്ക

HIGHLIGHTS
  • അപകടം വിളിച്ചുവരുത്തുന്ന അനിശ്ചിതത്വം
  • യുഎസ് സുരക്ഷയ്ക്കും ഭീഷണി
US-POLITICS-BIDEN
Joe Biden. Photo Credit : Roberto Schmidt / AFP Photo
SHARE

തികച്ചും അസുഖകരമായ നീണ്ട കാത്തിരിപ്പിലാണ് അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍. ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിനു മുന്നില്‍ രണ്ടാഴ്ചയായി എത്തിനില്‍ക്കുന്നു. പക്ഷേ, അതിനകത്തു കയറാന്‍ ഇനിയും ഏതാണ്ടു രണ്ടു മാസംകൂടി കഴിയണം. 

ജനുവരി 20 വരെയുള്ള ഈ കാത്തിരിപ്പിന് ഉത്തരവാദി പക്ഷേ, നിലവിലുള്ള പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപല്ല, അമേരിക്കയുടെ ഭരണഘടനാ ശില്‍പ്പികളാണ്. പ്രസിഡന്‍റിന്‍റെ തിരഞ്ഞെടുപ്പിനും സ്ഥാനാരോഹണത്തിനും ഇടയില്‍ ഇത്രയും നീണ്ട വിടവുണ്ടായിരിക്കണമെന്നത് അവരുടെ തീരുമാനമാണ്. രാഷ്ട്രത്തലവനെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്നതിനു പകരം ഇലക്ടറല്‍ വോട്ടുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കണമെന്നു വ്യവസ്ഥചെയ്തതും അവരായിരുന്നു.

ജനകീയ വോട്ടുകളിലും ഇലക്ടറല്‍ വോട്ടുകളിലും ട്രംപിനെതിരെ വന്‍ഭൂരിപക്ഷം നേടിയാണ് ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഏഴു കോടി 36 ലക്ഷത്തിനെതിരെ ഏഴു കോടി 95 ലക്ഷം ജനകീയ വോട്ടും 232 നെതിരെ 306 ഇലക്ടറല്‍ വോട്ടും കിട്ടി. ജനകീയ വോട്ടുകളിലെ വ്യത്യാസം ഏതാണ്ട് 60 ലക്ഷം.

റഷ്യ ഒഴികെ മിക്ക രാജ്യങ്ങളും ബൈഡനെ നിയുക്ത യുഎസ് പ്രസിഡന്‍റായി അംഗീകരിച്ചുകഴിഞ്ഞു. പക്ഷേ, ആഴ്ചകള്‍ രണ്ടു കഴിഞ്ഞിട്ടും ട്രംപ് അതിനു വിസമ്മതിക്കുന്നു. 

FILES-US-VOTE-TRUMP
Donald Trump. Photo Credit : Mandel Ngan / AFP Photo

മൊത്തം 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം (270) ആര്‍ക്കാണെന്ന് അറിയുന്നതോടെതന്നെ പരാജിതന്‍ തോല്‍വി സമ്മതിക്കുകയും വിജയിയെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്യുകയായിരുന്നു അമേരിക്കയിലെ പതിവ്. ഇതിനുമുന്‍പ് തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി തര്‍ക്കവും സുപ്രീം കോടതിയില്‍ കേസും ഉണ്ടായ 2000ല്‍ പോലും ആദ്യം സംഭവിച്ചത് അങ്ങനെയാണ്.  

പരാജിതനായ ആല്‍ ഗോര്‍ (ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ മുന്‍ വൈസ് പ്രസിഡന്‍റ്) വിജയിയായ മുന്‍ ടെക്സസ് ഗവര്‍ണര്‍ ജോര്‍ജ് ഡബ്ളിയു. ബുഷിനെ വിളിച്ച് അഭിനന്ദിച്ചു. പിന്നീടു ഫ്ളോറിഡയിലെ വോട്ടുകളെ സംബന്ധിച്ച് തര്‍ക്കം ഉണ്ടായപ്പോള്‍ അദ്ദേഹം അതു പിന്‍വലിക്കുകയായിരുന്നു. 

സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് നിയുക്ത പ്രസിഡന്‍റിനെ വൈറ്റ്ഹൗസിലേക്കു ക്ഷണിക്കുകയും സുപ്രധാനമായ പല കാര്യങ്ങളും വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നതും അമേരിക്കയിലെ പതിവാണ്. രാജ്യസുരക്ഷാ സംബന്ധമായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ നിയുക്ത പ്രസിഡന്‍റുമായി പങ്കു വയ്ക്കുന്ന പതിവുമുണ്ട്.

സുഗമമായ ഭരണത്തുടര്‍ച്ചയ്ക്ക് ഇതെല്ലാം അത്യന്താപേക്ഷിതമാണ്. പക്ഷേ, ഇത്തവണ അതൊന്നും ഇതുവരെ തുടങ്ങുകപോലും ചെയ്തിട്ടില്ല. 

കാരണം, തിരഞ്ഞെടുപ്പില്‍ ജയിച്ചതു താനാണെന്നു സ്ഥാപിക്കാനുള്ള തീവ്രശ്രമത്തില്‍ മുഴുകിയിരിക്കുകയാണ് ട്രംപ്. ബൈഡന്‍റെ ഡമോക്രാറ്റിക് പാര്‍ട്ടി വ്യാപകമായ കള്ളവോട്ടിലൂടെ വിജയം തന്നില്‍ നിന്നു തട്ടിയെടുത്തുവെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. 

APTOPIX Election 2020 Biden
Joe Biden. Photo Credit: Andrew Harnik / AP Photo

ഇതിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി പല സംസ്ഥാനങ്ങളിലും കോടതികളെ സമീപിച്ചുവെങ്കിലും ആരോപണങ്ങള്‍ തെളിയിക്കാന്‍ അവര്‍ക്കായില്ല. എന്നിട്ടും അവര്‍ പിന്തിരിഞ്ഞിട്ടില്ല.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെതന്നെ ചുരുക്കം ചിലര്‍ ഇതില്‍ അതൃപ്തരാണത്രേ. പക്ഷേ, തിരഞ്ഞെടുപ്പില്‍ ഏഴു കോടിയിലേറെ വോട്ടുകള്‍ നേടി പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞ അദ്ദേഹത്തെ പരസ്യമായി എതിര്‍ക്കാന്‍ അവര്‍ക്കും ധൈര്യമില്ല.

അതു സ്ഥിരീകരിക്കുന്ന ഒരു സംഭവവും ഈയിടെ ഉണ്ടായി. ഇപ്പോള്‍ നടന്നതു യുഎസ് ചരിത്രത്തിലെ ഏറ്റവും കുറ്റമറ്റ തിരഞ്ഞെടുപ്പാണെന്നു ആഭ്യന്തര സുരക്ഷാ വകപ്പിലെ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ തലവന്‍ തുറന്നു പറഞ്ഞു. 

തിരഞ്ഞെടുപ്പിനു സൈബര്‍ ആക്രമണത്തില്‍നിന്നു സംരക്ഷണം നല്‍കാനുള്ള ചുമതല ഈ ഏജന്‍സിക്കായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. ട്രംപ് അന്നുതന്നെ അദ്ദേഹത്തെ പിരിച്ചുവിട്ടു. 

ഇതെല്ലാം കാരണം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള അനിശ്ചിതാവസ്ഥയുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ് അമേരിക്ക. ഗോറും ബുഷും തമ്മിലുള്ള തര്‍ക്കം നീണ്ടുനിന്ന കാലത്തും അന്തരീക്ഷം കലുഷമായിരുന്നുവെങ്കിലും ഇത്രയും ഗുരുതരമായിരുന്നില്ല. 

അതിനൊരു കാരണം അന്നു തോറ്റതു നിലവിലുള്ള പ്രസിഡന്‍റായിരുന്നില്ല എന്നതാണ്. പ്രസിഡന്‍റ് ബില്‍ ക്ളിന്‍റനാണ് ബുഷിനു സ്ഥാനം  ഒഴിഞ്ഞുകൊടുക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ടേം അവസാനിക്കുകയുമായിരുന്നു. അതിനാല്‍ നാണക്കേടിന്‍റെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. 

പിന്നീടു, 2016ലെ തിരഞ്ഞെടുപ്പിനുശേഷം ട്രംപ്തന്നെ പ്രസിഡന്‍റ് ബറാക് ഒബാമയില്‍നിന്നു സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഒബാമയുടെ രണ്ടാം ടേമും അവസാനിക്കുകയായിരുന്നു. അതില്‍നിന്നു വ്യത്യസ്തമായി ഒറ്റത്തവണ മാത്രം വൈറ്റ്ഹൗസില്‍ കഴിഞ്ഞ ശേഷം അതു വിട്ടുപോകേണ്ടിവരികയാണ് ട്രംപിന്. 

ഒഴിഞ്ഞുകൊടുക്കേണ്ടതാണെങ്കില്‍ താന്‍ ഏറ്റവും അയോഗ്യനെന്നു കരുതുകയും പരസ്യമായി കളിയാക്കുകയും ചെയ്തിരുന്ന ആള്‍ക്കും. ജനകീയ വോട്ടുകളിലും ഇലക്ടറല്‍ വോട്ടുകളിലും ബൈഡന്‍ തന്നെ മലര്‍ത്തിയടിച്ചുവെന്നതു ട്രംപിന് ഉള്‍ക്കൊള്ളാനാവുന്നില്ല. 

ക്ളേശത്തിനൊന്നും ഇടനല്‍കാതെ നിലവിലുള്ള പ്രസിഡന്‍റ് പിന്‍ഗാമിക്കു സ്ഥാനം ഒഴിഞ്ഞുകൊടുക്കുക എന്നതു വ്യക്തിപരമായ ഔദാര്യത്തിന്‍റെ പ്രശ്നമല്ല. സുഗമമായ ഭരണത്തിന് അത്യന്താപേക്ഷിതമാണ്. യഥാര്‍ഥത്തിലുള്ള അധികാരക്കൈമാറ്റം നടക്കുന്നതിനു മുന്‍പുതന്നെ ഇരു പ്രസിഡന്‍റിന്‍റെയും ആളുകള്‍ തമ്മില്‍ കാണുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയുംവേണം. 

അതീവശ്രദ്ധയോടെയും കാര്യക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ടുന്ന സങ്കീര്‍ണമായ പല നടപടികളും അതില്‍ ഉള്‍പ്പെടുന്നു. അതിലുണ്ടാകുന്ന അലംഭാവവും വീഴ്ചയും രാജ്യസുരക്ഷയെപ്പോലും ബാധിക്കാന്‍ ഇടയുണ്ട് താനും.   ഇതോടനുബന്ധിച്ച് ഓര്‍മിക്കപ്പെടുന്ന ഒരു സംഭവമാണ് 2001 സെപ്റ്റംബറില്‍ അമേരിക്കയില്‍ ഉണ്ടായ ഭീകരാക്രമണം. അഞ്ചാഴച  നീണ്ടുനില്‍ക്കുകയും കോടതി കയറുകയും ചെയ്ത 2000ലെ തിരഞ്ഞെടുപ്പ് തര്‍ക്കത്തിനുശേഷം ജോര്‍ജ് ഡബ്ളിയു. ബുഷ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തു ഏഴുമാസം മാത്രം കഴിഞ്ഞപ്പോഴായിരുന്നു അത്.  

അതു തടയാന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്കു കഴിയാതിരുന്നതില്‍ ആ 37 ദിവസത്തെ അനിശ്ചിതത്വത്തിനും പങ്കുണ്ടത്രേ. ഭരണപരമായ ഏകോപനത്തിന് അനുവദിക്കപ്പെട്ടിരുന്ന ദിവസങ്ങളുടെ പകുതിയും നിയുക്ത പ്രസിഡന്‍റ് ബുഷിനു നഷ്ടപ്പെടുകയായിരുന്നു. അമേരിക്കയെ മാത്രമല്ല ലോകത്തെതന്നെ പിടിച്ചുകുലുക്കിയ ആ സംഭവത്തെപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷന്‍റെ നിഗമനമാണിത്.  

പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിയും ജയിച്ചാല്‍ ഭരണം ഏറ്റെടുക്കാനുള്ള വിപുലമായ തയാറെടുപ്പോടെയാണ് രംഗത്തിറങ്ങുന്നത്. അതിനുവേണ്ടി നൂറുകണക്കിന് അംഗങ്ങളുള്ള സ്റ്റാഫിനെ ഒരുക്കിനിര്‍ത്തുന്നു. 

നിയുക്ത പ്രസിഡന്‍റ് ചുമതല ഏല്‍ക്കുന്നതിനു മുന്‍പ്തന്നെ പ്രവര്‍ത്തനം തുടങ്ങാന്‍ അവര്‍ക്ക് ഓഫീസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും  ഫര്‍ണിച്ചറും കംപ്യൂട്ടറും പോലുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. അവരുടെ പ്രവര്‍ത്തനെച്ചെലവിന് ആവശ്യമായ തുക അനുവദിക്കുകയും വേണം.

USA-ELECTION/TRUMP
Donald Trump. Photo Credit: Carlos Barria / Reuters

ഇതെല്ലാം ചെയ്യേണ്ടതു നിലവിലുളള ഭരണകൂടത്തിലെ ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷന്‍ എന്ന വിഭാഗമാണ്. ട്രംപ് നിയമിച്ച എമിലി മര്‍ഫി എന്നൊരുവനിതയാണ് ഇപ്പോള്‍ അതിന്‍റെ തലപ്പത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ ജയിച്ചത് ബൈഡനാണെന്ന് ഔദ്യോഗികമായി തനിക്ക് അറിവു ലഭിച്ചിട്ടില്ലെന്ന ന്യായത്തില്‍ അവര്‍ തന്‍റെ ചുമതല നിര്‍വഹിക്കാന്‍ വിസമ്മതിക്കുകയാണ്. ഇതെല്ലാം കണ്ട് ലോകം അമ്പരക്കുന്നു.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom : US Election 2020 - Joe Biden begins transition plans as Donald Trump refuses to concede

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.