യുദ്ധക്കുറ്റങ്ങള്‍ക്ക് ശിക്ഷ

HIGHLIGHTS
  • ന്യൂറംബര്‍ഗ് വിചാരണയ്ക്കുശേഷം 75 വര്‍ഷം
  • തൂക്കിലേറ്റപ്പെട്ടത് 12 പ്രമുഖര്‍
vidhesharangom-adolf-hitler-article-image
അഡോള്‍ഫ് ഹിറ്റ്ലര്‍
SHARE

മുക്കാല്‍ നൂറ്റാണ്ടുമുന്‍പ്, രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ യുദ്ധക്കുറ്റങ്ങള്‍ എന്ന പദം പ്രചാരത്തിലുണ്ടായിരുന്നില്ല. വ്യാപകമായ തോതിലുള്ള കൊടിയ പാതകങ്ങളുടെ അകമ്പടിയോടെ നടന്നതായിരുന്നു ആറു വര്‍ഷം (1939-1945) നീണ്ടുനിന്ന ആ യുദ്ധം. ലോകത്തിന്‍റെ പല ഭാഗങ്ങളിലും അതു വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. ആ സംഭവങ്ങള്‍ യുദ്ധക്കുറ്റങ്ങളായി എണ്ണപ്പെടാനും തുടങ്ങി.

അത്തരം പാതകങ്ങള്‍ തടയുകയെന്നത് അതോടെ ലോകത്തിന്‍റെ ആവശ്യമായിത്തീര്‍ന്നു. യുദ്ധദ്ധക്കുറ്റവാളികളെ വിചാരണ ചെയ്തു ശിക്ഷിക്കുകയെന്ന ആശയവും ഉടലെടുത്തു. അതനുസരിച്ച് പ്രത്യേകമായി രൂപീകരിച്ച രാജ്യാന്തര കോടതിയിലുള്ള ആദ്യത്തെ വിചാരണയുടെ തുടക്കം 75 വര്‍ഷംമുന്‍പ് ഈ ദിനങ്ങളിലായിരുന്നു. 

ജര്‍മന്‍ നഗരമായ ന്യൂറംബര്‍ഗില്‍ 1945 നവംബര്‍ 20നു തുടങ്ങിയ വിചാരണ 218 ദിവസം നീണ്ടുനിന്നു. യുദ്ധത്തിന് ഉത്തരവാദികളായ നാസി ജര്‍മനിയുടെ 21 ഉന്നത നേതാക്കളെ വിചാരണ ചെയ്ത കോടതി അവരില്‍ 12 പേര്‍ക്കു വധശിക്ഷ വിധിച്ചു. മൂന്നു പേരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും മറ്റു നാലുപേര്‍ക്കു 20 വര്‍ഷം വരെയുള്ള കാലത്തേക്കുതടവുശിക്ഷ നല്‍കുകയും ചെയ്തു. മൂന്നു പേരെ വിട്ടയച്ചു. 

vidhesharangom-joseph-goebbels-image-article
ജോസഫ് ഗീബൽസ്

പക്ഷേ, യുദ്ധത്തിനു മുഖ്യകാരണക്കാരനായ ജര്‍മന്‍ നേതാവ് അഡോള്‍ഫ് ഹിറ്റ്ലര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഹിറ്റ്ലറുടെ ഏറ്റവും അടുത്ത അനുയായിയും പ്രചാരണവിഭാഗം തലവനുമായിരുന്ന ജോസഫ് ഗീബല്‍സും ഉണ്ടായിരുന്നില്ല. 

ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ അതു സത്യമായി എടുത്തുകൊള്ളും എന്ന അപകടകരമായ  സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായിരുന്നു ഗീബല്‍സ്. അങ്ങനെയാണ് അയാള്‍ ഹിറ്റ്ലറുടെ മറ്റു പല കൂട്ടാളികളേക്കാളുമേറെ ലോകത്തു കുപ്രസിദ്ധി നേടിയതും. ഗീബല്‍സിയന്‍ നുണകള്‍ എന്ന വാക്കും പ്രചാരത്തിലായി.

യുദ്ധം അവസാനിക്കുന്നതിനു മുന്‍പ്തന്നെ ഹിറ്റ്ലറും ഗീബല്‍സും ആത്മഹത്യ ചെയ്യുകയായിരുന്നു. ബര്‍ലിനിലെ ഭൂഗര്‍ഭ നിലയത്തില്‍ കഴിയുകയായിരുന്ന  ഹിറ്റ്ലര്‍ ഭാര്യ ഈവാ ബ്രൗണിനോടൊപ്പം വിഷം കഴിച്ചു. മരണം ഉറപ്പുവരുത്താനായി സ്വയം വെടിവയ്ക്കുകയും ചെയ്തു. 

കാമുകിയായിരുന്ന ഈവയെ ഹിറ്റ്ലര്‍ വിവാഹം ചെയ്തത് അതിനു രണ്ടു ദിവസം മാത്രം മുന്‍പായിരുന്നു. ഹിറ്റ്ലറുടെ മരണത്തിന്‍റെ പിറ്റേന്നു ഗീബല്‍സ് ആദ്യം തന്‍റെ ആറു മക്കള്‍ക്കും വിഷം നല്‍കിയശേഷം ഭാര്യയോടൊപ്പം ജീവനൊടുക്കി.

യുദ്ധത്തില്‍ ജര്‍മനിയെ തോല്‍പിച്ച അമേരിക്കയും സോവിയറ്റ് യൂണിയനും ബ്രിട്ടനും ഫ്രാന്‍സും അടങ്ങുന്ന സഖ്യകക്ഷികളുടെ പിടിയിലാവുന്നതു മരണത്തേക്കാള്‍ ഭീകരമായ അനുഭവമായിരിക്കുമെന്ന് ഒരുപക്ഷേ അവര്‍ക്കു തോന്നിയിരിക്കാം. 

വിചാരണയ്ക്കു മുന്‍പ്തന്നെ ആത്മഹത്യ ചെയ്ത മറ്റൊരാളായിരുന്നു ഗെസ്റ്റപ്പോ എന്ന രഹസ്യപ്പൊലീസിന്‍റെ തലവനായിരുന്ന ഹെയിന്‍റിക്ക് ഹിംലര്‍. ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള ഹിറ്റ്ലറുടെ പദ്ധതിയുടെ ശില്‍പ്പികൂടിയായിരുന്നു അയാള്‍. 

ബ്രിട്ടീഷ് സൈന്യത്തിന്‍റെ പിടിയിലായതിന്‍റെ പിറ്റേന്നു  ഹിംലര്‍ വിഷംകഴിച്ചു മരിച്ചു. വിചാരണയ്ക്കുശേഷം തൂക്കിലേറ്റപ്പെടുന്നതിന്‍റെ തലേന്നു രാത്രി ഹിറ്റ്ലറുടെ വ്യോമസൈന്യാധിപന്‍ ഹെര്‍മന്‍ ഗോറിങ്ങും  അതേവിധത്തില്‍ ആത്മഹത്യ ചെയ്തു. 

ജോവാക്കിം വോണ്‍ റിബ്ബണ്‍ട്രോപ്, വില്‍ഹെം ഫ്രിക്ക്, മാര്‍ട്ടിന്‍ ബോര്‍മാന്‍ എന്നിവരായിരുന്നു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റു ചില പ്രമുഖര്‍. റിബ്ബണ്‍ട്രോപ് വിദേശമന്ത്രിയും ഫ്രിക്ക് ആഭ്യന്തരമന്ത്രിയും ബോര്‍മാന്‍ ഭരണകക്ഷിയായ നാസി (നാഷനല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ്) പാര്‍ട്ടിയുടെ ഓഫീസ് തലവനുമായിരുന്നു.

ബോര്‍മാനെ പിടികിട്ടിയിരുന്നില്ല. അയാളുടെ അസാന്നിധ്യത്തിലാണ് വിചാരണ ചെയ്യുകയും വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തത്. യുദ്ധത്തിന്‍റെ അവസാന ഘട്ടത്തില്‍ ജര്‍മനിയില്‍നിന്നു രക്ഷപ്പെടുന്നതിനിടയില്‍ അയാള്‍ സോവിയറ്റ് സൈന്യത്തിന്‍റെ വെടിയേറ്റു മരിച്ചുവെന്നാണ് പിന്നീട് വിവരം ലഭിച്ചത്.  

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളായ റുഡോള്‍ഫ് ഹെസ് നാസി ഭരണകൂടത്തില്‍ ഹിറ്റ്ലര്‍ക്കു തൊട്ടുതാഴെ സ്ഥാനമുള്ള ആളായി അറിയപ്പെടുകയായിരുന്നു. യുദ്ധം അവസാനിക്കുന്നതിനു നാലു വര്‍ഷംമുന്‍പ്, 1941 മേയില്‍ നടന്ന ഒരു അസാധാരണ സംഭവത്തിലെ നായകനുമായിരുന്നു അയാള്‍. സോവിയറ്റ് യൂണിയനെതിരായ ജര്‍മന്‍ ആക്രമണത്തിനു മുന്‍പ് എതിര്‍പക്ഷത്തെ മറ്റു രാജ്യങ്ങളുമായി സന്ധിയിലാകാനുള്ള ദൗത്യവുമായി അയാള്‍ രഹസ്യമായി തനിച്ച് ഒരു വിമാനത്തില്‍ ബ്രിട്ടനിലേക്കു പറന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ കാണുകയായിരുന്നു ഉദ്ദേശ്യം. ഹിറ്റ്ലര്‍ ഇതറിഞ്ഞിരുന്നില്ലത്രേ. 

വഴിക്കുവച്ച് വച്ച് ഇന്ധനം തീര്‍ന്നു വിമാനം തകര്‍ന്നുവീണു. പാരഷ്യൂട്ട് വഴി താഴെയിറങ്ങിയ ഹെസ് ബ്രിട്ടീഷുകാരുടെ തടവിലായി. അയാളുടെ സമാധാന ദൗത്യത്തിന് അവര്‍ ഒരു വിലയും കല്‍പ്പിച്ചില്ല. മനസ്സിന്‍റെ സമനില തെറ്റിയിരുന്നുവെന്നു സംശയിക്കപ്പെടുകയും ചെയ്തു. 

അതിനാല്‍, ന്യൂറംബര്‍ഗിലെ വിചാരണയില്‍ വധശിക്ഷ ഒഴിവാക്കാനായി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഹെസ് 46 വര്‍ഷം  ജയിലില്‍ കഴിഞ്ഞശേഷം 93ാം വയസ്സില്‍ ജയിലിനകത്തുതന്നെ തൂങ്ങിമരിച്ചു.  

വധശിക്ഷയില്‍നിന്നു രക്ഷപ്പെട്ട മറ്റൊരു പ്രമുഖനായിരുന്നു ആര്‍ക്കിടെക്റ്റും ഹിറ്റ്ലറുടെ ആയുധ നിര്‍മാണ മന്ത്രിയുമായ ആല്‍ബര്‍ട്ട് സ്പീയര്‍. 20 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട അയാള്‍ ജയില്‍ മോചിതനായ ശേഷം രണ്ട് ആത്മകഥാ പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുകയും അങ്ങനെ കുറേ പണം സമ്പാദിക്കുകയും ചെയ്തു. 

യുദ്ധത്തിനിടയില്‍ 60 ലക്ഷത്തോളം ജൂതരെ ക്രൂരമായി ദ്രോഹിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്ത ഒട്ടേറെ നാസികള്‍ സഖ്യസേനകള്‍ക്കു പിടികൊടുക്കാതെ രക്ഷപ്പെടുകയുണ്ടായി. അവരില്‍ പലരും ഒളിവില്‍ പാര്‍ത്തത് തെക്കെ അമേരിക്കയിലാണ്. 

vidhesharangom-adolf-eichmann-article-image
അഡോൾഫ് എയ്‌ക്‌മാൻ

അവരില്‍ പ്രമുഖനായിരുന്ന അഡോള്‍ഫ് ഐക്മാനെ ഇസ്രയേല്‍ ചാരന്മാര്‍ 1960ല്‍ അര്‍ജന്‍റീനയില്‍ിന്നു പിടികൂടി രഹസ്യമായി ടെല്‍അവീവിലേക്കു കൊണ്ടുപോയി തടവിലാക്കി. വിചാരണയ്ക്കുശേഷം 1962ല്‍ വധിച്ചു. 

ജര്‍മനിയിലെ സുപ്രധാന നഗരങ്ങളില്‍ ഒന്നായ ന്യൂറംബര്‍ഗ് യുദ്ധത്തില്‍ സഖ്യരാജ്യങ്ങളുടെ ബോംബാക്രമണത്തില്‍ മിക്കവാറും തകര്‍ന്നിരുന്നു.

കേടുപറ്റാതെ അവശേഷിച്ചിരുന്ന അവിടത്തെ കോടതിക്കെട്ടിടത്തിലായിരുന്നു യുദ്ധക്കുറ്റവാളികളുടെ വിചാരണ. 1946ല്‍ അവസാനിച്ച ആദ്യ വിചാരണയ്ക്കു ശേഷമുള്ള മൂന്നു വര്‍ഷത്തിനിടയില്‍ 12 വിചാരണകള്‍ വേറെയും നടന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയോടൊപ്പം ചേര്‍ന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ജപ്പാന്‍. അവര്‍ അമേരിക്കയിലെ പേള്‍ഹാര്‍ബര്‍ തുറമുഖം ആക്രമിക്കുകയും ഏഷ്യയിലെ അധിനിവേശ പ്രദേശങ്ങളില്‍ അതികൂരമായ അതിക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. 

vidhesarangom-tojo_hideki-article-image
ഹിഡേക്കി ടോജോ

അതിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യാനും രാജ്യാന്തര കോടതിയുടെ വിചാരണ നടന്നു. ജപ്പാന്‍റെ തലസ്ഥാനമായ ടോക്യോയില്‍ 1946 മുതല്‍ രണ്ടര വര്‍ഷം നടന്ന വിചാരണയില്‍ 28 പേരാണ് കുറ്റവാളികളായി വിധിക്കപ്പെട്ടത്. പ്രധാനമന്ത്രിയായിരുന്ന ഹിഡേക്കി ടോജോ ഉള്‍പ്പെടെ  ഏഴുപേര്‍ക്കു വധശിക്ഷ ലഭിച്ചു. 

പതിനാറു പേര്‍ക്കു ജീവപര്യന്തം തടവും രണ്ടു പേര്‍ക്കു അതില്‍ക്കുറഞ്ഞ കാലത്തേക്കുള്ള തടവും വിധിക്കപ്പെട്ടു. രണ്ടു പേര്‍ വിചാരണയ്ക്കിടയില്‍ മരിക്കുകയും ഒരാള്‍ ചിത്തരോഗിയാണെന്ന കാരണത്താല്‍ വിട്ടയക്കപ്പെടുകയും ചെയ്തു.

യുദ്ധത്തിനു മൗനാനുവാദം നല്‍കിയെന്ന പേരില്‍ ഹിരോഹിതോ ചക്രവര്‍ത്തിയെക്കൂടി പ്രതിയാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എങ്കിലും യുദ്ധാനന്തര ജപ്പാനു നേതൃത്വം നല്‍കാന്‍ അത്തരമൊരാള്‍ അത്യന്താപേക്ഷിതമാണെന്ന ന്യായത്തില്‍ അതു വേണ്ടെന്നു വച്ചു. 

യുഗൊസ്ളാവിയയുടെ ഭാഗങ്ങളായിരുന്ന ചില രാജ്യങ്ങളില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് അതിനുശേഷം നാലര ദശകങ്ങള്‍ കഴിഞ്ഞായിരുന്നു. അതോടനുബന്ധിച്ചും കൊടിയ പാതകങ്ങള്‍ അരങ്ങേറി. 

അതിനെല്ലാം ഉത്തരവാദികളായവരെ വിചാരണ ചെയ്യാന്‍ 1993ല്‍ യുഎന്‍ രക്ഷാസമിതിതന്നെ രാജ്യാന്തര കോടതി രൂപീകരിച്ചു. ആഫ്രിക്കയിലെ റുവാണ്ടയിലുണ്ടായ ആഭ്യന്തര യുദ്ധം 1994ല്‍ മറ്റൊരു രാജ്യാന്തര കോടതി സ്ഥാപിക്കാനും കാരണമായി. എല്ലാറ്റിനും വഴികാട്ടിയത് ന്യൂറംബര്‍ഗിലെ ചരിത്രപ്രധാനമായ വിചാരണയായിരുന്നു.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom Column : Germany hails 'legacy' of Nuremberg trials on 75th anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.