നല്‍കാന്‍ തയാറായിരിക്കുന്നു, മാപ്പ്

HIGHLIGHTS
  • യുഎസ് പ്രസിഡന്‍റിന് പൂര്‍ണാധികാരം
  • ക്ലിന്റൻ മാപ്പ് നല്‍കിയവരില്‍ സഹോദരനും
videsharangom-us-president-donald-trump
U.S. President Donald Trump. Photo Credit: Carlos Barria / Reuters
SHARE

അമേരിക്കയിലെ പ്രസിഡന്‍റ് റിച്ചഡ് നിക്സന് അദ്ദേഹത്തിന്‍റെ പിന്‍ഗാമി ജെറള്‍ഡ് ഫോഡ് 1974ല്‍ മാപ്പ് നല്‍കിയിരുന്നില്ലെങ്കില്‍ വാട്ടര്‍ഗേറ്റ് കേസില്‍ ശിക്ഷിക്കപ്പെട്ട് നിക്സന്‍ ജയിലില്‍ കിടക്കുമായിരുന്നു. 

അതിപ്പോള്‍ പെട്ടെന്ന് ഓര്‍മിക്കപ്പെടാന്‍ കാരണമുണ്ട്.  കുറ്റവാളികള്‍ക്കു മാപ്പ്നല്‍കാനും ശിക്ഷ ഇളവുചെയ്തുകൊടുക്കാനും യുഎസ് പ്രസിഡന്‍റുമാര്‍ക്കുള്ള അനിയന്ത്രിതമായ അധികാരത്തെക്കുറിച്ചു ചര്‍ച്ച നടന്നുവരുന്നു. തന്‍റെ മുന്‍ഗാമികളെപ്പോലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ആ അധികാരം ഉപയോഗിക്കുകയാണ്. സ്ഥാനമൊഴിയുന്നതോടെ ട്രംപിനുതന്നെ കേസുകളെ നേരിടേണ്ടിവന്നേക്കാം. അവയില്‍നിന്നു രക്ഷപ്പെടാനായി സ്വയം മുന്‍കൂര്‍ മാപ്പ് നല്‍കാനും പ്രസിഡന്‍റിന് അധികാരമുണ്ടോ ? ഉണ്ടെന്നു കരുതുന്നവരും ഇല്ലെന്നു കരുതുന്നവരുമുണ്ട്. കഴിഞ്ഞ രണ്ടര നൂറ്റാണ്ടിന്‍റെ ചരിത്രത്തില്‍ ഇതുവരെ ഒരു പ്രസിഡന്‍റും അങ്ങനെ ചെയ്തിട്ടില്ല.  

ഇതിനെപ്പറ്റി രണ്ടു വര്‍ഷംമുന്‍ ട്രംപ് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു: " സ്വയം മാപ്പ് നല്‍കാന്‍ എനിക്കു പൂര്‍ണമായ അധികാരമുണ്ട്. പക്ഷേ, ഞാനെന്തിന് അതു ചെയ്യണം. ഞാനൊരു കുറ്റവും ചെയ്തിട്ടില്ലല്ലോ ?."

us-president-donald-trump-press-conference
U.S. President Donald Trump. Photo Credit: Carlos Barria / Reuters

ട്രംപ് സ്ഥാനമൊഴിയാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രസിഡന്‍റിന്‍റെ മാപ്പ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഒരു കേസില്‍ കുറ്റവാളിയായി വിധിക്കപ്പെട്ട തന്‍റെ ആദ്യത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിനാണ് ട്രംപ് ഇതിനകം മാപ്പ് നല്‍കിയിട്ടുള്ള 29 പേരില്‍ ഒരാള്‍.

ട്രംപ് ജയിച്ച 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് അനുകൂലമായി റഷ്യ ഇടപെട്ടുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ഒരു കേസിലായിരുന്നു ഫ്ളിനിനെതിരായ വിധി. സമാനമായ കേസുകളില്‍ കുറ്റക്കാരായി വിധിക്കപ്പെട്ട മറ്റു ചില പ്രമുഖരും ട്രംപിന്‍റെ മാപ്പിനുവേണ്ടി കാത്തിരിക്കുന്നുണ്ട്. 

പാര്‍ലമെന്‍ററി ജനാധിപത്യമുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടേതില്‍നിന്നു വ്യത്യസ്തമാണ് ഇക്കാര്യത്തില്‍ അമേരിക്കയിലെ സ്ഥിതി. വധശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍ക്കു ശിക്ഷ ഇളവു ചെയ്തുകൊടുക്കാന്‍ ഇന്ത്യയിലെ പ്രസിഡന്‍റിന് അധികാരമുണ്ട്. പക്ഷേ, അതിനു കേന്ദ്ര മന്ത്രിസഭ ശുപാര്‍ശചെയ്തിരിക്കണം.

യുഎസ് പ്രസിഡന്‍റിനു സ്വന്തം ഇഷ്ടപ്രകാരംതന്നെ ആരോടും ആലോചിക്കാതെ ആര്‍ക്കും മാപ്പ് നല്‍കാനും ശിക്ഷ ഇളവു ചെയ്തുകൊടുക്കാനും അധികാരമുണ്ട്. കാരണമൊന്നും പറയേണ്ടതില്ല. ഈ അധികാരം മിക്കവാറും എല്ലാ പ്രസിഡന്‍റുമാരും ഉപയോഗിച്ചിട്ടുമുണ്ട്. ഇതു പക്ഷേ, കേന്ദ്ര നിയമ പ്രകാരമുള്ള കേസുകളില്‍ മാത്രമേയുള്ളൂ. സംസ്ഥാന നിയമ പ്രകാരമുള്ള കേസുകളെ ബാധിക്കില്ല.  

മാപ്പ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും വലിയ റെക്കോഡിന്‍റെ ഉടമ രണ്ടാം ലോകമഹായുദ്ധകാലത്തെ പ്രസിഡന്‍റായിരുന്ന ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റാണ്. 1933നും 1945നും ഇടയില്‍ അദ്ദേഹം മാപ്പ് നല്‍കുകയോ ശിക്ഷ ഇളവു ചെയ്തുകൊടുക്കുകയോ ചെയ്തതു 3796 പേര്‍ക്കായിരുന്നു. 

സമീപകാല ചരിത്രത്തില്‍ 212 മാപ്പുകളും 1715 ശിക്ഷാ ഇളവുകളുമായി ബറാക് ഒബാമ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ വളരെ വളരെ പിന്നിലാണ് പിന്‍ഗാമിയായ ട്രംപ്. Zബാമയെപ്പോലെ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നുള്ള ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ളിന്‍റന്‍  എന്നീ പ്രസിഡന്‍റുമാരും ഒട്ടേറെ പേര്‍ക്കു മാപ്പ് നല്‍കുകയോ ശിക്ഷ ഇളവു ചെയ്തു കൊടുക്കുകയോ ചെയ്തു.  

വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയുള്ള നിര്‍ബന്ധ സൈനിക സേവനം ചെയ്യാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ നൂറുകണക്കിന് ആളുകള്‍ നിയമ നിയമനടികളെ നേരിടുന്നുണ്ടായിരുന്നു. കാര്‍ട്ടറുടെ മാപ്പിന്‍റെ പ്രയോജനം ലഭിച്ചവരില്‍ മിക്കവരും അവരാണ്. 

videsharangom-us-political-leader-bill-clinton
Bill Clinton. Photo Credit: Luke Sharrett / Getty Images / AFP

ബില്‍ ക്ളിന്‍റന്‍ മാപ്പ് നല്‍കിയ 140 പേരില്‍ ഒരാള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പ്രസിഡന്‍റിന്‍റെ അര്‍ദ്ധ സഹോദരന്‍ (ചിറ്റപ്പന്‍റെ മകന്‍) റോജര്‍ ക്ളിന്‍റന്‍ എന്ന സിനിമാ നടനായിരുന്നു അയാള്‍. ലഹരിമരുന്നു കേസില്‍ പിടിയിലാവുകയായിരുന്നു.

ക്ളിന്‍റന്‍ മാപ്പ്നല്‍കിയവരില്‍ മാര്‍ക്ക് റിച്ച് എന്ന കോടീശ്വരനും ഉള്‍പ്പെടുന്നു. നികുതിവെട്ടിപ്പ്, നിരോധനം ലംഘിച്ച് ഇറാനുമായി രഹസ്യമായി എണ്ണവ്യാപാര കരാറുണ്ടാക്കി തുടങ്ങിയ കേസുകളില്‍ പൊലീസ് അയാളെ തിരയുകയായിരുന്നു. 

പക്ഷേ, സ്വിറ്റ്സര്‍ലന്‍ഡിലേക്കു രക്ഷപ്പെട്ടു. മാപ്പ് കിട്ടിയശേഷമാണ് തിരിച്ചെത്തിയത്. ഡമോക്രാറ്റിക് പാര്‍ട്ടിക്കുകോടികള്‍ സംഭാവന ചെയ്തവരില്‍ ഒരാളുമായിരുന്നു റിച്ച്. റോജര്‍ ക്ളിന്‍റനും മാര്‍ക്ക് റിച്ചിനും നല്‍കിയ മാപ്പിന്‍റെ പേരില്‍ പ്രസിഡന്‍റ് ക്ളിന്‍റനു രൂക്ഷമായ വിമര്‍ശനത്തെ നേരിടേണ്ടിവന്നു.  

ട്രംപിനെ സംബന്ധിച്ചിടത്തോളം ഇനിയും ആര്‍ക്കെങ്കിലും മാപ്പ് നല്‍കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന് ഏതാനും ആഴ്ചകള്‍കൂടി ബാക്കിയുണ്ട്. താനുമായി അടുത്ത ബന്ധമുള്ള ചിലര്‍ക്കു ഭാവിയിലുണ്ടാകുന്ന കേസുകളില്‍നിന്നു മുക്തി നല്‍കുന്ന വിധത്തില്‍ മുന്‍കൂര്‍ മാപ്പ് നല്‍കുന്ന കാര്യവും ട്രംപ് ആലോചിക്കുകയാണെന്നു പറയപ്പെടുന്നു. മകളും ഉപദേഷ്ടാവുമായ ഇവാന്‍ക, പുത്രന്മാരായ എറിക്, ഡോണള്‍ഡ് ജൂണിയര്‍,  ഇവന്‍കയുടെ ഭര്‍ത്താവും മറ്റൊരു ഉപദേഷ്ടാവുമായ ജാറിദ് കുഷ്നര്‍ തുടങ്ങിയവരാണിവര്‍. 

ഇവരില്‍ ആര്‍ക്കെതിരെയും ഇപ്പോള്‍ കേസുകളില്ല. എങ്കിലും താന്‍ സ്ഥാനമൊഴിയുന്നതോടെ താനുമായുള്ള ബന്ധമുള്ള പല കാര്യങ്ങളുടെയും പേരില്‍ ഇവര്‍ക്കെതിരെ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു ട്രംപ് ഭയപ്പെടുകയാണത്രേ. 

മുന്‍കൂര്‍ മാപ്പിനു സാധുതയുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണ്. അതേസമയം, 1974ല്‍ പ്രസിഡന്‍റ് ഫോഡ് തന്‍റെ മുന്‍ഗാമിയായ നിക്സനു നല്‍കിയത് മുന്‍കൂര്‍ മാപ്പ്കൂടിയാണെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.  

വാട്ടര്‍ഗേറ്റ് സംഭവത്തോട് അനുബന്ധിച്ചുള്ള കേസുകളില്‍ നിക്സന്‍റെ പല ഉദ്യോഗസ്ഥരും പ്രതികളായിരുന്നു. പക്ഷേ, പ്രസിഡന്‍റായിരുന്ന കാരണത്താല്‍ നിക്സനെതിരെ കേസുകള്‍ ഒന്നുമുണ്ടായിരുന്നില്ല. 

എങ്കിലും, അദ്ദേഹം സ്ഥാനമൊഴിയുന്നതോടെ ആ നിയമപരിപക്ഷ അവസാനിക്കുകയും കേസുകള്‍ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്യാനുള്ള സാധ്യതകള്‍ തെളിയുകയായിരുന്നു. അതുകൂടി കണക്കിലെടുത്തായിരുന്നു പ്രസിഡന്‍റ് ഫോഡ് നിക്സനു നല്‍കിയ മാപ്പ്. അതിന്‍റെ പേരില്‍ ഫോഡിനും കടുത്ത വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നു. 

നികസനെ0പ്പോലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായിരുന്നു   ഫോഡും. നിക്സന്‍റെ ഉറ്റസുഹൃത്തുമായിരുന്നു. ട്രംപിന്‍റെ പിന്‍ഗാമി അത്തരമൊരാളല്ല. ജനുവരി 20നു സ്ഥാനമൊഴിയുകയും പ്രസിഡന്‍റ് എന്ന നിലയിലുള്ള നിയമപരിരക്ഷ അവസാനിക്കുകയും ചെയ്യുന്നതോടെ കേസുകള്‍ ഒന്നൊന്നായി ട്രംപിനെ തേടിയെത്താന്‍ സാധ്യതയുണ്ട്. 

ഈ പശ്ചാത്തലത്തിലാണ് ട്രംപ് സ്വയം മാപ്പ് നല്‍കാന്‍ ഉദ്ദേശിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതും അതിന്‍റെ സാധുതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതും. ഇതുവരെ ഒരു പ്രസിഡന്‍റും സ്വയം മാപ്പ് നല്‍കിയിട്ടില്ല.   

അക്കാരണത്താല്‍തന്നെ അതിന്‍റെ സാധുത കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയോ നിയമപരമായ പരിശോധനയ്ക്കു വിധേയമാവുകയോ ചെയ്തിട്ടുമില്ല. ആര്‍ക്കും സ്വന്തം കേസില്‍ വിധിപറയാന്‍ അവകാശമില്ലെന്ന നിയമതത്വവും എതിര്‍വാദമായി പലരും ഉന്നയിക്കുന്നു.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom Column : Can President Trump pardon himself and his family?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA