മദുറോയുടെ പിടിയില്‍ വെനസ്വേല

HIGHLIGHTS
  • പ്രതിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പില്‍ വന്‍ജയം
  • അന്‍പതു ലക്ഷംപേര്‍ നാടുവിട്ടു
videshaangom-column-venezuela-nicolas maduro-article-image
Nicolas Maduro. Photo Credit: Manaure Quintero / Reuters
SHARE

തെക്കെ അമേരിക്കയിലെ വെനസ്വേലയില്‍ പ്രസിഡന്‍റ് നിക്കൊളാസ് മദുറോയുടെ ഭരണം ഒന്നുകൂടി അരക്കിട്ടുറപ്പിക്കപ്പെട്ടു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള എതിര്‍പ്പുകളൊന്നും അതിനു തടസ്സമായില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ ആറ്) നടന്ന നാഷനല്‍ അസംബ്ളി തിരഞ്ഞെടുപ്പിന്‍റെ ഫലം അതു സാക്ഷ്യപ്പെടുത്തുന്നു.

കോടതികള്‍ ഉള്‍പ്പെടെയുള്ള മറ്റു മിക്ക മേഖലകളിലും മദുറോ നേരത്തെതന്നെ ആധിപത്യം നേടിക്കഴിഞ്ഞിരുന്നു. നാഷനല്‍ അസംബ്ളി എന്നറിയപ്പെടുന്ന പാര്‍ലമെന്‍റില്‍ മാത്രമാണ് 

പ്രതിപക്ഷത്തിനു മേല്‍ക്കൈയ്യുണ്ടായിരുന്നത്. ഈ തിരഞ്ഞെടുപ്പില്‍ മദുറോയുടെ യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും സഖ്യകക്ഷികളും കൂടി സീറ്റുകള്‍ തൂത്തുവാരിയതോടെ അതും അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലായി. ജയിച്ചവരില്‍ മദുറോയുടെ ഭാര്യയും മകനും ഉള്‍പ്പെടുന്നു.

videshangom-column-venezuela-president-nicolas maduro-profile-article-image
Nicolas Maduro. Photo Credit: Manaure Quintero / Reuters

പക്ഷേ, ഈ തിരഞ്ഞെടുപ്പിന്‍റെ നിയമസാധുത ചോദ്യം ചെയ്യപ്പെടുകയാണ്. കാരണം, മുഖ്യധാരാ പ്രതിപക്ഷ കക്ഷികളെല്ലാം അതു ബഹിഷ്ക്കരിക്കുകയായിരുന്നു. അവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ വോട്ടുചെയ്യുകയോ ചെയ്തില്ല. പ്രതിപക്ഷത്തെ ചില കക്ഷികള്‍ പങ്കെടുത്തിട്ടും വോട്ടു ചെയ്യാനെത്തിയവര്‍ വെറും 31 ശതമാനമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമായി നടത്താനുള്ള സാഹചര്യം ഇപ്പോള്‍ നാട്ടിലില്ലെന്ന പേരിലായിരുന്നു മുഖ്യധാരാ പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്ക്കരണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍തന്നെ മദുരോയുടെ ചൊല്‍പ്പടിയിലാണെന്നും അവര്‍ ആരോപിക്കുകയായിരുന്നു. 

രണ്ടു വര്‍ഷമായി മദുറോയെ അവര്‍ പ്രസിഡന്‍റായി അംഗീകരിക്കുന്നുമില്ല. 2018ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിച്ചത് വ്യാപകമായ കൃത്രിമത്തിലൂടെയാണെന്ന പേരില്‍ അവര്‍  അന്നുമുതല്‍ സമരത്തിലാണ്.  

videshangom-column-venezuela-president-nicolas maduro-article-image
Nicolas Maduro. Photo Credit: Fernando Llano / AP Photo

അങ്ങനെ പ്രസിഡന്‍റ് സ്ഥാനത്ത് ഒഴിവുവന്നുവെന്ന ന്യായത്തില്‍ അവരുടെ നേതാവ് (നാഷനല്‍ അസംബ്ളി അധ്യക്ഷന്‍) ജുവാന്‍ ഗൈഡോ ഇടക്കാല പ്രസിഡന്‍റായി സ്വയം പ്രഖ്യാപിക്കുകയുമുണ്ടായി.

പ്രസിഡന്‍റ് സ്ഥാനത്ത് ഒഴിവുവന്നാല്‍ നാഷനല്‍ അസംബ്ളി അധ്യക്ഷന്‍ ആ സ്ഥാനം ഏറ്റെടുക്കണമെന്നു ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതാണ്. 

പക്ഷേ, മദുറോയ്ക്കെതിരെ ജനങ്ങളെ വന്‍തോതില്‍ അണിനിരത്താന്‍ ഗൈഡോയ്ക്കായില്ല. പുതിയ പാര്‍ലമെന്‍റ് നിലവില്‍ വരുന്നതോടെ അദ്ദേഹത്തിന്‍റെ അധ്യക്ഷസ്ഥാനം ഇല്ലാതാവുകയുമാണ്.    

വെനസ്വേലയിലെ പ്രശ്നം ആ രാജ്യത്ത് ഒതുങ്ങിനില്‍ക്കുന്നില്ല. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവ ഉള്‍പ്പെടെയുള്ള അറുപതിലേറെ രാജ്യങ്ങള്‍ മദുറോയെയല്ല, ഗൈഡോയെയാണ് വെനസ്വേലയുടെ പ്രസിഡന്‍റായി അംഗീകരിക്കുന്നത്.  അതേസമയം, റഷ്യ, ചൈന, ഇറാന്‍, തുര്‍ക്കി, ക്യൂബ, എന്നീ രാജ്യങ്ങള്‍ മദുറോയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നു. 

ഇതിനിടയില്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും മൂന്നു കോടിയോളം വരുന്ന ജനങ്ങളുടെ ജീവിതം ദുസ്സഹമാവുകയും ചെയ്തു. 50 ലക്ഷം പേര്‍ പേര്‍ രക്ഷതേടി അയല്‍ രാജ്യങ്ങളിലേക്കു പലായനം ചെയ്തു. സമീപകാലത്ത് ഇതിലും വലിയ അഭയാര്‍ഥി പ്രവാഹം ഉണ്ടായത് ആഭ്യന്തരയുദ്ധത്തിലായ സിറിയയില്‍നിന്നു മാത്രമാണ്. 

വെനസ്വേലയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) ഈ വര്‍ഷം 25 ശതമാനത്തിന്‍റെ കുറവുണ്ടാകുമെന്നാണ് രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) കണക്ക്. ബോളിവാര്‍ എന്ന പേരുള്ള കറന്‍സിയുടെ മൂല്യം അടിക്കടി ഇടിയുകയും യുഎസ് ഡോളറുമായുള്ള അതിന്‍റെ വിനിമയനിരക്ക് മറ്റൊരു രാജ്യത്തും സംഭവിക്കാത്ത വിധത്തില്‍ കുറയുകയും ചെയ്തു. 

ഇതിനെല്ലാം ഒരു കാരണം സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന എണ്ണ ഉല്‍പാദനത്തിലും കയറ്റുമതിയിലും ഉണ്ടായ ഭീമമായ ഇടിവാണ്. അതിനു മുഖ്യ കാരണമായിത്തീര്‍ന്നതാകട്ടെ അമേരിക്കയുടെ സാമ്പത്തിക ഉപരോധവും. വ്യാപകമായ അഴിമതിയും മദുറോയുടെ ദുര്‍ഭരണവുമാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കെ അറ്റത്തു കരീബിയന്‍ കടലുമായി ചേര്‍ന്നു കിടക്കുകയാണ് വെനസ്വേല. അമേരിക്കയുമായുള്ള അതിന്‍റെ സംഘര്‍ഷം മദുറോയുടെ മുന്‍ഗാമിയായ ഹ്യൂഗോ ഷാവെസ് 1999ല്‍ അവിടെ അധികാരത്തില്‍ എത്തിയതോടെ തുടങ്ങിയതാണ്. 

ഷാവെസിന്‍റെ സോഷ്യലിസ്റ്റ് നയപരിപാടികളുടെ ഭാഗമായി യുഎസ് ഉടമസ്ഥതയിലുളള എണ്ണക്കമ്പനികള്‍  ദേശസാല്‍ക്കരിക്കപ്പെട്ടു.  ക്യൂബയ്ക്കും അമേരിക്കയുമായി ഇടഞ്ഞുനിന്ന മറ്റു ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കും ഷാവെസ് സാമ്പത്തിക സഹായം നല്‍കിയതും അമേരിക്കയെ ചൊടിപ്പിച്ചു. ഷാവെസിനെയും മദുറോയെയും അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിച്ചതായും ആരോപിക്കപ്പെട്ടു.  

മദുറോയ്ക്കെതിരെ അമേരിക്ക ചുമത്തുന്ന കുറ്റങ്ങളില്‍ 'നാര്‍ക്കോ ടെററിസ'വും ഉള്‍പ്പെടുന്നു. യുഎസ് ജനതയുടെ ആരോഗ്യം തകര്‍ക്കാനായി കൊക്കെയിന്‍ പോലുള്ള ലഹരിമരുന്നുകള്‍ വന്‍തോതില്‍  ഒളിച്ചുകടത്തുകയും അങ്ങനെ ലഹരിമരുന്നിനെ അമേരിക്കയ്ക്കെതിരായ ആയുധമാക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. അതിന്‍റെ പേരില്‍, മദുറോയെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും സഹയകമായ വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഒന്നരക്കോടി ഡോളര്‍ ഇനാം പ്രഖ്യാപിക്കുകയുമുണ്ടായി. 

videsharangom-column-venezuela-hugo chavez-article-image
Hugo Chavez. Photo Credit : Jorge Silva / Reuters

പതിനാലു വര്‍ഷം രാജ്യം ഭരിച്ച ഷാവെസിന്‍റെ മരണത്തെ തുടര്‍ന്നു 2013ല്‍ പ്രസിഡന്‍റായതാണ് മദുറോ. ഷാവെസിന്‍റെ കീഴില്‍ വിദേശ മന്ത്രിയും അതിനുമുന്‍പ് തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്നു. 

ജനപ്രീതിയിലും വ്യക്തി പ്രഭാവത്തിലും ഷാവെസിന്‍റെ അടുത്തൊന്നും എത്താനാവാത്ത മദുറോയ്ക്ക് അധികകാലം അധികാരത്തില്‍ തുടരാവനാവില്ലെന്നാണ് പലരും കരുതിയിരുന്നത്. അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. രണ്ടു വര്‍ഷമായി നടന്നുവരുന്ന പ്രതിപക്ഷ സമരത്തിനിടയില്‍ പട്ടാളം മദുറോയ്ക്കെതിരെ തിരിയുമെന്നു കരുതിയവരും നിരാശരായി. ഇപ്പോള്‍ രാജ്യത്തെ സര്‍വമേഖലകളും മദുറോയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom - President Nicolas Maduro allies win majority in disputed Venezuela congress election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.