മഹാമാരിയെ തുരത്താന്‍ ശാസ്ത്രം

HIGHLIGHTS
  • വാക്സീനുകളില്‍ പ്രതീക്ഷയും വെല്ലുവിളിയും
  • ദരിദ്രര്‍ക്കു കിട്ടില്ലെന്നു ഭയം
TOPSHOT-RUSSIA-HEALTH-VIRUS-VACCINE
A nurse shows the Sputnik V (Gam-COVID-Vac) vaccine against the coronavirus disease (COVID-19) at a clinic in Moscow on December 5, 2020. Photo Credit : Kirill Kudryavtsev / AFP
SHARE

91ാം വയസ്സിലേക്കു കാലെടുത്തുവയ്ക്കാന്‍ പോകുന്ന മാര്‍ഗരറ്റ് കീനനും 81 വയസ്സായ വില്യം ഷെക്സ്പിയറും (അതെ ഷെയ്ക്സ്പിയര്‍തന്നെ, പക്ഷേ, പരേതനായ മഹാകവിയല്ല) വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഇടംനേടി. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സര്‍വത്ര നാശംവിതച്ച കോവിഡ് 19 മഹാമാരിക്കെതിരായ വാക്സീന്‍ സ്വീകരിക്കുന്ന ആദ്യത്തെ രണ്ടുപേരായി ഈ ബ്രിട്ടീഷ് വയോധികര്‍.

വിവിധ രാജ്യങ്ങളിലെ ഔഷധ നിര്‍മാണ സ്ഥാപനങ്ങള്‍ ഇതിനകം വികസിപ്പിച്ചെടുക്കുകയോ അന്തിമ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടുള്ളത് ഒരു ഡസനോളം വാക്സീനുകളാണ്. അവയുടെ ഫലപ്രാപ്തിയും പാര്‍ശ്വഫലങ്ങളും പരിശോധിക്കുന്നതിന്‍റെ ഭാഗമായി പരീക്ഷണാര്‍ഥം വാക്സീനുകള്‍ സ്വീകരിച്ചവര്‍ പലരുണ്ട്. 

അവര്‍ അജ്ഞാതരായിരിക്കുന്നു. പരീക്ഷണാര്‍ഥമല്ലാതെ വാക്സീന്‍ സ്വീകരിച്ച ആദ്യത്തെ വ്യക്തികളെന്ന പ്രാധാന്യമാണ് കീനനും ഷെയ്ക്സ്പിയര്‍ക്കും. കോവിഡ് പ്രതിരോധ കുത്തിവയ്പ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന സ്ഥാനം അങ്ങനെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഡിസംബര്‍ എട്ട്‌) ബ്രിട്ടനും സ്വന്തമാക്കി. 

മഹാമാരികള്‍ക്കെതിരായ വാക്സീനുകള്‍ വികസിപ്പിച്ചെടുക്കാന്‍ സാധാരണ വര്‍ഷങ്ങള്‍തന്നെ വേണ്ടിവരാറുണ്ട്. കോവിഡ് വാക്സിന്‍ ലഭ്യമാകാന്‍ 2021 ജൂലൈവരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന സൂചനകളുമുണ്ടായിരുന്നു. എന്നാല്‍, അതിനും മാസങ്ങള്‍ക്കു മുന്‍പ്തന്നെ ഒന്നിലേറെ വാക്സീനുകളുമായി ശാസ്ത്രജ്ഞര്‍ പുതിയ ചരിത്രമെഴുതി. 

ഇതോടെ, കോവിഡ് 19ന്‍റെ അന്ത്യം തുടങ്ങിയെന്നു കരുതുന്നവരുണ്ട്. വാക്സീനെ ഒരു മാന്ത്രിക വടിയായി കാണുകയാണവര്‍. അങ്ങനെ ആശ്വസിക്കാന്‍ വരട്ടെയെന്നും അവസാനത്തിന്‍റെ ആരംഭം എന്നു മാത്രമേ കരുതാവൂവെന്നും ശാസ്ത്രജ്ഞരും ലോകാരോഗ്യ സംഘടനയും ഉപദേശിക്കുന്നു. മാസ്ക്ക് ധരിക്കലും അകലം പാലിക്കലും കൈകഴുകലും പോലുള്ള പ്രതിരോധ നടപടികള്‍ ഇനിയും മാസങ്ങളോളം അല്ലെങ്കില്‍ വര്‍ഷങ്ങളോളം തുടരേണ്ടി വരുമെന്നര്‍ഥം. 

RUSSIA-HEALTH-VIRUS-VACCINE
A picture taken on December 4, 2020 shows the production of Russia's Gam-COVID-Vac vaccine against the coronavirus disease (Covid-19) registered under trade name Sputnik V, developed by the Gamaleya Research Institute of Epidemiology and Microbiology in coordination with the Russian Defence Ministry, at the facility of Russia's biotech company BIOCAD in Strelna outside Saint Petersburg. Photo Credit : Olga Maltseva / AFP)

വാക്സീനുകള്‍ സംഭരിച്ചാല്‍ മാത്രംപോരാ. അവ ആവശ്യമുളള എല്ലാ സ്ഥലങ്ങളിലും എത്തിക്കുകയും നിശ്ചിത താപനിലയില്‍ കേടുകൂടാതെ സൂക്ഷിക്കുകയുംവേണം. പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കണം. കുത്തിവയ്പിന് ആവശ്യമായ സിറിഞ്ചുകള്‍, സൂചികള്‍ എന്നിവ സംഭരിക്കുകയും കൃത്യമായി എത്തിക്കുകയും  ചെയ്യണം. ഇവയെല്ലാം ആരോഗ്യ വകുപ്പ് അധികൃതര്‍ നേരിടാന്‍ പോകുന്ന അഭൂതപൂര്‍വമായ വെല്ലുവിളിയാണ്. 

ലോകമൊട്ടുക്കുമായി ഏഴുകോടി പേര്‍ക്കു കോവിഡ് ബാധിക്കുകയും 15 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു കഴിഞ്ഞു. ഏറ്റവുമധികം രോഗബാധയും മരണവും ഉണ്ടായത് അമേരിക്കയിലാണ്-യഥാക്രമം ഏതാണ്ട് ഒന്നരക്കോടിയും മൂന്നു ലക്ഷവും. യൂറോപ്പില്‍ ഏറ്റവുമധികം പേര്‍ക്കു (17 ലക്ഷം) രോഗം ബാധിക്കുകയും ഏറ്റവുമധികം പേര്‍ (63,000) മരിക്കുകയും ചെയ്തതു ബ്രിട്ടനില്‍. 

CHINA-HEALTH-VIRUS
Medical workers who volunteered in Wuhan to help combat the COVID-19 coronavirus outbreak, stand as a group before they board a bus to return home, in Wuhan in China's central Hubei province on March 31, 2020. Photo Credit: Noel Celis/ AFP

രോഗബാധിതരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉള്‍പ്പെടുന്നു. അദ്ദേഹത്തിനു കൂട്ടായി അമേരിക്കയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും ബ്രസീലില്‍ പ്രസിഡന്‍റ് ജയ്ര്‍ ബോല്‍സൊനാരോയുമുണ്ട്. 

അമേരിക്കയിലെ ഫൈസര്‍, ജര്‍മനിയിലെ ബയോണ്‍ടെക് എന്നീ ഔഷധക്കമ്പനികള്‍ വികസിപ്പിച്ചെടുത്ത ബിഎന്‍ടി162ബി2 എന്ന വാക്സീനാണ് ബ്രിട്ടനില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുള്ളത്. 21 ദിവസങ്ങള്‍ ഇടവിട്ട് രണ്ടു ഡോസ് സ്വീകരിക്കണം. 

അമേരിക്കയില്‍ ഉപയോഗത്തിനുവേണ്ടി കാത്തിരിക്കുന്ന വാക്സീനുകളിലും ബിഎന്‍ടി162ബി2 ഉണ്ട്. മറ്റൊരു യുഎസ് ഔഷധനിര്‍മാണക്കമ്പനിയായ മോഡേണ അമേരിക്കയിലെ തന്നെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നു വികസിപ്പിച്ചെടുത്ത വാകസിനാണ് മറ്റൊന്ന്. അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കകം അമേരിക്കയിലും കുത്തിവയ്പ് തുടങ്ങാനാകുമത്രേ.  

ഇന്ത്യയില്‍ അംഗീകാരത്തിനുവേണ്ടി കാത്തിരിക്കുന്നത്‌ എട്ടു വാക്സീനുകളാണ്. ബ്രിട്ടനിലെ ഓക്സഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്ക എന്ന ബ്രിട്ടീഷ്-സ്വീഡിഷ് ഔഷധക്കമ്പനിയും കൂടി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡാണ് ഇവയിലൊന്ന്. ലോകത്തിലെ തന്നെ ഏറ്റവുംവലിയ വാക്സീന്‍ നിര്‍മാതാക്കളായ പൂണെയിലെ സീറം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യയാണ് അവര്‍ക്കുവേണ്ടി ഇത് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. 

പൂണെയിലെതന്നെ ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി അമേരിക്കയിലെ എച്ച്ഡിടിയുമായി ചേര്‍ന്നു വികസിപ്പിച്ചെടുത്ത എംആര്‍എന്‍എ വാക്സീന്‍, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് പൂണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന കോവാക്സീന്‍, ഹൈദരാബാദിലെതന്നെ ബയോളജിക്കല്‍-ഇ ലിമിറ്റഡ് അമേരിക്കയിലെ ബെയ്ലര്‍ മെഡിക്കല്‍ കോളജ്, ഡൈനവാക്സ് ടെക്ണോളജീസ് എന്നിവയുമായി ചേര്‍ന്നു നിര്‍മിക്കുന്ന വാക്സീന്‍, അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില്ല കമ്പനി നിര്‍മിക്കുന്ന സൈക്കോ വി-ഡി എന്നിവയാണ് മറ്റു ചില വാക്സീനുകള്‍. 

HEALTH-CORONAVIRUS/CHINA-WUHAN
A staff member wearing face mask and goggles reacts to the camera at a counter at the Wuhan Tianhe International Airport after travel restrictions to leave Wuhan, the capital of Hubei province and China's epicentre of the novel coronavirus disease (COVID-19) outbreak, were lifted, April 8, 2020. Photo Credit :Aly Song / Reuters

റഷ്യയില്‍ വികസിപ്പിച്ചെടുത്ത സ്പുട്നിക് വി എന്ന വാക്സീന്‍റെ ഇന്ത്യയിലെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഹൈദരാബാദില്‍തന്നെ ആസ്ഥാനമുള്ള മറ്റു രണ്ടു പ്രമുഖ ഔഷധക്കമ്പനികളായ ഹെറ്റിറോ ബയോഫാര്‍മയും ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡും.

ലോകത്തു പൊതുവില്‍ ലഭ്യമാകാന്‍ പോകുന്ന വാക്സീനുകളില്‍ ചിലതു മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ്വരെയുള്ള വളരെ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കേണ്ടവയാണ്. അതേസമയം മറ്റു ചിലതു മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ ആറുമാസം വരെയും സാധാരണ മെഡിക്കല്‍ റഫ്രിജറേറ്റില്‍ 30 ദിവസംവരെയും സൂക്ഷിക്കാനാവും. ആവശ്യമായ രണ്ടു ഡോസുകള്‍ക്കു ചിലതിനു ആയിരം രൂപയില്‍ താഴെ മതിയെങ്കില്‍ മറ്റു ചിലതിനു മൂവായിരം രൂപവരെ വേണ്ടിവരുമത്രേ.   

സാമ്പത്തികശേഷിയില്ലാത്ത രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വാക്സീന്‍ നിഷേധിക്കപ്പെടാനുള്ള സാധ്യയും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതൊഴിവാക്കാനായി വിവിധ രാജ്യങ്ങള്‍ ഒത്തുചേര്‍ന്നു അവരുടെ വിജ്ഞാനം പങ്കുവയ്ക്കുക, അതിന്‍റെ അടിസ്ഥാനത്തില്‍ സര്‍വസ്വീകാര്യമായ പൊതു വാക്സീന്‍ നിര്‍മിക്കുക, അത് എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുക എന്ന ആവശ്യവും ഉയരുകയുണ്ടായി.

പീപ്പിള്‍സ് വാക്സീന്‍ അലയന്‍സ് എന്ന സംഘടനയാണ് ഈ ആവശ്യം ഉന്നയിച്ചത്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍, സാമൂഹിക സേവനരംഗത്തു പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ രാജ്യാന്തര കൂട്ടായ്മായ ഓക്സ്ഫാം തുടങ്ങിയവ ചേര്‍ന്നു രൂപീകരിച്ചതാണ് ഈ സഖ്യം. 

സാമ്പത്തികശേഷിയില്ലാത്ത എഴുപതോളം രാജ്യങ്ങളില്‍ അടുത്ത ഒരു വര്‍ഷത്തിനിടയില്‍ പത്തില്‍ ഒരാള്‍ക്കു മാത്രമേ വാക്സീന്‍ ലഭിക്കാനിടയുള്ളൂ. സമ്പന്ന രാജ്യങ്ങള്‍ സ്വന്തം ജനങ്ങള്‍ക്ക് ആവശ്യമായതിന്‍റെ മൂന്നു മടങ്ങ് വാക്സീന് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ആവശ്യമായതിന്‍റെ അഞ്ചു മടങ്ങ് വാക്സിന്‍ ഉറപ്പാക്കിക്കൊണ്ടു കാനഡ മറ്റെല്ലാവരെയും കടത്തിവെട്ടുകയും ചെയ്തു. പീപ്പിള്‍സ് വാക്സീന്‍ അലയന്‍സ് പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ പറയുന്നതാണ് ഈ വിവരങ്ങള്‍.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.