സഹാറയില്‍ ഒരു സമ്മാനം

HIGHLIGHTS
  • മൊറോക്കോയുടെ നിലപാടിനു യുഎസ് പിന്തണ
  • ഒരു രാജ്യംകൂടി ഇസ്രയേലുമായി രമ്യതയിലേക്ക്
vidhesharangom-mohammed-king-morocco
Moroccan King Mohammed VI. Photo Credit : Abdelhak Senna
SHARE

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ മറ്റൊരു അറബ് രാജ്യം കൂടി സമ്മതിച്ചിരിക്കുകയാണ്. ഉത്തരാഫ്രിക്കയിലെ മൊറോക്കോയാണ് ഈ രാജ്യം. മൊറോക്കോയുമായി ചേര്‍ന്നുകിടക്കുന്ന പശ്ചിമ സഹാറയുടെ പ്രശ്നത്തിലേക്കും ഇതോടനുബന്ധിച്ച് ലോകശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നു.    

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള മൊറോക്കോയുടെ തീരുമാനം ഡിസംബര്‍ 10നു വെളിപ്പെടുത്തിയത് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപായിരുന്നു. ആ തീരുമാനം അദ്ദേഹത്തിന്‍റെ ശ്രമഫലവുമാണ്. അതിന്‍റെ ഭാഗമായി, പശ്ചിമ സഹാറയുടെമേലുള്ള മൊറോക്കോയുടെ പരമാധികാരം അമേരിക്ക അംഗീകരിക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതോടെയാണ് ആ പ്രദേശത്തിന്‍റെ പ്രശ്നവും ചര്‍ച്ചാവിഷയമായത്. 

ട്രംപിന്‍റെ ശ്രമഫലമായിത്തന്നെ, കഴിഞ്ഞ നാലു മാസങ്ങള്‍ക്കിടയില്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ തയാറായ നാലാമത്തെ അറബ് രാജ്യമാണ് മൊറോക്കോ. ഗള്‍ഫ് മേഖലയിലെ യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ബഹറയിന്‍, ആഫ്രിക്കയിലെ സുഡാന്‍ എന്നിവയാണ് മറ്റു മൂന്നു രാജ്യങ്ങള്‍. 

യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ക്ക് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്റയിന്‍ വിദേശമന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനി എന്നിവര്‍ സെപ്റ്റംബര്‍ 15ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോടൊപ്പം ഇതു സംബന്ധിച്ച കരാറില്‍ഒപ്പിട്ടതും ട്രംപിന്‍റെ സാന്നിധ്യത്തില്‍ വാഷിങ്ടണിലെ വൈറ്റ്ഹൗസ് അങ്കണത്തിലായിരുന്നു.

USA-ELECTION/TRUMP
Donald Trump. Photo Credit : Carlos Barria / Reuters

ആദ്യമായി രണ്ട് അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്-1979ല്‍ ഈജിപ്തും 1994ല്‍ ജോര്‍ദാനും. അതിനു വേണ്ടിയും മുന്‍കൈയെടുത്തത് അക്കാലത്തെ യുഎസ് പ്രസിഡന്‍റുമാരായിരുന്നു ജിമ്മി കാര്‍ട്ടറും ബില്‍ ക്ളിന്‍റനും. 

മെറോക്കോയുടെ കാര്യം മറ്റു പല അറബ് രാജ്യങ്ങളുടേതില്‍നിന്നും വ്യത്യസ്തമാണ്. നയതന്ത്രബന്ധമില്ലെങ്കിലും ഇസ്രയേലുമായി പലരംഗത്തും, വിശേഷിച്ച് സുരക്ഷാപരമായ വിഷയങ്ങളില്‍ മൊറോക്കോ സഹകരിക്കുകയുണ്ടായി. 1994 മുതല്‍ ആറു വര്‍ഷം ഇസ്രയേലിലെ ടെല്‍അവീവില്‍ മൊറോയ്ക്കോയ്ക്കും മൊറോക്കോയിലെ റബാത്തില്‍ ഇസ്രയേലിനും ലിയസോണ്‍ ഓഫീസുണ്ടായിരുന്നു. 

ഇസ്രയേലിലെ ജനങ്ങളില്‍ ഏറ്റവും വലിയ വിഭാഗം റഷ്യന്‍ വംശജരായ ജൂതന്മാരാണെങ്കില്‍ രണ്ടാമത്തെ ഏറ്റവും വലിയ വിഭാഗം (എട്ടു ലക്ഷം പേര്‍) മൊറോക്കോയില്‍നിന്നു കുടിയേറിപ്പാര്‍ത്ത ജൂതന്മാരും അവരുടെ പിന്മുറക്കാരുമാണ്. ആയിരക്കണക്കിനു ജൂതന്മാര്‍ ഇപ്പോഴും മൊറോക്കോയിലുണ്ട്. ആര്‍ക്കും കാര്യമായ പരാതികളില്ല.  

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും ശക്തമാണ്. വര്‍ഷത്തില്‍ മൂന്നു കോടി ഡോളറിന്‍റെ വ്യാപാരം നടക്കുന്നുവെന്നാണ് കണക്ക്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ഇസ്രയേലികള്‍ മൊറോക്കോ സന്ദര്‍ശിക്കാറുമുണ്ട്. പലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രയേലിന്‍റെ നടപടികള്‍ക്കെതിരായ പ്രതിഷേധം ആളിക്കത്തിയതിനെ തുടര്‍ന്നു ടെല്‍അവീവിലെ  ലിയസോണ്‍ ഓഫീസ് 2000ല്‍ മൊറോക്കോ പൂട്ടുകയുണ്ടായി. പുതിയ തീരുമാനമനുസരിച്ച് അതു വീണ്ടും തുറക്കും. അതേസമയം, പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിക്കുകയും എംബസ്സികള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതായും പറയപ്പെടുന്നു. 

US-PRESIDENT-ELECT-BIDEN-DELIVERS-THANKSGIVING-ADDRESS-IN-WILMIN
Joe Biden. Photo Credit : Mark Makela / Getty Images/ AFP

വിമാന സര്‍വീസുകള്‍ ആരംഭിക്കാനും സാമ്പത്തിക-സാങ്കേതിക സഹകരണം ശക്തിപ്പെടാനുള്ള സാധ്യതകള്‍ക്കു പുതിയ ബന്ധം വാതിലുകള്‍ തുറന്നിടുന്നു. മൊറോക്കോയില്‍ ഇസ്രയേലി നിക്ഷേപവും ടൂറിസ്റ്റുകളുടെ ആഗമനവും വര്‍ദ്ധിക്കാനും ഇടയുണ്ട്.  

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സമ്മതിച്ചിട്ടുള്ള മറ്റെല്ലാ അറബ് രാജ്യങ്ങളെയുംപോലെ മൊറോക്കോയും പലസ്തീന്‍ പ്രശ്നത്തിലുള്ള തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ്. ദശകങ്ങളുടെ പഴക്കമുള്ള ഈ പ്രശ്നത്തിനു നീതിപൂര്‍വകമായ പരിഹാരം ഉണ്ടാകണമെന്നാണ് അവരുടെ ആവശ്യം. 

ഇസ്രയേലികള്‍ക്കെന്ന പോലെ പലസ്തീന്‍കാര്‍ക്കും സ്വന്തമായ ഒരു രാഷ്ട്രം എന്ന നിര്‍ദേശമാണ് (ദ്വിരാഷ്ട്ര പരിഹാരം) അവരുടെ നിലപാടിന്‍റെ കാതല്‍. മൊറോക്കോയിലെ മുഹമ്മദ് ആറാമന്‍ രാജാവ് പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസുമായി ഫോണില്‍ സംസാരിക്കുകയും ഇതു സംബന്ധിച്ച് ഉറപ്പ് നല്‍കുകയും ചെയ്തുവത്രേ. 

ഉത്തരാഫ്രിക്കയുടെ ചില ഭാഗങ്ങള്‍ മുന്‍പ്, യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സിന്‍റെയും സ്പെയിനിന്‍റെയും അധീനത്തിലായിരുന്നു. 40 വര്‍ഷത്തെ ഫ്രഞ്ച് മേല്‍ക്കോല്‍മയില്‍നിന്നു മൊറോക്കോ (446,550 ചതുരശ്ര കിലോമീറ്റര്‍) 1956ല്‍ മോചനം നേടി. 

മൊറോക്കോയുടെ തെക്കു ഭാഗത്ത് അത്ലാന്‍റിക് സമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന പശ്ചിമ സഹാറയില്‍ (252,120 ചതുരശ്ര കിലോമീറ്റര്‍) തങ്ങളുടെ 1884 മുതല്‍ക്കുള്ള ആധിപത്യം 1976ല്‍ സ്പെയിനിനും ഉപേക്ഷിക്കേണ്ടിവന്നു. 

ISRAEL-POLITICS/
Benjamin Netanyahu. Photo Credit: Abir Sultan / Reuters

മരുഭൂമിയാണെങ്കിലും ഫോസ്ഫേറ്റ് ഉള്‍പ്പെടെയുള്ള ധാതുപദാര്‍ഥങ്ങളാല്‍ സമ്പന്നമാണത്രേ ഈ പ്രദേശം. തീരക്കടലില്‍ വന്‍തോതിലുള്ള എണ്ണ നിക്ഷേപം ഉണ്ടെന്നും പറയപ്പെടുന്നു. 

മൊറോക്കോയ്ക്കു പുറമെ മറ്റൊരു അയല്‍രാജ്യമായ മൗറിത്താനയും പശ്ചിമ സഹാറയുടെ മേല്‍ അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കിലും 1979ല്‍  മൗറിത്താനിയ പിന്മാറി. പശ്ചിമ സഹാറ മൊറോക്കോയില്‍ ലയിപ്പിക്കപ്പെട്ടു. പക്ഷേ അതിന്മേലുള്ള മൊറോക്കോയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു. മാത്രമല്ല, മറ്റൊരു അയല്‍രാജ്യമായ അല്‍ജീരിയയുടെ പിന്തുണയോടെ പോളിസാരിയോ ഫ്രണ്ട് എന്ന സംഘടന  പശ്ചിമ സഹാറയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വര്‍ഷങ്ങളായി ഗറിലാ യുദ്ധത്തിലുമാണ്.  1991ല്‍ വെടിനിര്‍ത്തല്‍ ഉണ്ടായതിനെ തുടര്‍ന്നു യുഎന്‍ സമാധാന സേന കാവല്‍ നിന്നുവരുന്നു. ഈയിടെ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുകയും സ്ഥിതിഗതികള്‍ വീണ്ടും വഷളാവുകയും ചെയ്തു. 

പ്രദേശത്തിന്‍റെ അഞ്ചിലൊരു ഭാഗം പിടിച്ചടക്കിയ പോളിസാരിയോ അവിടെ സഹ്റാവി അറബ് ഡമോക്രാറ്റിക് റിപ്പബ്ളിക്  (സദ്ര്‍) എന്ന പേരില്‍ രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലായി 80 രാജ്യങ്ങള്‍ അതിനെ അംഗീകരിച്ചുവെങ്കിലും പിന്നീട് പകുതിയോളം രാജ്യങ്ങള്‍ പിന്‍മാറി. സ്വയം ഭരണാധികാരത്തോടെ പശ്ചിമ സഹാറ മൊറോക്കോയുടെ ഭാഗമാകണമോ അതല്ല സ്വതന്ത്ര രാജ്യമാകണമോയെന്നു തീരുമാനിക്കാനുള്ള അവകാശം അവിടത്തെ ജനങ്ങള്‍ക്കു വിട്ടുകൊടുക്കണമെന്നും അതിനുവേണ്ടി ഹിതപരിശോധന നടത്തണമെന്നുമാണ് യുഎന്‍ നിലപാട്. മിക്ക രാജ്യങ്ങളും അതിനോട് യോജിക്കുന്നു.

അമേരിക്കയും ഈ നിലപാടാണ് പുലര്‍ത്തിവന്നിരുന്നത്. പശ്ചിമ സഹാറയുടെ മേലുള്ള മൊറോക്കോയുടെ പരമാധികാരം അമേരിക്ക അംഗീകരിക്കുന്നുവെന്ന പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനം അതിനു വിരുദ്ധമാണ്.  ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ മൊറോക്കോ സമ്മതിച്ചതിനുളള ട്രംപിന്‍റെ പാരിതോഷികമായിട്ടാണ് പലരും ഇതിനെ കാണുന്നത്. സ്വതന്ത്ര രാജ്യമെന്ന നിലയില്‍ അമേരിക്കയെ ആദ്യമായി അംഗീകരിച്ചത് 1777ല്‍ മൊറോക്കോ ആയിരുന്നുവെന്ന ചരിത്ര വസ്തുതയും ട്രംപ് അനുസ്മരിക്കുകയുണ്ടായി. 

പശ്ചിമ സഹാറയുടെ മേലുള്ള മൊറോക്കോയുടെ പരമാധികാരം തര്‍ക്ക വിഷയമായതിനാല്‍ അതു സംബന്ധിച്ച ട്രംപിന്‍റെ പ്രഖ്യാപനം നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അംഗീകരിക്കുമോ എന്ന കാര്യം സംശയമാണ്. അദ്ദേഹം അതു റദ്ദാക്കാക്കുമോ ? അത്തരമൊരു കീഴ്​വഴക്കം യുഎസ് ചരിത്രത്തില്‍ ഇല്ലത്രേ. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom : The Israel-Morocco peace deal is roiling Western Sahara

US-157162305
Mahmoud Abbas. Photo Credit : John Moore / Getty Images / AFP
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.