മുള്‍മുനയില്‍ വീണ്ടും നേപ്പാള്‍

HIGHLIGHTS
  • ഏറ്റവും വലിയ പാര്‍ട്ടി പിളര്‍പ്പിലേക്ക്
  • പ്രസിഡന്‍റിന് എതിരെയും ആരോപണം
vidhesharangom-nepal-politician-khadga-prasad-oli
KP Sharma Oli. Photo: J. Suresh / Manorama
SHARE

ഏതാനും മാസങ്ങളിലെ ഇടവേളയ്ക്കുശേഷം നേപ്പാളിലെ രാഷ്ട്രീയരംഗം വീണ്ടും തിളച്ചുമറിയുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള അധികാര വടംവലിയല്ല, ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെതന്നെ പടലപിണക്കമാണ് ഇതിനടിയില്‍. തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് സംഘടനയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പാര്‍ട്ടി അതിന്‍റെ ചരിത്രത്തിലെ രണ്ടര വര്‍ഷം പിന്നിട്ടപ്പോഴേക്കും പിളര്‍പ്പിന്‍റെ വക്കിലെത്തി നില്‍ക്കുന്നു.  

പ്രധാനമന്ത്രി ഖഡ്ഗപ്രസാദ് ശര്‍മ ഓലി എന്ന കെ. പി. ശര്‍മ ഓലിയും പാര്‍ട്ടിയുടെ മറ്റുചില സമുന്നത നേതാക്കളും പരസ്പരം പരസ്യമായി വിഴുപ്പലക്കുകയായിരുന്നു. അടുത്ത കാലത്ത് അല്‍പ്പമൊന്നു തണുത്തിരുന്ന കുഴപ്പം വീണ്ടും ആരംഭിച്ചത്  കൂടുതല്‍ വീറോടെയാണ്.  

എതിര്‍ ചേരിക്കാര്‍ പല തവണ ഓലിയുടെ രാജി ആവശ്യപ്പെടുകയും അദ്ദേഹം അതിനു വിസമ്മതിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്കെതിതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമവുമുണ്ടായി.  

ഒടുവില്‍ ഓലി അറ്റകൈ പ്രയോഗിച്ചു. പാര്‍ലമെന്‍റ് (പ്രതിനിധി സഭ)  പിരിച്ചുവിടാന്‍ ഇക്കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ 20) പ്രസിഡന്‍റിനെ ഉപദേശിച്ചു. പ്രസിഡന്‍റ് ബിദ്യദേവി ഭണ്ഡാരി ഉടന്‍ അതിനു സമ്മതിച്ചു. പ്രധാനമന്ത്രി നിര്‍ദേശിച്ച രണ്ടു തീയതികളില്‍ തന്നെ (ഏപ്രില്‍ 30, മേയ് 10) പുതിയ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയും ചെയ്തു. 

അതുവരെ ഓലി കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി തുടരും. 2017ല്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റിന്‍റെ കാലാവധി അവസാനിക്കാന്‍ ഇനിയും രണ്ടു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് ഈ സംഭവവികാസം. 

NEPAL
Jhala Nath Khanal. Photo: Navesh Chitrakar / Reuters

പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ ഓലി തീരുമാനിച്ചത് ഭരണകക്ഷിയിലെ മറ്റു നേതാക്കളുമായി ആലോചിക്കാതെയാണ്.  ഇതിനുവേണ്ടി വിളിച്ചുകൂട്ടിയ അടിയന്തര മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹത്തിന്‍റെ ഗ്രൂപ്പിലെ മന്ത്രിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് എതിര്‍ ഗ്രൂപ്പിലെ ഏഴു ക്യാബിനറ്റ് മന്ത്രിമാര്‍ രാജിവച്ചു. 

പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഞായറാഴ്ച തന്നെ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്തു. ഭരിക്കുന്ന കക്ഷിക്കു ഭൂരിപക്ഷമുള്ളപ്പോള്‍ പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ ഭരണഘടന അനുവദിക്കുന്നില്ല. പ്രധാനമന്ത്രി ഒഴിയുകയാണെങ്കില്‍ ഭൂരിപക്ഷ കക്ഷിയിലെ മറ്റാരെയെങ്കിലും മന്ത്രിസഭയുണ്ടാക്കാന്‍ അനുവദിക്കണമെന്നും ഭരണഘടനയില്‍ പറയുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിലെ കേസ്സുകള്‍. 

പാര്‍ലമെന്‍റ് പിരിച്ചുവിട്ടതിനെതിരെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടന്നുവരുന്നു. രാജ്യം കടുത്ത സാമ്പത്തിക ഞെരുക്കവും കോവിഡ് മഹാമാരി മൂലമുള്ള പ്രയാസങ്ങളും നേരിട്ടുകൊണ്ടിരിക്കേ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്.  

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അടിയന്തര യോഗം ചേരുകയും ഓലിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കുകയും മുന്‍പ്രധാനമന്ത്രി മാധവകുമാര്‍ നേപ്പാളിനെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഓലിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കാന്‍ ഒരുങ്ങുകയാണെന്നും സൂചനകളുണ്ട്. 

vidhesharangom-nepal-politician–madhav-kumar
Madhav Kumar. Photo: Arvind Jain / The Week

ഓലിയുടെ നേതൃത്വത്തിലായിരുന്ന യൂനിഫൈഡ് മാര്‍ക്സിറ്റ്-ലെനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും മുന്‍പ്രധാനമന്ത്രി പുഷ്പകമല്‍ ദഹല്‍ എന്ന പ്രചണ്ഡയുടെ മാവോയിസ്റ്റ് സെന്‍റര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും 2018 മേയില്‍ തമ്മില്‍ ലയിച്ച് ഉണ്ടായതാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. അതിനു മുന്‍പ്, 2017 നവംബര്‍-ഡിസംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിനെ രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികളും നേരിട്ടത് ഒന്നിച്ചായിരുന്നു. 

275 അംഗ പാര്‍ലമെന്‍റില്‍ അവര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടുകയും ഏഴു പ്രവിശ്യകളില്‍ ആറിലും ഭരണം കരസ്ഥമാക്കുകയും ചെയ്തു. അതാണ് ലയനത്തിനു വഴിയൊരുക്കിയതും. 

ഇപ്പോള്‍ ഓലിക്കെതിരെ അണിനിരന്നിട്ടുളളത് പ്രചണ്ഡയുടെ മുന്‍പാര്‍ട്ടിയിലുളളവര്‍ മാത്രമല്ല. ഓലിയുടെതന്നെ മുന്‍പത്തെ കക്ഷിയായിരുന്ന യൂനിഫൈഡ് മാര്‍ക്സിറ്റ്-ലെനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളും അവരോടൊപ്പമുണ്ട്.  മാധവ് കുമാര്‍ നേപ്പാളിനു പുറമെ മറ്റൊരു മുന്‍പ്രധാനമന്ത്രിയായ    ജല്‍നാഥ് ഖനലും അവരില്‍ ഉള്‍പ്പെടുന്നു. മറ്റൊരു മുന്‍പ്രധാനമന്ത്രിയായ ബാബുറാം ഭട്ടറായ് നയിക്കുന്ന ജനത സമാജ്വാദി പാര്‍ട്ടി, ദീര്‍ഘകാലം നേപ്പാള്‍ ഭരിച്ചിരുന്ന നേപ്പാളി കോണ്‍ഗ്രസ് എന്നിവ അവരുമായി സഹകരിക്കുന്നു. 

യൂനിഫൈഡ് മാര്‍ക്സിറ്റ്-ലെനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായിരുന്ന ഓലി ആദ്യമായി പ്രധാനമന്ത്രിയായത് 2015ലായിരുന്നു. പക്ഷേ, പത്തു മാസമേ ഭരണം നീണ്ടുനിന്നുള്ളൂ. കൂട്ടുമന്ത്രിസഭയിലെ ഘടകകക്ഷിയായിരുന്ന മാവോയിസ്റ്റ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതായിരുന്നു കാരണം. 

രണ്ടാം തവണയും പ്രധാനമന്ത്രിയാകാനായി 2017ല്‍ അവരുമായിത്തന്നെ സഖ്യമുണ്ടാക്കാന്‍ ഓലി തയാറായി. കാഠ്മണ്ടുവിലെ ചൈനീസ് അംബാസ്സഡര്‍ ഹൂ യാന്‍ഖി അതിനു മധ്യസ്ഥത വഹിച്ചു. അടുത്ത വര്‍ഷം രണ്ടു പാര്‍ട്ടികളും തമ്മില്‍ ലയിച്ചതും വനിതയായ ചൈനീസ് സ്ഥാനപതിയുടെ ശ്രമഫലമായിട്ടായിരുന്നു. 

ഓലി പ്രധാനമന്ത്രിയായതിനു പുറമെ അദ്ദേഹവും പ്രചണ്ഡയും പുതിയ പാര്‍ട്ടിയുടെ സഹാധ്യക്ഷരാവുകയും ചെയ്തു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ പ്രധാനമന്ത്രിസ്ഥാനം അടുത്ത രണ്ടര വര്‍ഷത്തേക്ക് ഓലി പ്രചണ്ഡയ്ക്കു ഒഴിഞ്ഞുകൊടുക്കണമെന്നും ധാരണയുണ്ടായിരുന്നു.  

ഓലി അതു പാലിച്ചില്ലെന്നാണ് പ്രചണ്ഡയുടെ ആരോപണം. തുടര്‍ന്ന് അഞ്ചു വര്‍ഷം മുഴുവനായി ഓലിക്കു വിട്ടുകൊടുക്കാനും കൂടുതല്‍ അധികാരങ്ങളോടെ പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം പ്രചണ്ഡയ്ക്കു നല്‍കാനും തീരുമാനമായി. ഓലിക്കു സഹചെയര്‍മാന്‍ പദവിയും നല്‍കപ്പെട്ടു.

NEPAL-POLITICS-CONSTITUTION/
Baburam Bhattarai, Photo: Navesh Chitrakar / Reuters

അതുപയോഗിച്ചുകൊണ്ട് അദ്ദേഹം പ്രചണ്ഡയെയും പാര്‍ട്ടിയിലെ മറ്റുനേതാക്കളെയും അവഗണിക്കുന്നു, അവരുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഒറ്റയ്ക്കു തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളുടെ അകമ്പടിയോടെയാണ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായിത്തീര്‍ന്നത്. 

ഭരണരംഗത്തെ കെടുകാര്യസ്ഥത, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങളും ഓലിക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നു. പ്രചണ്ഡയും മറ്റും തന്നെ നേരാംവണ്ണം ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ഇതിനെല്ലാമുള്ള അദ്ദേഹത്തിന്‍റെ മറുപടി. മുന്‍പ് പല തവണ ഇവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയ ചൈനീസ് അംബാസ്സഡര്‍ക്ക് പരാജയം സമ്മതിക്കേണ്ടിവന്നു.

ഓലിയോടൊപ്പം പ്രസിഡന്‍റ് ബിദ്യദേവി ഭണ്ഡാരിയും വിമര്‍ശിക്കപ്പെടുന്നുണ്ട്. നേപ്പാളില്‍ പ്രസിഡന്‍റാകുന്ന ആദ്യത്തെ വനിതയായ അവര്‍ ഓലിയുടെ താളത്തിനൊത്തു തുള്ളുകയാണെന്നാണ് ആരോപണം. പാര്‍ലമെന്‍റ് പിരിച്ചുവിട്ടതിനെതിരെ നടന്ന പ്രകടനങ്ങളില്‍ പ്രസിഡന്‍റിന് എതിരായ മുദ്രാവാക്യങ്ങളും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് ഇവര്‍ ഓലിയുടെ യൂനിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപാധ്യക്ഷയായിരുന്നു.

ഇന്ത്യയുമായി അതിര്‍ത്തി മാത്രമല്ല, സാംസ്ക്കാരിക പാരമ്പര്യവും പങ്കിടുന്ന രാജ്യമാണ് നേപ്പാള്‍. അവിടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ചൈന അടിക്കടി ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാല്‍ നേപ്പാളില്‍ എന്തു സംഭവിക്കുന്നുവെന്നത് ഇന്ത്യക്ക് അവഗണിക്കാനാവില്ല. 

ഓലിയുടെ ഭരണത്തില്‍ ഇന്ത്യ-നേപ്പാള്‍ ബന്ധം ഒന്നിലേറെ തവണ ഉലയുകയുണ്ടായി. ചൈനയോടുള്ള വിധേയത്വം പ്രകടമാക്കാന്‍ അദ്ദേഹം മടിച്ചുമില്ല. അതിര്‍ത്തിയിലുളള ഇന്ത്യയുടെ പ്രദേശം നേപ്പാളിന്‍റെ ഭൂപടത്തില്‍ ഉള്‍പ്പെടുത്താനായി ഭരണഘടന ഭേദഗതി ചെയ്യാന്‍ അദ്ദേഹം മുന്‍കൈയെടുക്കുകയും തിടുക്കം കൂട്ടുകയും ചെയ്തു. ഇന്ത്യയെപ്പറ്റി പല തവണ നിരുത്തരവാദപരമായ പരാമര്‍ശങ്ങളും നടത്തി. 

ആ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും നേപ്പാള്‍ രാഷ്ട്രീയത്തിലെ കോളിളക്കങ്ങള്‍ ഇന്ത്യയില്‍ പൂര്‍വാധികം ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു. ഓലിയുടെ വിവാദപരമായ പുതിയ നീക്കത്തിന്‍റെ അനന്തര ഫലങ്ങള്‍ സ്വാഭാവികമായി ഇന്ത്യയിലും ഉറ്റുനോക്കപ്പെടുന്നു. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Vidhesharangom - Nepal president dissolves Parliament, elections set for next year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.