നീണ്ടുപോകുന്ന ചൈനീസ് കോവിഡ് ഒളിച്ചുകളി
Mail This Article
ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോവിഡ് മഹാമാരി ബാധിച്ചത് എട്ടു കോടിയിലേറെ ജനങ്ങളെയാണ്. അവരില്‍ 18 ലക്ഷം പേര്‍ മരിച്ചു. മിക്കവാറും എല്ലാ രാജ്യങ്ങള്‍ക്കും കനത്ത സാമ്പത്തിക നഷ്ടവുമുണ്ടായി. രോഗം പൊട്ടിപ്പുറപ്പെട്ട രാജ്യമെന്ന നിലയില്‍ അതിനെല്ലാം ചൈനയെ കുറ്റപ്പെടുത്തുന്നവരും അങ്ങനെ ചെയ്യുന്നതു ന്യായമല്ലെന്നു കരുതുന്നവരുമുണ്ട്. അതേസമയംതന്നെ മഹാമാരിയെ സംബന്ധിച്ച സുപ്രധാന വിവരങ്ങളുടെ കാര്യത്തില്‍ ചൈന ഒളിച്ചുകളി നടത്തുകയാണോ എന്ന സംശയവും ബലപ്പെട്ടുകൊണ്ടിരിക്കുന്നു.
കോവിഡ് വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 2019 ഡിസംബറില്‍ മധ്യ ചൈനയിലെ വൂഹാന്‍ നഗരത്തിലായിരുന്നു. അവിടെനിന്ന് അതിവേഗം ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കും ഇതര രാജ്യങ്ങളിലേക്കും പടര്‍ന്നു. പക്ഷേ, വൂഹാനില്‍ അതെവിടെനിന്നെത്തി ? ഏതു ജന്തുവില്‍നിന്ന് എങ്ങനെ മനുഷ്യരിലേക്കു പടര്‍ന്നു ? ഈ ചോദ്യങ്ങള്‍ ഒരു വര്‍ഷത്തിനു ശേഷവും ഉത്തരം കിട്ടാതെ ബാക്കിനില്‍ക്കുന്നു. .
ഇത്തരം മഹാമാരികള്‍ ഇനിയും ഉണ്ടാകാനിടയുണ്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ളിയുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനെ ചെറുക്കാനായി ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സംഘടനയ്ക്ക് അധികമൊന്നും മുന്നോട്ടു പോകാനായിട്ടില്ലെന്നത് അതിന്‍റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നു.
വിശദമായ അന്വേഷണത്തിനുവേണ്ടി പ്രമുഖ ശാസ്ത്രജ്ഞരുടെയും ആരോഗ്യ വിദഗ്ദ്ധരുടെയും ഒരു രാജ്യാന്തര സംഘത്തെ അയക്കാന്‍ പോലും ഡബ്ളിയുഎച്ച്ഒയ്ക്ക് ഇതുവരെ സാധ്യമായിട്ടില്ല. ശ്രമിക്കാഞ്ഞിട്ടല്ല. അത്തരമൊരു അന്വേഷണത്തിനു ചൈന വിസമ്മതിക്കുകയായിരുന്നു.
നീണ്ട വിലപേശലിനുശേഷം ഒടുവില്‍ ചൈന സോപാധികമായി സമ്മതിക്കുകയും ഒരു പത്തംഗ സംഘത്തെ അയക്കാന്‍ ഡബ്ളിയുഎച്ച്ഒ തീരുമാനിക്കുകയും ചെയ്തു. ആറാഴ്ചത്തെ സന്ദര്‍ശനത്തിനുവേണ്ടി ജനുവരി ആദ്യം അവര്‍ പുറപ്പെടുമെന്നായിരുന്നു ഡിസംബര്‍ 17ലെ അറിയിപ്പ്. ആദ്യത്തെ രണ്ടാഴ്ച അവര്‍ ക്വാറന്‍റീനില്‍ ആയിരിക്കുമത്രേ. പക്ഷേ, സംഘത്തിലെ ആളുകളുടെ പേരുവിവരങ്ങളോ അവര്‍ പുറപ്പെടുന്ന കൃത്യമായ തീയതിയോ അവര്‍ എവിടെയെല്ലാം പോകുമെന്ന വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.
ശ്വാസകോശത്തെ ബാധിക്കുന്ന ഒരു അസാധാരണ രോഗം വൂഹാനിലെ ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുകയാണെന്നും അതിന്‍റെ ഉല്‍ഭവകേന്ദ്രം അവിടത്തെ മല്‍സ്യമാര്‍ക്കറ്റാകാന്‍ ഇടയുണ്ടെന്നും ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതു ചൈനീസ് മാധ്യമങ്ങള്‍ തന്നെയാണ്. മല്‍സ്യത്തോടൊപ്പം മറ്റു സമുദ്രജീവികളും മൃഗമാംസവും ജീവനോടെയുള്ള പല തരം മൃഗങ്ങളും ജന്തുക്കളും വില്‍ക്കപ്പെടുന്നതാണ് ഇത്തരം ചന്തകള്‍.
വവ്വാലുകളും വംശനാശം നേരിടുന്ന കാരണത്താല്‍ ക്രയവിക്രയം നിരോധിച്ചിട്ടുള്ള ഈനാംപേച്ചികളും അവിടെ വില്‍പ്പനയ്ക്കു വയ്ക്കുന്ന ജന്തുക്കളില്‍ ഉള്‍പ്പെടുന്നു. ഈനാംപേച്ചിയുടെയും മറ്റും മാംസത്തിനു ഭക്ഷണമെന്ന നിലയില്‍ മാത്രമല്ല
ഔഷധമെന്ന നിലയിലും വലിയ പ്രിയമാണ് ചൈനയില്‍. വൈറസ് അവയിലൂടെ മനുഷ്യരിലേക്കു പ്രവേശിച്ചുവെന്നാണ് തുടക്കംമുതല്‍ക്കേയുള്ള അഭ്യൂഹം. പക്ഷേ, കൃത്യമായി കണ്ടുപിടിക്കാന്‍ ഇതുവരെ സാധ്യമായിട്ടില്ല.
വൈറസ് ഉല്‍ഭവിച്ചത് വൂഹാനിലല്ലെന്നും അവിടെവച്ച് അതു പെരുകുക മാത്രമാത്രമായിരുന്നുവെന്ന അഭ്യൂഹവും പിന്നീടുണ്ടായി. എങ്കില്‍പിന്നെ അതെവിടെ നിന്നു വന്നു ? മാത്രമല്ല, അതിനു മുന്‍പ്തന്നെ അതിനടുത്ത സ്ഥലങ്ങളില്‍ എവിടെയെങ്കിലും ഏതെങ്കിലും ജന്തുവിന്‍റെയോ മനുഷ്യരുടെയോ ശരീരത്തില്‍ വൈറസ് ഉണ്ടായിരുന്നിരിക്കാം എന്ന സംശയവും ജനിച്ചു.
വൈറസ് ബാധിച്ചു വൂഹാനില്‍ ആളുകള്‍ മരിക്കാന്‍ തുടങ്ങിയതോടെ അവിടത്തെ മീന്‍ചന്ത അടയ്ക്കുകയുണ്ടായി. പിന്നീടതു നന്നായി കഴുകി വൃത്തിയാക്കുകയും അണു വിമുക്തമാക്കുകയും ചെയ്തു. അതിനാല്‍, ചൈനയുടെ തന്നെ ശാസ്ത്രജ്ഞര്‍ അന്വേഷണത്തിനുവേണ്ടി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ആവശ്യമായ ഒരു തെളിവും കിട്ടിയില്ലത്രേ.
അതിനുശേഷം ലോകാരോഗ്യ സംഘടനയുടെതന്നെ ഒരു ചെറിയ സംഘം ബെയ്ജിങ്ങില്‍ എത്തിയെങ്കിലും വൂഹാനിലെ മീന്‍ചന്തയോ കോവിഡ് രോഗികളെ ചികില്‍സിച്ചിരുന്ന ആശുപത്രിയോ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അനുവാദം ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒരു രണ്ടംഗ സംഘത്തിന്‍റെ മൂന്നാഴ്ച നീണ്ടുനിന്ന സന്ദര്‍ശനവും നടക്കുകയുണ്ടായി.
അതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഡബ്ളിയുഎച്ച്ഒയുടെ ഡയരക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധനോം ഘെബ്രെയെസുസ് ബെയ്ജിങ്ങിലെത്തുകയും ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങുമായി സംസാരിക്കുകയും ചെയ്തിരുന്നു. വൈറസ് പടരുന്നതു നിയന്ത്രിക്കുന്നതില്‍ ചൈനീസ് ഗവണ്‍മെന്‍റ് കൈക്കൊണ്ട നടപടികളെയെല്ലാം പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങിയത്.
കോവിഡ് കാരണം അവതാളത്തിലായ പല രാജ്യങ്ങള്‍ക്കും ഇത് അരോചകമായി തോന്നി. മഹാമാരി ലോകമൊട്ടുക്കും പടര്‍ന്നു പിടിച്ചതില്‍ ചൈനയ്ക്കുള്ള ഉത്തരവാദിത്തത്തിന്‍റെ മേല്‍ ഡബ്ളിയുഎച്ച്ഒ തലവന്‍ വെളളപൂശുകയാണെന്നു പോലും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തു.
ഡബ്ളിയുഎച്ച്ഒയ്ക്കുള്ള യുഎസ് വിഹിതം നിര്‍ത്താന്‍ തീരുമാനിച്ച അദ്ദേഹം സംഘടനയില്‍നിന്ന് അമേരിക്ക ഒഴിയുകയാണെന്നു പ്രഖ്യാപിക്കുകയുമുണ്ടായി. പക്ഷേ, ഇതു നടപ്പാകാന്‍ ഒരു വര്‍ഷം കഴിയണം. ഡബ്ളിയുഎച്ച്ഒയിലേക്കു താന്‍ അമേരിക്കയെ തിരിച്ചു കൊണ്ടുവരുമെന്നു നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ട്രംപിന്‍റെ പ്രഖ്യാപനത്തിനു പ്രസക്തിയില്ലാതായിട്ടുമുണ്ട്.
അതേസമയം, അമേരിക്കയിലും മറ്റു പല രാജ്യങ്ങളിലും ലോകാരോഗ്യ സംഘടനയുടെ പ്രതിഛായയ്ക്ക് ഇടിവുപറ്റിയെന്ന വസ്തുത അവശേഷിക്കുന്നു. ഇതുപോലൊരു സ്ഥിതി അതിന്‍റെ 72 വര്‍ഷത്തെ ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടില്ല. മുന്‍പൊരു ഡബ്ളിയുഎച്ച്ഒ തലവനും വിവാദത്തിന്‍റെ ചുഴിയില്‍ പെട്ടിരുന്നുമില്ല.
ആഫ്രിക്കക്കാരനായ ആദ്യത്തെ ഡബ്ളിയുഎച്ച്ഒ തലവനാണ് 2017 മുതല്‍ ആ പദവി വഹിക്കുന്ന ഇത്യോപ്യക്കാരനായ ഡോ. ടെഡ്രോസ് അധനോം ഘെബ്രെയെസുസ് (55). മൈക്രോബയോളജിസ്റ്റും രാജ്യാന്തര പ്രശസ്തിയുള്ള മലേറിയ ഗവേഷകനുമാണ്. ഇത്യോപ്യയുടെ ആരോഗ്യമന്ത്രിയും വിദേശമന്ത്രിയുമായിരുന്നു.
കോവിഡ് വൈറസ് ഉല്‍ഭവിച്ചതു ചൈനയില്‍നിന്നല്ലെന്നും പുറത്തുനിന്നു ചൈനയിലേക്കു വന്നതാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും നടന്നു. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളായ പീപ്പിള്‍സ് ഡെയ്ലിയും, ഗ്ളോബല്‍ ടൈംസും ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുമാണ് അതിനു ചുക്കാന്‍ പിടിച്ചത്.
ചൈനയില്‍ വൈറസ് പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും അതു കണ്ടെത്തിയിരുന്നുവെന്നായിരുന്നു അവയുടെ റിപ്പോര്‍ട്ടുകള്‍. ഇറക്കുമതി ചെയ്ത മാംസത്തിന്‍റെയും സമുദ്രോല്‍പ്പന്നങ്ങളുടെയും പെട്ടികളിലാണ് ചൈനയില്‍ വൈറസ് ആദ്യം കണ്ടത്തിയതെന്നും രോഗം ആദ്യം ബാധിച്ചതു തുറമുഖത്തു ചരക്കുകള്‍ ഇറക്കിയിരുന്ന തൊഴിലാളികളെയാണെന്നും വാര്‍ത്തകളുണ്ടായി.
വൈറസ് പകരുന്നതു മുഖ്യമായി രോഗബാധിതരുടെ വായില്‍നിന്നും മൂക്കില്‍നിന്നുമുള്ള സ്രവം മുഖേനയാണെന്ന വസ്തുതയുടെ വെളിച്ചത്തില്‍ ഈ വാര്‍ത്തകള്‍ ചൈനയ്ക്കു പുറത്ത് അവഗണിക്കപ്പെടുകയാണ് ചെയ്തത്. അതേസമയം, വൈറസ് ചൈനയില്‍ എത്തിയത് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്നാണെന്നു പോലും തട്ടിവിടാനും ചൈനീസ് മാധ്യമങ്ങള്‍ മടിച്ചില്ല. തെളിവുകള്‍ ഒന്നും ചൂണ്ടിക്കാട്ടിയുമില്ല.
കോവിഡിനെ നിയന്ത്രണാധീനമാക്കുന്നതില്‍ ഇതിനകം ചൈന ഏറെക്കുറെ വിജയം നേടിക്കഴിഞ്ഞിട്ടുണ്ട്. എങ്കിലും, വൈറസ് ബാധയുടെ തുടക്കത്തില്‍ ചൈനീസ് അധികൃതര്‍ക്കു ഗുരുതരമായ വീഴ്ച പറ്റിയെന്ന ആരോപണം നിലനില്‍ക്കുന്നു. ന്യൂമോണിയയുടെ സ്വഭാവത്തിലുള്ള ഒരു അസാധാരണ രോഗം പടര്‍ന്നു .പിടിക്കുകയാണെന്നു വൂഹാന്‍ കേന്ദ്ര ആശുപത്രിയിലെ ഡോക്ടര്‍ ലി വെന്‍ ലിയാങ് 2019 ഡിസംബറില്‍തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു.
അതവര്‍ അവഗണിക്കുക മാത്രമല്ല, അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നു പറഞ്ഞ് അദ്ദേഹത്തെ ശാസിക്കുകയും ചെയ്തുവത്രേ. ഒട്ടേറെ കോവിഡ് രോഗികളെ ചികില്‍സിച്ച ഡോ. ലി ഒടുവില്‍ ഫെബ്രുവരിയില്‍ ആ രോഗത്തിനുതന്നെ ഇരയായി. വൂഹാനില്‍ ഉണ്ടായ പാളിച്ചകളെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച സാങ് സാന്‍ എന്ന അഭിഭാഷക കഴിഞ്ഞ വര്‍ഷം മേയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കുഴപ്പമുണ്ടാക്കാന്‍ മനഃപൂര്‍വം ശ്രമിച്ചുവെന്നതിന് കഴിഞ്ഞാഴ്ച ഒരു കോടതി അവരെ നാലു വര്‍ഷം തടവിനു ശിക്ഷിക്കുകയും ചെയ്തു.
മഹാമാരി ഇനിയും ഉണ്ടാകുന്നതു തടയാനും ഉണ്ടായാല്‍ മുളയില്‍ തന്നെ നുള്ളിക്കളയാനും നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള വ്യക്തമായ സ്ഥിതിവിവരക്കണക്കുകള്‍ അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തിലും ചൈന ഒളിച്ചുകളിക്കുകയാണെന്ന് ആരോപിക്കപ്പെടുന്നു.
ഉദാഹരണമായി, ഒരു കോടി 11 ലക്ഷം ജനങ്ങളുളള വൂഹാനില്‍ 50,354 പേര്‍ക്കു രോഗം ബാധിച്ചുവെന്നാണ് നേരത്തെ ചൈന അറിയിച്ചിരുന്നത്. എന്നാല്‍, അതിന്‍റെ പത്തു മടങ്ങ്, അതായത് അഞ്ചു ലക്ഷം പേര്‍ക്കു രോഗം ബാധിച്ചിരുന്നതായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ വിദഗ്ദ്ധ ശാസ്ത്രജ്ഞരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സംഘം വിശദമായ ആദ്യത്തെ അന്വേഷണത്തിനേുവേണ്ടി ചൈനയിലേക്കു പോകാന്‍ കാത്തിരിക്കുന്നത്.അതിന്‍റെ ഫലമറിയാന്‍ ലോകവും കാത്തിരിക്കുന്നു.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom - China’s Response to the COVID-19 Outbreak