ചാരന്മാരുടെ കഥ

Mail This Article
പുതുവര്‍ഷാരംഭത്തിനു രണ്ടു ദിവസംമുന്‍പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ടെല്‍അവീവിലെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത് ഒരു വിശിഷ്ടാതിഥിയെ വരവേല്‍ക്കാനായിരുന്നു. അമേരിക്കയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയ ആ യാത്രക്കാരന്‍ പക്ഷേ, ഏതെങ്കിലും രാജ്യത്തെ പ്രധാനമന്ത്രിയോ പ്രസിഡന്‍റോ ആയിരുന്നില്ല, ഇസ്രയേലിനുവേണ്ടി അമേരിക്കയില്‍ ചാരവൃത്തി നടത്തിയതിനു 30 വര്‍ഷം ജയിലില്‍ കിടന്ന ജോനതന്‍ പോളാര്‍ഡായിരുന്നു. നെതന്യാഹുവിനെപ്പോലുള്ളവരുടെ കണ്ണില്‍, ഇസ്രയേലിനുവേണ്ടി കനത്ത ത്യാഗംസഹിച്ചയാളാണ് ഈ അറുപത്താറുകാരന്‍.
അതിനു നാലു ദിവസംമുന്‍പാണ് ജോര്‍ജ് ബ്ളെയ്ക്ക് എന്ന മറ്റൊരു മുന്‍ചാരന്‍ റഷ്യയിലെ മോസ്ക്കോയില്‍ മരിച്ചത്. ബ്രിട്ടീഷ് ചാരനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ സോവിയറ്റ് യൂണിയനു വേണ്ടിയും ചാരപ്പണി നടത്തിയ ഡബിള്‍ ഏജന്‍റായിരുന്നു ബ്ളെയ്ക്ക്. പിടിയിലായെങ്കിലും തടവുചാടി മോസ്ക്കോയിലേക്കു രക്ഷപ്പെട്ടു. ആദ്യം സോവിയറ്റ് യൂണിയന്‍റെയും പിന്നീടു റഷ്യയുടെയും സംരക്ഷണത്തില്‍ അരനൂറ്റാണ്ടിലേറെ കഴിഞ്ഞശേഷം 98ാം വയസ്സിലായിരുന്നു മരണം. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമീര്‍ പുടിന്‍ ദുഃഖം പ്രകടിപ്പിക്കുകയും ബ്ളെയിക്കിന്‍റെ സേവനത്തെ പുകഴ്ത്തുകയും ചെയ്തു.

അങ്ങനെ, ഏതാണ്ട് ഒരേസമയത്തു രണ്ടു ചാരന്മാരുടെ കഥയാണ് ലോകത്തിന്‍റെ ഓര്‍മയിലേക്കു പെട്ടെന്നു കയറിവന്നത്. ബ്ളെയിക്കിന്‍റെ കഥ സ്വാഭാവികമായും അയാളുടെ കാലത്തെ മറ്റു ചില ബ്രിട്ടീഷ് ഡബിള്‍ ഏജന്‍റുമാരെക്കുറിച്ചുളള കഥകളിലേക്കും നീളുന്നു.
കിം ഫില്‍ബി, ഡോണള്‍ഡ് മക്ളീന്‍, ഗയ് ബര്‍ജസ്, ആന്‍റണി ബ്ളണ്ട്, ജോണ്‍ ക്രെയിണ്‍ക്രോസ് എന്നിവരായിരുന്നു ഇവര്‍. കേംബ്രിജ് ഫൈവ് എന്നറിയപ്പെട്ടിരുന്ന ഇവര്‍ കേംബ്രിജ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍തന്നെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും സോവിയറ്റ് യൂണിയന്‍റെ ആരാധകരാവുകയും ചെയ്തു. ബ്രിട്ടനുവേണ്ടി ചാരവൃത്തിനടത്തിക്കൊണ്ടിരിക്കേ സോവിയറ്റ് ചാരവിഭാഗമായ കെജിബിയുടെ ഏജന്‍റുമാരുമായി. പിടിയിലാകാറായപ്പോള്‍ മോസ്ക്കോയിലേക്കു രക്ഷപ്പെടുകയും ചെയതു.
പക്ഷേ, അതിനു മുന്‍പ്തന്നെ ബ്രിട്ടനിലെയും അമേരിക്കയിലെയും മറ്റു ചിലര്‍ പിടിയിലാവുകയുണ്ടായി. അമേരിക്കയിലെ ജൂലിയസ് റോസന്‍ബര്‍ഗിന്‍റെയും ഭാര്യ ഇതലിന്‍റെയും കഥ വധശിക്ഷയിലാണ് അവസാനിച്ചത്. അമേരിക്കയുടെ ആണവബോംബ് നിര്‍മാണ രഹസ്യങ്ങള്‍ സോവിയറ്റ് യൂണിയനു ചോര്‍ത്തിക്കൊടുത്തു എന്നതായിരുന്നു അവരുടെ പേരിലുള്ള കുറ്റം. അതുവരെ അമേരിക്ക ലോകത്തിലെ ഒരേയൊരു ആണവശക്തിയായിരുന്നു. റോസന്‍ബര്‍ഗ് ദമ്പതികള്‍ 1953ല്‍ വൈദ്യുതാഘാതത്തിലൂടെയുള്ള വധശിക്ഷയ്ക്കു വിധേയരായി.
അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങളും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം രൂക്ഷമാകാന്‍ തുടങ്ങിയ കാലമായിരുന്നു അത്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നശേഷം ശീതയുദ്ധം അവസാനിക്കുകയാണെന്നു കരുതിയിരുന്നുവെങ്കിലും റഷ്യയുമായുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മല്‍സരം പുതിയൊരു ശീതയുദ്ധമായി മാറുകയാണ് ചെയ്തത്.
എന്നാല്‍, യുഎസ്-ഇസ്രയേല്‍ ബന്ധം ഒരിക്കലും ആ വിധത്തിലായിരുന്നില്ല. ഇടയ്ക്കുണ്ടായിക്കൊണ്ടിരുന്ന ചില അസ്വാരസ്യങ്ങള്‍ ഒഴിച്ചാല്‍ ഈ ബന്ധം എന്നും സുദൃഡവും ഊഷ്മളവുമായിരുന്നു. തങ്ങളുടെ രക്ഷകരായിട്ടാണ് യുഎസ് ഭരണകൂടത്തെ ഇസ്രയേലികള്‍ കണ്ടിരുന്നതും.
അതിനാല്‍, അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ ഇസ്രയേലിനു ചോര്‍ത്തിക്കൊടുത്തുവെന്നതിന് 1985ല്‍ ജോനാതന്‍ പോളാര്‍ഡും ഭാര്യ ആനും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ അമ്പരന്നുപോയി. അമേരിക്കന്‍ നാവിക സേനയുടെ ഇന്‍റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു പോളാര്‍ഡ്. വാഷിങ്ടണിലെ ഇസ്രയേല്‍ എംബസ്സിയില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ട ഉടനെയായിരുന്നു അറസ്റ്റ്.
ആയിരക്കണക്കിനു രഹസ്യരേഖകള്‍ പോളാര്‍ഡ് ഇസ്രയേലിനു കൈമാറിയതു പണത്തിനു വേണ്ടിയാണെന്നായിരുന്നു ആരോപണം. അതേസമയംതന്നെ, അമേരിക്ക ചില രഹസ്യങ്ങള്‍ ഇസ്രയേലില്‍നിന്നു മറച്ചുപിടിക്കുന്നതു ന്യായമല്ലെന്ന അഭിപ്രായവും പോളാര്‍ഡിനെ പ്രേരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
്പോളാര്‍ഡ് കുറ്റം സമ്മതിച്ചു. വധശിക്ഷ നല്‍കണമെന്നുപോലും ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും 1987ല്‍ ജീവപര്യന്തം തടവിനാണ് ശിക്ഷിക്കപ്പെട്ടത്. റോസന്‍ബര്‍ഗ് ദമ്പതികളുടെ വധത്തിനുശേഷം ചാരവൃത്തിക്കേസില്‍ ഇത്രയും വലിയ ശിക്ഷ അമേരിക്കയില്‍ ആര്‍ക്കും നല്‍കപ്പെട്ടിരുന്നില്ല. പോളാര്‍ഡിന്‍റെ ഭാര്യ ആന്‍ ഹെന്‍ഡേഴ്സന്‍ അഞ്ചുവര്‍ഷം തടവിനും ശിക്ഷിക്കപ്പെട്ടു. മൂന്നു വര്‍ഷത്തിനുശേഷം ആന്‍ മോചിതയായി. അവരുടെ വിവാഹമോചനവും നടന്നു.
പോളാര്‍ഡിന്‍റെ മോചനത്തിനുവേണ്ടി തുടക്കം മുതല്‍ക്കേ ശ്രമിക്കുകയായിരുന്നു നെതന്യാഹു. അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റ് പോളാര്‍ഡിന് ഇസ്രയേലി പൗരത്വം നല്‍കുകയുമുണ്ടായി. ചോര്‍ത്തപ്പെട്ട യുഎസ് രഹസ്യ വിവരങ്ങള്‍ കാലക്രമത്തില്‍ ഔദ്യോഗിക മാര്‍ഗത്തിലൂടെതന്നെ അമേരിക്കയില്‍നിന്ന് ഇസ്രയേലിനു കിട്ടുമായിരുന്നു, ഇസ്രയേല്‍-യുഎസ് ബന്ധം അത്രയും ഗാഡമാണ്, അതിനാല്‍ പോളാര്‍ഡിന്‍റെ കുറ്റം ക്ഷമിക്കാവുന്നതേയുള്ള-ഇങ്ങനെയായിരുന്നു പോളാഡിനു വേണ്ടിയുള്ള വാദം.
പക്ഷേ, യുഎസ് ഇന്‍റലിജന്‍സ് വിഭാഗത്തില്‍നിന്നുതന്നെ ശക്തമായ എതിര്‍പ്പാണുണ്ടായത്. യുഎസ് രഹസ്യാന്വേഷണ സംവിധാനം എങ്ങനെയെല്ലാമാണ് പ്രവര്‍ത്തിക്കന്നതെന്ന വിവരം പോളാര്‍ഡിലൂടെ ചോര്‍ന്നു പോയെന്നും അതു ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ടാക്കിയെന്നുമായിരുന്നു അവരുടെ നിലപാട്.
എങ്കിലും, 30 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 2015ല്‍ പോളാര്‍ഡിനു പരോള്‍ ലഭിച്ചു. ന്യൂയോര്‍ക്ക് മേഖലയില്‍നിന്നു പുറത്തുപോകരുതെന്നും ഇന്‍റര്‍നെറ്റ് ഉപയോഗിക്കരുതെന്നും മാധ്യമങ്ങളോടു സംസാരിക്കരുതെന്നും നിബന്ധനകളുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തെ പരോള്‍ കഴിഞ്ഞതോടെ നാടുവിട്ടുപോകാന്‍ പോകാന്‍ അനുവദിക്കുകയും ചെയ്തു. നെതന്യാഹുവുമായുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സൗഹൃദവും ഇതില്‍ പങ്കുവഹിച്ചു.
അങ്ങനെയാണ് പോളാര്‍ഡ് കാന്‍സര്‍ രോഗിയായ രണ്ടാം ഭാര്യ എസ്തറിനോടൊപ്പം ഇക്കഴിഞ്ഞ ഡിസംബര്‍ 30നു ടെല്‍അവീവില്‍ എത്തിയത്. നെതന്യാഹുവിന്‍റെയും ട്രംപിന്‍റെയും സുഹൃത്തായ ശതകോടീശ്വരന്‍ ഷെഡല്‍ഡന്‍ ആഡല്‍സന്‍ വിട്ടുകൊടുത്ത പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.

ബ്രിട്ടീഷ് ഇരട്ടച്ചാരന്മാരായിരുന്ന ജോര്‍ജ് ബ്ളെയക്കും കിം ഫില്‍ബി ഉള്‍പ്പെടുന്ന കേംബ്രിജ് സംഘവും പാശ്ചാത്യ ലോകത്തിന് വരുത്തിവച്ച കെടുതികള്‍ അതിഭീമമായിരുന്നു. രാജ്യസുരക്ഷാ സംബന്ധമായ സുപ്രധാന രഹസ്യങ്ങള്‍ അവരിലൂടെ സോവിയറ്റ് യൂണിയനു ചോര്‍ത്തിക്കിട്ടുകമാത്രമല്ല ചെയ്തത്. പാശ്ചാത്യ രാജ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന ഒട്ടേറെ ഏജന്‍റുമാരെ വധിക്കാന്‍ സോവിയറ്റ് ചാരന്മാര്‍ക്ക് അതിലൂടെ വഴിതുറന്നു കിട്ടുകയും ചെയ്തു.
ബ്ളെയ്ക്ക് ആദ്യം ബ്രിട്ടീഷ് നാവികസേനയിലായിരുന്നു. 1944ല്‍ സീക്രട്ട് ഇന്‍റലിജന്‍സ് സര്‍വീസില്‍ ചേര്‍ന്നു. ഉത്തര കൊറിയയെയും ചൈനയെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനായി ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ, സോളിലേക്കു നിയോഗിക്കപ്പെട്ടു. കൊറിയന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെവച്ച് ഉത്തര കൊറിയന്‍ പട്ടാളത്തിന്‍റെ തടവിലായി.
കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും സോവിയറ്റ് യൂണിയന്‍റെ ആരാധകാനാകാന്‍ തുടങ്ങുകയും ചെയ്തത് അതിനെ തുടര്‍ന്നായിരുന്നു. 1953ല്‍ മോചിതനായ ശേഷം ബ്രിട്ടനില്‍ തിരിച്ചെത്തി. തുടര്‍ന്നു സോവിയറ്റ് ചാരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ജര്‍മനിയിലെ ബര്‍ലിനില്‍ നിയോഗിക്കപ്പെട്ടപ്പോള്‍ ബ്രിട്ടന്‍റെയും അമേരിക്കയുടെയും ചാരവൃത്തിയെ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ സോവിയറ്റ് യൂണിയനു ചോര്‍ത്തിക്കൊടുക്കാനും തുടങ്ങി.
ആറു വര്‍ഷത്തിനുശേഷം ബ്ളെയിക്കിന്‍റെ കള്ളി പുറത്താവുകയും അറസ്റ്റിലാവുകയും ചെയ്തു. 42 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടുവെങ്കിലും 1966ല്‍ ജയില്‍ ചാടി ബെര്‍ലിനില്‍ എത്തി. അവിടെനിന്നു സോവിയറ്റ് യൂണിയനിലേക്കു രക്ഷപ്പെട്ടു.

ബ്ളെയിക്കിനെയും ഫില്‍ബിയെയും പോലുള്ളവര്‍ക്ക് സോവിയറ്റ് യൂണിയനില്‍ സര്‍വ സുഖസൗകര്യങ്ങളോടും കൂടിയ സംരക്ഷണമാണ് ലഭിച്ചത്. അതോടെ അവരുടെ കഥയ്ക്കു തിരശ്ശീല വീണു. എന്നാല്‍, ജോനതന്‍ പോളാര്‍ഡിന്‍റെ കഥയുടെ രണ്ടാം ഭാഗം തുടങ്ങിയതേയുള്ളൂവെന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലിനുവേണ്ടി ത്യാഗം സഹിച്ചതിന്‍റെ പരിവേഷമുള്ള പോളാര്‍ഡിനെ സ്വന്തമാക്കാന്‍ ആ രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ മല്‍സരിക്കുന്നുവെന്നാണ് സൂചനകള്‍.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom - Israel gives hero's welcome to American spy Jonathan Pollard