ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസിന്‍റെ പടിയിറങ്ങാന്‍ ഒരാഴ്ചയും ചില ദിവസങ്ങളും മാത്രമേ ഇനി ബാക്കിയുള്ളൂ. അത്രയും കാലംപോലും അദ്ദേഹം പ്രസിഡന്‍റായി തുടരുന്നത് രാജ്യത്തിന് ആപത്താണെന്ന ഭീതിയിലാണ് ഇപ്പോള്‍ അമേരിക്കയിലെ പലരും. കാത്തുനില്‍ക്കാതെ അദ്ദേഹത്തെ അധികാരത്തില്‍നിന്നു നീക്കം ചെയ്യാനുള്ള ആലോചനകളും നടന്നുവരുന്നു.
അയോഗ്യനെന്നു കരുതപ്പെടുന്ന പ്രസിഡന്‍റിനെ പുറത്താക്കാന്‍ ഭരണഘടനയില്‍ വകുപ്പുണ്ടത്രേ. പ്രതിനിധിസഭ ഒരിക്കല്‍ ഇംപീച്ച് (കുറ്റവിചാരണ) ചെയ്യുകയും സെനറ്റ് വിട്ടയക്കുകയും ചെയത ട്രംപിനെ വീണ്ടും ഇംപീച്ച്ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, അതിനൊന്നും സമയം ഇനി ബാക്കിയില്ല. ്അതേസമയം, രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ട്രംപിന്‍റെ ഭരണം എത്രയുംവേഗം അവസാനിച്ചു കാണാന്‍ അമേരിക്കയിലെ ജനങ്ങളില്‍ വലിയൊരു ഭാഗം ആഗ്രഹിക്കുന്നുവെന്ന വസ്തുത അവശേഷിക്കുന്നു.
പാര്‍ലമെന്‍റ് (കോണ്‍ഗ്രസ്) മന്ദിരം സ്ഥിതിചെയ്യുന്ന ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് ഇക്കഴിഞ്ഞ ബുധനാഴ്ച (ജനുവരി ആറ്) ട്രംപിന്‍റെ അനുയായികള്‍ ഇരച്ചുകയറുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് ഈ സംഭവവികാസം. ജനക്കൂട്ടത്തെ ഇളക്കിവിട്ടത് ട്രംപിന്‍റെ പ്രകോപനപരമായ പ്രസംഗങ്ങളായിരുന്നു. നവംബര്‍ മൂന്നിനു നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ തോല്‍വി വിജയമാക്കി മാറ്റാന്‍ അദ്ദേഹം നടത്തിയ വിഫല ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ പ്രസംഗങ്ങള്‍. ട്രംപിന്‍റെ വാക്കുകളിലെ പ്രകോപന സ്വഭാവം കാരണം ട്വിറ്ററും ഫെയിസ്ബുക്കും അദ്ദേഹത്തിന്‍റെ എക്കൗണ്ടുകള്‍ മരവിപ്പിക്കുകയുമുണ്ടായി.
ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അഴിഞ്ഞാട്ടത്തെ രാജ്യദ്രോഹം, അരാജകത്വം, ആഭ്യന്തര ഭീകരാക്രമണം എന്നിങ്ങനെയാണ് യുഎസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ജനുവരി 20നു നടക്കുന്ന അധികാരക്കൈമാറ്റം സുഗമമാക്കുമെന്നു പറയാന്‍ പിന്നീട് ട്രംപ് നിര്‍ബന്ധിതനായി. എന്നിട്ടും, തിരഞ്ഞെടുപ്പിലെ തോല്‍വി അദ്ദേഹം സമ്മതിച്ചിട്ടില്ല.
ഭരണത്തില്‍ തുടരാന്‍ അര്‍ഹനോ പ്രാപ്തനോ അല്ലാതായെന്നു കരുതപ്പെടുന്ന പ്രസിഡന്‍റിനെ ഉടന്‍ നീക്കംചെയ്യാന്‍ യുഎസ് ഭരണഘടനയില്‍ വ്യവസ്ഥയുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 25ാം ഭേദഗതി എന്നറിയപ്പെടുന്ന ഈ വ്യവസ്ഥയനുസരിച്ച് ക്യാബിനറ്റ് അംഗങ്ങള്‍ വൈസ്പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ സമ്മേളിച്ച് പ്രമേയം പാസ്സാക്കേണ്ട ആവശ്യമേയുള്ളൂ. തുടര്‍ന്നുണ്ടാകുന്ന ഒഴിവില്‍ പ്രസിഡന്‍റിന്‍റെ പദവി വഹിക്കേണ്ടതു വൈസ്പ്രസിഡന്‍റായിരിക്കും.
നിലവിലുള്ള വൈസ്പ്രസിഡന്‍റ് മൈക്ക് പെന്‍സ് അതിനു സമ്മതിക്കുമോ എന്നു സംശയമുണ്ടായിരുന്നുവെങ്കിലും ബുധനാഴ്ചയിലെ സംഭവങ്ങളോടെ അതിനു മാറ്റമുണ്ടായിട്ടുണ്ട്. ഏതു കാര്യത്തിലും ട്രംപിനെ അക്ഷരംപ്രതി അനുസരിച്ചിരുന്ന പെന്‍സ് ഇനിയും അതിനു തയാറല്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ട്രംപിന്‍റെ ക്യാബിനറ്റിലെ മറ്റു പലരും കടുത്ത അസംതൃപ്തിയിലാണത്രേ. ചിലര്‍ രാജിവയ്ക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.
നവംബര്‍ മൂന്നിനു നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ഇലക്ടറല്‍ വോട്ടുകള്‍ അംഗീകരിക്കാനും വിജയിയെ പ്രഖ്യാപിക്കാനുമായി ബുധനാഴ്ച കോണ്‍ഗ്രസിന്‍റെ ഇരു സഭകളുടെയും സംയുക്ത യോഗം ചേര്‍ന്നതു പെന്‍സിന്‍റെ അധ്യക്ഷതയിലായിരുന്നു. സെനറ്റ് യോഗത്തിലെന്നപോലെ സെനറ്റിന്‍റെയും പ്രതിനിധി സഭയുടെയും സംയുക്തയോഗത്തിലും വൈസ്പ്രസിഡന്‍റാണ് അധ്യക്ഷത വഹിക്കുക.
എതിര്‍സ്ഥാനാര്‍ഥിയായ ജോ ബൈഡനും ട്രംപിനും കിട്ടിയ ജനകീയ വോട്ടുകള്‍ എട്ടുകോടി 12 ലക്ഷം, ഏഴുകോടി 42 ലക്ഷം എന്നിങ്ങനെയും ഇലക്ടറല്‍ വോട്ടുകള്‍ 306, 232 എന്നിങ്ങനെയുമായിരുന്നു. വ്യാപകമായ തോതില്‍ കള്ളവോട്ടുകള്‍ നടന്നതായി കരുതുന്നതിനാല്‍ ഇലക്ടറല്‍ വോട്ടുകള്‍ക്കു കോണ്‍ഗ്രസ് അംഗീകാരം നല്‍കുന്നതു തടയണമെുന്നായിരുന്നു പെന്‍സിനു ട്രംപ് നല്‍കിയിരുന്ന നിര്‍ദേശം. പക്ഷേ, തനിക്കതിന് അധികാരമില്ലെന്നു പറഞ്ഞ് പെന്‍സ് വിസമ്മതിച്ചു. ട്രംപ് പിണങ്ങി.
ക്യാപിറ്റോള്‍ കെട്ടിടം ട്രംപ് അനുകൂലികള്‍ കൈയേറുകയും അഴിഞ്ഞാടുകയും ചെയ്തിനെ പെന്‍സ് രൂക്ഷമായി വിമര്‍ശിച്ചു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ മറ്റു ചില പ്രമുഖ നേതാക്കളും ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. ജീവിച്ചിരിപ്പുള്ള ഒരേയൊരു റിപ്പബ്ളിക്കന്‍ പ്രസിഡന്‍റായ ജോര്‍ജ് ഡബ്ളിയു. ബുഷും ഇവരില്‍ ഉള്‍പ്പെടുന്നു.
മറ്റു രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് തര്‍ക്കങ്ങള്‍ തെരുവിലിറങ്ങുമ്പോഴെല്ലാം അതിനെ അപലപിക്കാൻ തിടുക്കം കാട്ടാറുളള രാജ്യമാണ് അമേരിക്ക. ക്യാപിറ്റോള്‍ സംഭവത്തോടെ അമേരിക്കയ്ക്ക് അതിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റതു ബൈഡന്‍റെ ഡമോക്രാറ്റിക് പാര്‍ട്ടി സംഘടിപ്പിച്ച കള്ളവോട്ടുകള്‍ മൂലമാണെന്ന വാദവുമായി സുപ്രീം കോടതി ഉള്‍പ്പെടെ പല കോടതികളെയും ട്രംപ് സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. അവസാനത്തെ അടവായിരുന്നു അദ്ദേഹത്തിന്‍റെ അനുയായികള്‍ പാര്‍ലമെന്‍റിനകത്തു നടത്തിയ വിളയാട്ടം.
ഇലക്ടറല്‍ വോട്ടുകള്‍ എണ്ണിനോക്കി ഫലം പ്രഖ്യാപിക്കാനായി ചേര്‍ന്നതായിരുന്നു പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം. കുഴപ്പങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആള്‍ക്കൂട്ടത്തിലെ നാലുപേര്‍ മരിച്ചു. പരുക്കേറ്റ ഒരു പൊലീസുകാരന്‍ രണ്ടു ദിവസത്തിനുശേഷവും മരിച്ചു. സമ്മേളനം നിര്‍ത്തിവയ്ക്കേണ്ടിവരികയുണ്ടായി. പാര്‍ലമെന്‍റ് അംഗങ്ങള്‍ ഓടിയൊളിക്കുകയോ ഡസ്ക്കുകള്‍ക്കടിയില്‍ അഭയം പ്രാപിക്കുകയോ ചെയ്തു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം സമ്മേളനം വീണ്ടും ചേര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഫലപ്രഖ്യാപനം.
നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ അധികാരാരോഹണമാണ് ഇനി നടക്കാനുള്ളത്. ജനുവരി 20 നു നടക്കുന്ന അതു താന്‍ സുഗമമാക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അനിഷ്ട സംഭവമൊന്നും ഉണ്ടാകില്ലെന്നു തീര്‍ത്തുപറയാന്‍ ആര്‍ക്കും ധൈര്യമില്ല. പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ മുന്‍പ്രസിഡന്‍റുമാര്‍ സംബന്ധിക്കുന്ന പതിവുണ്ട്. ബൈഡന്‍റെ ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നു ജോര്‍ജ് ബുഷ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, താന്‍ പങ്കെടുക്കുമോ എന്നു ട്രംപ് വ്യക്തമാക്കിയിട്ടില്ല.
ട്രംപ് അനുകൂലികളുടെ ക്യാപിറ്റോള്‍ ആക്രമണത്തിന്‍റെ തലേന്നുതന്നെ ട്രംപിനും റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കും മറ്റൊരു നാണക്കേടും അനുഭവിക്കേണ്ടിവന്നു. ജോര്‍ജിയ സംസ്ഥാനത്തെ രണ്ടു സെനറ്റ് സീറ്റുകളും അവര്‍ക്കു നഷ്ടപ്പെട്ടു. അതോടെ സെനറ്റിലെ റിപ്പബ്ളിക്കന്‍-ഡമോക്രാറ്റ് സീറ്റ്നില 50-50 ആയെങ്കിലും ഫലത്തില്‍ സെനറ്റിന്‍റെ നിയന്ത്രണം ഡമോക്രാറ്റുകളുടെ കൈകളിലെത്തുകയാണ്.

ജോര്‍ജിയയിലെ സെനറ്റ് സീറ്റുകളിലേക്കു തിരഞ്ഞെടുക്കപ്പെടാന്‍ സ്ഥാനാര്‍ഥികള്‍ 50 ശതമാനത്തിലേറെ വോട്ടു നേടിയിരിക്കണം. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബര്‍ മൂന്നിനു നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ അവിടെ ഒരു സ്ഥാനാര്‍ഥിക്കും അത്രയും വോട്ടു കിട്ടിയിരുന്നില്ല. അതിനാല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജനുവരി അഞ്ച്) വീണ്ടും തിരഞ്ഞെടുപ്പ നടന്നു. ഡമോക്രാറ്റിക് പാര്‍ട്ടിക്കാരായ റാഫേല്‍ വാണോക്കും ജോന്‍ ഒസ്സോഫും വിജയം നേടുകയും ചെയ്തു.
കോണ്‍ഗ്രസ്സിന്‍റെ അധോസഭയായ പ്രതിനിധി സഭയിലെ മുഴുവന്‍ (435) സീറ്റുകളിലേക്കും ഉപരിസഭയായ സെനറ്റിലെ 100ല്‍ മൂന്നിലൊന്നു സീറ്റുകളിലേക്കും രണ്ടു വര്‍ഷം കൂടമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നു. ഇത്തവണ സെനറ്റിലെ 35 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പ്രതിനിധിസഭയില്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും ഡമോക്രാറ്റിക് പാര്‍ട്ടിക്കു ഭീരിപക്ഷം നിലനിര്‍ത്താനായി. ജോര്‍ജിയയിലെ രണ്ടു സീറ്റുകളിലെയും വിജയത്തോടെ സെനറ്റില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് ഒപ്പമെത്തുകയും ചെയ്തു. മാത്രമല്ല, സെനറ്റില്‍ അധ്യക്ഷത വഹിക്കുന്നത് വൈസ്പ്രസിഡന്‍റായതിനാല്‍ ഇത്തവണ അതിന്‍റെ ആനുകൂല്യവും ഡമോകാറ്റിക് പാര്‍ട്ടിക്കു ലഭിക്കുന്നു.
പുതിയ വൈസ്പ്രസിഡന്‍റ് കമല ഹാരിസ് ഡമോക്രാറ്റിക് പാര്‍ട്ടിക്കാരിയാണ്. സെനറ്റില്‍ ഏതെങ്കിലും പ്രശ്നത്തില്‍ വോട്ടുകള്‍ തുല്യമാകുമ്പോള്‍ അധ്യക്ഷയ്ക്കു കാസ്റ്റിങ് വോട്ടുചെയ്യാം. പ്രസിഡന്‍റ് ബറാക് ഒബാമയുടെ കീഴില്‍ വൈസ്പ്രസിഡന്‍റായിരുന്ന ജോ ബൈഡനു സെനറ്റ് അധ്യക്ഷനെന്ന നിലയില്‍ ഒരിക്കലും കാസ്റ്റിങ് വോട്ട് ചെയ്യേണ്ടിവന്നിരുന്നില്ല. എന്നാല്‍, നിലവിലുള്ള വൈസ്പ്രസിഡന്‍റ് മൈക്ക് പെന്‍സ് തന്‍റെ പാര്‍ട്ടിക്ക് അനുകൂലമായി 13 തവണ വോട്ട് ചെയ്തു. പ്രസിഡന്‍റ് ബൈഡന്‍റെ നയപരിപാടികള്‍ക്കു സെനറ്റില്‍ എതിര്‍പ്പുണ്ടായാല്‍ രക്ഷയ്ക്കെത്താന്‍ കമലയുണ്ടായിരിക്കും.
ചുരുക്കത്തില്‍, വൈറ്റ്ഹൗസ് മാത്രമല്ല, കോണ്‍ഗ്രസ്സിന്‍റെ ഇരു സഭകളും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാവുകയാണ്. ഡോണള്‍ഡ് ട്രംപിന്‍റെ വാക്കുകളും ചെയ്തികളുമാണ് അതിന് അവരെ സഹായിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom- Donald Trump supporters storm capitol