'ആയിരത്തൊന്നു രാവുകള്‍' എന്ന പുരാതന അറബിക്കഥാ സമാഹാരത്തിലെ പ്രസിദ്ധമായ ഒരു കഥയാണ് 'ആലിബാബയും നാല്‍പതു കള്ളന്മാരും'. ആലിബാബയെന്ന പാവപ്പെട്ട മരംവെട്ടുകാരന്‍ കാട്ടില്‍ ഒരു തസ്ക്കരസംഘം തങ്ങളുടെ കളവുമുതലുകള്‍ ഒളിപ്പിച്ചുവയ്ക്കുന്ന ഗുഹ കണ്ടെത്തുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് കഥയിലെ പ്രതിപാദ്യം.
ഈ കഥയുമായി ചൈനയ്ക്ക് ഒരു ബന്ധവുമില്ല. എങ്കിലും, 21 വര്‍ഷംമുന്‍പ് മാ യുന്‍ എന്ന ചൈനീസ് യുവാവ് ചില കൂട്ടുകാരുമായി കൂടിച്ചേര്‍ന്നു ചെറിയൊരു ബിസിനസ് തുടങ്ങിയപ്പോള്‍ അതിനിട്ട പേര് ആലിബാബയെന്നാണ്. എല്ലാവര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാനും ഓര്‍മിക്കാനും കഴിയുന്നതും കൗതുകം ജനിപ്പിക്കുന്നതുമായ ലളിതമായ പേര് എന്നതായിരുന്നു അതില്‍ മാ കണ്ട സവിശേഷത. ചൈനയില്‍ മാത്രമല്ല, ലോകമൊട്ടുക്കും അതൊരു ഭാഗ്യമുദ്രയായി അറിയപ്പെട്ടു.
ആലിബാബയും അതിന്‍റെ നിയന്ത്രണത്തിലുള്ള കമ്പനികളും ചേര്‍ന്നു ചൈനയിലെ ഏറ്റവും വലിയ ടെക്നോളജി ബിസിനസ് സാമ്രാജ്യമായി വളര്‍ന്നു. മാ യുന്‍ ചൈനയിലെ ഏറ്റവും വലിയ പണക്കാരനായി. അതിനിടയില്‍ അദ്ദേഹത്തിന്‍റെ പേരിലും മാറ്റംവരികയും ജാക്ക് മാ എന്നറിയപ്പെടാന്‍ തുടങ്ങുകയും ചെയതു.
പ്രസിഡന്‍റ് ഷി ചിന്‍പിങ് കഴിഞ്ഞാല്‍ രാജ്യത്തിനു പുറത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ചൈനക്കാരനാണ് ഇപ്പോള്‍ ഈ കുറിയ അമ്പത്തിയാറുകാരന്‍. ഭംഗിയായി ഇംഗ്ളീഷ് സംസാരിക്കുകയും ടെലിവിഷന്‍ പരിപാടികളിലും ബിസിനസ് സമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്തുകൊണ്ട് രാജ്യാന്തര മാധ്യമങ്ങളില്‍ പലപ്പോഴും നിറഞ്ഞുനിന്നു. 2017ല്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച മാ അമേരിക്കയില്‍ പത്തു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ താന്‍ സഹായിക്കാമെന്നു പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു.
പക്ഷേ, മായെപ്പെറ്റി കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഒരുവിവരമവുമില്ല. ഈ കാലയളവില്‍ ആരും അദ്ദേഹത്തെ പൊതുരംഗത്തു കണ്ടിട്ടില്ല. സാമൂഹികമാധ്യമങ്ങളില്‍നിന്നും അദ്ദേഹം അപ്രത്യക്ഷനായി. ആഫ്രിക്കന്‍ ബിസിനസ് രംഗത്തെ പുതിയ പ്രതിഭകളെക്കുറിച്ചുള്ള 'ആഫ്രിക്കന്‍ ബിസിനസ് ഹീറോസ്'എന്ന തന്‍റെ സ്വന്തം ടെലിവിഷന്‍ പരിപാടിയുടെ അവസാന എപ്പിസോഡില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ ആദ്യത്തില്‍ ജഡ്ജിയായി പങ്കെടുക്കേണ്ടതായിരുന്നു. പക്ഷേ, എത്തിയില്ല. പകരം പങ്കെടുത്തത് ആലിബാബ കമ്പനി ഗ്രൂപ്പിലെതന്നെ മറ്റൊരു പ്രമുഖനാണ്.
വേറൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടിവന്നതിനാല്‍ എത്താനായില്ലെന്നായിരുന്നു മായ്ക്കുവേണ്ടി നല്‍കപ്പെട്ട വിശദീകരണം. എന്നാല്‍ അദ്ദേഹം എവിടെയാണുള്ളതെന്നും എന്തു ചെയ്യുന്നുവെന്നുമുള്ള കാര്യങ്ങളെപ്പറ്റി ഒരു വിശദീകരണവും ആരില്‍നിന്നും ഇതുവരെയുണ്ടായിട്ടില്ല. അതിനാല്‍ അഭ്യൂഹങ്ങളുടെയും കിംവദന്തികളുടെയും ചാകരയാണിപ്പോള്‍.
കോവിഡ് രോഗം ബാധിച്ചതിനാല്‍ സ്വയം അകന്നുനില്‍ക്കുകയാണെന്നായിരുന്നുതുടക്കത്തിലുണ്ടായ അഭ്യൂഹം. പക്ഷേ, രോഗം രഹസ്യമായി വയ്ക്കേണ്ട കാര്യമല്ല.അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലോ വീട്ടുതടങ്ങലിലോ കഴിയുകയാണെന്ന കിംവദന്തികളുമുണ്ടായി. ബെയ്ജിങ്ങിലെ ഭരണകൂടത്തിന്‍റെ, വിശേഷിച്ച് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങിന്‍റെ അപ്രീതി സമ്പാദിച്ചതാണ് അതിനു കാരണമെന്ന നിഗമനങ്ങളുംപരന്നു.
ചൈനയിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രവും വാണിജ്യ തലസ്ഥാനവുമായ ഷാങ്ഹായില്‍ ഒക്ടോബര്‍ 24നു നടന്ന ബിസിനസ് ഉച്ചകോടിയില്‍ ജാക്ക് മാ ഒരു പ്രാസംഗികനായിരുന്നു. പതിവുപോലെ അദ്ദേഹം പ്രസിഡന്‍റ് ഷിയെയും അദ്ദേഹത്തിന്‍റെ നയപരിപാടികളെയും പുകഴ്ത്തി. അതോടൊപ്പം, ബിസിനസ് രംഗത്തു നടന്നുവരുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തുവത്രേ.
ബിസിനസ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ഔദ്യോഗിക സ്ഥാനപങ്ങള്‍ പഴഞ്ചനും നിഷേധാത്മകവുമായ സമീപനം വച്ചുപുലര്‍ത്തുകയാണെന്നും അതു കാരണം പുതിയ ആശയങ്ങള്‍ക്കു വളരാന്‍ കഴിയുന്നില്ലെന്നുമായിരുന്നു മുഖ്യപരാതി. ഗവണ്‍മെന്‍റ് ഉടസ്ഥതയിലുള്ള ബാങ്കുകളില്‍ നിന്നു ബിസിനസുകാര്‍ക്കു പ്രതീക്ഷിക്കുന്ന വിധത്തിലുള്ള സഹായം കിട്ടുന്നില്ലെന്നും ജാക്ക് മാ കുറ്റപ്പെടുത്തി. ചൈനീസ് വൈസ് പ്രസിഡന്‍റും പ്രസിഡന്‍റ്ഷിയുടെ വലംകൈയുമായ വാങ് ഖിഷാനും അപ്പോള്‍ സ്റ്റേജിലുണ്ടായിയിരുന്നു.
ഒരാഴ്ചയ്ക്കുശേഷം, ബിസിനസ് പ്രവര്‍ത്തന നിയന്ത്രണവുമായി ബന്ധമുള്ള മേലധികാരികളുടെ മുന്‍പാകെ ഹാജരാകാന്‍ മായ്ക്കു നിര്‍ദേശം ലഭിച്ചു. താമസംവിനാ കര്‍ശനമായ മറ്റൊരു നടപടിയുണ്ടായി. ആലിബാബ ഗ്രൂപ്പിലെ ആന്‍റ് എന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിക്ക് 37 ശതകോടി ഡോളറിന്‍റെ ഓഹരികള്‍ വില്‍ക്കാന്‍ ഗവണ്‍മെന്‍റ് അനുമതി നല്‍കിയിരുന്നു. അതു റദ്ദായി. ആലിബാബ ഗ്രൂപ്പിലെ കമ്പനികളുടെ ഓഹരിവില ഇതോടെ 25 ശതമാനംവരെ കുറഞ്ഞു. ഈ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷണം നടന്നുവരികയാണെന്നുംഅവ ദേശസാല്‍ക്കരിക്കാന്‍ ഗവണ്‍മെന്‍റ് ഉദ്ദേശിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്.

ചൈനയിലെ ഏറ്റവും വലിയ സമ്പന്നനാണെങ്കിലും ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗവുമാണ് മാ. ലോകത്തെ ഏറ്റവും വലിയ 500 പണക്കാരില്‍ 38 പേര്‍ ചൈനയിലാണെന്നാണ് കണക്ക്. ഇവരില്‍ പലരും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവരാണ്. ചൈനയെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയാക്കുന്നതില്‍ ഇവര്‍ വഹിച്ച പങ്കിനെ പാര്‍ട്ടി അംഗീകരിക്കുന്നു. അതിനാല്‍ പാര്‍്ട്ടിയില്‍ ചേരാന്‍ മുതലാളിത്തം ഉപേക്ഷിക്കണമെന്നില്ല. പക്ഷേ, അതിരുകള്‍ ലംഘിച്ചാല്‍ ചുവപ്പുകൊടി കാണേണ്ടിവരും.
പല കാരണങ്ങളാല്‍ പാര്‍ട്ടിയുടെയും ഗവണ്‍മെന്‍റിന്‍റെ അപ്രീതിക്കിരയായ മുതലാളിമാര്‍ ചൈനയിലുണ്ട്. അവരില്‍ ഒരാളാണ് മുന്‍പ് ഏറ്റവും വലിയ ചൈനീസ് പണക്കാരനായി അറിയപ്പെട്ടിരുന്ന ഹുവാങ് ഗ്വാങ്‌യു. പത്തു വര്‍ഷം മുന്‍പ് അഴിമതിക്കേസില്‍ പ്രതിയായി 14 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. അടുത്തുതന്നെ വിട്ടയക്കപ്പെടാനിടയുണ്ടെന്നും സൂചനകളുണ്ട്.
ഗുവോ ഗ്വാങ്ചാങ് എന്ന കോടീശ്വരന്‍ 2015ല്‍ ഏതാനും ദിവസം പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായതും അഭ്യൂഹങ്ങള്‍ക്കു കാരണമായിരുന്നു. അഴിമതിക്കേസില്‍ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നു പിന്നീടു വെളിപ്പെട്ടു. ഗുവോ തിരിച്ചെത്തുകയും ചെയ്തു. അഴിമതിയാരോപണങ്ങള്‍ പലപ്പോഴും പാര്‍ട്ടിയുടെയും ഗവണ്‍മെന്‍റിന്‍റെയും അപ്രീതി സമ്പാദിച്ചവരെ ഒതുക്കാനുള്ളഉപകരണവും ആകാറുണ്ട്.
റെന്‍ ഷിച്ചിയാങ് എന്ന റിയല്‍ എസ്റ്റേറ്റ് പ്രമാണി കഴിഞ്ഞ വര്‍ഷം അറസ്റ്റിലായത് കോവിഡ് മഹാമാരിയുടെ നേരെയുള്ള അധികൃതരുടെ സമീപനത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു. 18 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. പക്ഷേ, ഈ സംഭവങ്ങളൊന്നും ചൈനയ്ക്കു പുറത്തു ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കാരണം അവരൊന്നും ജാക്ക് മായെപ്പോലെ രാജ്യാന്തര പ്രശസ്തരല്ല എന്നതുതന്നെ.
അസാധാരണവും ബിസിനസ് സംഭരാകാന്‍ ആഗ്രഹിക്കുന്നവരെ പ്രചോദനം കൊളളിക്കുന്നതുമാണ് ജാക്ക് മായുടെ കഥ. ദക്ഷിണ ചൈനയിലെ തീരപ്രദേശ നഗരമായ ഹാങ്സൂവിലെ ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു ജനനം. പഠിത്തത്തില്‍ മിടുക്കനായിരുന്നില്ല. പല ജോലികള്‍ക്കും അപേക്ഷിച്ചുവെങ്കിലും തിരസ്ക്കരിക്കപ്പെടുകയായിരുന്നു.
പില്‍ക്കാലത്ത് അമേരിക്കയിലെ ഹാവാഡ് ബിസിനസ് സ്കൂളില്‍ പ്രവേശനം കിട്ടാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തത് പത്തു തവണയാണ്. 2016ല്‍ ഡേവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ജാക്ക് മാതന്നെ വെളിപ്പെടുത്തിയതാണിത്. പക്ഷേ, ചുറുചുറുക്കിലും ആത്മവിശ്വാസത്തിലും സ്ഥിരോല്‍സാഹത്തിലും ആരുടെയും പിന്നിലായിരുന്നില്ല. ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും ചെറുപ്പംമുതല്‍ക്കേ തലയിലുണ്ടായിരുന്നു.
സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കണമെങ്കില്‍ ഇംഗ്ളിഷ് സംസാരിക്കാനുള്ള കഴിവ്അത്യാവശ്യമാണെന്നു നേരത്തെതന്നെ മനസ്സിലാക്കി. രാവിലെതന്നെ സൈക്കിളില്‍ ദൂരെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിലേക്കു പോകും. അവിടെയുള്ള വിദേശ ടൂറിസ്റ്റുകള്‍ക്കു സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കും. അതിനവര്‍ പ്രതിഫലം നല്‍കേണ്ടതില്ല. താന്‍ ഇംഗ്ളിഷ് സംസാരിക്കുമ്പോള്‍ വരുന്ന തെറ്റുകള്‍ തിരുത്തിക്കൊടുത്താല്‍ മതിയായിരുന്നു. അവരില്‍ ചിലര്‍ ജാക്ക് എന്നു വിളിക്കാനും തുടങ്ങി. അങ്ങനെയാണ് മാ യുന്‍ എന്ന ചൈനീസ് പേരു പരിഷ്ക്കരിച്ച് ആംഗല രീതിയില്‍ ജാക്ക് മാ ആയത്.
ഇംഗ്ളിഷില്‍ ബിരുദം നേടിയ ശേഷം കുറച്ചുകാലം ഇംഗ്ളിഷ് അധ്യാപകനായി ജോലി ചെയ്തു. ഒരു ടൂറിസ്റ്റിന്‍റെ കൂടെ ഓസ്ട്രേലിയയിലേക്കു പോയി. പിന്നീട് അമേരിക്കയിലുമെത്തി. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ചൈനയില്‍ പുതിയൊരു ബിസിനസ് പടുത്തുയര്‍ത്താനുള്ള ആഗ്രഹം മനസ്സില്‍ അങ്കുകരിക്കുകയും ചെയതത് അവിടെ വച്ചായിരുന്നു.

ഹാങ്സൂവിലെ തന്‍റെ ഒറ്റ ബെഡ്റൂം ഫ്ളാറ്റില്‍ 1993ല്‍ മുപ്പത്തഞ്ചാം വയസ്സില്‍ ജാക്ക് മാ ആലിബാബ കമ്പനിക്കു തുടക്കമിട്ടു. മൂലധനം 60,000 ഡോളര്‍. പാര്‍ട്ണര്‍മാര്‍ 17 പേര്‍. ഇപ്പോള്‍ ആലിബാബ ഗ്രൂപ്പിന്‍റെ മൊത്തം ആസ്തി 500 ശതകോടി ഡോളര്‍.വിവിധ കമ്പനികളിലായി ഒരു ലക്ഷത്തിലേറെ പേര്‍ ജോലി ചെയ്യുന്നു. ഇന്‍റര്‍നെറ്റ് മുഖേനയുള്ള ക്രയവിക്രയം, പണമിടപാടുകള്‍, മറ്റു സാമ്പത്തിക സേവനങ്ങള്‍, കയറ്റിറക്കുമതി തുടങ്ങിയ പല തരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇ-ബിസിനസ് രംഗത്ത് അസൂയാവഹമായ വളര്‍ച്ചയാണ് ആലിബാബ കമ്പനികള്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ കൈവരിച്ചത്.
ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന ജാക്ക് മാ 2019ല്‍ തല്‍സ്ഥാനം ഒഴിഞ്ഞുവെങ്കിലും ഇപ്പോഴും അതിലെ ഒന്നാമനായി കരുതപ്പെടുന്നതു മറ്റാരുമല്ല. അദ്ദേഹത്തിന്‍റെ അസാന്നിധ്യം അല്ലെങ്കില്‍ തിരോധാനം ആലിബാബയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom - Why China turned against Jack Ma