ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തിയുടെ തലവനാവുക എന്നത് ഒരു ചെറിയ കാര്യമല്ല. ആ പദവിയിലേക്കു പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂണിയര്‍ എന്ന ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കുമ്പോള്‍ അമേരിക്കയുടെ തലസ്ഥാനം സാധാരണ ഗതിയില്‍ ഉല്‍സവ നഗരമാകേണ്ടതാണ്. എന്നാല്‍, പ്രതീക്ഷയും ആഹ്ളാദവും മുറ്റിനില്‍ക്കുന്ന ഉല്‍സവാന്തരീക്ഷത്തിനു പകരം ആശങ്കകളുടെ കരിമേഘങ്ങളാണ് വാഷിങ്ടണ്‍ നഗരത്തെ ഇപ്പോള്‍ ആവരണം ചെയ്തിരിക്കുന്നത്. ആഭ്യന്തര യുദ്ധത്തിന്‍റെ അവസാന ഘട്ടത്തില്‍, 1865ല്‍ ഏബ്രഹാം ലിങ്കണ്‍ രണ്ടാം തവണ പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്ത വേളയില്‍പ്പോലും സ്ഥിതി ഇത്രയും സംഘര്‍ഷഭരിതമായിരുന്നില്ലെന്നു ചരിത്രം അറിയുന്നവര്‍ പറയുന്നു.
വാഷിങ്ടണില്‍തന്നെ പാര്‍ലമെന്‍റ് സ്ഥിതിചെയ്യുന്ന ക്യാപിറ്റോള്‍ മന്ദിരത്തില്‍ ജനുവരി ആറിനു നടന്നതും ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയതുമായ ആള്‍ക്കൂട്ട ആക്രമണം ഉണ്ടാക്കിയ ഞെട്ടലില്‍നിന്നു രാജ്യം ഇനിയും ഉണര്‍ന്നു കഴിഞ്ഞിട്ടില്ല. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അനുയായികളായ തീവ്രവലതുപക്ഷക്കാര്‍ നടത്തിയ ആ അഴിഞ്ഞാട്ടം മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ ഭീകരമായിരുന്നുവെന്നു വെളിപ്പെടുത്തുന്നതാണ് പിന്നീടു പുറത്തുവന്ന വിഡിയോ ദൃശ്യങ്ങള്‍.
അത്തരം സംഭവം ഇനിയും ഉണ്ടാകുമെന്ന ഭീതിയില്‍ അതു തടയാനായി തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും അവിടേക്കുള്ള റോഡുകളും കര്‍ശനമായ സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. വേലിക്കെട്ടുകളും ബാരിക്കേഡുകളുമാണ് സര്‍വത്ര. അര്‍ധസൈനിക വിഭാഗമായ നാഷനല്‍ ഗാര്‍ഡിലെ കാല്‍ലക്ഷം സായുധ ഭടന്മാരെ നഗരത്തില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയുമാണ്.

ക്യാപിറ്റോള്‍ ആക്രമണത്തില്‍ പങ്കെടുത്തവരില്‍ ചില സൈനികരും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍, വാഷിങ്ടണില്‍ കാവല്‍ ജോലിക്കു നിയോഗിക്കപ്പെടുന്ന നാഷനല്‍ ഗാര്‍ഡ് സൈനികരിലും അത്തരക്കാര്‍ നുഴഞ്ഞുകയറാനിടയുണ്ടെന്നു സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ അവരില്‍ ഓരോരുത്തരെയും വിശദമായ അന്വേഷണത്തിനു ശേഷമാണത്രേ തിരഞ്ഞെടുത്തിട്ടുള്ളതും.
വാഷിങ്ടണില്‍ വിശേഷ ദിനങ്ങളില്‍ ജനങ്ങള്‍ തിങ്ങിനിറയാറുള്ള ദേശീയോദ്യാനമായ നാഷനല്‍ മാള്‍ പൂട്ടിക്കിടക്കുന്നു. പ്രസിദ്ധമായ ലിങ്കണ്‍ സ്മാരകവും വാഷിങ്ടണ്‍ സ്മാരകവും ഇവിടെയാണ്. അതിന്‍റെ ഒരു ഭാഗത്തു ക്യാപിറ്റോളും മറ്റൊരു ഭാഗത്തു പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയും പ്രവര്‍ത്തനകേന്ദ്രവുമായ വൈറ്റ്ഹൗസും സ്ഥിതിചെയ്യുന്നു. ക്യാപിറ്റോളിനു മുന്നില്‍വച്ചാണ് പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞ.
കോവിഡ് മഹാമാരികാരണം, സാമൂഹികഅകലം കര്‍ശനമായി പാലിക്കേണ്ടതിനാല്‍ സ്ഥാനാരോഹണച്ചടങ്ങിലെ ജനപങ്കാളിത്തം ആവുന്നത്ര കുറയ്ക്കണമെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കുഴപ്പമുണ്ടാകുമെന്ന ഭയത്താല്‍ നിബന്ധനകള്‍ ഇപ്പോള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടിവന്നു. അവരവരുടെ വീടുകളിലിരുന്നു ടിവിയിലൂടെ ചടങ്ങുകള്‍ വീക്ഷിക്കാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ഥാനമൊഴിയുന്ന പ്രസിഡന്‍റിന്‍റെ ആളുകള്‍തന്നെ ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ എന്നു കരുതപ്പെടുന്ന കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയും അക്രമം അഴിച്ചുവിടുകയും ചെയ്തത് യുഎസ് ചരിത്രത്തിലെ അഭൂതപൂര്‍വമായ സംഭവമാണ്. അത്തരം ഗൂണ്ടാ വിളയാട്ടം ബൈഡന്‍റെ സ്ഥാനാരോഹണത്തോട് അനുബന്ധിച്ച് വാഷിങ്ടണിലും എല്ലാ 50 തലസ്ഥാന നഗരങ്ങളിലും നടക്കാനിടയുണ്ടെന്നു കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (എഫ്ബിഐ) പിന്നീടു മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അതു സ്ഥിരീകരിക്കുന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടന്ന ചാറ്റുകളും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. അതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് സുരക്ഷാ കാവല്‍ ശക്തിപ്പെടുത്തിയത്.
ജീവിച്ചിരിപ്പുള്ള മുന്‍പ്രസിഡന്‍റുമാര്‍ പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കുന്നതു പരമ്പരാഗതമായി തുടര്‍ന്നുവരുന്ന പതിവാണ്. സമാധാനപരമായ അധികാരക്കൈമാറ്റത്തെ അതു സാക്ഷ്യപ്പെടുത്തുന്നു. ബൈഡനെപ്പോലെ ഡമോക്രാറ്റിക് പാര്‍ട്ടിക്കാരായ ബില്‍ ക്ളിന്‍റനും ബറാക് ഒബാമയും മാത്രമല്ല, റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായ ജോര്‍ജ് ഡബ്ളിയു. ബഷും അവരുടെയെല്ലാം ഭാര്യമാരും എത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. മറ്റൊരു ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ജിമ്മി കാര്‍ട്ടര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഇപ്പോള്‍ പുറത്തെവിടെയും പോകാറില്ല.
പക്ഷേ, അധികാരക്കൈമാറ്റത്തിനു സാക്ഷ്യം വഹിക്കാനായി നിര്‍ബന്ധമായും സന്നിഹിതനാകേണ്ട ആള്‍-പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്-എത്തില്ല. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന പതിവനുസരിച്ച് ട്രംപും ഭാര്യ മെലാനിയയും അന്നു രാവിലെ വൈറ്റ്ഹൗസിലെ വടക്കെ പോര്‍ട്ടിക്കോയില്‍ വച്ച് ബൈഡനെയും ഭാര്യ ജില്ലിനെയും സ്വീകരിക്കേണ്ടതാണ്. അവിടെനിന്നാണ് ഒരേ വാഹനത്തില്‍ ട്രംപും ബൈഡനും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാനായി ക്യാപിറ്റോള്‍ അങ്കണത്തിലേക്കു പോകേണ്ടത്.
പക്ഷേ, അതിനു മുന്‍പ്തന്നെ ഭാര്യാസമേതം വാഷിങ്ടണ്‍ വിടാനാണ് ട്രംപിന്‍റെ പരിപാടി. നവംബര്‍ മൂന്നിനു നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ നേടിയ വിജയം ഇനിയും അദ്ദേഹം അംഗീകരിച്ചിട്ടില്ല. അതിനാല്‍, ബൈഡന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്നു നേരത്തെതന്നെ അദ്ദേഹം
പ്രഖ്യാപിക്കുകയുമുണ്ടായി. എങ്കിലും, ട്രംപിന്‍റെ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബൈഡന്‍റെ വിജയം പെന്‍സ് അംഗീകരിക്കുന്നു എന്നര്‍ഥം. ദിവസങ്ങള്‍ വൈകിയാണെങ്കിലും നിയുക്ത വൈസ്പ്രസിഡന്‍റ് കമല ഹാരിസുമായി പെന്‍സ് ഫോണില്‍ സംസാരിക്കുകയും ചെയ്തു.
ഏതായാലും, പിന്‍ഗാമിയുടെ സ്ഥാനാരോഹണച്ചടങ്ങില്‍നിന്നു മാറിനില്‍ക്കന്ന ആദ്യത്തെ യുഎസ് പ്രസിഡന്‍റല്ല ട്രംപ്. 1869ല്‍ യൂളിസസ് ഗ്രാന്‍റ് (റിപ്പബ്ളിക്കന്‍) പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അതിനു സാക്ഷ്യം വഹിക്കാന്‍ നിലവിലുളള പ്രസിഡന്‍റ് ആന്‍ഡ്രൂ ജോണ്‍സന്‍ (ഡമോക്രാറ്റ്) കൂട്ടാക്കിയിരുന്നില്ല. സൈന്യാധിപനായിരുന്ന ഗ്രാന്‍റുമായി ഉടക്കിലായിരുന്നു അദ്ദേഹം. അതിനു മുന്‍പ്തന്നെ ജോണ്‍സന്‍ മറ്റൊരു വിധത്തില്‍ ചരിത്രത്തില്‍ ഇടം പിടിക്കുകയുമുണ്ടായി. ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്‍റായി.

ട്രംപ് ഉള്‍പ്പെടെ പില്‍ക്കാലത്ത് ഇംപീച്ച് ചെയ്യപ്പെട്ടവരെപ്പോലെ ജോണ്‍സനും അധികാരത്തില്‍നിന്നു പുറത്തുപോകേണ്ടിവന്നില്ലെന്നുമാത്രം. ഏബ്രഹാം ലിങ്കന്‍റെ കീഴില്‍ വൈസ്പ്രസിഡന്‍റായിരുന്നു അദ്ദേഹം. 1865ല്‍ ലിങ്കന്‍റെ വധത്തെ തുടര്‍ന്നുണ്ടായ ഒഴിവില്‍ പ്രസിഡന്‍റാവുകയായിരുന്നു.
പ്രസിഡന്‍റ് ഹെര്‍ബര്‍ട്ട് ഹൂവറും (റിപ്പബ്ളിക്കന്‍) പിന്‍ഗാമിയായ ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍ട്ടും (ഡമോക്രാറ്റ്) തമ്മിലുള്ള വിരോധവും കുപ്രസിദ്ധമായിരുന്നു. 1932ലെ തിരഞ്ഞെടുപ്പില്‍ ഹൂവര്‍ തോല്‍ക്കുമ്പോഴേക്കും അതു മൂര്‍ഛിക്കുകയും അവര്‍ പരസ്പരം മിണ്ടാത്ത അവസ്ഥയിലാവുകയും ചെയ്തു. എന്നിട്ടും, റൂസ്വെല്‍ട്ടിന്‍റെ സ്ഥാനാരോഹണത്തില്‍ ഹൂവര്‍ സംബന്ധിക്കാതിരുന്നില്ല. മാത്രമല്ല, പതിവനുസരിച്ച് ഒരേ വാഹനത്തില്‍ ഒന്നിച്ചു യാത്രചെയ്തു വേദിയില്‍ എത്തുകയും ചെയ്തു.
സമീപകാല ചരിത്രത്തില്‍ 2017ല്‍ ട്രംപ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുമ്പോള്‍ അതിനു സാക്ഷ്യം വഹിക്കാന്‍ ഭര്‍ത്താവ് ബില്‍ ക്ളിന്‍റനോടൊപ്പം ഹിലരി ക്ളിന്‍റനും എത്തിയിരുന്നു. ആ തിരഞ്ഞെടുപ്പില്‍ തന്‍റെ എതിരാളിയായിരുന്ന ഹിലരിയെ കഠിനമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചിരുന്നത്. പ്രസിഡന്‍റ് ഒബാമയുടെസ്റ്റേറ്റ് സെക്രട്ടറിയായിരുന്ന അവരെ അദ്ദേഹം കുതന്ത്രക്കാരിയെന്നു വിളിക്കുകയും ജയിലിലടക്കണമെന്നു ആവശ്യപ്പെടുകയുമുണ്ടായി. അതിന്‍റെ പേരില്‍ ട്രംപിന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍നിന്നു ഹിലരി വിട്ടുനില്‍ക്കുമെന്നു കരുതിയവര്‍ക്കു പക്ഷേ തെറ്റുപറ്റി.
തിരഞ്ഞെടുപ്പില്‍ ജയിച്ച ട്രംപിനെ സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ഒബാമ രണ്ടു ദിവസത്തിനകം വൈറ്റ്ഹൗസിലേക്കു ക്ഷണിക്കുകയും സുപ്രധാനമായ പല കാര്യങ്ങളും വിവരിച്ചുകൊടുക്കുകയുമുണ്ടായി. ഒന്നര മണിക്കൂറിനുശേഷം ചായ കുടിച്ചുപിരിഞ്ഞു. സ്ഥാനാരോഹണ ദിവസം ഒബാമയോടൊപ്പം ഒരേ കാറിലാണ് ട്രംപ് ക്യാപിറ്റോള്‍ അങ്കണത്തിലേക്കു യാത്രചെയ്തതും. തിരഞ്ഞെടുപ്പ് വേളയില്‍ തന്നെപ്പറ്റി ട്രംപ് നടത്തിയ വംശീയത കലര്‍ന്ന പരാമര്‍ശങ്ങളിലുള്ള അമര്‍ഷമൊന്നും ഒബാമ പുറത്തുകാണിച്ചില്ല.

ഇതെല്ലാം പരമ്പരാഗതമായി അമേരിക്കല്‍ തുടര്‍ന്നുവരുന്ന പതിവാണ്. പക്ഷേ, ഇത്തവണ അതു തകിടംമറിഞ്ഞു. കാരണം, ബൈഡനെ പ്രസിഡന്‍റായി ട്രംപ് അംഗീകരിക്കുന്നില്ലെന്നതുതന്നെ. തിരഞ്ഞെടുപ്പില്‍ തനിക്കു കിട്ടേണ്ടിയിരുന്ന വിജയം കള്ളവോട്ടുകളിലൂടെ ബൈഡന്‍ തട്ടിയെടുത്തുവെന്ന അദ്ദേഹത്തിന്‍റെ നിലപാടില്‍ ഒരു മാറ്റവുമില്ല. യുഎസ് സുപ്രീംകോടതി ഉള്‍പ്പെടെ കേസ്സുമായി താന്‍ സമീപിച്ച കോടതികളെല്ലാം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും അദ്ദേഹം പിന്മാറിയില്ല.
ട്രംപ് അങ്ങനെ വിശ്വസിക്കുകയും പരാതിപ്പെടുകയും ചെയ്യുന്നതിനാല്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനുവേണ്ടി വോട്ടുചെയ്ത ഏഴു കോടിയില്‍പ്പരം ആളുകളും വിശ്വസിക്കുന്നത് അങ്ങനെതന്നെയാണ്. അദ്ദേഹത്തിനുവേണ്ടി എന്തുചെയ്യാനും മടിക്കാത്തവരും അക്കൂട്ടത്തിലുണ്ടെന്ന് ജനുവരി ആറ് അമേരിക്കയെ ഓര്‍മപ്പെടുത്തുന്നു. അഭൂതപൂര്‍വമായ ഈ സാഹചര്യത്തിലാണ് ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത്തെ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നത്.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom - US Security Officials Guard Against Attack on Biden Inauguration