മ്യാന്‍മറില്‍ വീണ്ടും ഇരുണ്ട ദിനങ്ങള്‍

HIGHLIGHTS
  • പ്രക്ഷോഭത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പട്ടാളം
  • സൂചിയും മറ്റു നേതാക്കളും തടങ്കലില്‍തന്നെ
MYANMAR-POLITICS/
Demonstrators protest against the military coup and demand the release of elected leader Aung San Suu Kyi, in Yangon, Myanmar, February 6, 2021.. Photo credits .Reuters
SHARE

മ്യാന്‍മറിലെ പട്ടാളം പലപ്പോഴും യുദ്ധം ചെയ്യുന്നതു സ്വന്തം നാട്ടുകാരോടാണ്. ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള 72 വര്‍ഷത്തിനിടയില്‍ ഏതാണ്ട് 50 വര്‍ഷവും രാജ്യം പട്ടാള ഭരണത്തിലായതിനാല്‍ ഇതിനുള്ള അവസരങ്ങള്‍ ഒട്ടും വിരളമായിരുന്നില്ല. ഇപ്പോള്‍ വീണ്ടും അത്തരമൊരു സന്ദര്‍ഭമാണ്. 

തെക്കു കിഴക്കന്‍ ഏഷ്യയിലെ ഈ രാജ്യത്ത്, ഒരു മാസം മുന്‍പാണ് പട്ടാളം വീണ്ടും അധികാരം പിടിച്ചടയ്ക്കുകയും അഞ്ചു വര്‍ഷമായി ഭരണത്തിലായിരുന്ന ഓങ്സാന്‍ സൂചി ഉള്‍പ്പെടെയുള്ള സിവിലിയന്‍ നേതാക്കളെ തടങ്കലിലാക്കുകയും ചെയ്തത്.

അന്നുമുതല്‍ രാജ്യം ഇളകിമറിയുകയാണ്. പട്ടാള നടപടിക്കെതിരെ നാടുനീളെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുവരുന്നു. എതിര്‍പ്പുകളെ നിഷ്ക്കരുണം അടിച്ചമര്‍ത്താനുള്ള പട്ടാളത്തിന്‍റെ ശ്രമം ചോരപ്പുഴയൊഴുകാന്‍ കാരണമാകുന്നു. 

MYANMAR-POLITICS/THAILAND
Myanmar citizens living in Thailand hold candles as they protest against the military coup, outside Myanmar embassy in Bangkok, Thailand February 4, 2021. Photo credits ; Reuters/Athit Perawongmetha

ഇക്കഴിഞ്ഞ ഞായറാഴ്ച (ഫെബ്രുവരി 28) രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പൊലീസിന്‍റെയും പട്ടാളത്തിന്‍റെയും വെടിയേറ്റു മരിച്ചത് 18 പേരാണ്. ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും നൂറുകണക്കിനാളുകള്‍ അറസ്റ്റിലാവുകയും ചെയ്തു. അതിനു ശേഷവും പ്രതിഷേധ പ്രകടനങ്ങള്‍ തുടര്‍ന്നുവരുന്നു.

ഇത്തരം സംഭവങ്ങള്‍ മ്യാന്‍മറിലെ ജനങ്ങളെ 1988 ഓഗസ്റ്റിലെയും 2007 ഒക്ടോബറിലെയും സമാനമായ സംഭവങ്ങളെ ഓര്‍മിപ്പിക്കുന്നതു സ്വാഭാവികമാണ്. ദിവസങ്ങളോളം നീണ്ടുനിന്ന അന്നത്തെ പ്രതിഷേധ പ്രകടനങ്ങള്‍ നിഷ്ഠുരമായ വിധത്തില്‍ പട്ടാളം അടിച്ചമര്‍ത്തുകയായിരുന്നു. ആയിരണക്കിനാളുകള്‍ കൊല്ലപ്പെട്ടു.

മ്യാന്‍മറിന്‍റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു 1988ലെ സംഭവങ്ങള്‍. രോഗശയ്യയിലായിരുന്ന മാതാവിനെ കാണാന്‍ മാത്രം ലണ്ടനില്‍നിന്നു നാട്ടില്‍ എത്തിയിരുന്ന ഓങ് സാന്‍ സൂചിയെ ലണ്ടനിലേക്കു മടങ്ങിപ്പോകാതിരിക്കാനും പട്ടാള ഭരണത്തിന് എതിരായ പ്രക്ഷോഭത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാനും പ്രേരിപ്പിച്ചത് ആ സംഭവങ്ങളായിരുന്നു.  

പട്ടാളഭരണം പിന്‍വലിക്കണമെന്നും ഓങ് സാന്‍ സൂചി ഉള്‍പ്പെടെ തടങ്കലിലായ സിവിലിയന്‍ നേതാക്കളെ മുഴുവന്‍ നിരുപാധികം വിട്ടയയ്ക്കണമെന്നും ഭരണത്തില്‍ തുടരാന്‍ അവരെ അനുവദിക്കണമെന്നുമാണ് പ്രകടനക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ലോകം പൊതുവില്‍തന്നെ ആഗ്രഹിക്കുന്നതും അതാണ്. അങ്ങനെ മ്യാന്‍മര്‍ ജനാധിപത്യ മാര്‍ഗത്തില്‍ എത്രയും വേഗം തിരിച്ചെത്തുന്നതു കാണാനും എല്ലാവരും കാത്തിരിക്കുന്നു. 

അതു നടപ്പില്ലെന്ന നിലപാടിലാണ് സീനിയര്‍ ജനറല്‍ മിന്‍ ഓങ് ലെയിങ്ങിന്‍റെ നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടം. ജനാധിപത്യത്തിനു വേണ്ടിയുള്ള സഹന സമരത്തിന്‍റെ പേരില്‍ നേരത്തെതന്നെ പലതവണയായി 15 വര്‍ഷം വീട്ടുതടങ്കലില്‍ 

കഴിയേണ്ടിവന്ന സൂചിയെ ഇനിയും ദീര്‍ഘകാലത്തേക്കു തടങ്കലിലാക്കാനുള്ള വഴികള്‍ ആരായുകയാണ് അവര്‍. സൂചി, പ്രസിഡന്‍റ് സ്ഥാനത്തുനിന്നു പട്ടാളം പുറത്താക്കിയ ഉ വിന്‍ മിന്‍റ് തുടങ്ങിയ നേതാക്കള്‍ക്ക് എതിരെ പട്ടാളഭരണകൂടം പുതുതായി ചാര്‍ജ്ചെയ്ത കേസുകള്‍ അതിനുദാഹരമാണ്. 

രാജ്യത്തുടനീളം ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ നടപ്പാക്കിയിട്ടുള്ള പട്ടാള ഭരണകൂടം ഒരു കൊല്ലത്തിനുശേഷം പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും അധികാരം ജനങ്ങള്‍ക്കു കൈമാറുകയും ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആരും അതു പൂര്‍ണമായി വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പ് നടന്നാല്‍തന്നെ അതു നിഷ്പക്ഷവും സ്വതന്ത്രവുമാകാന്‍ ഇടയില്ലെന്നാണ് പൊതുവിലുള്ള ഭയം. പട്ടാളത്തെ അനുകൂലിക്കുന്നവരുടെ വിജയം ഉറപ്പാക്കാനുള്ള ഒരു പ്രഹസനമായിരിക്കും അതെന്നും സംശയിക്കപ്പെടുന്നു. 

MYANMAR-POLITICS/
Myanmar's Commander-in-Chief Min Aung Hlaing (L) and National League for Democracy (NLD) party leader Aung San Suu Kyi shake hands after their meeting in Naypyitaw December 2, 2015. Photo credits : Reuters

സിവിലിയന്‍ ഗവണ്‍മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഭരണം പിടിച്ചെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നു പട്ടാളംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. 83 ശതമാനം സീറ്റുകളും നേടിയത് ഓങ്സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസിയായിരുന്നു. പട്ടാളത്തെ അനുകൂലിക്കുന്നവര്‍ തറപറ്റി. ഇതു പട്ടാളത്തെ ഞെട്ടിച്ചു. 

തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രിത്രിമം നടന്നുവെന്നു പട്ടാളം പരാതിപ്പെട്ടുവെങ്കിലും ഇലക്ഷന്‍ കമ്മിഷന്‍ അതംഗീകരിക്കുകയുണ്ടായില്ല. പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഇലക്ഷന്‍ കമ്മിഷന്‍ തള്ളി. സിവിലിയന്‍ ഭരണകൂടത്തെ അട്ടിമറിച്ചുകൊണ്ട് പട്ടാളം ഭരണം പിടിച്ചടക്കിയത് അതിനെ തുടര്‍ന്നാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് ഏതാനും മണിക്കൂറുകള്‍ക്കകം സമ്മേളിക്കാനിരിക്കേയായിരുന്നു ഈ സംഭവവികാസം. 

മുന്‍പ് ബര്‍മ എന്നറിയപ്പെട്ടിരുന്ന മ്യാന്‍മറിലെ ഏറ്റവും ശക്തമായ സ്ഥാപനമാണ് പട്ടാളം. രാജ്യത്ത് തങ്ങള്‍ക്കുള്ള സവിശേഷ പദവി ആരും തങ്ങള്‍ക്ക് അനുവദിച്ചുതന്നതല്ലെന്നും ത്യാഗപൂര്‍ണമായ സേവനങ്ങളിലൂടെ തങ്ങള്‍ സ്വയം നേടിയെടുത്തതാണെന്നും പട്ടാളം അവകാശപ്പെടുന്നു. ബ്രിട്ടനില്‍ നിന്നു സ്വാതന്ത്ര്യം നേടാനുള്ള സമരത്തില്‍ പട്ടാളം വഹിച്ച പങ്കിലേക്കു വിരല്‍ചൂണ്ടുകയാണവര്‍. 

ജനറല്‍ ഓങ്സാന്‍റെ നേതൃത്വത്തില്‍ ബര്‍മാ നാഷനല്‍ ആര്‍മി രൂപം കൊണ്ടതു സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടനെതിരെ പൊരുതാനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന്‍റെ എതിര്‍ പക്ഷത്തായിരുന്ന ജപ്പാന്‍കാരുടെ സഹായം അതിനുവേണ്ടി സ്വീകരിക്കാനും അദ്ദേഹം തയാറായി. പിന്നീട് രാജ്യം ജപ്പാന്‍റെ അധീനത്തിലായപ്പോള്‍ അവരെ തുരത്താന്‍ അദ്ദേഹം ബ്രിട്ടീഷുകാരോടൊപ്പം ചേരുകയും ചെയ്തു. 

പക്ഷേ, 1948 ജനുവരിയില്‍ ബര്‍മ സ്വതന്ത്രമാകുന്നതു കാണാന്‍ ഓങ്സാനു ഭാഗ്യമുണ്ടായില്ല. അതിന് ആറുമാസംമുന്‍പ് അദ്ദേഹം കൊല്ലപ്പെട്ടു. രാജ്യം സ്വതന്ത്രമായതോടെ സ്വാതന്ത്ര്യ സമരസേന മ്യാന്‍മറിന്‍റെ സൈന്യമായി. 

രാഷ്ട്രപിതാവായി ആദരിക്കപ്പെടുന്ന ഓങ്സാന്‍റെ മകള്‍ക്കു പില്‍ക്കാലത്തു സൈന്യത്തോടു വര്‍ഷങ്ങളോളം സമരം ചെയ്യുകയും അതോടനുബന്ധിച്ച് ഒട്ടേറെ ത്യാഗങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തതു വിധിവൈപരീത്യം. 

1962 മുതല്‍ അരനൂറ്റാണ്ടു നീണ്ടുനിന്ന ആദ്യത്തെ പട്ടാളഭരണകാലത്തു രാജ്യത്തിന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ഏറെയായിരുന്നു. രാജ്യാന്തര സമൂഹത്തിന്‍റെ ബഹിഷ്ക്കരണവും പട്ടാള ഭരണം നടപ്പാക്കിയ വികലമായ നയങ്ങളും മ്യാന്‍മറിന്‍റെ സാമ്പത്തികാടിത്തറ തകര്‍ത്തു. ധാതുവിഭവ സമ്പന്നമായിട്ടും മ്യാന്‍മര്‍ ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായിത്തീര്‍ന്നു. അത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടാകാതിരിക്കാനും ജനങ്ങള്‍ ആഗ്രഹിക്കുന്നു. 

മ്യാന്‍മറിനെ ജനാധിപത്യ മാര്‍ഗത്തില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വഴികള്‍ ആരായുകയാണ് ഇപ്പോള്‍ രാജ്യാന്തരസമൂഹം. പക്ഷേ, ഫലപ്രദമായ ഒരു നിര്‍ദേശവും ഇതുവരെ ഉരിത്തിരിഞ്ഞുവന്നിട്ടില്ല. ഈ സ്ഥിതിവിശേഷത്തിന് അടിവരയിടുന്നതായിരുന്നു മ്യാന്‍മറിന്‍റെ യുഎന്‍ അംബാസ്സഡര്‍ ക്യാവ് മോ ടുന്‍ യുഎന്‍ രക്ഷാസമിതിയില്‍ ചെയ്ത വികാരോജ്ജ്വലമായ പ്രസംഗം. 

പട്ടാളം വീണ്ടും അധികാരം പിടിച്ചടക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ഇതവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹം മ്യാന്‍മറിലെ ജനങ്ങളെ ഉദാരമായി സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അരിശംപൂണ്ട പട്ടാള ഭരണകൂടം അദ്ദേഹത്തെ പിരിച്ചുവിടുകയും അദ്ദേഹത്തിന്‍റെ ഡപ്യൂട്ടിയെ അംബാസ്സഡറായി നിയമിക്കുകയും ചെയ്തു. എന്നാല്‍, നിയമവിരുദ്ധമായി അധികാരത്തിലെത്തിയ പട്ടാള ഭരണകൂടത്തെ യുഎന്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ അംബാസ്സഡറുടെ കാര്യത്തിലുള്ള അവരുടെ നടപടിക്കു നിയമസാധുതയില്ലെന്നു പറയപ്പെടു്ന്നു.  

മറ്റു രാജ്യങ്ങളുടെ യുഎന്‍ അംബാസ്സഡര്‍മാര്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസും പട്ടാളനടപടിയെ കഠിനമായി വിമര്‍ശിക്കുകയുണ്ടായി. അമേരിക്ക സ്വന്തം 

നിലയിലുള്ള ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും ആ വഴിക്കു നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.   

സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കേ, എല്ലാവരും ഉറ്റുനോക്കുന്നത് ആസിയാന്‍ അഥവാ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്ര സംഘടനയുടെ നേര്‍ക്കാണ്. മ്യാന്‍മറിനോടൊപ്പം തായ്ലന്‍ഡ്, മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂര്‍, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, കംബോഡിയ, ലാവോസ്, ബ്രൂണയ് എന്നിവയും അടങ്ങിയതാണ് ഈ സംഘടന. ഇന്തൊനീഷ്യയിലെ ജക്കാര്‍ത്ത ആസ്ഥാനമായി ഇതു രൂപംകൊണ്ടത് 1967ലാണെങ്കിലും മ്യാന്‍മര്‍ അതില്‍ അംഗമായതു 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. 

അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യം എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രശ്നങ്ങളില്‍ ആസിയാന്‍ ഇടപെടുക പതിവില്ല. അതിനാല്‍  മ്യാന്‍മറിന്‍റെ പ്രശ്നം ആസിയാന്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.                       

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Myanmar coup ; What is happening and why?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.