കൊട്ടാരത്തില്‍ കൊടുങ്കാറ്റ്
Mail This Article
ബ്രെക്സിറ്റ് അഥവാ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പിന്മാറ്റം ബ്രിട്ടനെ കശക്കിയ കാലഘട്ടമായിരുന്നു കഴിഞ്ഞ ഏതാണ്ടു നാലു വര്‍ഷം. ഇപ്പോള്‍ മേഗ്സിറ്റിന്‍റെ കാലമാണ്. എലിസബത്ത് രാജ്ഞിയുടെ പൗത്രനായ ഹാരി രാജകുമാരന്‍റെ ഭാര്യ മേഗന്‍ മാര്‍ക്കിള്‍ എന്ന അമേരിക്കക്കാരിക്കു ചുറ്റും ബ്രിട്ടനും അതിലെ ജനങ്ങളും കറങ്ങിക്കൊണ്ടിരിക്കുന്നു. ഒരു വിഭാഗം മാധ്യമങ്ങള്‍ അതു നന്നായി ആഘോഷിക്കകയും ചെയ്യുന്നു.
മേഗന്‍റെ കഥയായതിനാല്‍ ആളുകള്‍ അതിനു തമാശയായി നല്‍കിയ പേരാണ് മേഗ്സിറ്റ്. എന്നാല്‍, നൂറ്റാണ്ടുകളിലെ പ്രതാപങ്ങളുടെ ഓര്‍മകള്‍ പേറുന്ന ബിട്ടീഷ് രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ഇതില്‍ തമാശ ഒട്ടുമില്ല. നാണക്കേട് ഏറെയുണ്ട് താനും. അഭൂതപൂര്‍വമായ ആരോപണങ്ങളുടെയും അപവാദങ്ങളുടെയും നടുവില്‍പ്പെട്ട് ഉലയുകയാണ് ബക്കിങ്ഹാം കൊട്ടാരം.
രാജകുടുംബത്തിലെ സീനിയര്‍ അംഗങ്ങളെന്ന നിലയിലുള്ള സ്ഥാനങ്ങളില്‍നിന്നു തങ്ങള്‍ മാറിനില്‍ക്കുകയാണെന്ന് ഒരു വര്‍ഷം മുന്‍പ് ഹാരിയും മേഗനും വെളിപ്പെടുത്തിയപ്പോള്‍തന്നെ ആദ്യത്തെ വെടിപൊട്ടിയിരുന്നു, കൊട്ടാരത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയും പിന്തുണയും കിട്ടുന്നില്ലെന്നും അപമാനകരമായ സമീപനത്തെ നേരിടേണ്ടി വരുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അവരുടെ നടപടി. പക്ഷേ, അതിനു കുടുംബനാഥയായ രാജ്ഞിയുടെ അനുമതി തേടുകയോ അവരെ മുന്‍കൂട്ടി അറിയിക്കുകപോലുമോ ചെയ്തിരുന്നില്ല.
ജ്യേഷ്ഠനായ വില്യം രാജകുമാരനോ പിതാവും കിരീടാവകാശിയുമായ ചാള്‍സ് രാജകുമാരനോ വിവരം അറിഞ്ഞിരുന്നില്ല. രാജകുടുംബത്തിലെ പിളര്‍പ്പ് അങ്ങനെ അന്നുതന്നെ വെളിപ്പെടുകയും ജനങ്ങള്‍ അതുകണ്ട് അമ്പരയ്ക്കുകയും ചെയ്തു. ഇത്തരമൊരു സംഭവം ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടില്ല. താന്‍ ഫോണ്‍ ചെയ്താല്‍ ഇപ്പോള്‍ ചാള്‍സ് എടുക്കാറില്ലെന്നു ഹാരി തുറന്നുപറയുന്നു. ചേട്ടന്‍ വില്യമുമായി താന്‍ മുന്‍പത്തെ അത്ര സൗഹൃദത്തിലല്ലെന്നു ഹാരി തന്നെ സമ്മതിക്കുന്നു.
ഇപ്പോള്‍ ഇതെല്ലാം വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നതു ഹാരിയും മേഗനും പങ്കെടുത്ത ഒരു ടെലിവിഷന്‍ പരിപാടിയുടെ പശ്ചാത്തലത്തിലാണ്. എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ അവസരം നല്‍കുന്ന ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഹാരിയും മേഗനും സമ്മതിച്ചതുതന്നെ ചൂണ്ടിക്കാണിക്കുന്നത് അവരും രാജകുടുംബവും തമ്മിലുള്ള ബന്ധം നേരെയാക്കാന്‍ നടന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നാണ്. രാജകുമാരനും ഭാര്യയും ഇപ്പോള്‍ താമസിക്കുന്നത് ഇംഗ്ലണ്ടനിലല്ല, അമേരിക്കയില്‍ കലിഫോര്‍ണിയയിലെ സാന്‍റാ ബാര്‍ബറായിലാണ്.
അമേരിക്കയിലെ പ്രശസ്ത ടിവി ചാറ്റ്ഷോ അവതാരകയായ ഓപ്ര വിന്‍ഫ്രിയുമായി സംസാരിക്കുകയായിരുന്നു മേഗനും ഹാരിയും. രാജകുടുംബത്തിലെ ചിലരുടെ നിര്‍ദയമായ പെരുമാറ്റം കാരണം ആത്മഹത്യ ചെയ്യാന്‍പോലും താന്‍ പല തവണ ആലോചിച്ചതായി മേഗന്‍ വെളിപ്പെടുത്തിയത് പ്രശ്നത്തിന്‍റെ ആഴത്തിലേക്കു വെളിച്ചം വീശുന്നു.
ഹാരിയും മേഗനും വിവാഹം ചെയ്യാന്‍ തീരുമാനിച്ച നാള്‍ മുതല്‍ അതു തകര്‍ക്കാന്‍ രാജകൊട്ടാരത്തിലെ ചിലരും മാധ്യമങ്ങളില്‍ ഒരു വിഭാഗവും നടത്തിയ ശ്രമങ്ങളുടെ കഥകളും ഈ അഭിമുഖത്തിലൂടെ പുറത്തുവന്നിരിക്കുകയാണ്. തന്‍റെ മാതാവായ ഡയാന രാജകുമാരി അനുഭവിച്ചിരിക്കാന്‍ ഇടയുള്ള ഏകാന്തതയെയും മാനസിക സമ്മര്‍ദങ്ങളെയും പരാമര്‍ശിക്കാനും ഹാരി മടിച്ചില്ല. ഡയാനയെ ആശ്വസിപ്പിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍, മേഗനെ ആശ്വസിപ്പിക്കാന്‍ താനുണ്ടെന്നും അതൊരു വലിയ വ്യത്യാസമാണെന്നും ഹാരി പറയുന്നു.
1997 ഓഗസ്റ്റില്‍ പാരിസില്‍ കാറപകടത്തില്‍ മരിക്കുന്നതിന് ഏതാണ്ട് രണ്ടു വര്‍ഷം മുന്‍പ് ബിബിസിയിലെ മാര്‍ട്ടിന്‍ ബഷീറുമായി ഡയാന നടത്തിയ അഭിമുഖത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ പരാമര്‍ശങ്ങള്‍. ചാള്‍സിനോടൊപ്പമുള്ള ജീവിതവും വെറും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ വിവാഹമോചനവും ഡയാനയെ എത്രമാത്രം ദുഃഖിതയാക്കിയിരുന്നുവെന്നു ലോകം അറിഞ്ഞത് ആ അഭിമുഖത്തിലൂടെയാണ്.
ഡയാനയുടെയും ചാള്‍സിന്‍റെയും ദാമ്പത്യത്തില്‍ പിറന്ന രണ്ട് ആണ്‍മക്കളില്‍ രണ്ടാമനാണ് ഹാരി (36). അദ്ദേഹം പ്രേമിച്ചു കല്യാണം കഴിച്ച മേഗന്‍ (39) അമേരിക്കക്കാരിയാണെന്നതല്ല പ്രശ്നം. മേഗന്‍ വിവാഹമോചിതയും ഭാഗികമായി കറുത്ത വര്‍ഗക്കാരിയുമാണ്. കറുത്ത വര്‍ഗക്കാരിയില്‍ വെള്ളക്കാരനു പിറന്ന മകള്‍. മേഗന്‍റെതന്നെ വാക്കുകളില്‍ "പകുതി വെളുപ്പും പകുതി കറുപ്പും."
എട്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്, ബ്രിട്ടന്‍ 'സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യ'മായിരുന്ന കാലത്ത് ഹാരിയുടെ ഒരു വലിയമ്മാവനു നേരിടേണ്ടിവന്നതും ഇത്തരമൊരു പ്രതിസന്ധിയെയായിരുന്നു. വിവാഹമോചിതയായ വാല്ലിസ് സിംസണ്‍ എന്ന അമേരിക്കക്കാരിയില്‍ അനുരക്തനായ എഡ്വേഡ് എട്ടാമന്‍ രാജാവിന് അവരെ വേള്‍ക്കാന്‍ സിംഹാസനം ഉപേക്ഷിക്കേണ്ടിവന്നു. അദ്ദേഹത്തിന്‍റെ സഹോദര പുത്രിയുടെ പൗത്രനാണ് ഹാരി.
മേഗന്‍റെ ജീവചരിത്രത്തില്‍ രാജകുടുംബത്തിനു ദഹിക്കാത്ത മറ്റു ചില കാര്യങ്ങളും ഉണ്ട്. ഒന്‍പതു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ബന്ധം വേര്‍പെടുത്തിയവരാണ് മാതാപിതാക്കള്‍. സിനിമയിലും ടിവി പരമ്പരകളിലും അഭിനയിച്ചുകൊണ്ടിരുന്ന മേഗന്‍ 2011ല്‍ ഒരു സിനിമാ നടനെ വിവാഹം ചെയ്തു. രണ്ടു വര്‍ഷമായപ്പോള്‍ ആ ബന്ധം തകരുകയും ചെയ്തു.
നൂറ്റാണ്ടുകളുടെ പാരമ്പര്യവും കീഴ്വഴക്കങ്ങളും പാലിച്ചുവരുന്ന ബ്രിട്ടീഷ് രാജകുടുംബത്തിലെ നവവധുവായി മേഗന്‍ 2018 മേയില്‍ കൊട്ടാരത്തില്‍ കാലെടുത്തുവച്ചത് ഈ പശ്ചാത്തലത്തില്‍നിന്നാണ്. ബ്രിട്ടനിലെ കടുത്ത യാഥാസ്ഥികര്‍ക്കും അവരെ പ്രതിനിധാനം ചെയ്യുന്ന മാധ്യമങ്ങള്‍ക്കും അതു സഹിക്കാനായില്ല.
മേഗനാണെങ്കില്‍ അവരെ പേടിച്ച് ഒരു പാവം പെണ്‍കുട്ടിയെപ്പോലെ പതുങ്ങി ഒതുങ്ങിയിരിക്കാനും പോയില്ല. ഹാരിയെ താന്‍ വിവാഹം ചെയ്താല്‍ ഇക്കൂട്ടര്‍ തന്‍റെ ജീവിതം നശിപ്പിക്കുമെന്നു സുഹൃത്തുക്കള്‍ തനിക്കു മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നുപോലും അവര്‍ തുറന്നടിച്ചു. കൊട്ടാരത്തിലെ പല ആചാരങ്ങളും അവര്‍ക്കു തികച്ചും അരോചകമായി തോന്നുകയും ചെയ്തു. രാജ്ഞിയുടെ മുന്നിലെത്തിയാല്‍ മക്കളുടെ ഭാര്യമാര്‍പോലും മുട്ടുമടക്കണമെന്നത് അത്തരമൊരു ആചാരമാണ്. ഇതുപോലുള്ള കാര്യങ്ങളില്‍ തനിക്കുള്ള അതൃപ്തി ഓപ്ര വിന്‍ഫ്രിയുമായുളള രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖത്തിലും മേഗന്‍ മറച്ചുപിടിച്ചില്ല.
ആദ്യസന്താനമായ ആര്‍ച്ചിയെ താന്‍ ഗര്‍ഭം ധരിച്ചപ്പോള്‍ രാജകൊട്ടാരത്തിലുണ്ടായ ഉല്‍ക്കണ്ഠയും അടക്കിപ്പിടിച്ച സംസാരവും കുഞ്ഞിന്‍റെ നിറം എത്രമാത്രം കറുപ്പായിരിക്കുമെന്നതു സംബന്ധിച്ചായിരുന്നുവത്രേ. ആരാണ് ഇങ്ങനെ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചതെന്നു മേഗന്‍ വെളിപ്പെടുത്തിയില്ല. രാജ്ഞിയും ഭര്‍ത്താവായ ഫിലിപ്പ് രാജകുമാരനും അല്ലെന്നു മാത്രം പറഞ്ഞു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ നിറം ഒരു വലിയ പ്രശ്നമാകുമെന്ന വേവലാതി മേഗനെ അസ്വസ്ഥയാക്കി. ജീവിതം അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കാന്‍ തുടങ്ങിയത് അപ്പോഴാണത്രേ.
ഓപ്ര വിന്‍ഫ്രിയുടെ ടിവി പരിപാടി സംപ്രേഷണം ചെയ്യുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ്തന്നെ മറ്റൊരു വിവരവും പുറത്തുവന്നു. കൊട്ടാരത്തില്‍ താമസിച്ചിരുന്ന കാലത്ത് അവിടത്തെ മൂന്നു ജോലിക്കാരെ മേഗന്‍ ഭീഷണിപ്പെടുത്തുകയും അതുകാരണം അവരില്‍ രണ്ടുപേര്‍ ജോലി ഉപേക്ഷിച്ചുപോവുകയും ചെയ്തുവെന്ന ആരോപണമായിരുന്നു അത്. ഒരു പത്രവാര്‍ത്തയിലൂടെയാണ് ഇതു പുറത്തുവന്നത്. അതിനെപ്പറ്റി അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണെന്നു കൊട്ടാരത്തില്‍ നിന്നുള്ള അറിയിപ്പും അതിന്‍റെ തൊട്ടുപിന്നാലെയുണ്ടായി. കൊട്ടാരത്തിനകത്തു നടക്കുന്ന സംഭവങ്ങള്‍ സാധാരണയായി കൊട്ടാരംതന്നെ പരസ്യമാക്കുന്ന പതിവില്ല. അതിനു വിപരീതമായിരുന്നു ഈ പ്രതികരണം. മേഗന്‍റെ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ കഴിയാത്ത രാജകുടുംബം മറ്റൊരു വിധത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുകയാണെന്ന സംശയത്തിന് ഇതു കാരണമാവുകയും ചെയ്തു.
ഭാഗികമായി കറുത്ത വര്‍ഗക്കാരിയായ മേഗനില്‍ ഹാരിക്കു പിറക്കുന്ന മകനോ മകളോ ഭാവിയില്‍ തങ്ങളുടെ രാജാവോ രാജ്ഞിയോ ആകുമെന്നാണ് ബ്രിട്ടനിലെ വര്‍ണവെറിയന്മാര്‍ ഭയപ്പെടുന്നതെങ്കില്‍ അത് അസ്ഥാനത്താണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവില്‍ പിന്തുടര്‍ന്നുവരുന്ന പിന്തുടര്‍ച്ചാ പരിഗണനയില്‍ ആറാം സ്ഥാനമേ ഹാരി രാജകുമാരനുള്ളൂ.
94 വയസ്സായ എലിസബത്ത് രാജ്ഞിക്കുശേഷം സ്ഥാനം ഏറ്റെടുക്കേണ്ടതു മൂത്തമകനായ എഴുപത്തിരണ്ടുകാരന്‍ ചാള്‍സാണ്. അദ്ദേഹത്തിനുശേഷം രാജാവാകുന്നത് അദ്ദേഹത്തിന്‍റെ മൂത്ത മകനും ഹാരിയുടെ ചേട്ടനുമായ വില്യം. തുടര്‍ന്നു വില്യമിന്‍റെ മക്കള്‍ ജോര്‍ജ്, ഷാര്‍ലറ്റ്, ലൂയിസ് എന്നിവര്‍. അതും കഴിഞ്ഞാണ് ഹാരിക്കും അദ്ദേഹത്തിന്‍റെ മക്കള്‍ക്കുമുള്ള സ്ഥാനങ്ങള്‍. ഹാരിയുടെ മകനായ ആര്‍ച്ചിയുടെ നിറം കറുപ്പല്ല. ആര്‍ച്ചി എന്ന ആര്‍ച്ചി ഹാരിസണ്‍ മൗണ്ട്ബാറ്റന്‍ വിന്‍സര്‍ ബ്രിട്ടീഷ് രാജാവാകാനുള്ള സാധ്യത വളരെ വളരെ വിദൂരവും.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom Column - Meghan & Harry's Racism allegations 'concerning': Royal Family Ends Silence