അമ്പതു വര്‍ഷം മുന്‍പ് ഈ ദിവസങ്ങളിലാണ് ബംഗ്ലദേശ് ജനത അവരുടെ സ്വാതന്ത്രത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിനു തുടക്കം കുറിച്ചത്. 1971 മാര്‍ച്ച് 26 മുതല്‍ ഒന്‍പതു മാസത്തോളം പാക്കിസ്ഥാന്‍റെ സൈന്യവുമായി വീറോടെ ഏറ്റുമുട്ടിയ അവര്‍ ഒടുവില്‍ വിജയം വരിച്ചു. 1971 ഡിസംബര്‍ 16 ന് ബംഗ്ലദേശ് സ്വതന്ത്രരാജ്യമായി. പാക്കിസ്ഥാന് അതിന്‍റെ ഒരു ഭാഗം നഷ്ടപ്പെട്ടു. ആധുനിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളായി എണ്ണപ്പെടുന്ന ആ സംഭവങ്ങളുടെ തുടക്കവും സാഹചര്യവും അമ്പതാം വര്‍ഷത്തില്‍ വീണ്ടും ഓര്‍മിക്കപ്പെടുന്നു.
ബംഗ്ലദേശിന്‍റെ വിമോചന സമരത്തിനു നേതൃത്വം നല്‍കിയ ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍റെ ജന്മശതാബ്ദി വര്‍ഷം കൂടിയാണിത്. 12 വര്‍ഷമായി ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ പിതാവായ അദ്ദേഹം ജനിച്ചത് 1920 മാര്‍ച്ച് 17 നായിരുന്നു. രണ്ടു വാര്‍ഷികങ്ങളും അര്‍ഹിക്കുന്ന ആര്‍ഭാടത്തോടെ ആഘോഷിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു ഹസീന. പക്ഷേ, കോവിഡ് മഹാമാരി അത്തരമൊരു മഹാസംഗമത്തിനു തടസ്സമായി.
എങ്കിലും, അയല്‍ രാജ്യങ്ങളായ ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയുടെ നേതാക്കള്‍ വെവ്വേറെ ദിവസങ്ങളിലായി നടത്തിയ ബംഗ്ലദേശ് സന്ദര്‍ശനം ശ്രദ്ധേയമായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (മാര്‍ച്ച് 26) മുതല്‍ രണ്ടു ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനമാണ്. ബംഗ്ളദേശിന്‍റെ പിറവിയില്‍ ഇന്ത്യ വഹിച്ച നിര്‍ണായകമായ പങ്ക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലൂടെ വീണ്ടും അനുസ്മരിക്കപ്പെടുന്നു.
പാക്കിസ്ഥാന്‍റെ രണ്ടു ഭാഗങ്ങളായ പടിഞ്ഞാറന്‍ പാക്കിസ്ഥാനും കിഴക്കന്‍ പാക്കിസ്ഥാനും തമ്മില്‍ തുടക്കംമുതല്‍ക്കേ പൊരുത്തത്തേക്കാളേറെ പൊരുത്തക്കേടായിരുന്നു കൂടുതല്‍. പരസ്പര ബന്ധമില്ലാതെ, ഇന്ത്യയുടെ 1600 കിലോമീറ്റര്‍ പ്രദേശത്തിന് അപ്പുറവും ഇപ്പുറവുമായി കിടക്കുകയായിരുന്നു അത്. ഭൂമിശാസ്ത്രപരമായ ഈ അകല്‍ച്ച ഇരു മേഖലകളും തമ്മിലുള്ള എല്ലാ ഇടപാടുകളിലേക്കും വ്യാപിച്ചു. പടിഞ്ഞാറന്‍ മേഖലക്കാരായ പാക്ക്
ഭരണാധികാരികളുടെ അവഗണനയും വിവേചനവും അഹങ്കാര പൂര്‍ണമായ പെരുമാറ്റവും കിഴക്കന്‍ മേഖലയിലെ ജനങ്ങളില്‍ അസംതൃപ്തിയും രോഷവും വളരാന്‍ കാരണമായതില്‍ അല്‍ഭുതമുണ്ടായിരുന്നില്ല. പടിഞ്ഞാറന്‍ മേഖലയില്‍ പ്രചാരത്തിലുള്ള ഉര്‍ദു 19848ല്‍ രാജ്യത്തിന്‍റെ മുഴുവന്‍ ഏക ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായത് അത്തരമൊരു സ്ഥിതിവിശേഷമാണ്. കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ ഭാഷയായ ബംഗാളിക്കും തുല്യപദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങി. അവരുടെ സമരത്തെ ഗവണ്‍മെന്‍റ് ക്രൂരമായി അടിച്ചമര്‍ത്തി. പില്‍ക്കാലത്തു പാക്കിസ്ഥാനിൽ നില്‍ന്നുള്ള വിമോചനത്തിനു വേണ്ടിയുള്ള സമരത്തിനു പ്രചോദനമായിത്തീര്‍ന്ന ബംഗാളി ദേശീയബോധം ജനങ്ങളില്‍ വളരാന്‍ തുടങ്ങിയത് അതിനെ തുടര്‍ന്നാണ്.
കിഴക്കന്‍ പാക്കിസ്ഥാനു സ്വയംഭരണാധികാരം നല്‍കണമെന്ന മുറവിളി ഉയര്‍ന്നു. അതിനു നേതൃത്വം നല്‍കിയവരെ കള്ളക്കേസില്‍ കുടുക്കിക്കൊണ്ടാണ് അന്നത്തെ പാക്ക് പട്ടാള ഭരണാധിപന്‍ ജനറല്‍ അയ്യൂബ് ഖാന്‍ പ്രതികരിച്ചത്. അതിനെല്ലാംകൂടി ചുട്ടമറുപടി നല്‍കാന്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് അവസരം കിട്ടിയത് 1970ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലാണ്. പാക്കിസ്ഥാനിലെ ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പായിരുന്നു അത്. അപ്പോഴേക്കും അയ്യൂബ്ഖാന്‍ അധികാരത്തില്‍നിന്നു പുറത്താവുകയും ജനറല്‍ യഹ്യാഖാന്‍ പുതിയ പട്ടാള ഭരണാധിപനാവുകയും ചെയ്തിരുന്നു.
യഹ്യാഖാനെയും സുല്‍ഫിഖാര്‍ അലി ഭൂട്ടോയെപ്പോലുള്ള പടിഞ്ഞാറന്‍ പാക്ക് രാഷ്ട്രീയ നേതാക്കളെയും ഞെട്ടിക്കുന്ന വിധത്തിലായിരുന്നു തിരഞ്ഞെടുപ്പ് ഫലം. കിഴക്കന്‍ മേഖലയിലെ സീറ്റുകള്‍ മുജീബിന്റെ അവാമി ലീഗ് തൂത്തുവാരി. അതിന്‍റെ അടിസ്ഥാനത്തില്‍ പാക്ക് പാര്‍ലമെന്‍റില്‍ അവര്‍ വ്യക്തമായ ഭൂരിപക്ഷം നേടുകയും മുജീബ് പാക്കിസ്ഥാന്‍റെ പ്രധാനമന്ത്രിയാകാന്‍ വഴിയൊരുങ്ങുകയും ചെയ്തു. പക്ഷേ, ആ കസേരയില്‍ ഇരിക്കാന്‍ നേരത്തെതന്നെ തയാറെടുത്തു നിന്നിരുന്ന ഭൂട്ടോ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ പാക്ക് നേതാക്കള്‍ക്ക് ഇതു സഹിക്കാനായില്ല. യഹ്യാഖാനും അവരുടെ പക്ഷം ചേര്‍ന്നു. മുജീബ് പ്രധാനമന്ത്രിയാകുന്നതു തടയാനായി അവര്‍ സര്‍വതന്ത്രങ്ങളും പയറ്റിയപ്പോള്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ എതിര്‍ത്തു.
അവരെ അടിച്ചമര്‍ത്താന്‍ പാക്ക് ഭരണകൂടം ജനറല്‍ ടിക്കാഖാന്‍റെ നേതൃത്വത്തില്‍ പട്ടാളത്തെ കയറൂരിവിട്ടു. ബംഗ്ലദേശിലെ തന്നെ പാക്ക് അനുകൂലികളുംഅവരോടൊപ്പം ചേര്‍ന്നു. അതിഭീകരമായ അക്രമങ്ങളാണ് അവര്‍ ജനങ്ങളുടെ നേരെ അഴിച്ചുവിട്ടത്. ദശലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയില്‍ അഭയംതേടി. പാക്ക്സൈന്യം ഇന്ത്യയ്ക്കെതിരെ ആക്രമണം ആരംഭിച്ചതോടെ കുഴപ്പത്തിലേക്ക് ഇന്ത്യയും വലിച്ചിഴയ്ക്കപ്പെട്ടു. അതിന്‍റെ സമാപ്തിയായിരുന്നു 1971 ഡിസംബര്‍ 16ന് പാക്ക് സൈന്യം ഇന്ത്യന്‍ സൈന്യത്തിനു കീഴടങ്ങിയ സംഭവം.
പാക്കിസ്ഥാന്‍റെ ഏതാണ്ട് 15,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇന്ത്യയുടെ അധീനത്തിലാവുകയും 93,000 പാക്ക് ഭടന്മാര്‍ ഇന്ത്യയില്‍ തടവുകാരാവുകയും ചെയ്തു. പിന്നീട് ഷിംല ഉടമ്പടിയെ തുടര്‍ന്ന് ആ സ്ഥലങ്ങള്‍ ഇന്ത്യ വിട്ടുകൊടുക്കുകയും പാക്ക് പട്ടാളക്കാരെ വിട്ടയക്കുകയും ചെയ്യുകയായിരുന്നു. പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ജയിലിലായിരുന്ന മുജീബ് മോചിതനായി നാട്ടില്‍ തിരിച്ചെത്തുകയും ബംഗ്ലദേശിന്‍റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ, അതിനുശേഷവും പാക്ക് സ്വാധീനത്തില്‍ നിന്നു രാജ്യം തീര്‍ത്തും മുക്തമായില്ല. പട്ടാളത്തിൽ തന്നെയുണ്ടായിരുന്ന പാക്ക് അനുകൂലികള്‍ 1975 ഓഗസ്റ്റ് 15ന് പ്രസിഡന്‍റ് മുജീബിനെ അട്ടിമറിക്കുകയും അദ്ദേഹത്തെയും ഇരുപതോളം കുടുംബാങ്ങളെയും വധിക്കുകയും ചെയ്തു. മൂത്തമകളായ ഹസീനയും ഇളയ സഹോദരി രഹാനയും ജീവനോടെ ബാക്കിയായത് അവര്‍ അപ്പോള്‍ സ്ഥലത്തില്ലാത്തതുകൊണ്ടു മാത്രമായിരുന്നു.
അതിനെല്ലാം കണക്കുപറയിക്കാന്‍ ഹസീനയ്ക്കായതു കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തിലാണ്. അതിനുമുന്‍പും ഒരു തവണ അവര്‍ പ്രധാനമന്ത്രിയായിരുന്നുവെങ്കിലും രാഷ്ട്രീയാസ്ഥിരത ബംഗ്ലദേശിനെ വിട്ടൊഴിഞ്ഞിരുന്നില്ല. 2008ലെ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയ അവര്‍ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും ആ വിജയം ആവര്‍ത്തിച്ചു.
അതിനിടയില്‍ മുജീബിന്‍റെയും കുടുംബാംഗങ്ങളുടെയും കൊലയാളികളെയും ബംഗ്ലദേശ് വിമോചന സമരക്കാലത്ത് പാക്ക് പക്ഷം ചേര്‍ന്നു സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരെയും ഹസീന നിയമത്തിന്‍റെ മുന്‍പാകെ കൊണ്ടുവരികയും അവര്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇതിനുവേണ്ടിയുള്ള യജ്ഞത്തിനിടയില്‍ അവര്‍ ജനാധിപത്യ വിരുദ്ധമായി പെറുമാറുകയാണെന്നും ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുമുണ്ട്.
ബംഗ്ലദേശ് സ്വതന്ത്രമായപ്പോള്‍ അതിന്‍റെ സാമ്പത്തിക ഭാവിയെപ്പറ്റി ആശങ്കാകുലരായിരുന്നു പലരും. അവരെയെല്ലാം അല്‍ഭുതപ്പെടുത്തുന്ന വിധത്തിലുള്ള സാമ്പത്തിക പുരോഗതിയാണ് ബംഗ്ലദേശ് കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ കൈവരിച്ചിരിക്കുന്നതെന്നു വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ 1971ല്‍ 80 ശതമാനമായിരുന്നതു 10 ശതമാനം വരെയായി കുറഞ്ഞു. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ ബംഗ്ലദേശ് ലോകത്തു രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഈ മേഖലയില്‍ 40 ലക്ഷത്തിലേറെ പേര്‍ ജോലി ചെയ്യുന്നു. അധികവും സ്ത്രീകള്‍. സ്ത്രീശാക്തീകരണ രംഗത്തും ബംഗ്ലദേശ് മുന്‍നിരയില്‍ നില്‍ക്കുന്നു. അമ്പതാംവാര്‍ഷികത്തില്‍ ആഹ്ളാദിക്കാനും അഭിമാനിക്കാനും ബംഗ്ലദേശിന് ഏറെ വകയുണ്ട്.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം...
English Summary : Bangladesh celebrates 50 years of independence