ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ സൂയസ് കനാലില്‍ കഴിഞ്ഞ ഒരാഴ്ചയോളം അനുഭവപ്പെട്ടത് ട്രാഫിക് ജാം അഥവാ ഗതാഗത സ്തംഭനമാണ്. ഒരു പടുകൂറ്റന്‍ ചരക്കുകപ്പല്‍ കനാലില്‍ കുടുങ്ങുകയും അതുകാരണം പാത മുഴുവനായി അടഞ്ഞുപോവുകയും ചെയ്യുകയായിരുന്നു. കനാലിന്‍റെ ഒന്നര നൂറ്റാണ്ടു കാലത്തെ ചരിത്രത്തില്‍ യുദ്ധവേളയില്‍ അല്ലാതെ ഇങ്ങനെ സംഭവിക്കുന്നത് ആദ്യമാണ്.
ഭാഗ്യവശാല്‍ ഏഴാം ദിവസം പ്രശ്നം പരിഹരിക്കാനായതില്‍ ബന്ധപ്പെട്ട എല്ലാവരും ആശ്വാസം കൊള്ളുന്നു. ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കേണ്ടിവരുമെന്നാണ് പലരും ഭയപ്പെട്ടിരുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ലോകം പൊതുവില്‍ തന്നെ അതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമായിരുന്നു.
കനാലിലൂടെ കടന്നുപോകാന്‍ അതിന്‍റെ ഇരു ഭാഗങ്ങളിലും എത്തിയ മറ്റു നൂറുകണക്കിനു കപ്പലുകള്‍ മുന്നോട്ടു നീങ്ങാനാവാത്ത സ്ഥിതിയിലായി. ചില കപ്പലുകള്‍ കനാലിലെ തടസ്സം തീരുന്നതുവരെ അനിശ്ചിതമായി കാത്തിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മറ്റു ചില കപ്പലുകള്‍ ചരക്കുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ബദല്‍ വഴിതേടി. ചരക്കുനീക്കം തടയപ്പെട്ടതു കാരണം ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇതിനകംതന്നെ കോടിക്കണക്കിനു ഡോളറുകളുടെ നഷ്ടം സംഭവിച്ചു കഴിഞ്ഞു.
ലോകത്തെ ചരക്കു ഗതാഗതത്തിന്‍റെ 12 ശതമാനംവരെ നടക്കുന്നത് ഈജിപ്തിലെ സൂയസ് കനാലിലൂടെയാണ്. മൂന്നു ശതകോടി ഡോളര്‍ മുതല്‍ ഒന്‍പതു ശതകോടി ഡോളര്‍വരെയുള്ള ചരക്കുകളുമായി ദിനം പ്രതി 50 കപ്പലുകള്‍ ഇതിലൂടെ കടന്നുപോകുന്നു. അതിന്‍റെ ഫീസ് ഇനത്തില്‍ ഈജിപ്തിനു വര്‍ഷത്തില്‍ അഞ്ചാറ് ശതകോടി ഡോളര്‍ കിട്ടുന്നു. ആറു ദിവസത്തെ ഗതാഗത സ്തംഭനംമൂലം ഈജിപ്തിനുമുണ്ടായി ഭീമമായ നഷ്ടം.
മധ്യപൂര്‍വദേശത്തു ചെങ്കടലിനും മെഡിറ്ററേനിയന്‍ കടലിനും ഇടയില്‍ സ്ഥിതിചെയ്യുകയാണ് 1869 വരെയുള്ള പതിനൊന്നു വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിക്കപ്പെട്ട സൂയസ് കനാല്‍. ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലുള്ള കുറുക്കുവഴിയാണിത്. ഇല്ലെങ്കില്‍ കപ്പലുകള്‍ക്ക് ആഫ്രിക്കയുടെ ദക്ഷിണ ഭാഗത്തെ ചുറ്റി വളഞ്ഞ വഴിയിലൂടെ യാത്ര ചെയ്യേണ്ടിവരും. യാത്രാസമയം ഒരാഴ്ച മുതല്‍ പത്തു ദിവസംവരെയെങ്കിലും അധികമാവുകയും ചെയ്യും.
വിലപിടിപ്പുള്ള ചരക്കുകളുമായി ലക്ഷ്യ സ്ഥാനങ്ങളില്‍ എത്താന്‍ തിരക്കു കൂട്ടുന്നവര്‍ക്കു ചിലപ്പോള്‍ ഈ വഴിയില്‍ കടല്‍ക്കൊള്ളക്കാരെ നേരിടേണ്ടിവരികയും ചെയ്തേക്കാം. ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടായിട്ടും സൂയസ് കനാലിലെ ട്രാഫിക് ജാം തീരുന്നതുവരെ കാത്തു നില്‍ക്കാതെ പല കപ്പലുകളും ആഫ്രിക്ക ചുറ്റിപ്പോകാന്‍ തന്നെ തീരുമാനിക്കുകയാണ് ചെയ്തത്.
ജപ്പാനിലെ ഷോയ് കിസന്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുളളതും തയ്വാനിലെ എവര്‍ഗ്രീന്‍ മറൈന്‍ കമ്പനി ഉപയോഗിച്ചുവരുന്നതുമായ എവര്‍ഗിവണ്‍ എന്ന കണ്ടെയിനര്‍ കപ്പല്‍ കനാലില്‍ കുടുങ്ങിയത് മാര്‍ച്ച് 23നു രാവിലെയാണ്. 25 ജോലിക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും ഇന്ത്യക്കാര്‍.
ചൈനയില്‍നിന്നു നെതര്‍ലന്‍ഡ്സിലേക്കു പോവുകയായിരുന്ന കപ്പല്‍ ചെങ്കടലില്‍ നിന്നു കനാലിലേക്കു പ്രവേശിക്കുകയായിരുന്നു. 190 കിലോമീറ്റര്‍ നീളമുള്ള കനാലിന്‍റെ ഏതാണ്ട് പകുതിദൂരം പിന്നിട്ടപ്പോഴാണ് നിയന്ത്രണം വിട്ട് കപ്പലിന്‍റെ മുന്‍ഭാഗം കനാലിന്‍റെ കിഴക്കെ തിട്ടയില്‍ ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്‍റെ പിന്‍ഭാഗം മുന്നോട്ടുകയറി മറുവശത്തെ തിട്ടയിലും ചെന്നിടിച്ചു. അതോടെ പാത പൂര്‍ണമായി അടയുകയും മറ്റു കപ്പലുകള്‍ക്കൊന്നും പോകാന്‍ ഇടമില്ലാതാവുകയും ചെയ്തു.
കപ്പലിന്‍റെ നിയന്ത്രണം വിട്ടുപോകാന്‍ കാരണം ശക്തമായി വീശിയടിച്ചിരുന്ന പൊടിക്കാറ്റാണെന്നും അതുമൂലം കാഴ്ചയ്ക്കു തടസ്സമുണ്ടായി എന്നുമായിരുന്നു വിശദീകരണം. ഈജിപ്തിലെ അധികൃതര്‍ ഇതു പൂര്‍ണമായി വിശ്വസിക്കുന്നില്ല.
എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മാനുഷികമോ യന്ത്രസംബന്ധമോ ആയ തകരാറു വല്ലതും സംഭവിച്ചിരിക്കാനിടയുണ്ടെന്നും അവര്‍ സംശയിക്കുകയുണ്ടായി. അതിനെപ്പറ്റി വിശദമായ അന്വേഷണം നടക്കാനിടയുണ്ട്. കനാലിന്‍റെ വീതികൂടിയ തടാകഭാഗത്തേക്കു കപ്പല്‍ മാറ്റിയിട്ടിരിക്കുകയാണ്.
രണ്ടേകാല്‍ ലക്ഷം ടണ്‍ ഭാരമുള്ള കപ്പലില്‍ മൊത്തം ഇരുപതിനായിരത്തോളം കണ്ടെയിനറുകളാണുള്ളത്. അവയ്ക്കകത്തുള്ള ചരക്കുകളില്‍ ഭക്ഷ്യ സാധനങ്ങളും യന്ത്രി സാമഗ്രികളും മുതല്‍ ഔഷധങ്ങളും ജീവനുള്ള കന്നുകാലികളുംവരെ ഉള്‍പ്പെടുന്നു. സാധനങ്ങളില്‍ പലതും നിശ്ചിത സമയം കഴിഞ്ഞാല്‍ ഉപയോഗശൂന്യമാകും.
വഴിമുടങ്ങിയതു കാരണം കനാലിലേക്കു കടക്കാനാവാതെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ അതിന്‍റെ ഇരു ഭാഗങ്ങളിലും കാത്തുകിടന്ന കപ്പലുകളിലും ശതകോടി ഡോളര്‍ വിലയുള്ള ഇത്തരം സാധനങ്ങളുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വഹിക്കുന്ന പടുകൂറ്റന്‍ ഓയില്‍ ടാങ്കറുകളും കാത്തുകിടക്കുകയായിരുന്നു. അവശ്യസാധനങ്ങള്‍ നിശ്ചിത സമയത്ത് എത്തിച്ചേരാന്‍ വൈകുന്നതു കാരണം പല രാജ്യങ്ങളിലും അത്തരം സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുകയും വിലക്കയറ്റം അനുഭവപ്പെടുകയും ചെയ്യാനിടയുണ്ട്. കോവിഡ് മഹാമാരിയുടെ ഫലമായിത്തന്നെ ലോകത്തു പൊതുവിലുണ്ടായ സാമ്പത്തിക ഞെരുക്കത്തെ ഇതു കൂടുതല്‍ ഗുരുതരമാക്കുന്നു.
കണ്ടെയിനറുകള്‍ ഓരോന്നായി താഴെയിറക്കി കപ്പലിന്‍റെ ഭാരം കുറക്കുന്നതു കപ്പല്‍ കുടുങ്ങിക്കിടക്കുന്ന തിട്ടയില്‍നിന്ന് അതിനെ വിടുവിക്കാന്‍ സഹായകമാകുമെന്നു കരുതിയിരുന്നു. എന്നാല്‍ കണ്ടെയിനറുകള്‍ എടുത്തു മാറ്റുന്നതും അട്ടിവയ്ക്കുന്നതും സൂക്ഷ്മതയോടെ ചെയ്യേണ്ട കാര്യമാണ്. അതിനു പറ്റിയ വിധത്തിലുള്ള ക്രെയിനുകളും മറ്റും വേണ്ടിവരും. കപ്പല്‍ കുടുങ്ങിക്കിടക്കുന്ന തിട്ടയില്‍ അത്തരം സാമഗ്രികള്‍ ലഭ്യമല്ല. അവ അവിടെ എത്തിക്കുക എളുപ്പവുമല്ല.
കപ്പലിന്‍റെ മുന്‍ഭാഗം കുടുങ്ങിക്കിടക്കുന്ന തിട്ടയിലെ മണലും ചെളിയും നീക്കം ചെയ്യുകയും അങ്ങനെ ആ ഭാഗത്ത് ആഴം വര്‍ധിപ്പിക്കുകയും ചെയ്യുക. അതിലൂടെ കപ്പലിനെ പിന്നോട്ടെടുക്കാനുളള ശ്രമമാണ് ഒടൂവില്‍ വിജയത്തിലെത്തിയത്.
ഡ്രജറുകളും ടഗ്ഗുകളും മറ്റും ഉപയോഗിച്ചുളള ഈ യജ്ഞവും എളുപ്പമായിരുന്നില്ല. എങ്കിലും, ഈ പ്രവൃത്തിയിലൂടെ ടണ്‍ കണക്കില്‍ മണലും ചെളിയും കപ്പലിന്‍റെ പാര്‍ശ്വഭാഗത്തുനിന്നു നീക്കം ചെയ്യാനായി. ഇതിലൂടെതന്നെ കപ്പലിനെ ഇളക്കിയെടുത്തു മോചിപ്പിക്കാനും കഴിഞ്ഞു. വേലിയേറ്റവും അതിനു സഹായകമായി.
ഈജിപ്തിനെ സംബന്ധിച്ചിടത്തോളം സൂയസ് കനാല്‍ ഒരു വരുമാന സ്രോതസ് മാത്രമല്ല, അഭിമാനത്തിന്‍റെ അടയാളവുമാണ്. സൂയസ് കനാലിന്‍റെ പേരില്‍ ഈജിപ്ത് യുദ്ധം ചെയ്യുക പോലുമുണ്ടായി. ഈജിപ്ത് ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന കാലത്തു നിര്‍മിക്കപ്പെട്ട സൂയസ് കനാല്‍ പിന്നീട് ഒരു ബ്രിട്ടീഷ്-ഫ്രഞ്ച് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു. രാജാധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഈജിപ്തിനെ റിപ്പബ്ളിക്കായി പ്രഖ്യാപിച്ച പ്രസിഡന്‍റ് ജമാല്‍ അബ്ദുന്നാസര്‍ 1956ല്‍ കനാല്‍ ദേശസാല്‍ക്കരിച്ചതിനെ തുടര്‍ന്നായിരുന്നു യുദ്ധം.
ബ്രിട്ടനും ഫ്രാന്‍സും ഇസ്രയേലും കൂടി ഈജിപ്തിനെ ആക്രമിക്കുകയായിരുന്നു. അമേരിക്ക അതിനെ അനുകൂലിച്ചില്ലെന്നു മാത്രമല്ല, അപലപിക്കുകയും ചെയ്തു. രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്നു ബ്രിട്ടനും ഫ്രാന്‍സും ഇസ്രയേലും തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായി. പക്ഷേ, യുദ്ധത്തിനിടയില്‍ കപ്പലുകള്‍ മുങ്ങിയതു കാരണം ഗതാഗതം സ്തംഭിച്ചു. കനാല്‍ പിന്നീടുതുറന്നതു നാലു മാസത്തിനുശേഷമാണ്. 1967ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് എട്ടു വര്‍ഷവും കനാല്‍ പൂട്ടിക്കിടക്കുകയുണ്ടായി. എങ്കിലും, യുദ്ധമില്ലാത്ത വേളയില്‍ സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും സ്തംഭനത്തിലാകുമെന്ന് ആരും കരുതിയിരിക്കാനിടയില്ല.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom Column - Suez Canal reopens after giant stranded ship is freed