മല എലിയെ പ്രസവിച്ചതുപോലെ എന്ന ചൊല്ല് ലോകാരോഗ്യ സംഘടനയോ ചൈനയോ കേട്ടിട്ടുണ്ടാകുമോ എന്നറിയില്ല. എങ്കിലും, കോവിഡ് 19 മഹാമാരിയുടെ ഉല്‍ഭവത്തെപ്പറ്റി നടന്ന അന്വേഷണത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അതാണ്. ഇതിനകം ലോകമൊട്ടുക്കുമായി 13 കോടിയോളം പേരെ ബാധിക്കുകയും 28 ലക്ഷം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത മഹാമാരി ചൈനയില്‍ അതിന്‍റെ താണ്ഡവം തുടങ്ങിയത് 2019 അവസാനത്തിലായിരുന്നു. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ളിയുഎച്ച്ഒ) ഒരു 17 അംഗവിദഗ്ദ്ധസംഘം ചൈനയിലെത്തുകയും രോഗത്തിന്‍റെ ഉല്‍ഭവത്തെപ്പറ്റി പഠനം നടത്തുകയും ചെയ്തത്. രണ്ടാഴ്ച ഹോട്ടലില്‍ ക്വാറന്‍റീനില്‍ കഴിച്ചുകൂട്ടിയത് ഉള്‍പ്പെടെ നാലാഴ്ച ചൈനയിലുണ്ടായിരുന്നു അവര്‍. തിരിച്ചെത്തി 120 പേജുള്ള ഒരു റിപ്പോര്‍ട്ട് തയാറാക്കി ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാര്‍ച്ച് 30) പ്രസിദ്ധീകരിക്കുകയും ചെയ്തു.ലോകം പൊതുവില്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ റിപ്പോര്‍ട്ടില്‍ പക്ഷേ, പുതുതായി ഒരു വിവരവുമില്ലെന്നാണ് ആരോപണം. ഭാവിയില്‍ ഇത്തരം മഹാമാരി വീണ്ടും പൊട്ടിപ്പുറപ്പെടുന്നതു തടയാനുള്ള തന്ത്രം ആവിഷ്ക്കരിക്കാന്‍ ആവശ്യമായവിവരങ്ങള്‍ക്കും സാമ്പിളുകള്‍ക്കും വേണ്ടി കാത്തിരുന്നവര്‍ നിരാശരായി.
ഇതിനു കാരണം, ചൈനയുടെ നിസ്സഹകരണമോ താല്‍പര്യക്കുറവോ ആണെന്ന സംശയവുമുണ്ട്. അധികമൊന്നും കാത്തുനില്‍ക്കാതെ തന്നെ അമേരിക്കയും ബ്രിട്ടനും കാനഡയും ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ ഒരു സംയുക്ത പ്രസ്താവനയില്‍ ഇതിനെ രൂക്ഷമായി അപലപിക്കുകയും ചെയ്തു. ജപ്പാന്‍, ഓസ്ട്രേലിയ, ഇസ്രയേല്‍, ചെക്ക് റിപ്പബ്ളിക്, ഡെന്മാര്‍ക്ക്, ഇസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ, നോര്‍വെ, സ്ളൊവേനിയ, ദക്ഷിണ കൊറിയ, എന്നിവയാണ് പ്രസ്താവനയില്‍ ഒപ്പുവച്ച മറ്റു രാജ്യങ്ങള്‍. 27 അംഗ യൂറോപ്യന്‍ യൂണിയനും വിമര്‍ശനവുമായി മുന്നോട്ടുവന്നു. ഇതൊരു കള്ളക്കളിയാണെന്നു പറഞ്ഞ് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപയോയും അവരോടൊപ്പം ചേര്‍ന്നു.
വൂഹാനിലെ പ്രവര്‍ത്തനത്തിനിടയില്‍ തങ്ങള്‍ക്ക് അപ്രതീക്ഷിതമായ വിധത്തിലുള്ള തടസ്സങ്ങള്‍ നേരിട്ടിരുന്നുവെന്നു ഡബ്ളിയുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധനോം ഘെബ്രെയെസുസ് തുറന്നു പറഞ്ഞതും ഈ വിമര്‍ശനങ്ങളുമായി ചേര്‍ത്തു വായിക്കപ്പെടുന്നു. സംഘം പോകുന്നിടത്തെല്ലാം ചൈനീസ് അധികൃതര്‍ അവരെ അനുഗമിച്ചിരുന്നു. സ്വതന്ത്രമായി സഞ്ചരിക്കാനും ആളുകളുമായി തടസ്സമില്ലാതെ സംസാരിക്കാനും അവര്‍ക്കു പ്രയാസം നേരിട്ടിരുന്നുവത്രേ. സംഘത്തിലെ വിദഗ്ദ്ധരും ചൈനീസ് ശാസ്ത്രജ്ഞരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും നടന്നുവെന്ന വാര്‍ത്തകളും പ്രചരിക്കുകയുണ്ടായി.
ഇതോടെ കോവിഡിന്‍റെ ഉല്‍ഭവത്തിന്‍റെ പേരിലുളള രാജ്യാന്തര വിവാദത്തിനു വീണ്ടും ചൂടുപിടിക്കാന്‍ തുടങ്ങി. നേരത്തെ തിരസ്ക്കരിക്കപ്പെട്ടിരുന്ന ചില തിയറികള്‍ വീണ്ടും ചര്‍ച്ചാവിഷയമാകാന്‍ തുടങ്ങുകയുംചെയ്തു. ഡെന്മാര്‍ക്കുകാരനായ പീറ്റര്‍ ബെന്‍ എംബാറകിന്‍റെ നേതുത്വത്തിലുള്ള ശാസ്ത്രജ്ഞ സംഘം മധ്യ ചൈനയിലെ വൂഹാനിലെത്തിയത് ജനുവരി 14നായിരുന്നു. ഫെബ്രുവരി 10നു മടങ്ങി. ഈ സന്ദര്‍ശനം സാധ്യമായതുതന്നെ ഡബ്ളിയുഎച്ച്ഒയും ചൈനീസ് അധികൃതരും തമ്മില്‍ നടന്ന മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമായിരുന്നു.
ഇത്തരമൊരു അന്വേഷണത്തില്‍ ചൈനയ്ക്ക് ഒട്ടും താല്‍പര്യമില്ലെന്ന് അങ്ങനെ നേരത്തെതന്നെ വ്യക്തമായിരുന്നു. അന്വേഷണ സംഘത്തിന്‍റെ നിഗമനങ്ങള്‍ തങ്ങള്‍ക്ക് എതിരായിത്തീരുമോയെന്ന ഭയമായിരുന്നുവത്രെ അതിനൊരു കാരണം. ആവശ്യമായ വിവരങ്ങളെല്ലാം തങ്ങളുടെ ശാസ്ത്രജ്ഞന്മാര്‍ ശേഖരിച്ചുവച്ചിട്ടുണ്ട്. അവ കൈമാറാം. ഭാവിയില്‍ ഇത്തരം മഹാമാരി വീണ്ടും പൊട്ടാല്‍ അതിനെ ചെറുക്കാനുള്ള തന്ത്രം ആവിഷ്ക്കരിക്കാന്‍ ഇതെല്ലാം ധാരാളം മതി. ഇതായിരുന്നു ചൈനയുടെ നിലപാട്. എങ്കിലും ഡബ്ളിയുഎച്ചഒ ഉറച്ചുനിന്നപ്പോള്‍ നിലപാടില്‍ അയവുവരുത്താന്‍ ചൈന നിര്‍ബന്ധിതമായി. അതുകൊണ്ടു കാര്യമായ ഫലമുണ്ടായില്ലെന്നുമാത്രം.

നാലു ചോദ്യങ്ങളാണ് ഡബ്ളിയുഎച്ച്ഒയുടെ മുന്നിലുണ്ടായിരുന്നത്. വൈറസ് ആദ്യമായി കണ്ടെത്തിയ വൂഹാനിലെ മാര്‍ക്കറ്റില്‍വച്ച് ഏതെങ്കിലും മൃഗത്തില്‍നിന്നു വൈറസ് നേരിട്ടു മനുഷ്യനിലേക്കു കടക്കുകയായിരുന്നുവോ ? വവ്വാലില്‍ നിന്നോ ഈനംപേച്ചി പോലുള്ള ജന്തുക്കളില്‍ നിന്നോ ഉല്‍ഭവിച്ച വൈറസ് ആദ്യം മറ്റേതെങ്കിലും മൃഗത്തിലേക്കു പടരുകയും അവിടെനിന്നു മനുഷ്യനിലേക്കു കടക്കുകയും ചെയ്തതാണോ ? വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച മാംസത്തിന്‍റെ പെട്ടികളില്‍ പറ്റിപ്പിടിച്ചുകൊണ്ട് വൈറസ് ചൈനയില്‍ എത്തിയതാണോ ? വൂഹാനിലെ ഗവേഷണ ശാലയില്‍ പരീക്ഷണത്തിലായിരുന്ന വൈറസ് അബദ്ധത്തില്‍ അവിടെനിന്നു ചോര്‍ന്നു പോയതാണോ ?
വവ്വാലില്‍നിന്നോ ഈനംപേച്ചി പോലുള്ള ജന്തുക്കളില്‍ നിന്നോ ഉല്‍ഭവിച്ച വൈറസ് ആദ്യം മറ്റേതോ മൃഗത്തിലേക്കു പടരുകയും അവിടെ നിന്നു മനുഷ്യനിലേക്കു കടക്കുകയും ചെയ്തുവെന്ന നിഗമനത്തിലാണ് ഡബ്ളിയുഎച്ച്ഒ സംഘം എത്തിച്ചേര്‍ന്നത്. പക്ഷേ, ആ മൃഗം ഏതാണെന്നോ എവിടെവച്ച് എങ്ങനെ അതിനു വൈറസ് ബാധിച്ചുവെന്നോ തിരിച്ചറിയാനായില്ല. ഭാവിയില്‍ ഇതുപോലുള്ള വൈറസ് ബാധ ഉണ്ടാകുന്നതു ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനെ ഇതു പ്രതികൂലമായി ബാധിക്കാനുമിടയുണ്ടത്രേ.
വൈറസ് ഉല്‍ഭവിച്ചതു ചൈനയില്‍ നിന്നല്ലെന്നും പുറത്തുനിന്നു ചൈനയിലേക്കു വന്നതാണെന്നുമുള്ള തിയറിയുമായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ നേരത്തെതന്നെ രംഗത്തിറങ്ങുകയുണ്ടായി. ചൈനയില്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും വൈറസ് കണ്ടെത്തിയിരുന്നുവെന്നും ചൈനയില്‍ അതെത്തിയത് ഇറക്കുമതി ചെയ്ത മാംസത്തിന്‍റെയും സമുദ്രോല്‍പ്പന്നങ്ങളുടെയും പെട്ടികളിലാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ, ഇത്തരം അഭ്യൂഹങ്ങള്‍ ചൈനയ്ക്കു പുറത്ത് അവഗണിക്കപ്പെടുകയാണ് ചെയ്തത്.
2019 ഒക്ടോബറില്‍ വൂഹാനില്‍ നടന്ന ആഗോള മിലിട്ടറി ഗെയിംസില്‍ അമേരിക്കയില്‍നിന്നുള്ള പട്ടാളക്കാരും പങ്കെടുത്തിരുന്നു. അവരിലൂടെയാണ് വൈറസ് ചൈനയില്‍ എത്തിയതെന്നും അഭ്യൂഹങ്ങളുണ്ടായി. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ ഇത്തരം തിയറികളും തിരസ്ക്കരിക്കപ്പെട്ടു. ഡബ്ളിയുഎച്ച്ഒ വിദഗ്ദ്ധ സംഘവും ഇതിനുള്ള സാധ്യത വളരെ വിദൂരമാണെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്.
വൂഹാനിലെ ഗവേഷണ ശാലയില്‍നിന്നു കോവിഡ് വൈറസ് ചോര്‍ന്നു പോയിരിക്കാനുള്ള സാധ്യതയെയും അവര്‍ നോക്കിക്കാണുന്നത് ഇതേ വിധത്തിലാണ്. ഇതു തികച്ചും അസംഭവ്യമാണെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഡബ്ളിയുഎച്ച്ഒ തലവന്‍ ഒരു സാധ്യതയും തള്ളിക്കളയുന്നുമില്ല. ഇക്കാര്യത്തില്‍ വ്യക്തമായ നിഗമനത്തില്‍ എത്തുന്നതിനുവേണ്ടി ആവശ്യമാണെങ്കില്‍ തുടരന്വേഷണം ആവാമെന്നും അദ്ദേഹം അറിയിച്ചിരിക്കുകയാണ്. അതിനാവശ്യമായ വിദഗ്ദ്ധ സംഘത്തെ അയക്കാന്‍ ഏതു സമയത്തും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയുടെ നേരെ മൃദുസമീപനം കൈക്കൊള്ളുകയാണെന്നു പലരും കുറ്റപ്പെടുത്തിയിരുന്ന ഡോ. ടെഡ്രോസിന്‍റെ നിലപാടിലുണ്ടായ ഒരു വലിയ മാറ്റത്തിന്‍റെ സൂചനയായി ഇതു വ്യാഖ്യാനിക്കപ്പെടുന്നു. കോവിഡ് വൈറസ് വൂഹാനിലെ ലാബില്‍ നിന്നു ചോര്‍ന്നു പോയതാണെന്നു വാദിച്ചുകൊണ്ടിരുന്ന മുന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെപ്പോലുള്ളവരെ ഇതു സന്തോഷിപ്പിക്കാനുമിടയുണ്ട്.
അതേസമയം, അതീവ രഹസ്യമായ പല ശാസ്ത്രീയ ഗവേഷണ-പരീക്ഷണങ്ങളും നടന്നുവരുന്ന വൂഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെപ്പോലുള്ള സ്ഥാപനത്തിന് അകത്തേക്കു ചൂഴ്ന്നുനോക്കാന്‍ വിദേശികളെ ചൈന അനുവദിക്കുമോ എന്ന ചോദ്യവും അവശേഷിക്കുന്നു. മാത്രമല്ല, അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ പ്രശ്നത്തെ അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന പരാതിയും ചൈനയ്ക്കുണ്ട്.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangam - World health organization Covid-19 report