റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ കൊലയാളിയാണോ എന്ന ടിവി അഭിമുഖത്തിലെ ചോദ്യത്തിന് അമേരിക്കയിലെ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍ അതെയെന്നു മറുപടി പറഞ്ഞിട്ട് അധികനാളായില്ല. പ്രതിഷേധ സൂചകമായി റഷ്യ അവരുടെ അമേരിക്കയിലെ അംബാസ്സഡറെ കൂടിയാലോചനയ്ക്കെന്ന പേരില്‍ മടക്കിവിളിക്കുകയും ചെയ്യുകയുണ്ടായി. അതിന്‍റെയെല്ലാം ചൂട് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കെതന്നെ അപ്രതീക്ഷിതമായി പുടിനുമായുള്ള ഒരു ഉച്ചകോടിക്കു സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് ബൈഡന്‍. കാരണം യുക്രെയിന്‍.
തെക്കുകിഴക്കന്‍ യൂറോപ്പില്‍ യുക്രെയിനുമായുള്ള റഷ്യയുടെ അതിര്‍ത്തിയില്‍ ഏതാനും ആഴ്ചകളായി സംഘര്‍ഷാവസ്ഥ മൂര്‍ഛിക്കുകയാണ്. അവിടെ റഷ്യ നടത്തിവരുന്ന വന്‍തോതിലുള്ള സൈനിക വിന്യാസത്തെ തുടര്‍ന്നാണ് ഈ സംഭവവികാസം. യുക്രെയിനെ ആക്രമിക്കാനാണോ റഷ്യയുടെ ഭാവം ?
എങ്കില്‍, ഗുരുതരമായ ഭവിഷ്യത്തുകളെ നേരിടേണ്ടിവരുമെന്നാണ് അമേരിക്ക താക്കീതു നല്‍കിയത്. യുഎസ് യുദ്ധക്കപ്പലുകള്‍ ആ ഭാഗത്തെ കരിങ്കടലിലേക്കു നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കാസ്പിയന്‍ കടലില്‍നിന്ന് ആ ഭാഗത്തേക്കു റഷ്യന്‍ യുദ്ധക്കപ്പലുകളുടെ നീക്കത്തെക്കുറിച്ചുള്ള സൂചനകളുമുണ്ടായി. യുദ്ധം വിളിച്ചുവരുത്തുകയാണെന്ന് അമേരിക്കയും റഷ്യയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു.
അതിനിടയിലുണ്ടായ ഒരേയൊരു രജതരേഖയാണ് പുടിനുമായി ഉച്ചകോടിയാവാം എന്ന ബൈഡന്‍റെ നിര്‍ദേശം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഏപ്രില്‍ 13) പുടിനുമായി അദ്ദേഹം നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലായിരുന്നു ഇത്. പ്രസിഡന്‍റായി സ്ഥാനമേറ്റതിനു ശേഷമുള്ള മൂന്നു മാസങ്ങള്‍ക്കിടയില്‍ അദ്ദേഹം പുടിനുമായി സംസാരിക്കുന്നതു രണ്ടാം തവണയാണ്.

ഉച്ചകോടി അമേരിക്കയിലോ റഷ്യയിലോ നടത്തുന്നതിനു പകരം നിഷ്പക്ഷമായ ഒരു മൂന്നാം രാജ്യത്തുവച്ചാകാമെന്ന നിര്‍ദേവും ബൈഡന്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. അതേസമയം, ഉച്ചകോടിക്കു സമ്മതമാണോ എന്ന കാര്യംതന്നെ റഷ്യ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. പരിഗണിക്കുന്നുവെന്നു മാത്രമായിരുന്നു മോസ്ക്കോയില്‍നിന്നുള്ള പ്രതികരണം.
അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും റഷ്യയും തമ്മില്‍ നടന്നുവരുന്ന ശീതയുദ്ധത്തിന്‍റെ ഒരു പുതിയ അദ്ധ്യായത്തിനാണ് യുക്രെയിന്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായിരുന്ന നാലു വര്‍ഷക്കാലം റഷ്യയുടെ നേരെ താരതമ്യേന മൃദുവായ സമീപനം സ്വീകരിച്ചിരിക്കുകയായിരുന്നു അമേരിക്ക. ജോ ബൈഡന്‍ പ്രസിഡന്‍റായതോടെ അതിനു മാറ്റം വന്നിട്ടുണ്ടെന്നു മാത്രമല്ല, പുടിനെ അദ്ദേഹം കൊലയാളി എന്നു വിളിച്ചതോടെ അതു സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
റഷ്യയുമായി അതിര്‍ത്തിപങ്കിടുന്ന യുക്രെയിനിലെ റഷ്യപക്ഷക്കാരും എതിരാളികളും തമ്മിലുള്ള അധികാരവടംവലിയോടെ ഏഴു വര്‍ഷം മുന്‍പായിരുന്നു യുക്രെയിന്‍ പ്രശ്നത്തിന്‍റെ തുടക്കം. അതിനിടയില്‍ കിഴക്കന്‍ യുക്രെയിനിലെ ഡോണ്‍ബാസ് മേഖലയിലെ ഡോണട്സ്ക്, ലുഹാന്‍സ്ക് എന്നീ പ്രവിശ്യകള്‍ റഷ്യപക്ഷക്കാരുടെ നിയന്ത്രണത്തിലായി. അവിടെ അവര്‍ സ്വന്തം റിപ്പബ്ളിക്കുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
യുക്രെയിന്‍റെ ഭാഗവും സൈനിക തന്ത്രപ്രധാനവുമായ ക്രൈമിയ അര്‍ദ്ധദ്വീപ് റഷ്യ സ്വന്തമാക്കിയതായിരുന്നു അതോടനുബന്ധിച്ചുണ്ടായ ഏറ്റവും ഗുരുതരമായ സംഭവവികാസം. പാശ്ചാത്യ രാജ്യങ്ങള്‍ ക്ഷോഭിക്കുകയും റഷ്യയ്ക്കെതിരെ കര്‍ശനമായ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ലോകത്തെ എട്ടു സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മായ ജി-8ല്‍നിന്നു മറ്റെല്ലാവരും കൂടി റഷ്യയെ പുറത്താക്കിയതും അതിനെ തുടര്‍ന്നായിരുന്നു. ആ വര്‍ഷത്തെ ജി-8 ഉച്ചകോടി റഷ്യയിലെ സോചിയില്‍ നടത്താനുള്ള തീരുമാനവും റദ്ദാക്കപ്പെട്ടു. ജി-8 അങ്ങനെ ജി-7 ആയി.
മൂന്നു പതിറ്റാണ്ടുമുന്‍പ് സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനെ തുടര്‍ന്ന് അതിലെ ഘടക റിപ്പബ്ളിക്കുകള്‍ക്കുണ്ടായ ഗതിവിഗതികളില്‍ ഒന്നുമാത്രമാണ് യുക്രെയിനിലെ കുഴപ്പം. അവയില്‍ പല രാജ്യങ്ങളും പാശ്ചാത്യ ചേരിയിലേക്കു ചേക്കേറി. സോവിയറ്റ് നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിലതും ആ വഴിക്കു തന്നെ പോയി. സോവിയറ്റ് യൂണിയനെ ചെറുക്കാന്‍ യുഎസ് നേതൃത്വത്തില്‍ രൂപംകൊണ്ട പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയില്‍ അംഗത്വം നേടിയവരും അക്കൂട്ടത്തിലുണ്ട്.
ഇതെല്ലാം റഷ്യ കണ്ടതു തങ്ങളുടെ സുരക്ഷിതത്വത്തിനു നേരെയുള്ള ഗുരുതരമായ ഭീഷണിയായിട്ടാണ്. യൂറോപ്യന്‍ യൂണിയനുമായുളള സഖ്യത്തിലൂടെ പാശ്ചാത്യ ചേരിയില്‍ ചേരാനുള്ള നീക്കം യുക്രെയിനിലും നടക്കുകയായിരുന്നു. യുക്രെയിനിലെ പാശ്ചാത്യാനുകൂലികളുടെ ആത്യന്തിക ലക്ഷ്യം നാറ്റോ അംഗത്വമാണെന്ന സൂചനകളുമുണ്ടായി. യുക്രെയിന്‍റെ ഭാഗമായ ക്രൈമിയയിലെ റഷ്യയുടെ സുപ്രധാന നാവിക സേനാ താവളത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നു. അതു നഷ്ടപ്പെടുകയെന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം അചിന്ത്യമാണ്.
പാശ്ചാത്യ ചേരിയില്‍ ചേരാനുള്ള നീക്കങ്ങള്‍ക്കെതിരെ യുക്രെയിനകത്തു നിന്നുതന്നെ ശക്തമായ എതിര്‍പ്പാണുണ്ടായത്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ മേഖലയിലെ ജനങ്ങളില്‍ നിന്നായിരുന്നു മുഖ്യമായ എതിര്‍പ്പ്. അവരില്‍ അധികപേരും റഷ്യന്‍ വംശജരും റഷ്യന്‍ ഭാഷ സംസാരിക്കുന്നവരും റഷ്യയെ അനുകൂലിക്കുന്നവരുമാണ്. റഷ്യ അവരെ സഹായിക്കുന്നതും രഹസ്യമല്ല.
പാശ്ചാത്യാനുകൂലികളായ ഗവണ്‍മെന്‍റിന്‍റെ സൈന്യവും റഷ്യ നല്‍കിയതായി പറയപ്പെടുന്ന ആയുധങ്ങളുമായി പോരാടുന്ന എതിരാളികളും തമ്മിലുള്ള യുദ്ധത്തില്‍ ഇതിനകം 14,000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. യുകെയിനിലെ പ്രശ്നവുമായി ഒരു ബന്ധവുമില്ലാത്ത 298 പേരും ഈ യുദ്ധത്തിന്‍റെ ഇരകളായിത്തീര്‍ന്നു.
യൂറോപ്പില്‍ നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍നിന്നു 2014 ജൂലൈയില്‍ ഏഷ്യയില്‍ മലേഷ്യയിലെ ക്വാലലംപൂരിലേക്കു പോവുകയായിരുന്ന ഒരു മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരും ജോലിക്കാരുമായിരുന്നു അവര്‍. യുക്രെയിന്‍റെ മുകളിലൂടെ പറന്നുകൊണ്ടിരിക്കേ അതിന്മേല്‍ ഒരു മിസൈല്‍ ചെന്നിടിക്കുകയായിരുന്നു. ആരും ജീവനോടെ ബാക്കിയായില്ല. അതിന് ഉത്തരവാദി സൈന്യമാണെന്നു വിമതരും വിമതരാണെന്നു സൈന്യവും കുറ്റപ്പെടുത്തുന്നു.
കിഴക്കന്‍ യുക്രെയിന്‍ അതിര്‍ത്തിയിലും ക്രൈമിയയിലുമായി 40,000 വീതം ഭടന്മാരെ ടാങ്കുകളും മറ്റുമായി റഷ്യ അണിനിരത്തിയിട്ടുണ്ടെന്നാണ് യുക്രെയിനിലെ പാശ്ചാത്യാനുകൂല ഗവണ്‍മെന്‍റ് ആരോപിക്കുന്നത്. രണ്ടിടത്തും തങ്ങളുടെ സൈന്യമുണ്ടെന്നതു റഷ്യ നിഷേധിക്കുന്നുമില്ല. തങ്ങള്‍ക്കു പരമാധികാരമുള്ള സ്ഥലങ്ങളിലാണ് അവരുള്ളതെന്നും അവരുടെ സാന്നിധ്യം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും റഷ്യ വിശദീകരിക്കുന്നു.

മുന്‍ ടെലിവിഷന്‍ ഹാസ്യതാരമായ യുക്രെയിന്‍ പ്രസിഡന്‍റ് വ്ളോഡിമിര്‍ സെലന്‍സ്കിയുടെ നേതൃത്വത്തിലുളള പാശ്ചാത്യാനുകൂലികള്‍ ശ്രമിക്കുന്നത് എങ്ങനെയെങ്കിലും യുക്രെയിനെ നാറ്റോ സൈനിക സഖ്യത്തില്‍ ഉള്‍പ്പെടുത്തിക്കിട്ടാനാണ്. 30 അംഗങ്ങളുള്ള നാറ്റോയിലെ ഒരംഗം ആക്രമിക്കപ്പെട്ടാല്‍ അതിന്‍റെ സഹായത്തിനെത്താന്‍ മറ്റംഗങ്ങള്‍ക്കു ബാധ്യതയുമുണ്ട്. അതിനാല്‍, യുക്രെയിന്‍റെ സുരക്ഷിതത്വത്തിനുള്ള ഏകമാര്‍ഗം നാറ്റോ അംഗത്വമാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതേസമയം, തങ്ങളുടെ പടിവാതില്‍ക്കല്‍വരെ നാറ്റോ സൈന്യം എത്തിച്ചേരുന്നതു റഷ്യയ്ക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയുകയുമില്ല. ഇതെല്ലാം യുക്രെയിന്‍ പ്രശ്നത്തെ സങ്കീര്‍ണമാക്കുന്നു.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom Column - Kremlin says summit between Vladimir Putin and Joe Biden depends on US behaviour