ജോ ബൈഡന്‍റെ 100 ദിവസം

Mail This Article
തുടക്കം നന്നായാല്‍ എല്ലാം നന്നാവും എന്നാണ് ചൊല്ല്. നാലു വര്‍ഷത്തേക്കു തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ആദ്യത്തെ 100 നൂറു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ആഘോഷപൂര്‍വം വിലയിരുത്തപ്പെടുന്നത് ഒരുപക്ഷേ, അക്കാരണത്താലാവാം. അതേസമയം, അതിന്‍റെ സാംഗത്യത്തില്‍ സംശയിക്കുന്നവരുമുണ്ട്. ഇനിയും 1300ല്‍ അധികം ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍, കഴിഞ്ഞുപോയ ആദ്യത്തെ 100 ദിവസം മാത്രം പരിശോധിച്ച് മാര്‍ക്കിടുന്നതിനോട് അവര്‍ക്കു വലിയ യോജിപ്പില്ല.
എങ്കിലും, അമേരിക്കയില്‍ 1933 മുതല്‍, അതായത് പ്രസിഡന്‍റ് ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റിന്റെ ആദ്യ ടേം മുതല്‍ മുടക്കമില്ലാതെ തുടര്‍ന്നുവരികയാണ് ഈ പ്രക്രിയ. പിന്നീടത് മറ്റു മിക്ക രാജ്യങ്ങളിലും പതിവായിത്തീര്‍ന്നു. മുന്‍ഗാമിയുമായുള്ള താരതമ്യപ്പെടുത്തലും നടന്നുവരുന്നു.
ജനുവരി 20നു സ്ഥാനമേറ്റ നാല്‍പത്താറാമത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ എന്ന ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂണിയറിന്‍റെ ആദ്യത്തെ 100 ദിവസം ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രില്‍ 29) പൂര്‍ത്തിയായി. സമീപകാലത്തൊന്നും ഒരു യുഎസ് പ്രസിഡന്‍റിനും ആദ്യദിവസം മുതല്‍ക്കേ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത അതീവഗുരുതരമായ ഒരു ആഭ്യന്തര പ്രശ്നമാണ് കോവിഡ് മഹാമാരിയുടെ
രൂപത്തില്‍ ബൈഡനെ നേരിട്ടത്. സാമ്പത്തിക വ്യവസ്ഥയെ മുഴുവന്‍ തകര്‍ത്തുകളഞ്ഞ മഹാമാന്ദ്യത്തെ (ഗ്രെയിറ്റ് ഡിപ്രഷന്‍) നേരിടേണ്ടിവന്ന ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍ട്ടിനുമാത്രമേ ഇത്തരമൊരു പ്രതിസന്ധിയെ ഇതിനുമുന്‍പ് ആദ്യഘട്ടത്തില്‍തന്നെ കൈകാര്യം ചെയ്യേണ്ടി വന്നിരുന്നുള്ളു.

മുന്‍പ് 36 വര്‍ഷം യുഎസ് സെനറ്ററും എട്ടുവര്‍ഷം വൈസ് പ്രസിഡന്‍റുമായിരുന്ന ആളാണ് ബൈഡന്‍. അങ്ങനെ സ്വായത്തമാക്കിയ അനുഭവ സമ്പത്തും ഭരണ പരിചയവും കോവിഡിനെ ഫലപ്രദമായി നേരിടുന്നതില്‍ അദ്ദേഹത്തിനു സഹായകമായി. രോഗബാധിതരുടെയും രോഗംമൂലം മരിക്കുന്നവരുടെയും എണ്ണം മാസങ്ങളായി അമേരിക്കയില്‍ റെക്കോഡ് സൃഷ്ടിക്കുകയായിരുന്നു. അതിനൊരു കാരണം, പ്രശ്നത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതില്‍ മുന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുണ്ടായ വീഴ്ചയാണെന്ന ആക്ഷേപവും ഉയരുകയുണ്ടായി. ആ സ്ഥിതിമാറി. ബൈഡന്‍റെ ഭരണത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ ദിനംപ്രതി ശരാശരി മൂവായിരം ആയിരുന്ന മരണസംഖ്യ ഇപ്പോള്‍ എഴുനൂറിനു താഴെയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അധികാരം ഏറ്റെടുക്കുന്നതിനുമുന്‍പ്തന്നെ ഈ വിഷയത്തില്‍ വ്യക്തമായ ധാരണയും പ്ലാനുമുള്ള ആളായിരുന്നു ബൈഡന്‍. ആരോഗ്യ രംഗത്തെയും സാമ്പത്തിക ശാസ്ത്ര രംഗത്തെയും വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് തയാറാക്കിയ പ്ലാൻ വൈറ്റ്ഹൗസില്‍ എത്തിയ ഉടന്‍തന്നെ നടപ്പാക്കിത്തുടങ്ങാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജനങ്ങള്‍ക്കു കോവിഡ് പ്രതിരോധ വാക്സീന്‍ കുത്തിവയ്ക്കുന്നതില്‍ അമേരിക്ക ലോകത്തുതന്നെ അതിവേഗം മുന്‍നിരയിലെത്തിയതും അങ്ങനെയാണ്. ട്രംപിന്‍റെ കാലത്തുതന്നെ വാക്സീന്‍ നിര്‍മാണം തുടങ്ങിയിരുന്നുവെങ്കിലും അതിന്‍റെ പ്രയോജനം ജനങ്ങള്‍ക്കു ലഭ്യമാക്കുന്ന കുറ്റമറ്റ സംവിധാനം ഒരുക്കിയത് ബൈഡനാണ്.
കോവിഡ് ഒരു ആരോഗ്യപ്രശ്നം മാത്രമല്ല, സാമ്പത്തിക ദുരന്തംകൂടിയാണ്. അമേരിക്കയില്‍ അതുണ്ടാക്കിയ ദൂരവ്യാപകമായ നാശനഷ്ടങ്ങളെ നേരിടാന്‍ പുതിയ പ്രസിഡന്‍റ് ഇതിനകം എന്തുചെയ്തുവെന്ന ചോദ്യം സ്വാഭാവികമാണ്. മാര്‍ച്ച് 11ന് ബൈഡന്‍ അവതരിപ്പിച്ച 1.9 ലക്ഷം കോടി ഡോളറിന്‍റെ രക്ഷാപദ്ധതിയാണ് ഇതിനുള്ള ഒരു മറുപടി. ഇതും അദ്ദേഹം അധികാരം ഏല്‍ക്കുന്നതിനു മുന്‍പ്തന്നെ പ്രഖ്യാപിച്ചതായിരുന്നു.
ജനങ്ങളില്‍ മിക്കവര്‍ക്കും 1400 ഡോളര്‍ നേരിട്ടു ലഭ്യമാക്കാനുള്ള നിര്‍ദ്ദേശംകൂടി അടങ്ങുന്ന ഇത്രയും ഭീമവും സമഗ്രവുമായ പദ്ധതിക്ക് അമേരിക്കയുടെ മുന്‍കാല ചരിത്രത്തില്‍ സമാനതകളില്ല. പക്ഷേ, കോണ്‍ഗ്രസ് ഇതിന് അംഗീകാരം നല്‍കിയത് നേരിയ ഭൂരിപക്ഷത്തോടെയാണ്. കാരണം, പ്രതിപക്ഷ റിപ്പബ്ളിക്കന്‍ പാര്‍ട്ടി അതിനെ എതിര്‍ത്തു. അത്യന്തം വാശിയേറിയ നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അഭൂതപൂര്‍വമായ കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഈ നിസ്സഹകരണ നിലപാട് ആരെയും അല്‍ഭുതപ്പെടുത്തുകയില്ല. ഇനിയങ്ങോട്ടും അവരുടെ സമീപനം ഒരുപക്ഷേ ഇതുതന്നെയായിരിക്കും.

വിദ്യാഭ്യാസം, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയക്കു വേണ്ടിയുള്ളതും മൊത്തം നാലു ലക്ഷം കോടി ഡോളര്‍ ചെലവ് വരുന്നതുമായ മറ്റു രണ്ടു പാക്കേജുകള്‍കൂടി ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തന്‍റെ നൂറാം ദിവസത്തോടനുബന്ധിച്ച് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തില്‍ അദ്ദേഹം ചെയ്ത പ്രസംഗത്തിലായിരുന്നു ഈ പ്രഖ്യാപനം. പദ്ധതികള്‍ക്കു വേണ്ടിയുള്ള പണം കണ്ടെത്താനായി കോര്‍പറേറ്റ് കമ്പനികളുടെയും വലിയ പണക്കാരുടെയും നികുതികള്‍ വര്‍ധിപ്പിക്കുന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും അദ്ദേഹത്തെ റിപ്പബ്ളിക്കന്മാരുമായി ഏറ്റുമുട്ടാന്‍ ഇടയാക്കുന്നു.
തീരുമാനങ്ങള്‍ കോണ്‍ഗ്രസിന്‍റെ വിശദമായ പരിശോധനയ്ക്കുശേഷം അംഗീകരിക്കപ്പെടുന്നതിനു വേണ്ടികാത്തു നില്‍ക്കാതെ ഉടന്‍ നടപ്പാക്കാന്‍ യുഎസ് പ്രസിഡന്‍റ്ുമാര്‍ കുറുക്കുവഴികള്‍ ഉപയോഗിക്കാറുണ്ട്. എക്സിക്യൂട്ടീവ് ഉത്തരവുകള്‍. പുറപ്പെടുവിക്കുന്നു. ആദ്യദിവസംതന്നെ ബൈഡന്‍ പുറപ്പെടുവിച്ചത് 50 എക്സികൂട്ടീവ് ഉത്തരവുകളായിരുന്നു. അവയില്‍ മിക്കതും മുന്‍ഗാമിയായ ട്രംപ് പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടുള്ളതുമായിരു്ന്നു.
സിറിയ, ഇറാന്‍ എന്നിവ ഉള്‍പ്പെടെ മധ്യപൂര്‍വദേശത്തെ ഏഴു രാജ്യങ്ങളിലെ ജനങ്ങള്‍ അമേരിക്കയിലേക്കു വരുന്നതു 2017 ല്‍ ട്രംപ് നിരോധിച്ചത് ഇത്തരമൊരു ഉത്തരവിലൂടെയായിരുന്നു. ഭീകരാക്രണങ്ങളില്‍നിന്ന് അമേരിക്കയെ രക്ഷപ്പെടുത്താനുള്ള മുന്‍കരുതല്‍ എന്നായിരുന്നു ആ നിരോധനത്തിനു ട്രംപ് നല്‍കിയ വിശദീകരണം. ഉത്തര കൊറിയ, വെനസ്വേല എന്നിവ ഉള്‍പ്പെടെയുള്ള മറ്റു ചില രാജ്യങ്ങളെക്കൂടി ട്രംപ് പിന്നീട് ആ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.
അമേരിക്കയുടെ പാരമ്പര്യത്തിനും സംസ്ക്കാരത്തിനും നിരക്കാത്ത നടപടി എന്ന പേരില്‍ ബൈഡന്‍ സ്വന്തമൊരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അതു റദ്ദാക്കി. ഇതു ശരിയല്ലെന്നു പറഞ്ഞ ട്രംപ് നിരോധനം നിലനിര്‍ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ടതും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
ട്രംപിന്‍റെ മറ്റൊരു തീരുമാനം രാജ്യാന്തര രംഗത്ത് അമേരിക്ക സ്വയം ഒറ്റപ്പെടുന്നതിന് ഉദാഹരണമായിരുന്നു. കാലാവസ്ഥ സംബന്ധിച്ച പാരിസ് ഉടമ്പടയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങി. തന്‍റെ മുന്‍ഗാമിയായ പ്രസിഡന്‍റ് ബറാക് ഒബാമയുടെഭരണകാലത്തു മുഖ്യമായി അദ്ദേഹത്തിന്‍റെ പങ്കാളിത്തത്തോടെ രൂപംകൊണ്ട അതു യുഎസ് താല്‍പര്യങ്ങള്‍ക്കു ഹാനകരമാണെന്നായിരുന്നു ട്രംപിന്‍റെ വാദം.
ഒബാമയുടെ കീഴില്‍ വൈസ് പ്രസിഡന്‍റായിരുന്ന ബൈഡന്‍ പ്രസിഡന്‍റായ ശേഷം ആദ്യംതന്നെ എടുത്ത തീരുമാനം ട്രംപിന്‍റെ ആ തീരുമാനം മാറ്റാനാണ്. കാലാവസ്ഥാ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള തന്‍റെ പ്രത്യേക ദൂതനായി മുന്‍സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയെ ക്യാബിനറ്റ് പദവിയോടെ നിയമിച്ചതിനു പുറമെ അദ്ദേഹത്തിനു ദേശീയ സുരക്ഷാസമിതിയില്‍ അംഗത്വ നല്‍കുകയും ചെയ്തു. കാലാവസ്ഥാ പ്രശ്നത്തിനു ബൈഡന്‍ കല്‍പ്പിക്കുന്ന പ്രാധാന്യത്തിന് ഉദാഹരണമാണിത്.
ലോകാരോഗ്യ സംഘടനയിലെ (ഡബ്ളിയുഎച്ച്ഒ) യുഎസ് അംഗത്വവും ഇതുപോലെ അവസാനിപ്പിക്കാന്‍ ട്രംപ് തീരുമാനമെടുത്തിരുന്നു. കോവിഡ് മഹാമാരിയെ തുടക്കത്തില്‍തന്നെ പിടിച്ചുകെട്ടുന്നതില്‍ പരാജയപ്പെട്ടുവെന്നും അതു സംബന്ധിച്ച കാര്യങ്ങളില്‍ അവര്‍ ചൈനയുടെ താളത്തിനൊത്തു തുള്ളുകയാണെന്നുമായിരുന്നു ആരോപണം. താന്‍ അധികാരത്തിലെത്തിയാല്‍ ഈ തീരുമാനം റദ്ദാക്കുമെന്നു
അന്നുതന്നെ ബൈഡന്‍ പ്രഖ്യാപിക്കുകയുമുണ്ടായി. ആദ്യ ദിവസത്തെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെതന്നെ അതും അദ്ദേഹം നടപ്പാക്കി.
അമേരിക്കയുടെ ഏറ്റവും വലിയ പ്രതിയോഗിയായ റഷ്യയോടുള്ള ബൈഡന്‍റെ നിലപാട് ട്രംപിന്‍റേതില്‍നിന്നു വ്യത്യസ്തമാണെന്നതും ഇതിനകം വ്യക്തമായിട്ടുണ്ട്. 2016ലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യ ഇടപെട്ടുവെന്ന ആരോപണം നേരത്തെയുള്ളതാണ്. അതു നിലനില്‍ക്കേതന്നെ ഇക്കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പിലും റഷ്യ ഇടപെട്ടതായി ആരോപണമുണ്ടായി.
അതിന്‍റെ പേരിലും അമേരിക്കയ്ക്ക് എതിരെ നടത്തിയ സൈബര്‍ ആക്രമണത്തിന്‍റെ പേരിലും ചില റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ബൈഡന്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയത് ഈയിടെയാണ്. അതിനിടയില്‍ തന്നെയാണ് ഒരു ടിവി ചാനലുമായുള്ള അഭിമുഖ്യത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ ബൈഡന്‍ കൊലയാളിയെന്നു വിളിച്ചതും.
78 വയസ്സായ ബൈഡനെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപ് വിളിച്ചിരുന്നത് സ്ലീപ്പി ജോ (ഉറക്കംതൂങ്ങി ജോ) എന്നായിരുന്നു. ധീരമായ തീരുമാനങ്ങള്‍ ഝടുതിയില്‍ എടുക്കാനും വീറോടെ നടപ്പാക്കാനുമുള്ള ത്രാണി അദ്ദേഹത്തിനില്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള വിഫല ശ്രമത്തിലായിരുന്നു ട്രംപ്. കഴിഞ്ഞ 100 ദിവസത്തെ പ്രവര്‍ത്തനം തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് വരച്ചുകാണിക്കുന്നത്.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom Column : President Joe Biden's first 100 days