അമേരിക്കയും ജര്‍മനിയും വലിയ ലോഗ്യത്തിലും റഷ്യയ്ക്കെതിരെ പല കാര്യങ്ങളിലും ഒറ്റക്കെട്ടുമാണെന്നാണ് വയ്പ്. റഷ്യയുടെ മുന്‍ഗാമിയായ സോവിയറ്റ് യൂണിയന്‍റെ പ്രതാപകാലത്ത് മോസ്ക്കോയില്‍നിന്നുള്ള ഭീഷണിയെ ചെറുക്കാന്‍ പലതവണ ജര്‍മനിക്കു തുണയായത് അമേരിക്കയാണ്. അമേരിക്കയുടെ 36,000 ഭടന്മാര്‍ ഇപ്പോഴും ജര്‍മനിയില്‍ കാവല്‍നില്‍ക്കുന്നു. യൂറോപ്പില്‍ മൊത്തമുള്ള യുഎസ് സൈനികരുടെ പകുതിയിലേറെവരുന്ന ഇവരുടെ സാന്നിധ്യം അടിയന്തര ഘട്ടങ്ങളില്‍ ജര്‍മനിയുടെ സഹായത്തിനെത്താനുള്ള അമേരിക്കയുടെ പ്രതിബദ്ധത വിളിച്ചുപറയുകയും ചെയ്യുന്നു.
എന്നാല്‍, റഷ്യയില്‍നിന്നു ജര്‍മനിയിലേക്കു പ്രകൃതിവാതകം എത്തിക്കാന്‍ നിര്‍മിച്ചുവരുന്ന പുതിയ പൈപ്പ്ലൈന്‍ പറയുന്നതു മറ്റൊരു കഥയാണ്. അമേരിക്കയുടെയും ജര്‍മനിയുടെയും താല്‍പര്യങ്ങള്‍ അവിടെ ഏറ്റുമുട്ടലിന്‍റെ പാതയില്‍ എത്തിനില്‍ക്കുന്നു.
പണി മിക്കവാറും പൂര്‍ത്തിയായിക്കഴിഞ്ഞ, 11 ശതകോടി ഡോളറിന്‍റെ ഈ പദ്ധതി ഉടന്‍ ഉപേക്ഷിക്കണമെന്നാണ് അമേരിക്ക ജര്‍മനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കാരണം, ഇതിലൂടെ ജര്‍മനിയിലും ജര്‍മനിയുമായുള്ള നല്ല ബന്ധത്തിലൂടെ യൂറോപ്പില്‍ പൊതുവെയും റഷ്യ അതിന്‍റെ സ്വാധീനം വര്‍ധിപ്പിക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നു. കാലക്രമത്തില്‍ യൂറോപ്പിനെ റഷ്യ രണ്ടായി പിളര്‍ക്കുകയുംഅമേരിക്കയില്‍നിന്ന് അകറ്റുകയും ചെയ്യുമെന്ന ഭയവുമുണ്ട്. യൂറോപ്പില്‍തന്നെ അയല്‍രാജ്യമായ യുക്രെയിനില്‍ റഷ്യ സൈനികമായി ഇടപെടുകയും യുക്രെയിന്‍റെ ഭാഗമായ ക്രൈമിയ അര്‍ദ്ധദ്വീപ് കൈക്കലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ ഭയം.
ആ സംഭവങ്ങളുടെ പേരില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കെതിരെ ചുമത്തിയ ഉപരോധങ്ങള്‍ ആറു വര്‍ഷമായി നിലവിലുണ്ട്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ മുഖ്യ രാഷ്ട്രീയ എതിരാളിയായ അലക്സി നവല്‍നിക്ക് എതിരെ നടന്നുവരുന്ന അതിക്രമങ്ങള്‍, അമേരിക്കയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകളില്‍ 2016ലെപ്പോലെ 2020ലും റഷ്യ ഇടപെട്ടുവെന്ന ആരോപണം, യുക്രെയിനുമായുള്ള അതിര്‍ത്തിയിലും ക്രൈമിയയിലും റഷ്യ നടത്തിയ പുതിയ സൈനിക നീക്കങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റു പല കാരണങ്ങളാലും യുഎസ്-റഷ്യ ബന്ധത്തില്‍ സംഘര്‍ഷം മുറ്റിനില്‍ക്കുന്ന സന്ദര്‍ഭവുമാണ് ഇപ്പോള്‍.

യൂറോപ്പിലെ ഏറ്റവും വ്യാവസായികവും സമ്പന്നവുമായ രാജ്യമാണ് ജര്‍മനി. അതിനാല്‍ ഇന്ധനം വളരെയധികം ആവശ്യമുണ്ട്. പക്ഷേ, ആവശ്യമായ പെട്രോളും ഗ്യാസും മിക്കവാറും പൂര്‍ണ മായും ഇറക്കുമതി ചെയ്യുകയാണ്. ഗ്യാസ് ഉല്‍പാദനത്തില്‍ ലോകത്തു മുന്‍നിരയില്‍ നില്‍ക്കുന്ന റഷ്യ അടുത്തായതിനാല്‍ ദശകങ്ങളായി ഗ്യാസ് അവിടെനിന്നു വാങ്ങുന്നു.
റഷ്യയില്‍നിന്നു വാതകം നേരിട്ടു ജര്‍മനിയില്‍ എത്തിക്കാനായി നേരത്തെതന്നെ ബാള്‍ടിക്ക് ഉള്‍ക്കടലിന് അടിയിലൂടെ 1230 കിലോമീറ്റര്‍ നീളത്തില്‍ ഒരു ഇരട്ട പൈപ്പ്ലൈന്‍ സ്ഥാപിച്ചിരുന്നു. നോര്‍ഡ് സ്ട്രീം എന്ന പേരുള്ള അതിലൂടെ കൊല്ലത്തില്‍ 55 ശതകോടി ക്യുബിക് മീറ്റര്‍ വാതകം ജര്‍മനിക്കു കിട്ടുന്നു. അതിനു സമാന്തരമായി 2016ല്‍ നിര്‍മാണം തുടങ്ങിയതാണ് നോര്‍ഡ് സ്ട്രീം 2 എന്ന പേരുള്ള പുതിയ പൈപ്പ്ലൈന്‍. അത്രതന്നെ വാതകം ഇതിലൂടെയും ജര്‍മനിക്കു കിട്ടും. ഇപ്പോഴത്തെ വിവാദം ഈ പുതിയ പൈപ്പ് ലൈനിനെ ചൊല്ലിയുള്ളതാണ്.
റഷ്യന്‍ ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള ഗ്യാസ്പ്രോം എന്ന പടുകൂറ്റന്‍ കമ്പനിയുടെ നേതൃത്വത്തിലുമുള്ളതും യൂറോപ്പിലെ പല രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഉള്‍പ്പെടുന്നതുമായ ഒരു കണ്‍സോര്‍ഷ്യത്തിന്‍റെ ആഭിമുഖ്യത്തിലാണ് പദ്ധതിയുടെ പണി നടന്നുവരുന്നത്. റഷ്യയുടെ ഉത്തമ സൃഹൃത്തായി അറിയപ്പെടുന്ന മുന്‍ ജര്‍മന്‍ പ്രധാനമന്ത്രി ഗെറാഡ് ഷ്രോഡര്‍ (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി) അതിന്‍റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.

റഷ്യയുടെയും ജര്‍മനിയുടെയും മാത്രമല്ല, അയല്‍രാജ്യങ്ങളായ ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവയുടെയും സമുദ്ര മേഖലയിലൂടെ 1000 കിലോമീറ്റര്‍ നീളത്തില്‍ സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള പണി ഒരു വര്‍ഷം മുന്‍പ്തന്നെ തീരേണ്ടതായിരുന്നു. ഇനി ഈ വര്‍ഷം സെപ്റ്റംബറിനു മുന്‍പ്തന്നെ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് റഷ്യയും ജര്‍മനിയും.
അതിനിടയിലാണ് അമേരിക്ക ഉള്‍പ്പെടെ പല ഭാഗങ്ങളില്‍ നിന്നുമുള്ള എതിര്‍പ്പിനെ നേരിടേണ്ടി വന്നിരിക്കുന്നത്. നേരത്തെതന്നെയുണ്ടായിരുന്ന എതിര്‍പ്പിന് ഇപ്പോള്‍ തീവ്രത കൂടിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലെ പാശ്ചാത്യ താല്‍പര്യങ്ങള്‍ക്ക് ഹാനിരമാകുന്ന ഈ പദ്ധതി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യുഎസ് കോണ്‍ഗ്രസ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാസ്സാക്കി. ഡമോക്രാറ്റിക് പാര്‍ട്ടിക്കാരോടൊപ്പം റിപ്പബ്ളിക്കന്മാരും അതിന് അനുകൂലമായി വോട്ടുചെയ്തു.
പദ്ധതി നിര്‍ത്താന്‍ സമ്മതിക്കുന്നില്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ യുഎസ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍, സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കന്‍ എന്നിവര്‍ അടുത്തയിടെ നടത്തിയ താക്കീതു രൂപത്തിലുളള പ്രസ്താവനകളും സൂചിപ്പിക്കുന്നത് അമേരിക്കയുടെ നിലപാട് കൂടുതല്‍ കര്‍ക്കശമായിക്കൊണ്ടിരിക്കുന്നുവെന്നാണ്.
അമേരിക്കയോടൊപ്പം എതിര്‍പ്പുമായി യുക്രെയിനും, പോളണ്ട്, സ്ളോവാക്യ തുടങ്ങിയ മുന്‍ കമ്യൂണിസ്റ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുമുണ്ട്. ജര്‍മനിയില്‍ ചാന്‍സലര്‍ (പ്രധാനമന്ത്രി) അംഗല മെര്‍ക്കല്‍ നയിക്കുന്ന മുഖ്യ ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ (സിഡിയു) പദ്ധതിയെ ശക്തമായി അനുകൂലിക്കുമ്പോള്‍ മറ്റൊരു പ്രമുഖ കക്ഷിയായ ഗ്രീന്‍ പാര്‍ട്ടി എതിര്‍ക്കുന്നു. അവരുടെ എതിര്‍പ്പിനു മുഖ്യകാരണം പക്ഷേ, വ്യത്യസ്തമാണ്. പദ്ധതിക്കുവേണ്ടി കടലില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനത്തിലൂടെ പരിസ്ഥിതിക്കു നേരിടുന്ന ആഘാതമാണ് അവരെ മുഖ്യമായി ആശങ്കാകുലരാക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ റഷ്യന്‍ ഗ്യാസ് പദ്ധതി ഉപേക്ഷിക്കുമെന്നുപോലും ഗ്രീന്‍ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുമുണ്ട്.
പദ്ധതിയുമായി സഹകരിക്കുന്നവര്‍ക്കെല്ലാം എതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഒരു വര്‍ഷത്തോളമായി അമേരിക്ക മുന്നറിയിപ്പ് നല്‍കിവരികയായിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരി 19നാണ് നടപടിയുണ്ടായത്. അമേരിക്കയുടെ മുന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്ഥാനമൊഴിഞ്ഞത് അതിന്‍റെ പിറ്റേന്നായിരുന്നു. കടലിനടിയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഓള്‍സീസ് എന്ന സ്വിസ് കമ്പനിക്കാണ് ആദ്യമായി ഉപരോധം നേരിടേണ്ടിവന്നത്. അവര്‍ പണിനിര്‍ത്തി സ്ഥലം വിട്ടു. ഉപരോധ നടപടികള്‍ ഇനിയും ഉണ്ടാകുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്ളിങ്കന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യയില്‍ പ്രതിപക്ഷ നേതാവ് നവല്‍നി അറസ്റ്റ് ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ പാര്‍ലമെന്‍റും പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.

പൈപ്പ് ലൈന്‍ പദ്ധതി മിക്കവാറും പൂര്‍ത്തിയായ ഘട്ടത്തില്‍ അത് ഉപേക്ഷിക്കണമെന്ന ആവശ്യത്തിന്‍റെ പ്രായോഗികത പക്ഷേ ചോദ്യം ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ പദ്ധതി ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. ഇതിലൂടെ ജര്‍മനിക്കു കിട്ടുമെന്നു പ്രതീക്ഷിക്കപ്പെടുന്നതും അത്യന്താപേക്ഷിതവുമായ വാതകം വേറെ എവിടെനിന്നു കിട്ടുമെന്ന ചോദ്യവും ഉയരുകയുണ്ടായി. അമേരിക്കയില്‍നിന്നു വാതകം എത്തിക്കാനാവുമെന്നായിരുന്നു അതിനു കിട്ടിയ മറുപടി. പക്ഷേ, അമേരിക്ക വാഗ്ദാനം ചെയ്യുന്നതു കപ്പലില്‍ കയറ്റി അയക്കാവുന്ന ദ്രവീകൃത വാതകമാണത്രേ. അതിനു കൂടുതല്‍ വില നല്‍കേണ്ടിവരികയും ചെയ്യും. ജര്‍മനിക്ക് അതു സ്വീകാര്യമാവാന്‍ പ്രയാസം.
പിന്നെ എന്തുചെയ്യും ? പുതിയ വാതക പൈപ്പ്ലൈന്‍ പദ്ധതി അതിന്‍റെ നിര്‍മാണത്തിന്‍റെ അന്ത്യഘട്ടത്തില്‍ വേണ്ടെന്നു വയ്ക്കാന്‍ ജര്‍മനി തയാറാകുമോ ? അത് ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ ആവശ്യം തള്ളിക്കളയാന്‍ ജര്‍മനിക്കു കഴിയുമോ ? ഉത്തരം തേടുകയാണ് ഈ ചോദ്യങ്ങള്‍.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom Column - Blinken to call for Nord Stream 2 project closure at meeting with German counterpart