ചെറിയ രാജ്യം, വലിയ പ്രശ്നങ്ങള്‍

HIGHLIGHTS
  • ഭീകര സാന്നിധ്യം മാലദ്വീപിനു വെല്ലുവിളി
  • മുഹമ്മദ് നഷീദ് ജനാധിപത്യ പ്രതീകം
MALDIVES-BLAST
Mohamed Nasheed (File). Photo Credit: Dinuka Liyanawatte / Reuters
SHARE

മാലദ്വീപ് ഒരു ചെറിയ രാജ്യമാണെങ്കിലും ഞെട്ടലുണ്ടാക്കുന്ന വലിയ സംഭവങ്ങള്‍ക്ക് അതിന്‍റെ ചരിത്രത്തില്‍ കുറവൊന്നുമില്ല. രാഷ്ട്രീയരംഗം ഇടയ്ക്കിടെ ഇളകി മറിയുന്നു. അതെല്ലാം വീണ്ടും ഓര്‍മപ്പെടുത്തുകയാണ് അവിടത്തെ മുന്‍ പ്രസിഡന്‍റായ പാര്‍ലമെന്‍റ് സ്പീക്കര്‍ മുഹമ്മദ് നഷീദിനെതിരെ ഇക്കഴിഞ്ഞ വ്യാഴാഴ്ച (മേയ് ആറ്) നടന്ന വധശ്രമം. 

ബോംബ് സ്ഫോടനത്തില്‍ തലയ്ക്കും നെഞ്ഞിലും വയറ്റത്തും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തിനു 16 മണിക്കൂറുകള്‍ നീണ്ടനിന്ന ശസ്ത്രക്രിയകള്‍ക്കു വിധേയനാകേണ്ടിവന്നു. ശനിയാഴ്ചയാണ് ബോധം വീണ്ടുകിട്ടിയത്. ഭാഗ്യംകൊണ്ടു ജീവനോടെ ബാക്കിയാവുകയായിരുന്നു.  സംഭവത്തിനു പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. എങ്കിലും, മതതീവ്രവാദികളായ മൂന്നു യുവാക്കളെ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്, (ഐഎസ്) അല്‍ ഖായിദ എന്നിവ പോലുള്ള ഭീകര സംഘടനകള്‍ക്കു മാലദ്വീപില്‍ സെല്ലുകളുള്ളതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  

വധശ്രമത്തിനു പിന്നില്‍ അവരോ അല്ലെങ്കില്‍ നഷീദിന്‍റെ രാഷ്ട്രീയ പ്രതിയോഗികളോ ആവാമെന്നായിരുന്നു തുടക്കം മുതല്‍ക്കേയുള്ള സംശയം. ഈ രണ്ടു കൂട്ടര്‍ക്കെതിരെയും കടുത്ത നിലപാട് സ്വീകരിച്ചുവന്ന നഷീദ് അവരുടെ കഠിനമായ വിദ്വേഷം സമ്പാദിച്ചിരുന്നു. 

തലസ്ഥാനമായ മാലെയില്‍ കുടുംബ വീട്ടില്‍ പോയിരുന്ന അദ്ദേഹം രാത്രി ഏതാണ്ട് എട്ടു മണിസമയത്തു മടങ്ങാനായി സ്വന്തം കാറിനടുത്തേക്കു നടക്കുകയായിരുന്നു.അപ്പോഴാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്കിലെ ബോംബുകള്‍ പൊട്ടിത്തെറിച്ചത്. നഷീദിന്‍റെ മൂന്ന് അംഗരക്ഷകര്‍ക്കും ഒരു ബ്രിട്ടീഷുകാരന്‍ ഉള്‍പ്പെടെയുള്ള രണ്ടു വഴിപോക്കര്‍ക്കും പരുക്കേറ്റു. അധികാരശ്രേണിയിലെ രണ്ടാമനായി അറിയപ്പെടുന്ന സ്പീക്കറുടെ കാറിനടുത്ത് എങ്ങനെ ഉടമസ്ഥനില്ലാത്ത ഒരു ബൈക്ക് നിര്‍ത്തിയിടാനായി എന്നതു ദുരൂഹമാണ്. മാലദ്വീപ് ഗവണ്‍മെന്‍റിന്‍റെ അഭ്യര്‍ഥനയനുസരിച്ച് ഓസ്ട്രേലിയയിലെയും ബ്രിട്ടനിലെയും പൊലീസും അന്വേഷണത്തില്‍ സഹായിക്കുമത്രേ.   

MALDIVIES-POLITICS-ENVIRONMENT
Maldivian President Mohamed Nasheed signs the decree of the underwater cabinet meeting off Girifushi Island on October 17, 2009. Ministers in full scuba gear met on the sea bed to draw attention to the dangers of global warming for the island nation, a tourist paradise featuring coral reefs and white sand beaches with most parts lying less than one metre (3.3 feet) above sea level. Scientists have warned it could be uninhabitable in less than 100 years (File) Photo Credit: Mohamed Seeneen / AFP Photo

മുന്‍പ് നാലു വര്‍ഷത്തോളം രാജ്യത്തിന്‍റെ പ്രസിഡന്‍റായിരുന്നു മാല്‍ഡീവിയന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ (എംഡിപി) സ്ഥാപക നേതാവായ നഷീദ് (53). പ്രസിഡന്‍റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിന്‍റെ 30 വര്‍ഷം നീണ്ടുനിന്ന ഏകാധിപത്യം 2008ലെ തിരഞ്ഞെടുപ്പിലൂടെ അവസാനിപ്പിച്ചത് അന്നു 41 വയസ്സായിരുന്ന നഷീദായിരുന്നു. ജനാധിപത്യ മാര്‍ഗത്തില്‍ മാലദ്വീപ് പിച്ചവയക്കാന്‍ തുടങ്ങിയത് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. കാലാവസ്ഥാ വ്യതിയാനം കാരണം മാലദ്വീപ് സമൂഹത്തിലേതു പോലുള്ള ദ്വീപുകള്‍ കടലില്‍ മുങ്ങിപ്പോകാനുള്ള അപകട സാധ്യതയിലേക്കു ലോകശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചു. അഴിമതിക്കെതിരെ പോരാട്ടം തുടങ്ങുകയും ചെയ്തു.  

പക്ഷേ, ഗയൂം അടങ്ങിയിരുന്നില്ല. അദ്ദേഹത്തിന്‍റെ ആളുകള്‍ 2012ല്‍ പട്ടാളത്തിന്‍റെയും പൊലീസിന്‍റെയും സഹായത്തോടെ നഷീദിനെ അട്ടിമറിച്ചു. അതിനുശേഷം 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ കമ്മിഷന്‍റെയും  സുപ്രീംകോടതിയുടെയും ഒത്താശയോടെ ഗയൂമിന്‍റെ അര്‍ധ സഹോദരന്‍ അബ്ദുല്ല യമീന്‍ പ്രസിഡന്‍റാവുകയും ചെയ്തു. രാജ്യം അഴിമതിയില്‍ മുങ്ങിത്താഴുകയും അശാന്തിയില്‍ ഇളകിമറിയുകയും ചെയ്ത അഞ്ചു വര്‍ഷമാണ് തുടര്‍ന്നുണ്ടായത്. രോഷാകുലരായ ജനങ്ങള്‍ 2018ലെ തിരഞ്ഞെടുപ്പില്‍ യമീനെ പുറത്താക്കുകയും എംഡിപിയുടെ മറ്റൊരു സ്ഥാപകനേതാവായ  ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പ്രസിഡന്‍റായി തിരഞ്ഞെടുക്കുകയും ചെയ്തു. യഥാര്‍ഥ ജനാധിപത്യത്തിലേക്കു മാലദ്വീപ് തിരിച്ചെത്തിയത് അങ്ങനെയാണ്.

യമീന്‍ ആസൂത്രണം ചെയ്ത ഒരു കേസില്‍ കുടുങ്ങി 12 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നതിനാല്‍ ആ തിരഞ്ഞെടുപ്പില്‍ നഷീദിനു മല്‍സരിക്കാനായിരുന്നില്ല.എങ്കിലും, സോലിഹിന്‍റെ ഭരണത്തില്‍ കേസ് പിന്‍വലിക്കപ്പെടുകയും തുടര്‍ന്നുനടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ നഷീദ് എംഡിപിയെ വന്‍വിജയത്തിലേക്കു നയിക്കുകയും ചെയ്തു. 2019 മേയ് മുതല്‍ അദ്ദേഹം സ്പീക്കറായി.  പ്രസിഡന്‍റായിരിക്കുമ്പോള്‍ നടന്ന അഴിമതി സംബന്ധിച്ച കേസില്‍ അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍ മുന്‍ പ്രസിഡന്‍റ് യമീന്‍. സമാനമായ മറ്റൊരു കേസില്‍ വിചാരണയെ നേരിട്ടുവരികയും ചെയ്യുന്നു. ഈ കേസുകളില്‍ പ്രമുഖരായ വേറെയും പ്രതികളുണ്ടെന്നും അവരെയും എത്രയുംവേഗം നിയമത്തിനു മുന്‍പാകെ കൊണ്ടുവരണമെന്നും ശക്തമായി വാദിക്കുകയായിരുന്നു  നഷീദ്. അതിനാല്‍, അദ്ദേഹത്തിനെതിരായ വധശ്രമത്തിനു പിന്നില്‍ അവരും സംശയിക്കപ്പെട്ടു.

ഐഎസ്, അല്‍ഖായിദ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധവും അനുഭാവവും പുലര്‍ത്തുന്നവര്‍ മാലദ്വീപില്‍ ഉണ്ടെന്നതിനുള്ള ഒട്ടേറെ തെളിവുകള്‍ അടുത്ത കാലത്തു ലഭിക്കുകയുണ്ടായി. സിറിയയിലും ഇറാഖിലും ഐഎസ് സൈന്യത്തില്‍ ചേരാന്‍ പോയവരിലും മാലദ്വീപുകാരുണ്ട്. ടൂറിസ്റ്റ് റിസോര്‍ട്ടുകളുള്ള ചില ദ്വീപുകളില്‍ നടന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികളും ഇത്തരം ആളുകളാണെന്നാണ്  റിപ്പോര്‍ട്ടുകള്‍. 

MALDIVES-CHINA/DEBT
Maldives' former president Mohamed Nasheed speaks during an interview with Reuters in Colombo, Sri Lanka June 4, 2018. (File) Photo Credit : Dinuka Liyanawatte / Reuters

സ്വതന്ത്ര പത്രപ്രവര്‍ത്തകനായ അഹമദ് റിസ്വാന്‍, ബ്ളോഗര്‍ യമീന്‍ റഷീദ്, മതപണ്ഡിതനായ അഫ്രഷീം അലി എന്നിവര്‍ വധിക്കപ്പെട്ടതിനു പിന്നിലും ഇവരുടെ കൈകള്‍ സംശയിക്കപ്പെടുന്നു.  ഈ കേസുകളിലെ പ്രതികളെയും എത്രയുംവേഗം നിയമത്തിന്‍റെ മുന്‍പാകെ കൊണ്ടുവരണമെന്നും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും നിരന്തരമായി ആവശ്യപ്പെട്ടുവരികയായിരുന്നു നഷീദ്. 

അയല്‍രാജ്യമായതിനാല്‍ മാലദ്വീപിലെ ഏതു സംഭവവികാസവും ഇന്ത്യയില്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കപ്പെടുന്നതു സ്വാഭാവികമാണ്. ഇന്ത്യാവിരുദ്ധ നിലപാട് കൈക്കൊള്ളുകയും ചൈനയുമായി ഗാഡ ബന്ധം പുലര്‍ത്തിവരികയും ചെയ്യുകയായിരുന്നു മുന്‍പ്രസിഡന്‍റ് യമീന്‍. രണ്ടു വര്‍ഷംമുന്‍പ് അദ്ദേഹത്തിന്‍റെ  ഭരണത്തിനു തിരശ്ശീല വീണതോടെ ഇന്ത്യയുടെ ഒരു വലിയ തലവേദന അവസാനിച്ചു. 

പുതിയ പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹും സ്പീക്കര്‍ മുഹമ്മദ് നഷീദും അവരുടെ പാര്‍ട്ടിയായ എംഡിപിയും ഇന്ത്യയുമായുള്ള സൗഹൃദത്തിനു വില കല്‍പ്പിക്കുന്നവരാണ്. നഷീദിനു നേരെ നടന്ന വധ ശ്രമവും മാലദ്വീപിലെ വര്‍ധിച്ചുവരുന്ന തീവ്രവാദി സാന്നിധ്യവും അതിനാല്‍ ഇന്ത്യയില്‍ ഉല്‍ക്കണ്ഠ ജനിപ്പിക്കുന്നു. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം 

English Summary : Videsharangom Column - Mohamed Nasheed: Maldives ex-president injured in blast

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.