വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഉണങ്ങാതെ അവശേഷിക്കുന്ന ആഴത്തിലുള്ള മുറിവാണ് പലസ്തീന്‍ പ്രശ്നം. അതുണ്ടാക്കുന്ന വേദനയും സങ്കീര്‍ണതകളും അതുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ഇടയ്ക്കിടെ അനുഭവിക്കേണ്ടിവരുന്നു. അതോടനുബന്ധിച്ചുണ്ടാകുന്ന ചോരച്ചൊരിച്ചില്‍ ലോകത്തെ മുഴുവന്‍ നടുക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ അത്തരമൊരു ഭീകര സന്ദര്‍ഭമാണ്. കിഴക്കന്‍ ജറൂസലമില്‍ പലസ്തീന്‍കാരും ഇസ്രയേലി പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലും തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയും ദിവസങ്ങള്‍ക്കകം ഇസ്രയേല്‍ സൈന്യവും പലസ്തീന്‍ സംഘടനയായ ഹമാസും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമായി മാറി. സമാനമായ മുന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആരും ഇതില്‍ അല്‍ഭുതപ്പെടുകയില്ല.
തങ്ങളുടെ ഭരണത്തിലുള്ള ഗാസയില്‍നിന്നു ഹമാസ്, അതിര്‍ത്തിക്കടുത്തുള്ള ടെല്‍അവീവ് ഉള്‍പ്പെടെയുള്ള അര ഡസനോളം ഇസ്രയേലി നഗരങ്ങളിലേക്കു റോക്കറ്റുകളും മിസൈലുകളും എയ്തുവിടുകയായിരുന്നു. ഇസ്രയേലിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമാണ് ടെല്‍ അവീവ്. തിരിച്ചടിയായി ഇസ്രയേല്‍ വിമാനങ്ങള്‍ ഗാസയില്‍ ബോംബുകള്‍ വര്‍ഷിച്ചു. ഇരു ഭാഗങ്ങളിലും ഒട്ടേറെ പേര്‍ (അധികവും കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരപരാധികള്‍) കൊല്ലപ്പെട്ടു.
മുന്‍പും പലതവണ സംഭവിച്ചതുപോലെ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത് ഹമാസിനും പലസ്തീന്‍കാര്‍ക്കുമാണ്. കാരണം, സൈനികശക്തിയില്‍ ഇസ്രയേല്‍ ആ മേഖലയില്‍തന്നെ മുന്നിട്ടുനില്‍ക്കുന്നു. ഹമാസ് നേതാക്കളുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ഒരു 13 നില കെട്ടിടം ഉള്‍പ്പെടെ മൂന്നു വന്‍കെട്ടിടങ്ങള്‍ ഇസ്രയേലി വ്യോമാക്രണത്തില്‍ തകര്‍ന്നു. ഹമാസിന്‍റെ ചില സീനിയര്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇത്രയും ഘോരമായ ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമാണ്. 365 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ഗാസയില്‍ തിങ്ങിപ്പാര്‍ക്കുന്ന ഇരുപതര ലക്ഷം ജനങ്ങളുടെ ജീവിതം നേരത്തെതന്നെ ദുരിതപൂര്‍ണമായിരുന്നു. ഇതോടെ കൂടുതല്‍ ദുസ്സഹമായി. ഹമാസിനെ ചെറുക്കാന്‍ ഇപ്പോള്‍ വ്യോമസേനയെ ഉപയോഗിക്കുന്ന ഇസ്രയേല്‍ ഒടുവില്‍ കരസേനയെയും ഇറക്കുമോയെന്നു പലരും സംശയിക്കുന്നു. 2014ല്‍ യുദ്ധത്തിന്‍റെ പത്താം ദിവസം അങ്ങനെ ചെയ്യുകയുണ്ടായി. അതിനുശേഷം നാല്‍പതു ദിവസമാണ് യുദ്ധം പിന്നെയും നീണ്ടുനിന്നത്. ഇരു പക്ഷത്തുമായി ഒട്ടേറെ പേര്‍ മരിക്കുകയും ചെയ്തു.

ഇത്തവണ ഹമാസുമായി ഇസ്രയേല്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കേതന്നെ ഇസ്രയേലിലെ ചില നഗരങ്ങളില്‍ പലസ്തീന്‍കാര്‍ (ഇസ്രയേലി പൗരന്മാര്‍) നടത്തിയ പ്രതിഷേധ പ്രകടനം പ്രശ്നത്തിനു മറ്റൊരു മാനം നല്‍കുന്നു. ഇസ്രയേലികളുമായി അവര്‍ ഏറ്റുമുട്ടുകയും ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തരയുദ്ധം എന്നാണ് ഇതിനെ ചില ഇസ്രയേലി നേതാക്കള്‍ വിശേഷിപ്പിച്ചത്. ടെല്‍അവീവിനു സമീപമുള്ള ലോദ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു.
ഇതിനെല്ലാമിടയില്‍ പ്രശ്നത്തിന്‍റെ മുഴുവന്‍ കേന്ദ്രബിന്ദുവായി നില്‍ക്കുകയാണ് ജറൂസലം. ജൂതരും ക്രൈസ്തവരും മുസ്ലികളും ഒരുപോല പരിപാവനമായി കരുതുന്ന സ്ഥലമാണിത്, വിശേഷിച്ച് പഴയ നഗരം ഉള്‍പ്പെടുന്ന കിഴക്കന്‍ ജറൂസലം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മക്കയിലെയും മദീനയിലെയും പുണ്യദേവാലയങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമുളളതും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുമായ അല്‍ അഖ്സ മസ്ജിദ് സ്ഥിതിചെയ്യുന്നത് അവിടെയാണ്.
അല്‍ അഖ്സയില്‍ ഇസ്രയേലി പൊലീസിന്‍റെ നടപടികള്‍ മുന്‍പും പല തവണ പലസ്തീന്‍കാരുടെ പ്രതിഷേധത്തിനു കാരണമാവുകയും ഏറ്റുമുട്ടലിന് ഇടയാക്കുകയുമുണ്ടായി. ഇപ്പോഴത്തെ കുഴപ്പങ്ങളുടെ തുടക്കവും അങ്ങനെയായിരുന്നു.
പുണ്യവ്രതമാസമായ റമസാനിലെ ഭക്തജന പ്രവാഹം നിയന്ത്രിക്കാനെന്ന പേരില്‍ ഇസ്രയേലി പൊലീസ് അല്‍ അഖ്സ മസ്ജിദിനു മുന്നില്‍ ബാരിക്കേഡുകള്‍ ്സ്ഥാപിച്ചു. രാത്രിയിലെ പ്രാര്‍ഥനയ്ക്കുശേഷം പലസ്തീന്‍കാര്‍ പളളി പരിസരത്തു കൂട്ടംകൂടിനിന്നു സംസാരിക്കുന്നതും കോവിഡ് വ്യാപന വിരുദ്ധ നടപടിയെന്ന നിലയില്‍ പൊലീസ് തടഞ്ഞു.
പള്ളിക്കടുത്തുള്ള ഷെയ്ക്ക് ജര്‍റാഹ് എന്ന സ്ഥലത്തെ പലസ്തീന്‍കാരെ ഇസ്രയേലികള്‍ കുടിയൊഴിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതു തടയുകയായിരുന്നു പൊലീസിന്‍റെ ഉദ്ദേശ്യമെന്നു പലസ്തീന്‍കാര്‍ ആരോപിക്കുന്നു. പലസ്തീന്‍കാരുടെ തലയ്ക്കുമുകളില്‍ ഡമോക്ളസിന്‍റെ വാള്‍ പോലെ തൂങ്ങിനിന്നുകൊണ്ട് അവരെ ഭയപ്പെടുത്തുകയാണ് ഈ കുടിയൊഴിപ്പിക്കല്‍ പ്രശ്നം. യഥാര്‍ഥത്തില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്.
പലസ്തീന്‍കാര്‍ കൂട്ടംകൂടുന്നതിനെ എതിര്‍ത്ത ഇസ്രയേലി പൊലീസ് ഇക്കഴിഞ്ഞ തിങ്കളാഴ്ച (മേയ് 10) ജൂതതീവ്രവാദികള്‍ നടത്തിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളോടുകൂടിയ ജറൂസലംദിന ഘോഷയാത്ര തടയുകയുണ്ടായില്ല. സംഘര്‍ഷാവസ്ഥ മൂര്‍ഛിക്കാന്‍ അതും കാരണമായി.

1948ലെ യുദ്ധത്തില്‍ പടിഞ്ഞാറന്‍ ജറൂസലം പിടിച്ചടക്കിയ ഇസ്രയേല്‍ 1967ലെ യുദ്ധത്തില്‍ കിഴക്കന്‍ ജറൂസലമും പിടിച്ചടക്കി ഒന്നിപ്പിച്ചതിനെയാണ് ജറൂസലം ദിനമായി ആഘോഷിക്കുന്നത്. 1967ലെ ആറു ദിവസത്തെ യുദ്ധത്തില്‍ അതു സംഭവിച്ചതു ജൂണ്‍ ഏഴിനായിരുന്നുവെങ്കിലും ഹിബ്രു കലണ്ടര്‍ പ്രകാരം അത് ഇത്തവണ ആഘോഷിച്ചത് മേയ് പത്തിനാണ്.
ദൗര്‍ഭാഗ്യകരമാണ് ജറൂസലമിന്‍റെ ആധുനികകാല ചരിത്രം. പലസ്തീന്‍ പ്രദേശം ഇസ്രയേലിനും പലസ്തീന്‍കാര്‍ക്കുമായി വിഭജിക്കാനുള്ള 1948ലെ യുഎൻ പ്ളാന്‍ അനുസരിച്ച് ജറൂസലം രാജ്യാന്തര നഗരമായി നിലനിര്‍ത്താനാണ് നിശ്ചയിച്ചിരുന്നത്. അതു നടന്നില്ലെന്നു മാത്രമല്ല, നഗരം പൂര്‍ണമായും തങ്ങളുടെ അധീനത്തിലായതോടെ ഇസ്രയേല്‍ 1980ല്‍ അതു സ്വന്തം രാജ്യത്തില്‍ ലയിപ്പിച്ചതായി പ്രഖ്യാപിക്കുകയും രാജ്യത്തിന്‍റെ തലസ്ഥാനമാക്കുകയും ചെയ്തു. സ്വന്തം പൗരന്മാരെ അവിടെ കുടിയിരുത്താനും തുടങ്ങി.

രണ്ടു ലക്ഷത്തില്‍പ്പരം ഇസ്രയേലി കുടിയേറ്റക്കാരാണ് ഇപ്പോള്‍ കിഴക്കന്‍ ജറൂസലമിലുള്ളത്. 1967ലെ യുദ്ധത്തില്‍തന്നെ പിടിച്ചടക്കിയ വെസ്റ്റ്ബാങ്കിലുമുണ്ട് ഇതുപോലുള്ള കുടിയേറ്റക്കാര്‍-നാലു ലക്ഷത്തിലേറെ പേര്‍. അവരുടെയെല്ലാം സംരക്ഷണത്തിനായി പൊലീസും പട്ടാളവമുണ്ട്.
ഇതെല്ലാം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നത് ഇസ്രയേല്‍ തീര്‍ത്തും അവഗണിക്കുന്നു. രാജ്യാന്തര സമൂഹത്തിന്‍റെ വിലക്കുകള്‍ക്കും അവര്‍ വില കല്‍പ്പിക്കുന്നില്ല. പലസ്തീന്‍ പ്രശ്നത്തിനു പരിഹാരമായി നിര്‍ദേശിക്കപ്പെട്ടിരുന്ന സമാധാന പദ്ധതികളിലെ പലസ്തീന്‍ രാഷ്ട്രത്തിന്‍റെ തലസ്ഥാനവുമാണ് കിഴക്കന്‍ ജറൂസലം. അതു വിട്ടുകൊടുക്കില്ലെന്ന ഇസ്രയേല്‍ നിലപാട് പലസ്തീന്‍കാരുമായുള്ള ഒത്തുതീര്‍പ്പിനു വിലങ്ങുതടിയായും നില്‍ക്കുന്നു.
പലസ്തീന്‍കാരുടെ നിസ്സഹയാവസ്ഥയിലേക്കു വിരല്‍ ചൂണ്ടുന്ന മറ്റൊരു സംഭവവികാസമാണ് കിഴക്കന്‍ ജറൂസലമിലെ അവരില്‍ പലരുടെയും വീടുകള്‍ നഷ്ടപ്പെടുമോ എന്ന ഭീതി. തലമുറകളായി അവര്‍ താമസിച്ചുവരുന്ന ആ വീടുകള്‍ നില്‍ക്കുന്ന സ്ഥലങ്ങള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞ് ചില ഇസ്രയേലി കുടിയേറ്റക്കാര്‍ കോടതിയെ സമീപിക്കുകയും കോടതി അവര്‍ക്ക് അനുകൂലമായി വിധി പറയുകയുമുണ്ടായി.
വീട്ടുടമകളായ പലസ്തീന്‍കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന ഒരു പ്രതീക്ഷയും അവര്‍ക്കില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് (മേയ് 10) സുപ്രീംകോടതി വിധി പറയാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മറ്റൊരു ദിവസത്തേക്കു മാറ്റി. ഭീതിയുടെ പിടിയിലാണ് ആ പലസ്തീന്‍കാര്‍.

ഹമാസ്-ഇസ്രയേല്‍ പോരാട്ടത്തില്‍ രാജ്യാന്തര സമൂഹം കടുത്ത ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുകയും പോരാട്ടം ഉടന്‍ നിര്‍ത്താന്‍ ഇരു പക്ഷത്തോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും ആരും ഇതില്‍ ഇടപെടാന്‍ മുന്നോട്ടുവന്നിട്ടില്ല. യുഎന്‍ രക്ഷാസമിതി ചേര്‍ന്നെങ്കിലും പ്രസ്താവനയൊന്നും പുറപ്പെടുവിക്കുകയുണ്ടായില്ല.
അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇസ്രയേലിന്‍റെ സ്വയംരക്ഷയ്ക്കുള്ള അവകാശത്തെ പിന്തുണയ്ക്കുകയാണ് ചെയതത്. പരമ്പരാഗതമായ ഈ യുഎസ് നിലപാടില്‍ ആരും അല്‍ഭുതപ്പെടുന്നില്ല. എങ്കിലും, പലസ്തീന്‍ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്ന കാര്യത്തിലേക്കു ബൈഡന്‍റെ സത്വരശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ സംഭവവികാസം ഇടയാക്കുന്നു. ചൈനയെയും റഷ്യയെയും ചെറുക്കുന്നതിനാണ് ഇതുവരെ അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നത്. ഇസ്രയേലിലേക്കുള്ള പുതിയ അംബാസ്സഡറെ നിയമിക്കുകപോലും ചെയ്തിരുന്നില്ല.
ബന്ധപ്പെട്ടവരെ കണ്ടു സംസാരിക്കാനായി ബൈഡന്‍ തന്‍റെ ഡപ്യൂട്ടി അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറി ഹാദി അംറിനെ പശ്ചിമേഷ്യയിലേക്കു നിയോഗിച്ചിരിക്കുകയാണ്. ലെബനീസ് വംശജനായ അദ്ദേഹത്തിന്‍റെ പ്രഥമ കര്‍ത്തവ്യം എത്രയുംവേഗം വെടിനിര്‍ത്തലുണ്ടാക്കുകയായിരിക്കും.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom Column by Obeidulla : Israel - Palestine conflict