ചാള്‍സിന് കിരീടം ? എപ്പോള്‍ ?

Mail This Article
ബ്രിട്ടനിലെ അടുത്ത രാജാവാകാനായി നാലാം വയസ്സില്‍തന്നെ നിശ്ചയിക്കപ്പെട്ട ആളാണ് ഇപ്പോള്‍ 72 വയസ്സുള്ള ചാള്‍സ് രാജകുമാരന്‍. എന്നെങ്കിലും അദ്ദേഹം രാജാവാകുമോ ? പലരുടെയും മനസ്സില്‍ കുറച്ചുകാലമായി തങ്ങിനില്‍ക്കുന്നതും എന്നാല്‍ ഉത്തരം കിട്ടാത്തതുമായ ഒരു ചോദ്യമാണിത്. ചാള്‍സിന്‍റെ പിതാവായ ഫിലിപ് രാജകുമാരന്‍ 99ാം വയസ്സില്‍ അന്തരിച്ചതു കഴിഞ്ഞ മാസമായിരുന്നു. അതോടെ എലിസബത്ത് രാജ്ഞിക്കുണ്ടായത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. അതിന്‍റെ പന്ത്രണ്ടാം നാളിലായിരുന്നു രാജ്ഞിയുടെ 95ാം ജന്മദിനം.
ഭാഗ്യവശാല്‍ രാജ്ഞിക്കു കാര്യമായ എന്തെങ്കിലും അസുഖം ഉള്ളതായി അറിവില്ലെങ്കിലും, പ്രായം ആ സന്തോഷത്തില്‍ കല്ലുകടിയുണ്ടാക്കുന്നു. അതിനാല്‍, രാജകീയ ചുമതലകളുടെ ഭാരം മൂത്തമകനായ ചാള്‍സിന് ഏല്‍പ്പിച്ചുകൊടുത്ത് വിശ്രമത്തില്‍ പ്രവേശിക്കാന്‍ രാജ്ഞി ഇനിയും വൈകില്ലെന്ന ഒരു തോന്നല്‍ നാട്ടില്‍ പടര്‍ന്നുപിടിച്ചു. ഫിലിപ്പ് രാജകുമാരന്‍റെ മരണശേഷം ഇതു ശക്തിപ്പെടുകയും ചെയ്തതായി മാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
പക്ഷേ, എപ്പോള്‍ ? ചാള്‍സല്ല, അദ്ദേഹത്തിന്‍റെ മൂത്തമകനായ മുപ്പത്തെട്ടുകാരന്‍ വില്യമാണ് രാജ്ഞിയുടെ പിന്‍ഗാമിയാവാന്‍ കൂടൂതല്‍ സാധ്യതയെന്ന അഭ്യൂഹവും ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്. പുത്രനെ മറികടന്ന് രാജ്ഞി പൗത്രനെ രാജാവാക്കുമെന്നാണ് ഇതിനര്‍ഥം. ഇന്നത്തെ നിലയില്‍ അതു നടക്കാത്ത കാര്യമാണെന്നു കരുതുന്നവരുമുണ്ട്.

ബ്രിട്ടനില്‍ രാജാവിന്‍റെ അല്ലെങ്കില്‍ രാജ്ഞിയുടെ മൂത്ത മകനോ മകളോ ആണ് കിരീടാവകാശിയെന്നതു സുവിദിതമാണ്. ബ്രിട്ടനില്‍നിന്ന് ഇന്ത്യ സ്വതന്ത്രമാകുന്ന കാലത്ത് അവിടത്തെ രാജാവായിരുന്ന ജോര്‍ജ് ആറാമന്‍ 1952ല്‍ മരിച്ചപ്പോള്‍ മൂത്ത മകള്‍ എലിസബത്ത് 26ാം വയസ്സില്‍ രാജ്ഞിയായത് അങ്ങനെയായിരുന്നു. എലിസബത്ത്, മാര്‍ഗരറ്റ് എന്നീ രണ്ടു പെണ്‍മക്കളല്ലാതെ അദ്ദേഹത്തിനു പുരുഷ സന്താനങ്ങളുണ്ടായിരുന്നില്ല.

അമ്മ സിംഹാസനാരൂഡയായതോടെ മൂത്തമകന്‍ ചാള്‍സ് അനന്തരാവകാശിയായി. അതോടൊപ്പം ഡ്യൂക്ക് ഓഫ് കോണ്‍വാള്‍, ഡ്യൂക്ക് ഓഫ് റോത്സെ എന്നീ പേരുകളിലുള്ള പ്രഭുപദവികളും ലഭിച്ചു. കിരീടാവകാശികള്‍ക്കു നല്‍കപ്പെടുന്ന പ്രിന്‍സ് ഓഫ് വെയില്‍സ് (വെയില്‍സിലെ രാജകുമാരന്‍) എന്ന മുഖ്യപദവികൂടി ചാര്‍ത്തിക്കിട്ടുുമ്പോള്‍ ചാള്‍സിനു വെറും പത്തുവയസ്സായിരുന്നു. അതിനുശേഷം കടന്നു പോയതു 62 വര്‍ഷങ്ങളാണ്. അനിശ്ചിതമായ കാത്തിരിപ്പിന്‍റെ ഒരു നീണ്ട
കാലഘട്ടം. അതിനിടയില്‍ രണ്ടു റെക്കോഡുകള്‍ സൃഷ്ടിക്കപ്പെട്ടു. എലിസബത്ത് ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായംചെന്ന രാജ്യാധികാരി അഥവാ മൊണാര്‍ക്കും (രാജാവ് അല്ലെങ്കില്‍ രാജ്ഞി) ചാള്‍സ് ഏറ്റവും പ്രായമുള്ള കിരീടാവകാശിയുമായി.

സാധാരണഗതിയില്‍ നിലവിലുള്ള രാജാവ് അല്ലെങ്കില്‍ നാടുവാഴുന്ന രാജ്ഞി മരിക്കുമ്പോഴാണ് സിംഹാസനത്തില്‍ ഒഴിവുവരിക. എന്തെങ്കിലും കാരണത്താല്‍ അവര്‍ സ്ഥാനം ഉപേക്ഷിക്കുമ്പോഴും ഇങ്ങനെ സംഭവിക്കാമെന്ന് എലിസബത്തിന്‍റെ പിതാവിന്‍റെ ചേട്ടന്‍റെ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു. വിവാഹമോചിതയായ അമേരിക്കക്കാരിയില്‍ അനുരക്തനായ അദ്ദേഹം (എഡ്വേഡ് എട്ടാമന്‍) 1936ല്‍ സിംഹാസനം ഉപേക്ഷിച്ചത് ആ വനിതയെ വേള്‍ക്കാനായിരുന്നു.
അദ്ദേഹത്തിനു മക്കളില്ലാതിരുന്നത് ബ്രിട്ടീഷ് ചരിത്രത്തിന്‍റെ ഗതിമാറ്റി. മക്കളില്ലെങ്കില്‍ കിരീടാവകാശം സഹോദരനുള്ളതാണ്. എഡ്വേഡ് എട്ടാമന്‍റെ അനുജന്‍ ജോര്‍ജ് ആറാമന്‍ പുതിയ രാജാവാവുകയും 1952ല്‍ അദ്ദേഹത്തിന്‍റെ മരണത്തോടെ കിരീടം മകള്‍ എലിസബത്തിനു കിട്ടുകയും ചെയ്തു. ഉയര്‍ന്ന പ്രായത്തിലും എലിസബത്ത് ഏറെക്കുറെ ആരോഗ്യവതിയായിരിക്കുന്നതിനാല്‍ ചാള്‍സിനു രാജാവാകണമെങ്കില്‍ രാജ്ഞി സ്വമേധയാ സ്ഥാനമൊഴിയേണ്ടിവരും. അത്തരമൊരു സ്ഥാനത്യാഗം എഡ്വേഡ് എട്ടാമനുശേഷം ബ്രിട്ടനില്‍ നടന്നിട്ടില്ല.
രാജാവാകാന്‍ ഏതെങ്കിലും വിധത്തില്‍ യോഗ്യത കുറഞ്ഞ ഒരാളല്ല ചാള്‍സ്. രാജ്ഞിയുടെ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിനകത്തും പുറത്തും പല രംഗത്തും പ്രവര്‍ത്തിച്ചുകൊണ്ട് സ്വന്തം കഴിവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. വ്യോമസേനയിലും നാവിക സേനയിലും സേവനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണം പോലുള്ള സാമൂഹിക സേവന മേഖലകളിലും വ്യാപൃതനാണ്. അദ്ദേഹത്തിന് ഒരിക്കലും രാജപദവി കിട്ടാതിരിക്കുമോയെന്നതില്‍ ജനങ്ങളില്‍ പലര്‍ക്കും സഹതാപവുമുണ്ട്.
പക്ഷേ, ജനങ്ങളില്‍തന്നെ പലര്‍ക്കും, വിശേഷിച്ച് സ്ത്രീകള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമല്ല. ഭാര്യയായിരുന്ന ഡയാനയോട് ചാള്‍സ് അനീതി കാണിച്ചുവെന്ന ആരോപണമാണ് ഇതിന് അടിസ്ഥാനം. ഡയാനയുമായുള്ള വിവാഹം തകരുന്നതില്‍ പങ്കാളിയായ കാമില്ലയെന്ന വനിതയെത്തന്നെ പിന്നീട് ചാള്‍സ് വിവാഹം ചെയ്തത് അദ്ദേഹത്തിനു നേരെയുള്ള പലരുടെയും അനിഷ്ടം വര്‍ധിപ്പിക്കുകയും ചെയ്തു.
ചാള്‍സ് ആദ്യം പ്രണയിച്ചിരുന്നതും കാമില്ലയെയായിരുന്നു. പക്ഷേ, അദ്ദേഹം പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍ പ്രണയനദിയുടെ ഒഴുക്ക് തടയപ്പെട്ടു. ആന്‍ഡ്രൂ പാര്‍ക്കര്‍ ബൗള്‍സ് എന്ന മറ്റൊരു യുവാവില്‍ കാമില്ല അനുരക്തയാവുകയും അവര്‍ തമ്മില്‍ വിവാഹിതരാവുകയും ചെയ്തു. അതിനുശേഷമായിരുന്നു ഡയാനയുമായുള്ള ചാള്‍സിന്‍റെ അടുപ്പവും 1981ല്‍ അവര്‍ തമ്മിലുള്ള വിവാഹവും.

പതിമൂന്നു വയസ്സിന്‍റെ വ്യത്യാസമുണ്ടായിട്ടും (ചാള്‍സ് 32, ഡയാന 19) ഒരു സിനിമാ പ്രണയകഥയിലെ നായികാനായകന്മാരെപ്പോലെയാണ് ലോകം അവരെ നോക്കിക്കണ്ടത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലെയും കോടിക്കണക്കിന് ആളുകള്‍ ടെലിവിഷനിലൂടെ ആ വിവാഹത്തിനു ദൃക്സാക്ഷികളായി. ഭാവിയിലെ ബ്രിട്ടീഷ് രാജാവിനും രാജ്ഞിക്കും തമ്മില്‍ എന്തൊരു ചേര്‍ച്ചയെന്ന് അവര്‍ അല്‍ഭുതപ്പെട്ടു. കാലക്രമത്തില്‍ ചാള്‍സ്-ഡയാന ദമ്പതികള്‍ക്കു രണ്ടു പുത്രന്മാര്‍-വില്യമും ഹാരിയും-പിറക്കുകയും ചെയ്തു.
അതിനിടയില്‍തന്നെയാണ് കാമില്ലയുമായി ചാള്‍സ് വീണ്ടും അടുക്കാന്‍ തുടങ്ങിയതും.ചാള്‍സ്തന്നെ അതൊരു ടിവി അഭിമുഖത്തില്‍ സ്ഥിരീകരിക്കുകയുണ്ടായി. വിവാഹം തകരാന്‍ കാരണം അതില്‍ മൂന്നു പേരുണ്ടായിരുന്നതാണെന്നു മറ്റൊരു ടിവി അഭിമുഖത്തില്‍ ഡയാനയും തുറന്നു പറഞ്ഞു. 1995ല്‍ ബിബിസി പ്രക്ഷേപണം ചെയ്ത ആ അഭിമുഖം 25 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍ ഡയാന തയാറായതു ബിബിസി റിപ്പോര്‍ട്ടര്‍ ചില കാര്യങ്ങള്‍ അവരെ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണെന്നാണ് ആരോപണം. അതു മറ്റൊരു കഥ.
മറ്റു ചില പുരുഷന്മാരുമായുള്ള ഡയാനയുടെ ബന്ധങ്ങളെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളും ടാബ്ളോയിഡ് മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ഒടുവില്‍ കൂടുതല്‍ നാണക്കേടുണ്ടാകുന്നതു തടയാനായി രാജ്ഞിതന്നെ ഉപദേശിച്ചതിനെ തുടര്‍ന്നാണത്രേ 1996ല്‍ വിവാഹമോചനവും നടന്നു. മക്കള്‍ വില്യമിനും ഹാരിക്കും അപ്പോള്‍ യഥാക്രമം പതിനാലും പന്ത്രണ്ടും വയസ്സ്. ഒരു വര്‍ഷത്തിനകം പാരിസില്‍ കാറപകടത്തില്‍ ഡയാന മരിച്ചു. ചാള്‍സ് അതിന് ഉത്തരവാദിയാണെന്നായിരുന്നു പലരുടെയും കുറ്റപ്പെടുത്തല്‍.
ചാള്‍സും കാമില്ലയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതോടെ കാമില്ലയും ഭര്‍ത്താവും തമ്മില്‍ തെറ്റിപ്പിരിഞ്ഞു. മുതിര്‍ന്ന രണ്ട് മക്കളുള്ള ആ അന്‍പത്തെട്ടുകാരിയെ അന്‍പത്തേഴാം വയസ്സില്‍ ചാള്‍സ് വിവാഹം ചെയ്തു. രാജ്ഞിയോ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനോ അതില്‍ പങ്കെടുത്തിരുന്നില്ല.
പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന പദവിയുള്ള ചാള്‍സിനെ വിവാഹം ചെയ്തപ്പോള്‍ ഡയാനയ്ക്കു പ്രിന്‍സസ് ഓഫ് വെയില്‍സ് (വെയില്‍സിലെ രാജകുമാരി) എന്ന പദവി ലഭിച്ചിരുന്നു. ആ പദവി ലഭിക്കുന്നവര്‍ക്കുള്ളതാണ് ഭാവിയിലെ രാജ്ഞിയുടെ പദവിയും. പക്ഷേ, കാമില്ലയ്ക്ക് പ്രിന്‍സസ് ഓഫ് വെയില്‍സ് പദവി നല്‍കിയിട്ടില്ല. ചാള്‍സ് രാജാവാകുന്നതോടെ കാമില്ല രാജ്ഞിയാവുകയില്ല എന്നര്‍ഥം. രാജപത്നി മാത്രമായിരിക്കുമത്രേ.
ഈ പശ്ചാത്തലത്തിലാണ് രാജ്ഞി തന്‍റെ പുത്രനെ മറികടന്നു പൗതന്‍ വില്യമിനെ രാജാവാക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നത്. രാജകീയ ചിട്ടകളും മര്യാദകളും ഓരോന്നോരാന്നായി രാജ്ഞി വില്യമിനു മനസ്സിലാക്കിക്കൊടുത്തു വരികയാണെന്നും പറയപ്പെടുന്നു. ദീര്‍ഘകാലത്തെ കാത്തിരിപ്പ് മതിയാക്കി ചാള്‍സ്തന്നെ മകനെ രാജാവായിക്കാണാന്‍ ആഗ്രഹിക്കുകയാണെന്നു കരുതുന്നവരുമുണ്ട്.

എന്നാല്‍, പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. സ്വന്തം പിന്‍ഗാമി ആരാകണമെന്നു നിശ്ചയിക്കാന്‍ രാജ്ഞിക്ക് അധികാരമില്ല. നിലവിലുള്ള രാജാവിന്‍റെ അല്ലെങ്കില്‍ രാജ്ഞിയുടെ മൂത്ത മകനോ മകളോ ആയിരിക്കണം അനന്തരാവകാശി എന്നതു മൂന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമമാണ്. പാര്‍ലമെന്‍റ് പാസ്സാക്കിയ ആ നിയമത്തില്‍ മാറ്റം വരുത്താന്‍ രാജ്ഞി വിചാരിച്ചാല്‍ കഴിയില്ല, പാര്‍ലമെന്‍റ് കനിയണം. അത് എളുപ്പത്തില്‍ നടക്കില്ല.
അതിനാല്‍, എലിസബത്ത് രാജ്ഞിയുടെ സ്ഥാനത്ത് ഒഴിവുവന്നാല്‍ ഉടന്‍തന്നെ സംഭവിക്കുക ആ സ്ഥാനത്തു ചാള്‍സ് ഉപവിഷ്ടനാവുകയും പുതിയ ബ്രിട്ടീഷ് രാജാവാകുകയും ചെയ്യുകയായിരിക്കും. കിരീടധാരണച്ചടങ്ങ് പിന്നീടാവാം. തന്‍റെ ജീവിതകാലത്തുതന്നെ മകന്‍ വില്യം രാജാവായിക്കാണാന്‍ ചാള്‍സിനു ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ അതു സാധിക്കാനും വഴിയുണ്ടെന്നു നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു : അമ്മയെ തുടര്‍ന്നു രാജാവായ ശേഷം താമസിയാതെ ചാള്‍സിനു സ്വന്തം മകനുവേണ്ടി സ്ഥാനത്യാഗം ചെയ്യാം.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videshrangom Column - Who will be the successor of Queen Elizabeth II?