ചൈന : കുട്ടികള്‍ ഒന്ന്, രണ്ട്, മൂന്ന്

HIGHLIGHTS
  • ജനസംഖ്യാ വര്‍ധന കുറയുന്നതില്‍ ഉല്‍ക്കണ്ഠ
  • സാമ്പത്തിക വികസനത്തെ ബാധിക്കുമെന്നു ഭയം
CHINA-POPULATION-CENSUS
ബെയ്ജിങ്ങിൽനിന്നുള്ള 2021 ജൂണിലെ കാഴ്ച. ചിത്രം: Nicolas Asfouri / AFP
SHARE

ജനങ്ങള്‍ക്ക് എത്രവരെ മക്കളാവാമെന്നു ചൈനയില്‍ നിശ്ചയിക്കുന്നതു ഗവണ്‍മെന്‍റ് അല്ലെങ്കില്‍ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതനുസരിച്ച് ഒരു ഭാര്യക്കും ഭര്‍ത്താവിനും ഒരു കുട്ടിമാത്രം  എന്നതായിരുന്നു 1980 മുതല്‍ ഏതാണ്ട് മൂന്നര പതിറ്റാണ്ടുകാലം ചൈനയുടെ ഔദ്യോഗിക നയം.  അനിയന്ത്രിതമായ ജനസംഖ്യാ വര്‍ധനമൂലം സാമ്പത്തിക വളര്‍ച്ച മുരടിച്ചുപോകുന്നതു തടയാനുള്ള പ്രതിവിധിയെന്ന നിലയില്‍ അതു കര്‍ശനമായിത്തന്നെ നടപ്പാക്കുകയും ചെയ്തു. 

വെളുക്കാന്‍ തേച്ചതു പാണ്ടായി എന്നു പറഞ്ഞതുപോലെയായിരുന്നു അതിന്‍റെ ഫലം. ജനസംഖ്യാ വര്‍ധന പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ കുറഞ്ഞുപോവുകയും അതു സാമ്പത്തിക വളര്‍ച്ചയ്ക്കു ഭീഷണിയാകാന്‍ തുടങ്ങുകയും ചെയ്തു. അതിനാല്‍, ഒരു ഭാര്യക്കും ഭര്‍ത്താവിനും ഒരു കുട്ടി എന്ന നയത്തിനു പകരം രണ്ടു കുട്ടികള്‍ എന്ന നയം 2016 മുതല്‍ നിലവില്‍വന്നു. അഞ്ചു വര്‍ഷത്തിനുശേഷം ഇപ്പോള്‍ അതിലും മാറ്റം വന്നിരിക്കുകയാണ്. 

കാരണം, സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാത്തവിധത്തില്‍ ജനസംഖ്യാ വളര്‍ച്ച നിലനിര്‍ത്തുന്നതില്‍ ആ നയവും പരാജയപ്പെട്ടു. ഇനിയങ്ങോട്ട് മൂന്നു കുട്ടികള്‍വരെയാവാമെന്നാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച (മേയ് 31) പ്രസിഡന്‍റ് ഷി ചിന്‍പിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ്ബ്യൂറോയുടെ തീരുമാനം. പക്ഷേ, കൂടുതല്‍ കുട്ടികളുണ്ടാവാന്‍ പല കാരണങ്ങളാല്‍ ജനങ്ങള്‍ക്കു പൊതുവില്‍ താല്‍പര്യമില്ലത്രേ. 

CHINA-POLITICS-POPULATION-CENSUS
ബെയ്ജിങ്ങിൽനിന്നുള്ള 2021 ജൂണിലെ കാഴ്ച. ചിത്രം: Greg Baker / AFP

പോളിറ്റ്ബ്യൂറോ യോഗത്തിനു 20 ദിവസം മുന്‍പാണ് ചൈനയുടെ ഏറ്റവും പുതിയ കാനേഷുമാരി റിപ്പോര്‍ട്ട് പുറത്തുവന്നത്. അതില്‍ പറയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ സംബന്ധിച്ച നയത്തില്‍ മാറ്റം വരുത്തിയിട്ടുള്ളതും.  2020 വരെയുള്ള 10 വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് 141 കോടി ജനങ്ങളോടെ ചൈന ലോകത്തു മുന്നിട്ടുതന്നെ നില്‍ക്കുമ്പോഴും ജനസംഖ്യാ വര്‍ധന അടിക്കടി കുറയുകയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ ദശകത്തിലെ ശരാശരി വാര്‍ഷിക ജനസംഖ്യാ വര്‍ധന 0.53 ശതമാനം ആയിരുന്നു. അതായത് പതിനായിരം പേരുള്ളിടത്ത് ഒരു വര്‍ഷം കൂടിയത് വെറം 53 പേര്‍. 1953നു ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചാനിരക്കാണിത്.  2000-2010 കാലത്ത് 0.57 ശതമാനമായിരുന്നു. 

ജോലിചെയ്യുന്ന പ്രായമുള്ളവര്‍ ഒരു പതിറ്റാണ്ടുമുന്‍പ് 70 ശതമാനമായിരുന്നത് 63.4 ശതമാനമായി കുറഞ്ഞു. അതേസമയം അറുപതും അതിനു മുകളിലും പ്രായമുള്ളവരുടെ എണ്ണം കുടുകയും 26.4 കോടിയാവുകയും ചെയ്തു. ആകെ ജനസംഖ്യയുടെ ഏതാണ്ട് 19 ശതമാനമാണിത്. ഇങ്ങനെ പോയാല്‍ 2025 ആകുമ്പോഴേക്കു ചൈനയിലെ ജനങ്ങളില്‍ അഞ്ചിലൊന്ന് ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവരായിരിക്കുമത്രേ. പ്രായംകൂടിയവര്‍ക്കു സാധാരണ ഗതിയില്‍ രാജ്യത്തിന്‍റെ സാമ്പത്തിക വികസനത്തില്‍ കാര്യമായ പങ്കൊന്നും വഹിക്കാനുണ്ടാവില്ല. 

സ്ത്രീകളുടെ സന്തോനോല്‍പാദന ക്ഷമത  ഒരു സ്ത്രീക്കു 1.3 കുട്ടികള്‍ എന്ന തോതിലാണെന്നും കാനേഷുമാരി കണക്കുകള്‍ കാണിക്കുന്നു. അതായത് 10 സ്തീകള്‍ക്കു 13 കുട്ടികള്‍. ആളുകള്‍ വാര്‍ധക്യംമൂലം ജോലി ചെയ്യാന്‍ കഴിയാത്തവരാവുകയും മരിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ഒരു സ്ത്രീക്കു ശരാശരി 2.1 കുട്ടികള്‍ അല്ലെങ്കില്‍ 10 സ്ത്രീകള്‍ക്കു 21 കുട്ടികള്‍ ഉണ്ടായിരിക്കണമത്രേ. 

ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ താരതമ്യേന കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാന്‍ അവിടെ വേണ്ടത്ര ആളുകളെ ലഭ്യമാണെന്നതാണ്. ജനസംഖ്യാ വര്‍ദ്ധനയുടെ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രവണത തുടര്‍ന്നാല്‍ കാലക്രമത്തില്‍ അതിനു തടസ്സം നേരിടും. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലെയും പല വ്യവസായങ്ങളും മുന്നോട്ടുപോകുന്നത്  ചൈനയില്‍ അവര്‍ക്ക് ആവശ്യമായ തൊഴിലാളികളുടെ ലഭ്യതയെ ആശ്രയിച്ചാണ്. ലഭ്യത അവതാളത്തിലാവുകയാണെങ്കില്‍ ചൈനയിലെ ്അവരുടെ യൂണിറ്റുകള്‍ പൂട്ടേണ്ടിവരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

മാവോ സെദൂങ്ങ് 1949ല്‍ ചൈനീസ് കമ്യൂണിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുമ്പോള്‍ ജനസംഖ്യ 54 കോടിയായിരുന്നത് അദ്ദേഹത്തിന്‍റെ മരണത്തിനു മുന്‍പ്തന്നെ ഏതാണ്ട് ഇരട്ടിയാവുകയുണ്ടായി. നിയന്ത്രണം ആവശ്യമാണെന്ന് ആദ്യമായി നിര്‍ദേശിച്ചതും അദ്ദേഹം തന്നെയായിരുന്നു. 

അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ഡെങ് സിയാവോപിങ് ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്ന നിയമത്തിലൂടെ 1980ല്‍ അതു കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങി. ഡെങ് തന്നെയാണ് മുതലാളിത്ത മാര്‍ഗത്തിലൂടെയുള്ള ചൈനയുടെ സാമ്പത്തിക മുന്നേറ്റത്തിനു തുടക്കമിട്ടതും.

China-Population-Census
ബെയ്ജിങ്ങിൽനിന്നുള്ള 2021 ജൂണിലെ കാഴ്ച. ചിത്രം: Noel Celis / AFP

ഒറ്റക്കുട്ടിയെന്ന നിയമം ലംഘിക്കുന്നവര്‍ക്കു കനത്ത പിഴ നല്‍കേണ്ടി വന്നു. പിഴ നല്‍കാന്‍ കഴിയാത്തവര്‍ക്കു ജയില്‍ശിക്ഷ. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച സ്ത്രീകള്‍ക്കു നിര്‍ബന്ധ ഗര്‍ഭഛിദ്രത്തിനു വിധേയരാകേണ്ടിയും വന്നു. പൗരന്മാര്‍ക്കു സാധാരണഗതിയില്‍ ഗവണ്‍മെന്‍റില്‍നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ രണ്ടാമതും അതിനു ശേഷവും ജനിക്കുന്ന കുട്ടികള്‍ക്കു നിഷേധിക്കപ്പെട്ടു. 

ആദ്യസന്താനമായി പെണ്‍കുട്ടിക്കു ജന്മം നല്‍കിയവര്‍ ആണ്‍കുട്ടിക്കുവേണ്ടിയുള്ള ആഗ്രഹത്താല്‍ പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയോ വധിക്കുകയോ ചെയ്യുന്ന സ്ഥിതിയുമുണ്ടായി. പെണ്‍ ഭ്രൂണഹത്യയും സാധാരണമായി. സ്ത്രീകളുടെ എണ്ണം കുറയാന്‍ തുടങ്ങിയതായിരുന്നു ഇതിന്‍റെ മറ്റൊരു ഫലം. ഗര്‍ഭം ധരിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണം അടുത്ത കാലത്തായി ഓരോ വര്‍ഷവും 50 ലക്ഷം വീതം കുറയുകയാണെന്നാണ് ഔദ്യോഗിക പത്രമായ ഗ്ളോബല്‍ ടൈംസ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

ഒറ്റക്കുട്ടി നയത്തിലൂടെ ചൈന 40 കോടി ജനനങ്ങള്‍ തടഞ്ഞുവത്രേ. 2016വരെ ആ നയം മാറ്റാന്‍ ചൈന തയാറായിരുന്നില്ല. ചില്ലറ ഇളവുകള്‍ നല്‍കിയിരുന്നുവെന്നു മാത്രം. എങ്കിലും, ജനസംഖ്യാ വര്‍ധന പ്രതീക്ഷിച്ചതിലും കുറയാന്‍ തുടങ്ങിയതോടെ നയം മാറ്റുകയല്ലാതെ നിവൃത്തിയില്ലാതായി.  

ഷി ചിന്‍പിങ് കമൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും രാജ്യത്തിന്‍റെ പ്രസിഡന്‍റും ആയശേഷമാണ് ഒരു കുടുംബത്തിനു രണ്ടുകുട്ടികള്‍വരെ ആവാമെന്ന നയം നിലവില്‍വന്നത്. 2001നു ശേഷം ജനന നിരക്ക് ഏറ്റവും കൂടുതല്‍ വേഗത്തില്‍ വര്‍ധിച്ചത് 2016ലാണ്. ഒരു കോടി 78 ലക്ഷം കുഞ്ഞുങ്ങളുണ്ടായി. തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളില്‍ ഒരു കോടി 72 ലക്ഷം, ഒരു കോടി 52 ലക്ഷം, ഒരു കോടി 46 ലക്ഷം, ഒരു കോടി 20 ലക്ഷം എന്നിങ്ങനെയായി കുറയുകയും ചെയ്തു. 

കൂടുതല്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹം ചൈനക്കാരില്‍ അധികപേര്‍ക്കും ഇപ്പോള്‍ ഇല്ലെന്നതാണ് ഇതിന് ഒരു കാരണം. ജനങ്ങളില്‍ പകുതിയിലേറെ പേര്‍ ജീവിക്കുന്നതു നഗരങ്ങളിലാണ്. ഗ്രാമ വാസികളെപ്പോലെ കൃഷിയിലും മറ്റും സഹായിക്കാന്‍ കൂടുതല്‍ മക്കള്‍വേണമെന്ന ചിന്ത നഗരവാസികള്‍ക്കില്ല. കുട്ടികളുടെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ചെലവ് നഗരങ്ങളില്‍ അധികമാണ്. 

CHINA-LIFESTYLE
ബെയ്ജിങ്ങിൽനിന്നുള്ള 2021 ജൂണിലെ കാഴ്ച. ചിത്രം: Noel Celis / AFP

ഇതിനെല്ലാം പുറമെ ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വിശ്വാസം പലരുടെയും മനസ്സില്‍ ഉറച്ചുകഴിഞ്ഞിരിക്കുകയുമാണ്. വിവാഹം വൈകിയാവാമെന്നു കരുതുന്നവരും വിവാഹമേ വേണ്ടെന്നു കരുതുന്നവരുമുണ്ട്. വിവാഹിതരായാലും കുട്ടികള്‍ വേണ്ടെന്നു തീരുമാനിക്കുന്നവരും കുറവല്ല.  

മൂന്നാമതൊരു കുട്ടികൂടിയാവാം എന്ന പോളിറ്റ്ബ്യൂറോ തീരുമാനത്തെ ജനങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യുമെന്നാണ് അധികൃതര്‍ കരുതിയിരുന്നതെന്നു തോന്നുന്നു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ ആ പ്രതീക്ഷയില്‍ ഒരു ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി. പക്ഷേ, അതില്‍ പങ്കെടുത്ത 31,000 പേരില്‍ 29,000  പേരും പറഞ്ഞത് തങ്ങള്‍ക്ക് ഒട്ടും താല്‍പര്യമില്ലെന്നാണ്. വോട്ടെടുപ്പ് വിവരങ്ങള്‍ ഷിന്‍ഹുവ ഉടന്‍ നീക്കംചെയ്തു. സന്താന നയത്തില്‍ മാറ്റം വരുത്താന്‍ ചൈന വൈകിപ്പോയോ എന്ന സംശയവും ഉടലെടുക്കുന്നുണ്ട്.       

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം   

Content Summary : Videsharangom Column : China announces three-child policy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA