ഹോങ്കോങ് : നഷ്ടപ്പെടുന്ന സ്വാതന്ത്ര്യങ്ങള്‍

HIGHLIGHTS
  • ആപ്പിള്‍ പത്രത്തിന്‍റെ അനുഭവം ഒരു ചൂണ്ടുപലക
  • ഉറപ്പുകള്‍ മറികടന്നു ചൈന പിടിമുറുക്കുന്നു
HONG KONG-CHINA-POLITICS-MEDIA
'ആപ്പിൾ' ദിനപ്പത്രത്തിന്റെ മാനേജിങ് എഡിറ്റർ ഫുങ് വായി കോങ്ങ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു. ചിത്രം: Bertha Wang / AFP
SHARE

ഹോങ്കോങ്ങില്‍ ചൈനയുടെ പിടി മുറുകിക്കൊണ്ടിരിക്കേ അവിടത്തെ ജനങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒന്നര നൂറ്റാണ്ടിലേറെ കാലത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം ഹോങ്കോങ് ചൈനയ്ക്കു തിരിച്ചുകിട്ടിയതിനു ശേഷമുള്ള 24 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇതാണ് സ്ഥിതി. ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് 'ആപ്പിള്‍ ഡെയ്ലി' എന്ന പ്രമുഖ ദിനപത്രത്തിന്‍റെ മരണം. ഗവണ്‍മെന്‍റിന്‍റെ കര്‍ശനമായ നടപടികള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പത്രം അതിന്‍റെ പ്രസിദ്ധീകരണം ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂണ്‍ 24) സ്വയം അവസാനിപ്പിക്കുകയായിരുന്നു.

ചൈനയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോങ്കോങ് ഭരണകൂടത്തിന്‍റെ നടപടികളെ ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുന്നവരുടെ മുന്‍നിരയിലായിരുന്നു ആപ്പിള്‍. അതിന്‍റെ ഉടമസ്ഥനായ ജിമ്മി ലായ് അറസ്റ്റ് ചെയ്യപ്പെടുകയും 20 മാസത്തെ തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു. ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരും എക്സിക്യൂട്ടീവുമാരും ജയിലിലായി. ഹോങ്കോങ്ങിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളായി എന്നാണ് അവര്‍ക്കെതിരെയുള്ള കേസ്. 

പത്രവുമായി ബന്ധപ്പെട്ട പലരുടെയും വീടുകള്‍ക്കു പുറമെ പത്രത്തിന്‍റെ ന്യൂസ്റൂമിലും പൊലീസ് റെയ്ഡ് നടത്തി. ന്യൂസ്റൂമിലെ റെയ്ഡില്‍ അഞ്ഞൂറിലേറെ പൊലീസുകാര്‍ പങ്കെടുത്തുവത്രേ. ജീവനക്കാര്‍ ഭയാക്രാന്തരമായി. പത്രത്തിന്‍റെയും അതുമായി ബന്ധപ്പെട്ട മൂന്നു കമ്പനികളുടെയും ആസ്തികളും ബാങ്ക്  അക്കൗണ്ടുകളും മരവിപ്പിക്കപ്പെട്ടു.  

ഈ സാഹചര്യത്തിലാണ് ആപ്പിള്‍ അതിന്‍റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചത്. ജീവനക്കാരുടെ സുരക്ഷയോര്‍ത്തു പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്നായിരുന്നു വിശദീകരണം. സാധാരണ ദിനങ്ങളില്‍ 80,000 കോപ്പി അച്ചടിക്കാറുണ്ടായിരുന്ന പത്രം അവസാന നാളില്‍ അച്ചടിച്ചത് 10 ലക്ഷം കോപ്പിയാണ്. അതു വാങ്ങാനായി മണിക്കൂറുകള്‍ക്കു മുന്‍പ്തന്നെ ജനങ്ങള്‍ പുറത്തു ക്യൂനില്‍ക്കുകയായിരുന്നു. രാവിലെ എട്ടര മണിയായപ്പോഴേക്കും മുഴുവന്‍ വിറ്റുതീരുകയും ചെയ്തു. 

അറുപതിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പന്ത്രണ്ടാം വയസ്സില്‍ ചൈനയില്‍നിന്ന് ഒരു മീന്‍പിടിത്ത ബോട്ടില്‍ ഹോങ്കോങ്ങിലേക്കു ഒളിച്ചുകടന്ന ആളാണ് പത്രത്തിന്‍റെ ഉടമയായ ജിമ്മി ലായ് (72). മധുരപലഹാരക്കടയിലെ ജോലിക്കാരനായി ജീവിതം തുടങ്ങി ഒടുവില്‍ കോടികളുടെ ആസ്തികളുള്ള വന്‍ബിസിനസ്സുകാരനായി. അതിനിടയില്‍ ബ്രിട്ടീഷ് പൗരത്വവും സമ്പാദിച്ചു. 

HONG KONG-CHINA-UNREST-POLITICS
ആപ്പിൾ' ദിനപ്പത്രത്തിന്റെ സ്ഥാപകൻ ജിമ്മി ലായ്. ചിത്രം: AFP

സംഭവങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്ന സെന്‍സേഷനല്‍ വാര്‍ത്തകളുമായി 1995ല്‍ അദ്ദേഹം തുടങ്ങിയ ആപ്പിള്‍ കാല്‍ നൂറ്റാണ്ടിനകം ഹോങ്കോങ്ങിലെ ചൈനീസ് അനുകൂല ഗവണ്‍മെന്‍റന്‍റെ നടപടികെള്‍ക്കെതിരേ ആഞ്ഞടിക്കുന്നവരുടെ മുന്‍പന്തിയിലെത്തി. ബെയ്ജിങ്ങിലെ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടവും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജിമ്മി ലായ് അറസ്റ്റിലായ ശേഷവും ആപ്പിളിന്‍റെ നയത്തില്‍ മാറ്റമുണ്ടായില്ല. ഹോങ്കോങ്ങിനും ചൈനയ്ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെടുന്ന 30 ലേഖനങ്ങള്‍ ആപ്പിള്‍ പ്രസിദ്ധീകരിച്ചതായി പോലീസ് ആരോപിക്കുന്നു.   

ബ്രിട്ടനില്‍നിന്നു 1997 ജൂലൈ ഒന്നിനു ഹോങ്കോങ് തിരിച്ചുകിട്ടുമ്പോള്‍ നല്‍കിയിരുന്ന ഉറപ്പുകള്‍ ചൈന ലംഘിച്ചുകൊണ്ടിരിക്കുന്നതിന് എതിരെയായിരുന്നു ജനാധിപത്യ വാദികളുടെ വിമര്‍ശനം. നിലവിലുളള ജനാധിപത്യ രീതികള്‍ 50 വര്‍ഷത്തേക്കു (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നാണ് ചൈന ഉറപ്പ് നല്‍കിയിരുന്നത്. ഹോങ്കോങ്ങിന്‍റെ കൈമാറ്റം സംബന്ധിച്ച് ചൈനയും ബ്രിട്ടനും 1984ല്‍ ഒപ്പുവച്ച സംയുക്ത പ്രഖ്യാപനത്തിലും അതിന്‍റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന അടിസ്ഥാന നിയമം (ബേസിക് ലോ) എന്നറിയപ്പെടുന്ന ഭരണഘടനാ രേഖയിലും അതു വ്യക്തമാക്കിയിരുന്നു.

HONG KONG-CHINA-POLITICS-UNREST
ഹോങ്കോങ്ങിലെ 'ആപ്പിൾ' ദിനപത്രത്തിന് പിന്തുണയറിയിച്ച് പാരീസിലെ ചൈന എംബസിയിൽ ഒത്തുകൂടിയ പ്രക്ഷോഭകർ. ചിത്രം: Alain Jocard / AFP

ബ്രിട്ടീഷ് ഭരണകാലത്തു ഭരണം നടത്തിയിരുന്ന ഗവര്‍ണര്‍ക്കു പകരം ഇപ്പോഴുള്ളത് ചീഫ് എക്സിക്യൂട്ടീവാണ്. ആ പദവിയിലേക്കു തിരഞ്ഞെടുപ്പ് നടത്തുന്നതു പൂര്‍ണ ജനാധിപത്യ രീതിയിലായിരിക്കുമെന്നും ചൈന ഉറപ്പുനല്‍കയുണ്ടായി. എന്നാല്‍, ചീഫ് എക്സിക്യൂട്ടീവിനെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്നതിനു പകരം ഒരു 1200 അംഗ കമ്മിറ്റി തിരഞ്ഞെടുക്കുന്ന രീതിയാണ് ആദ്യംതന്നെ നടപ്പായത്. 

സ്ഥാനാര്‍ഥികളുടെ അര്‍ഹതയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനും കമ്മിറ്റിയുണ്ട്. ഈ കമ്മിറ്റികളിലെല്ലാം ബഹുഭൂരിപക്ഷം ചൈനയെ അനുകൂലിക്കുന്നവരായതിനാല്‍ ബെയ്ജിങ്ങിലെ ഭരണാധികാരികളുടെ അംഗീകാരം നേടിയവര്‍ക്കു മാത്രമേ ചീഫ് എക്സിക്യൂട്ടീവാകാന്‍ കഴിയൂ. മൂന്നു വര്‍ഷമായി ആ പദവിയിലിരിക്കുന്ന കാരി ലാം എന്ന വനിതയും അവരുടെ മൂന്നു മുന്‍ഗാമികളും അങ്ങനെയുള്ളവരാണ്. 

ജനങ്ങള്‍ പലതവണ പ്രതിഷേധവുമായി തെരുവിലിറങ്ങുകയുണ്ടായി. ഹോങ്കോങ്ങിലെ കേസുകളില്‍ പ്രതികളാകുന്നവരെ വിചാരണയ്ക്കായി ചൈനയിലേക്ക് അയക്കാന്‍ 2019ല്‍ ഹോങ്കോങ് നിയമസഭ പാസ്സാക്കിയ നിയമത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട സമരം നീണ്ടുനിന്നത് ആറു മാസമായിരുന്നു. ചില ദിവസങ്ങളില്‍ പത്തുലക്ഷംവരെ ആളുകള്‍ പ്രകടനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. 

ആ നിയമം പിന്‍വലിക്കപ്പെട്ടുവെങ്കിലും അത്തരം പ്രക്ഷോഭങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള മറ്റൊരു നിയമവുമായി ചൈനീസ് ഭരണകൂടംതന്നെ കഴിഞ്ഞ വര്‍ഷം ജൂണില്‍ മുന്നോട്ടുവന്നു. രാജ്യദ്രോഹം, വിഘടനവാദം, അട്ടിമറി, ഭീകരപ്രവര്‍ത്തനം എന്നിവ നിരോധിക്കാനും കുറ്റവാളികള്‍ക്കു കനത്ത ശിക്ഷ നല്‍കാനുമുള്ളതാണ് ഈ 'ദേശീയ സുരക്ഷാ നിയമം'. 

അതു ലംഘിക്കുന്നവര്‍ക്കു ജീവപര്യന്തം തടവുവരെ ശിക്ഷ ലഭിക്കാം. നിയമത്തില്‍ പറയുന്ന കുറ്റങ്ങളുടെ നിര്‍വചനത്തിലെ അവ്യക്തത കാരണം ചെറിയ കുറ്റങ്ങള്‍ പോലും അതിന്‍റെ പരിധിയില്‍ അകപ്പെടാന്‍ ഇടയുണ്ടെന്നു ജനങ്ങള്‍ ഭയപ്പെടുകയാണത്രേ.  

HONG KONG-CHINA-POLITICS
ഹോങ്കോങ്ങിലെ 'ആപ്പിൾ' ദിനപത്രത്തിന് പിന്തുണയറിയിച്ച് പാരീസിലെ ചൈന എംബസിയിൽ ഒത്തുകൂടിയ പ്രക്ഷോഭകർ. ചിത്രം: Alain Jocard / AFP

കുറ്റവാളികളെ പിടികൂടാന്‍ ഹോങ്കോങ് പൊലീസിനോടൊപ്പം ചൈനയുടെ സുരക്ഷാ ഏജന്‍സികള്‍ക്കും അധികാരം ഉണ്ടായിരിക്കുമെന്നു പുതിയ നിയമത്തില്‍ പറയുന്നുണ്ട്. രാജ്യ സുരക്ഷാ സംബന്ധമായ കേസുകള്‍ വിചാരണ ചെയ്യുന്ന ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ബെയ്ജിങ്ങിലെ ഭരണകൂടത്തിനു പങ്കുണ്ടായിരിക്കുമെന്നും പറയുന്നു. 

ഈ നിയമത്തിന്‍റെ യഥാര്‍ഥ ഉദ്ദേശ്യം ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തുന്നവരെ നിശ്ശബ്ദരാക്കുകയാണെന്നു നേരത്തെതന്നെ ആരോപണമുണ്ട് ഹോങ്കോങ് ബ്രിട്ടനില്‍നിന്നു തിരിച്ചുവാങ്ങുമ്പോള്‍ ചൈന നല്‍കിയ ഉറപ്പുകള്‍ അനുസരിച്ച് ഹോങ്കോങ്ങിലെ നിയമങ്ങള്‍ നിര്‍മിക്കേണ്ടത് അവിടത്തെ നിയമസഭയാണ്. അതിന്‍റെ ലംഘനവുമാണ് ചൈനീസ് പാര്‍ലമെന്‍റ് പാസ്സാക്കിയ ഈ നിയമം. 

അതിന്‍റെ ആദ്യത്തെ ഇരകളില്‍ ഒരാളാണ് കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ജിമ്മി ലായ്. 20 മാസത്തെ തടവിനു ശിക്ഷിക്കപ്പെട്ട അദ്ദേഹത്തിനെതിരേ വേറെയും കേസുകളുണ്ട്. കൂടുതല്‍ കാലം ജയിലില്‍ കഴിയേണ്ടി വന്നേക്കാമെന്നര്‍ഥം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അറസ്റ്റിലായതു മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറിലേറെ പേരാണ്. അറസ്റ്റ് ഭയന്നു മറ്റു പലരും നാടുവിട്ടു. ആപ്പിളിന്‍റെ മുഖപ്രസംഗം എഴുതിയിരുന്ന സീനിയര്‍ എഡിറ്റര്‍ അറസ്റ്റിലായത് പത്രം പൂട്ടിയതിന്‍റെ മൂന്നാം ദിവസം ബ്രിട്ടനിലേക്കു രക്ഷപ്പെടാനായി വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുമ്പോഴാണ്. 

FRANCE-HONGKONG-CHINA-MEDIA-POLITICS-RIGHTS-PRESS-DEMO
ഹോങ്കോങ്ങിലെ 'ആപ്പിൾ' ദിനപത്രത്തിന് പിന്തുണയറിയിച്ച് പാരീസിലെ ചൈന എംബസിയിൽ ഒത്തുകൂടിയ പ്രക്ഷോഭകർ. ചിത്രം: Alain Jocard / AFP

മാധ്യമങ്ങളില്‍ പലതും ഗവണ്‍മെന്‍റുമായി ഏറ്റുമുട്ടുന്നതു നിര്‍ത്തി. ഹോങ്കോങ്ങില്‍ പൊതുവെ ഭീതിയുടെ അന്തരീക്ഷം സംജാതമായി എന്നാണ്  റിപ്പോര്‍ട്ടുകള്‍. മേഖലയിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രവും വിവര സാങ്കേതിക സിരാകേന്ദ്രവുംഎന്ന ഹോങ്കോങ്ങിന്‍റെ പ്രശസ്തിക്കു ഇതുകാരണം കനത്ത ഇടിവുതട്ടിയതായി കരുതുന്നവരുമുണ്ട്. ചൈന നല്‍കിയ ഉറപ്പുകളുടെ കാലാവധി അവസാനിക്കാന്‍ ഇനിയും 26 വര്‍ഷം ബാക്കിയുള്ളപ്പോഴാണ് ഈ സ്ഥിതി. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Videsharangom - Apple Daily: The Hong Kong newspaper that pushed the boundary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA