നിയമക്കുരുക്കില്‍ ജേക്കബ് സൂമ

HIGHLIGHTS
  • മുന്‍ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റിനു ജയില്‍
  • അഴിമതിയാരോപണങ്ങള്‍ക്കു പിന്നാലെ കോടതിയലക്ഷ്യവും
SAFRICA-ZUMA
ജേക്കബ് സൂമ. ചിത്രം: റോയിട്ടേഴ്സ് (ഫയൽ)
SHARE

മുന്‍ പ്രസിഡന്‍റ് ജേക്കബ് സൂമ അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതു കാണാന്‍ കാത്തിരിക്കുന്നവര്‍ ദക്ഷിണാഫ്രിക്കയില്‍ ഏറെയുണ്ട്. അദ്ദേഹത്തിന്‍റെ സ്വന്തം കക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിലുമുണ്ട്.  എന്നാല്‍, സൂമയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന 15 മാസത്തെ തടവുശിക്ഷ അവരാരും ആഗ്രഹിച്ചതല്ല, അദ്ദേഹംതന്നെ ചോദിച്ചുവാങ്ങിയതാണ്. 

കോടതിയലക്ഷ്യക്കേസിലാണ് വിധി. അതു പ്രഖ്യാപിച്ചതു പരമോന്നത നീതിപീഠമായ ഭരണഘടനാ കോടതിയും. ഈ വിധിയെയും അവഗണിച്ചുകൊണ്ട് വീണ്ടുമൊരു ശിക്ഷ അദ്ദേഹം വിളിച്ചുവരുത്തുമോ എന്ന ആശങ്കയായിരുന്നു കഴിഞ്ഞ ചില ദിവസങ്ങളില്‍. അത്രയും രൂക്ഷമായിരുന്നു അദ്ദേഹത്തിന്‍റെ അനുയായികളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍. 

ഈ സംഭവവികാസവും അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടതാണ്. സൂമ പ്രസിഡന്‍റായിരുന്ന ഒന്‍പതു വര്‍ഷത്തിനിടയിലും (2009-2018) അതിനു മുന്‍പ് ഡപ്യൂട്ടി പ്രസിഡന്‍റായിരുന്നപ്പോഴും നടന്നതായി ആരോപിക്കപ്പെടുന്ന അഴിമതികളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടന്നുവരികയാണ്. 

ഡപ്യൂട്ടി ചീഫ് ജസ്റ്റിസ് റെയ്മന്‍ഡ് സോണ്‍ഡോയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്‍ മുന്‍പാകെ സൂമ ഒരു തവണ ഹാജരാവുകയും കുറ്റം നിഷേധിക്കുകയും ചെയ്തു. അതിനുശേഷം ഹാജരാകാന്‍ വിസമ്മതിക്കുകയായിരുന്നു. 

ഭരണഘടനാ കോടതിയില്‍ കമ്മിഷന്‍ പരാതിപ്പെട്ടപ്പോള്‍ കോടതിയില്‍ തന്‍റെ ഭാഗം  വിശദീകരിക്കാനായി ഹാജരാകാനും സൂമ വിസമ്മതിച്ചു. മാത്രമല്ല, അന്വേഷണത്തെ ചോദ്യം ചെയ്യുകയും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്ന വിധത്തില്‍ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. 

SAFRICA-ZUMA
ആക്ടിങ് ചീഫ് ജസ്റ്റിസ് സിസി ഖാംപെപെ. ചിത്രം: റോയിട്ടേഴ്സ് (ഫയൽ)

ഇതിനെ കഠിനമായി അപലപിച്ചുകൊണ്ടാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് സിസി ഖാംപെപെയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ബെഞ്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജൂണ്‍ 29) സൂമയെ കോടതിയലക്ഷ്യത്തിനു ശിക്ഷിച്ചത്. 15 മാസത്തെ തടവ്  അനുഭവിക്കുന്നതിനുവേണ്ടി അഞ്ചു ദിവസത്തിനകം ജോഹാന്നസ്ബര്‍ഗിലോ ക്വാസുലു-നറ്റാല്‍ പ്രവിശ്യയില്‍ അദ്ദേഹത്തിന്‍റെ വസതി സ്ഥിതിചെയ്യുന്ന എന്‍കാന്‍ഡ്ല പട്ടണത്തിലോ അധികൃതരുടെ മുന്‍പാകെ ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു.   

ഹാജരാകാത്തപക്ഷം തുടര്‍ന്നുള്ള മൂന്നു ദിവസത്തിനകം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കമ്മിഷണറോടും ഉത്തരവിട്ടു. പരമോന്നത കോടതിയായതിനാല്‍ അപ്പീലിനു പഴുതില്ല. കീഴടങ്ങുകയോ അല്ലെങ്കില്‍ വിധി ലംഘിച്ചുകൊണ്ടു വീണ്ടുമൊരു ശിക്ഷ വിളിച്ചുവരുത്തുകയോ അല്ലാതെ പോംവഴിയില്ലാതായി.

SAFRICA-MANDELA/
നെല്‍സന്‍ മണ്ടേല. ചിത്രം: റോയിട്ടേഴ്സ് (ഫയൽ)

അറസ്റ്റ് ചെയ്യാന്‍ വരുന്ന പൊലീസുകാരെ സൂമയുടെ അനുയായികള്‍ ബലം പ്രയോഗിച്ചു തടയാന്‍ ശ്രമിക്കുമോയെന്ന ആശങ്ക പരക്കുകയുണ്ടായി. സൂമയ്ക്കു പിന്തുണ പ്രഖ്യാപിച്ച്  അദ്ദേഹത്തിന്‍റ വസതിക്കു സമീപം അവര്‍  തടിച്ചുകൂടിക്കൊണ്ടിരിക്കുകയായിരുന്നു. ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന്‍റെ കണ്ണില്‍ അത്രയും വലിയ ഒരു ഹീറോയാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ ജനവിഭാഗമായ സുലു ഗോത്രത്തില്‍ അദ്ദേഹത്തിനുള്ളത്ര സ്വാധീനവും പിന്തുണയും മറ്റാര്‍ക്കുമില്ല. 

ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനപരമായ ഭരണത്തിനെതിരെ നെല്‍സന്‍ മണ്ടേലയുടെ നേതൃത്വത്തില്‍ നടന്ന സായുധ സമരത്തിലെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്നു സൂമ. ദരിദ്രകുടുംബത്തിലായിരുന്നു ജനം. സ്കൂളില്‍ പോകാന്‍ സാഹചര്യമുണ്ടായിരുന്നില്ല. ഇരുപത്തൊന്നാം വയസ്സില്‍ അറസ്റ്റിലാവുകയും പത്തു വര്‍ഷത്തേക്കു തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു. 

കാല്‍ നൂറ്റാണ്ടിലേറെ കാലം മണ്ടേല തടവില്‍ കഴിഞ്ഞ റോബ്ബന്‍ ദ്വീപിലായിരുന്നു സൂമയുടെയും ജയില്‍വാസം. മോചിതനായ ശേഷം വര്‍ഷങ്ങളോളം രാജ്യത്തിനു  പുറത്തു കഴിയേണ്ടിവന്നു. ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ഗക്കാരുടെ ഭൂരിപക്ഷ ഭരണം നടപ്പിലായി ഏതാനും വര്‍ഷങ്ങള്‍ക്കകം ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്‍റെയും (എഎന്‍സി) രാജ്യത്തിന്‍റെയും ഡപ്യൂട്ടി പ്രസിഡന്‍റായി. 2009ല്‍ പ്രസിഡന്‍റുമായി.

പ്രസിഡന്‍റ് താബോ എംബെക്കിയുടെ കീഴില്‍ ഡപ്യൂട്ടി പ്രസിഡന്‍റായിരുന്നപ്പോള്‍ തന്നെ സൂമയ്ക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. എംബെക്കി അദ്ദേഹത്തെ പിരിച്ചുവിട്ടു. രണ്ടു വര്‍ഷത്തിനുശേഷം എഎന്‍സി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ എംബെക്കിയെ തോല്‍പ്പിച്ച് അദ്ദേഹം പകരംവീട്ടുകയും ചെയ്തു.

south-african-president-thabo-mbeki
താബോ എംബെക്കി. ചിത്രം: റോയിട്ടേഴ്സ് (ഫയൽ)

രാജ്യത്തിന്‍റെ പ്രസിഡന്‍റായ ശേഷവും  സൂമയ്ക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു. ബലാല്‍സംഗക്കേസുമുണ്ടായെങ്കിലും കേസ്  തള്ളിപ്പോയി. ആറുതവണ വിവാഹം ചെയ്തു. ഒരേ സമയത്ത് നാലു ഭാര്യമാരുണ്ടായിരുന്നു. സുലു ഗോത്ര പാരമ്പര്യമനുസരിച്ച് ബഹുഭാര്യാത്വം അലങ്കാരമാണത്രേ. ഒരു ഭാര്യ ആത്മഹത്യ ചെയ്തു. കുട്ടികള്‍ 20. വിവാഹേതര ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഇത്തരം കാര്യങ്ങളും എല്ലാം കൂടി സൂമയെ ഒരു വിവാദ പുരുഷനാക്കി.  

SAFRICA-POLITICS/
ജേക്കബ് സൂമ. ചിത്രം: റോയിട്ടേഴ്സ് (ഫയൽ)

എട്ടു തവണ പാര്‍ലമെന്‍റില്‍ അവിശ്വാസ പ്രമേയത്തെ നേരിടേണ്ടിവന്നുവെങ്കിലും അതിനെയെല്ലാം സൂമ അതിജീവിക്കുകയായിരുന്നു. ഒടുവില്‍ സ്വന്തം പാര്‍ട്ടിതന്നെ അദ്ദേഹത്തിന് എതിരാവുകയും രാജി ആവശ്യപ്പെടുകയും ചെയ്തു. 2018ല്‍ അദ്ദേഹം  രാജിവച്ചതിനെ തുടര്‍ന്ന് ഡപ്യൂട്ടി പ്രസിഡന്‍റ് സിറില്‍ റാമഫോസ ആക്ടിങ് പ്രസിഡന്‍റായി. 

WEF-AFRICA-RAMAPHOSA
സിറില്‍ റാമഫോസ. ചിത്രം: റോയിട്ടേഴ്സ് (ഫയൽ)

എഎന്‍സിയുടെ പ്രസിഡന്‍് രാജ്യത്തിന്‍റെയും പ്രസിഡന്‍റാവുകയാണ് പതിവ്. 2017ല്‍  എഎന്‍സി പ്രസിഡന്‍റ് സ്ഥാനത്തേക്കു റാമഫോസ മല്‍സരിച്ചപ്പോള്‍ എതിര്‍ത്തതു സൂമയുടെ മുന്‍ഭാര്യയും മുന്‍മന്ത്രിയുമായ ഡോ. എന്‍കോസസാന ദ്ളാമിനി സൂമയായിരുന്നു. പ്രസിഡന്‍റായിരുന്ന സൂമ നാടുനീളെ സഞ്ചരിച്ചു അവര്‍ക്കുവേണ്ടി പ്രചാരണം നടത്തി.  

വിവാഹ മോചനത്തിനു ശേഷവും അവരുമായി നല്ല ബന്ധം പുലര്‍ത്തുകയായിരുന്നു. അവര്‍ രാജ്യത്തിന്‍റെ പ്രസിഡന്‍റായാല്‍ അഴിമതിക്കേസുകളില്‍നിന്നു തനിക്കു രക്ഷപ്പെടാന്‍ വഴിയുണ്ടാകുമെന്ന് അദ്ദേഹം കരുതിയെന്നായിരുന്നു എതിരാളികളുടെ വിമര്‍ശനം.

സൂമയുമായി ബന്ധപ്പെട്ട ചില അഴിമതിക്കേസുകളില്‍ പരാമര്‍ശിക്കപ്പെടുന്നവരില്‍ മൂന്ന് ഇന്ത്യന്‍ സഹോദരന്മാരും ഉള്‍പ്പെടുന്നു. കറുത്ത വര്‍ഗക്കാരുടെ ഭൂരിപക്ഷ ഭരണം ആരംഭിച്ച കാലത്ത് ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍നിന്ന് എത്തിയതായിരുന്നു അവരില്‍ മൂത്തയാളായ അതുല്‍ ഗുപ്ത. തുടര്‍ന്ന് അജയ്, രാജേഷ് എന്നീ സഹോദരന്മാരും എത്തി. 

ചെറിയ തോതില്‍ അവര്‍ തുടങ്ങിയ കച്ചവടം കാലക്രമത്തില്‍ കല്‍ക്കരിയുടെയും സ്വര്‍ണത്തിന്‍റെയും ഖനനം, കംപ്യൂട്ടര്‍ ടെക്നോളജി, ഊര്‍ജം, പത്രം, ടിവി ചാനലുകള്‍ തുടങ്ങിയ മേഖലകളിലേക്കു വ്യാപിക്കുകയും വലിയൊരു ബിസിനസ് സാമ്രാജ്യമായി വളരുകയും ചെയ്തു. സൂമ അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളും രണ്ടു മക്കളും ഗുപ്തമാരുടെ കമ്പനികളില്‍ ഉന്നത പദവികളിലുണ്ടായിരുന്നുവത്രേ. 

സൂമയുമായുള്ള ഗുപ്തമാരുടെ ചങ്ങാത്തം മന്ത്രിമാരുടെ നിയമനങ്ങളില്‍പോലും സ്വാധീനം ചെലുത്തിയെന്നാണ് വിമര്‍ശനം. ധനമന്ത്രി പ്രവീണ്‍ ഗോവര്‍ധനെ സൂമ പുറത്തിക്കിയ സംഭവത്തില്‍പോലും ഗുപ്തമാര്‍ക്കു പങ്കുള്ളതായി ആരോപിക്കപ്പെടുകയുണ്ടായി. സൂമയും ഗുപ്തമാരും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു. ഇതിനെക്കുറിച്ചെല്ലാം അന്വേഷിക്കുകയാണ് ജസ്റ്റിസ് സോണ്‍ഡോ കമ്മിഷന്‍.  

തന്‍റെ ഭരണത്തിന്‍റെ അവസാന ഘട്ടത്തില്‍ പാര്‍ലമെന്‍റിന്‍റെയും സ്വന്തം പാര്‍ട്ടിയുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങി സൂമതന്നെ പ്രഖ്യാപിച്ചതാണ് ജുഡീഷ്യല്‍ അന്വേഷണം. പക്ഷേ, അന്വേഷണ കമ്മിഷനുമായി അദ്ദേഹം നിസ്സഹകരിച്ചു. അതിന്‍റെ ഫലമാണ് ഇപ്പോള്‍ അദ്ദേഹം അനുഭവിക്കുന്നത്. ഭരണഘടനാ കോടതിയുടെ വിധി നിയമവാഴ്ചയുടെ ഉജ്ജ്വല വിജയമായി പ്രകീര്‍ത്തിക്കപ്പെടുന്നു. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Videsharangom - Ex-President Jacob Zuma sentenced by South Africa's top court

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA