കാബൂളിനെ കൈവിടുന്നു

HIGHLIGHTS
  • യുഎസ് സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ബൈഡന് ധൃതി
  • താലിബാന്‍ സൈന്യം അതിവേഗം മുന്നേറുന്നുവെന്നു റിപ്പോര്‍ട്ടുകള്‍
AFGHANISTAN-USA-TRAINING
അഫ്ഗാന്‍ ബഗ്രാമിലെ യുഎസ് വ്യോമസൈനാ താവളത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: റോയിട്ടേഴ്സ്
SHARE

"സന്തോഷമുള്ള കാര്യങ്ങള്‍ പറയാന്‍ എനിക്ക് ആഗ്രഹമുണ്ട്, സുഹൃത്തേ". അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഈയിടെ അക്ഷമനായി ഇങ്ങനെ പ്രതികരിച്ചത് അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക പിന്മാറ്റത്തെപ്പറ്റി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴായിരുന്നു. അഫ്ഗാനിസ്ഥാന്‍റെ കാര്യത്തില്‍ സന്തോഷമുള്ളതൊന്നും പറയാന്‍ തല്‍ക്കാലം അദ്ദേഹത്തിനു വയ്യാതായി എന്ന തോന്നലാണ് ഇതുണ്ടാക്കിയത്. 

ആ തോന്നലിനു ശക്തി പകരാന്‍ ഇടയാക്കുന്ന വിധത്തില്‍ പിന്നീട് അദ്ദേഹം ഇത്രകൂടി പറഞ്ഞു. "അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനും ഇനി ഞാന്‍ മറുപടി പറയുന്നില്ല". 

മൊത്തം പതിനായിരത്തിലേറെ വരുന്ന യുഎസ്-നാറ്റോ സൈനികരുടെ പിന്മാറ്റം ഏതാണ്ട് പൂര്‍ത്തിയായിരിക്കേ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ അടിക്കടി ഗുരുതരമായിക്കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന്‍റെ പശ്ചാത്തലം. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സംശയങ്ങള്‍ ദൂരീകരിക്കാനെന്നപോലെ അഫ്ഗാനിസ്ഥാനെപ്പറ്റി സംസാരിക്കാന്‍മാത്രം ബൈഡന്‍ സ്വയം മുന്നോട്ടുവന്നു. 

പക്ഷേ, ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂലൈ എട്ട്) നടത്തിയ ആ പ്രസ്താവനയ്ക്കു ശേഷവും പലരുടെയും മനസ്സിലുളള ആശങ്കകള്‍ അവസാനിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സൈനിക പിന്മാറ്റത്തിന്‍റെ കാര്യത്തില്‍ യുഎസ് ഭരണത്തിന്‍റെ തലപ്പത്തുതന്നെ ആശയക്കുഴപ്പം ഉടലെടുത്തിരിക്കുകയാണെന്ന സംശയം അവശേഷിക്കുകയും ചെയ്യുന്നു. അനാവശ്യമായ ബദ്ധപ്പാടു കാരണം പാളിച്ചകള്‍ സംഭവിച്ചതായും വിമര്‍ശനമുണ്ട്. 

അഫ്ഗാനിസ്ഥാനിലെ ഏതാണ്ട് 20 വര്‍ഷക്കാലത്തെ യുദ്ധം മതിയാക്കി അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സൈനികര്‍ പിന്‍വാങ്ങാന്‍ തുടങ്ങിയത് ഇക്കഴിഞ്ഞ മേയ് ഒന്നിനാണ്. ആ രാജ്യത്തെ ഭരണത്തില്‍നിന്ന് 2001 ഒക്ടോബറില്‍ അവര്‍ പുറത്താക്കിയിരുന്ന താലിബാന്‍റെ സൈന്യം അധികാരത്തില്‍ തിരിച്ചുവരാനുളള ശ്രമത്തില്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്നു.  

USA-AFGHANISTAN-TRANSLATORS
അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും. ചിത്രം: റോയിട്ടേഴ്സ്

അവരോടു ചെറുത്തുനില്‍ക്കാനാവാതെ പല സ്ഥലങ്ങളിലും അഫ്ഗാന്‍ ഗവണ്‍മെന്‍റ് സൈനികര്‍ ആയുധംവച്ച് കീഴടങ്ങുകയോ അയല്‍രാജ്യങ്ങളിലേക്കു രക്ഷപ്പെടുകയോ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സ്ഥിതി തുടര്‍ന്നാല്‍, ആറു മാസത്തിനകം തലസ്ഥാനമായ കാബൂള്‍തന്നെ താലിബാന്‍റെ പിടിയിലാകുമെന്ന് യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായും വാര്‍ത്തകളുണ്ട്.  

മുന്‍പ് ആറു വര്‍ഷക്കാലം (1995-2001) താലിബാന്‍റെ ക്രൂരമായ ഭരണം അനുഭവിക്കാന്‍ ഇടയായവര്‍ താലിബാന്‍റെ തിരിച്ചുവരവിന്‍റെ സാധ്യതയ്ക്കു മുന്നില്‍ നടുങ്ങുന്നു.  പാക്കിസ്ഥാന്‍, ഇറാന്‍ എന്നിവ പോലുള്ള അയല്‍രാജ്യങ്ങളിലേക്കു പലായനം ചെയ്യാന്‍ തുടങ്ങുകയോ അതിനുവേണ്ടി ഒരുങ്ങുകയോ ചെയ്യുന്നവരുമുണ്ട്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ പ്രവര്‍ത്തനങ്ങളുമായി പല വിധത്തിലും സഹകരിച്ചവര്‍ പ്രത്യേകിച്ചും ഭയചകിതരാണത്രേ. 

ദ്വിഭാഷികള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഈ നൂറുകണക്കിനാളുകള്‍ക്ക് അമേരിക്കയില്‍ കുടിയേറാന്‍ ആവശ്യമായ വീസ നല്‍കാന്‍ ബൈഡന്‍ ഭരണകൂടം സമ്മതിച്ചിരുന്നു. എങ്കിലും അതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കാത്തതിനാല്‍ അവരില്‍ ഭൂരിഭാഗം പേര്‍ക്കും ഉടന്‍തന്നെ വീസ കിട്ടാനിടയില്ല.

കാബൂളില്‍നിന്നു 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബഗ്രാമിലെ പടുകൂറ്റന്‍ വ്യോമസൈനാ താവളത്തില്‍നിന്നു ജൂലൈ രണ്ടിനു യുഎസ് സൈന്യം ഒഴിച്ചുപോയത് പാതിരാത്രിയില്‍ ആരെയും അറിയിക്കാതെയായിരുന്നു. വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനു സൈനിക സാമഗ്രികള്‍ അവര്‍ അവിടെ ഉപേക്ഷിച്ചു.  ആ മേഖലയിലെ അഫ്ഗാന്‍ കമാന്‍ഡര്‍ വിവരം അറിഞ്ഞത് ഏറ്റവും ഒടുവിലാണെന്നും പറയപ്പെടുന്നു. 

USA-AFGHANISTAN-BAGRAM
അഫ്ഗാന്‍ ബഗ്രാമിലെ യുഎസ് വ്യോമസൈനാ താവളത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: റോയിട്ടേഴ്സ്

ബഗ്രാമില്‍നിന്നുള്ള ഒഴിച്ചുപോക്കോടെ യുഎസ്-നാറ്റോ സൈനിക പിന്മാറ്റം 90 ശതമാനംവരെ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളുണ്ട്. സോവിയറ്റ് അധിനിവേശ കാലത്തു നിര്‍മിക്കപ്പെട്ട ഈ താവളത്തില്‍ നിന്നാണ് യുഎസ്-നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനവും  ഏകോപിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നത്. 

ഭീകരപ്രവര്‍ത്തനത്തിന്‍റെ പേരില്‍ അവര്‍ പിടികൂടിയിരുന്ന താലിബാന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളതും അവിടെയാണ്. ഈ തടവുകാര്‍ ഇപ്പോള്‍ പെട്ടെന്ന് അഫ്ഗാന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി. 

"അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിനു നേതൃത്വം നല്‍കുന്ന നാലാമത്തെ യുഎസ് പ്രസിഡന്‍റാണ് ഞാന്‍....അഞ്ചാമതൊരാള്‍ക്ക് ഇതു കൈമാറാന്‍ ഞാന്‍ ഒരുക്കമില്ല" എന്നു പറഞ്ഞുകൊണ്ടു സൈനിക പിന്മാറ്റം ബൈഡന്‍ പ്രഖ്യാപിച്ചത് ഏപ്രില്‍ 14നാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധം അവസാനിപ്പിക്കണമെന്നത് അദ്ദേഹത്തിന്‍റെ മുന്‍ഗാമികളായ ബറാക് ഒബാമ,  ഡോണള്‍ഡ് ട്രംപ് എന്നിവരുടെയും സ്വപ്നമായിരുന്നു. 

2300 അമേരിക്കന്‍ ഭടന്മാര്‍ കൊല്ലപ്പെടുകയും ഇരുപതിനായിരത്തിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ചെലവായതു രണ്ടു ലക്ഷം കോടി  ഡോളര്‍. ഇനിയും ഈ യുദ്ധം തുടരുന്നതില്‍ അര്‍ഥമില്ലെന്നും അഫ്ഗാന്‍ പ്രശ്നത്തിനു സൈനിക പരിഹാരം സാധ്യമല്ലെന്നുമുള്ള നിഗമനത്തില്‍ അമേരിക്ക ഒടുവില്‍ എത്തിച്ചേര്‍ന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ സൈനിക പിന്മാറ്റത്തിന് ആദ്യമായി മുന്നോട്ടുവന്നത് ട്രംപാണ്. 

അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം, പിന്മാറ്റത്തിനു കളമൊരുക്കാനായി ഗള്‍ഫ് രാജ്യമായ ഖത്തറിലെ ദോഹയില്‍ അമേരിക്കയുടെയും താലിബാന്‍റെയും പ്രതിനിധികള്‍ തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നു. ഈ വര്‍ഷം മേയ് ഒന്നിനകം യുഎസ്-നാറ്റോ സൈന്യങ്ങളെ പൂര്‍ണമായി പിന്‍വലിക്കാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തീരുമാനമാവുകയും ചെയ്തു. രാജ്യത്തിനു പുറത്തുനിന്നുള്ള തീവ്രവാദികള്‍ക്കും ഭീകര സംഘടനകള്‍ക്കും അഫ്ഗാനിസ്ഥാനില്‍ അഭയം നല്‍കാതിരിക്കാന്‍ താലിബാനും സമ്മതിച്ചു. അധികാരം പങ്കിടുന്നതു സംബന്ധിച്ച് പ്രസിഡന്‍റ് അഷ്റഫ് ഗനിയുടെ ഗവണ്‍മെന്‍റുമായി താലിബാന്‍ ചര്‍ച്ച നടത്തണമെന്ന നിര്‍ദേശവും ഒത്തുതീര്‍പ്പിന്‍റെ ഭാഗമായിരുന്നു. 

രാജ്യത്തിനു പുറത്തുനിന്നുള്ള തീവ്രവാദികള്‍ക്കും ഭീകര സംഘടനകള്‍ക്കും അഫ്ഗാനിസ്ഥാനില്‍ അഭയം നല്‍കാതിരിക്കാന്‍ താലിബാന്‍ സമ്മതിച്ചത് മുന്‍പ് അല്‍ഖായിദ ഭീകരസംഘത്തിനും അവരുടെ നേതാവ് ഉസാമ ബിന്‍ ലാദനും അവര്‍ സംരക്ഷണം നല്‍കിയിരുന്നതിന്‍റെ പശ്ചാത്തലത്തിലാണ്. 2001 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലും വാഷിങ്ടണിലും നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികളായ അവരെ വിട്ടുകൊടുക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ താലിബാന്‍ അതിനു വിസമ്മതിക്കുകയായിരുന്നു.  

അതിനെ തുടര്‍ന്നായിരുന്നു 2001 ഒക്ടോബറില്‍ അമേരിക്കയുടെ അഫ്ഗാന്‍ യുദ്ധത്തിന്‍റെ ആരംഭം. രണ്ടു മാസങ്ങള്‍ക്കകം താലിബാന്‍ കാബുളില്‍നിന്നു പുറത്തായി.     

മേയ് ഒന്നിനു പകരം നാലു മാസം വൈകി സെപ്റ്റംബര്‍ 11ന് (അമേരിക്കയിലെ ഭീകരാക്രമണത്തിന്‍റെ ഇരുപതാം വാര്‍ഷികത്തില്‍) സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കുമെന്നായിരുന്നു ബൈഡന്‍റെ പ്രഖ്യാപനം. ട്രംപ് ഭരണകൂടവുമായുള്ള ഒത്തുതീര്‍പ്പിന്‍റെ ലംഘനമാണിതെന്നാണ് താലിബാന്‍ കുറ്റപ്പെടുത്തിയത്. അതിന്‍റെ അനന്തര ഫലങ്ങള്‍ക്ക് അമേരിക്ക ഉത്തരവാദിയായിരിക്കുമെന്നു താക്കീതു നല്‍കുകയും ചെയ്തു. 

അക്കാരണത്താലാണോ എന്നു വ്യക്തമല്ല, സെപ്റ്റംബര്‍വരെ കാത്തുനില്‍ക്കാതെ ഓഗസ്റ്റ് അവസാനത്തോടെതന്നെ സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് ബൈഡന്‍. കാബൂളിലെ യുഎസ് എംബസ്സിക്കും നയതന്ത്ര പ്രതിനിധികള്‍ക്കും വിമാനത്താവളത്തിനും സംരക്ഷണം നല്‍കാനായി യുഎസ്-നാറ്റോ സൈനികരില്‍ 500 മുതല്‍ ആയിരംവരെ പേരെ നിലനിര്‍ത്താന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയുമുണ്ടായി. അതിനു സമ്മതല്ലെന്നു താലിബാന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അധികാരം പങ്കിടുന്നതു സംബന്ധിച്ച് പ്രസിഡന്‍റ് ഗനിയുടെ ഗവണ്‍മെന്‍റുമായി താലിബാന്‍ ചര്‍ച്ച നടത്തണമെന്ന നിര്‍ദേശം അവരും അമേരിക്കയും തമ്മിലുളള ഒത്തുതീര്‍പ്പിന്‍റെ ഭാഗമായിരുന്നുവെങ്കിലും ആദ്യമൊന്നും താലിബാന്‍ അതിനു തയാറായിരുന്നില്ല. ഗനിയുടെ ഭരണകൂടത്തെ അമേരിക്കയുടെ പാവമാത്രമായി കണ്ടിരുന്ന അവര്‍ അതിനെ അംഗീകരിച്ചിരുന്നില്ല. 

ഒടുവില്‍ ദോഹയില്‍തന്നെ ചര്‍ച്ച തുടങ്ങിയെങ്കിലും പെട്ടെന്നു സ്തംഭിക്കുകയും ചെയ്തു. പിന്നീട് ഇറാനിലെ ടെഹറാനില്‍ ചര്‍ച്ച പുനരാംഭിച്ചതായി റിപ്പോര്‍ട്ടുണ്ടായെങ്കിലും അതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. 

യുഎസ്-നാറ്റോ സൈനിക പിന്‍മാറ്റം പൂര്‍ത്തിയാകുന്നതോടെ കാബൂള്‍ അടക്കം അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ താലിബാന്‍റെ പിടിയിലാകുമെന്ന ഭയമാണ് അമേരിക്കയില്‍തന്നെ പലര്‍ക്കുമുള്ളത്. പക്ഷേ, ബൈഡന്‍ അതു തള്ളിക്കളയുന്നു.

താലിബാന്‍ സൈന്യത്തില്‍ ആകെ 75,000 പേരാണുള്ളതെന്നും മൂന്നു ലക്ഷം ഭടന്മാരുള്ളതും അമേരിക്കക്കാര്‍ പരിശീലിപ്പിച്ചതുമായ അഫ്ഗാന്‍ സൈന്യത്തെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് ആവില്ലെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് അദ്ദേഹം. ഈയിടെ വാഷിങ്ടണില്‍ പോയി ബൈഡനെ കണ്ട അഫ്ഗാന്‍ പ്രസിഡന്‍റ് ഗനിക്കും അക്കാര്യത്തില്‍ സംശയമില്ല. 

പക്ഷേ, പല സ്ഥലങ്ങളിലും അഫ്ഗാന്‍ സൈന്യം താലിബാന്‍റെ മുന്നറ്റത്തിനു മുന്നില്‍ കീഴടങ്ങുകയോ പലായനം ചെയ്യുകയോ ആണെന്ന റിപ്പോര്‍ട്ടുകളും അമേരിക്കയുടെ തന്നെ ഇന്‍റലിജന്‍സ് വിഭാഗം നല്‍കുന്ന ആപല്‍ സൂചനകളും അതിനെ ചോദ്യം ചെയ്യുന്നു.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Videsharangom - Joe Biden announces U.S. military mission in Afghanistan will end August 31

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA