കുടുംബാധിപത്യത്തിന്‍റെ ശ്രീലങ്കന്‍ മോഡല്‍

HIGHLIGHTS
  • രാജപക്സെ കുടുംബത്തില്‍നിന്ന് ആറു മന്ത്രിമാര്‍
  • പുതിയ കക്ഷിയുടെ തകര്‍പ്പന്‍ മുന്നേറ്റം
videsharangom-mahinda-rajapaksa-sri-lanks-politics-gotabaya-rajapaksa
മഹിന്ദ രാജപക്സെയും ഗോടബയ രാജപക്സെയും. ചിത്രം: എഎഫ്പി
SHARE

ശ്രീലങ്കയില്‍ പ്രസിഡന്‍റ് ഗോടബയ രാജപക്സെയുടെയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെയും ഇളയ സഹോദരനായ ബേസില്‍ രാജപക്സെ പുതിയ മന്ത്രിയായി സ്ഥാനമേറ്റിരിക്കുകയാണ്. നമ്മുടെ അയല്‍രാജ്യത്ത് അധികാരത്തിന്‍റമര്‍മ്മസ്ഥാനങ്ങളില്‍ ഒരേ കുടുംബത്തിലെ മൂന്നു പേര്‍ ഉപവിഷ്ടരായിരിക്കുന്നു എന്നാണോ ഇതിനര്‍ഥം ?

അല്ല, ആറു പേര്‍ എന്നാണ് ! പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ജ്യേഷ്ഠന്‍ ചമലും അദ്ദേഹത്തിന്‍റെ മകന്‍ ശശീന്ദ്രയും പ്രധാനമന്ത്രിയുടെ മകന്‍ നമലുംനേരത്തെ തന്നെ മന്ത്രിമാരാണ്. മിക്കവരും  കനപ്പെട്ട വകുപ്പുകള്‍ വഹിക്കുന്നു. മുന്‍പ് മഹിന്ദ്ര രാജപക്സെ പത്തുവര്‍ഷം (2005-2015) പ്രസിഡന്‍റായിരുന്നപ്പോഴും ഏതാണ്ട് ഇതുതന്നെയായിരുന്നു സ്ഥിതി. ചമല്‍ അന്നു മന്ത്രിയല്ല, സ്പീക്കറായിരുന്നു.

കുടുംബാധിപത്യം എന്ന പേരുള്ള ഈ അധികാര വീതംവയ്പ് ഇത്രയും വലിയ തോതില്‍ ശ്രീലങ്കയിലെപ്പോലെ ജനാധിപത്യലോകത്തു വേറെ എവിടെയയെങ്കിലും ഉള്ളതായി അറിവില്ല. ജനാധിപത്യ രാജ്യത്തെ ഭരണാധികാരം ഭര്‍ത്താവില്‍ നിന്നു ഭാര്യയിലേക്കു ആദ്യമായി കൈമാറ്റം ചെയ്യപ്പെട്ടതും ശ്രീലങ്കയിലായിരുന്നു. 

videsharangom-sirimavo-bandaranaike-sri-lanks-politics
സിരിമാവോ ബണ്ടാരനായകെ

പ്രധാനമന്ത്രി സോളമന്‍ ബണ്ടാരനായകെ വധിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു  1960 ല്‍ അദ്ദേഹത്തിന്‍റ സ്ഥാനത്തേക്കുള്ള ഭാര്യ സിരിമാവോയുടെ ആഗമനം. ആധുനിക കാലഘട്ടത്തില്‍ ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി ഉണ്ടായതും അങ്ങനെയാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചുവെങ്കിലും വീപ്പിങ് വിഡോ അഥവാ വിലപിക്കുന്ന വിധവ എന്നറിയപ്പെട്ടിരുന്ന ആ നാല്‍പ്പത്തിനാലുകാരിക്കു രാഷ്ട്രീയപരിചയം ഉണ്ടായിരുന്നില്ല. ചുരുങ്ങിയ കാലത്തിനകം എല്ലാം പഠിച്ചെടുത്തു. പിന്നീട് രണ്ടു തവണകുടി പ്രധാനമന്ത്രിയായി.

സിലോണ്‍ ശ്രീലങ്കയായതും റിപ്പബ്ളിക്കായതും സിരിമാവോ ഭരിക്കുമ്പോഴാണ്. വ്യവസായങ്ങളുടെ ദേശസാല്‍ക്കരണത്തിന് അവര്‍ തുടക്കമിടുകയും ഇന്ത്യയുടെ പ്രധാനമന്ത്രിമാരായ ജവാഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരോടൊപ്പം ചേര്‍ന്നു ചേരിചേരാ പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകരുകയും ചെയ്തു. 

മകള്‍ ചന്ദ്രിക കുമാരതുംഗയ്ക്കു ആദ്യം പ്രധാനമന്ത്രിയും പിന്നീട് പ്രസിഡന്‍റും ആകാന്‍ കളമൊരുക്കിയതും സിരിമാവോയാണ്. മാതാവും പിതാവും പ്രധാനമന്ത്രിമാരായിരുന്നുവെന്നു പറയാന്‍ കഴിയുന്ന ജനാധിപത്യ ലോകത്തെ ഒരേയൊരു ഭരണാധികാരിയായി അങ്ങനെ ചന്ദ്രിക. അമ്മയെ അവര്‍ ഒരു തവണ തന്‍റെ ക്യാബിനറ്റില്‍ വകുപ്പില്ലാ മന്ത്രിയും മറ്റൊരു തവണ പ്രധാനമന്ത്രിയുമാക്കി.

videsharangom-chandrika-kumaratunga-sri-lanks-politics
ചന്ദ്രിക കുമാരതുംഗ ചിത്രം : എപി

പക്ഷേ, ശ്രീലങ്കയില്‍ കുടുംബാധിപത്യം തുടങ്ങിവച്ചതു ബണ്ടാരനായകെമാരോ സോളമന്‍ ബണ്ടാരനായകെ സ്ഥാപിച്ച ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയോ (എസ്എല്‍എഫ്പി) ആയിരുന്നില്ല. അതിനേക്കാള്‍ പഴക്കം ചെന്ന യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) ആയിരുന്നു. 

അതിന്‍റെ സ്ഥാപകനും സ്വതന്ത്ര ശ്രീലങ്കയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ഡോണ്‍ സ്റ്റീഫന്‍ സേനാനായകെയുടെ ക്യാബിനറ്റിലെ ഒരു മന്ത്രി അദ്ദേഹത്തിന്‍റെ മൂത്തമകന്‍ ഡഡ്ലി സേനാനായകെയായിരുന്നു. പിതാവ് കുതിരപ്പുറത്തുനിന്നു വീണു മരിച്ചതിനെ തുടര്‍ന്നു 1952ല്‍ പ്രധാനമന്ത്രിയായതും ഡഡ്ലിയാണ്. അദ്ദേഹത്തിനു ശേഷം ശ്രീലങ്കയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായത് മച്ചുനന്‍ (കസിന്‍) സര്‍ ജോണ്‍ കൊത്തളവാല. 

videsharangom-ranil-wickremesinghe-sri-lanks-politics
റനില്‍ വിക്രമസിംഗെ. ചിത്രം: എഎഫ്പി

പില്‍ക്കാലത്ത് 1977ല്‍ പ്രധാനമന്ത്രിയും തുടര്‍ന്ന് ശ്രീലങ്കയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്‍റുമായ ജൂനിയസ് റിച്ചഡ് ജയവര്‍ധനെയും സേനാനായകെമാരുടെ ബന്ധുവായിരുന്നു. അദ്ദേഹത്തിന്‍റെ അനന്തരവനാണ്  സമീപകാലഘട്ടത്തില്‍ നാലു തവണ പ്രധാനമന്ത്രിയായ യുഎന്‍പി നേതാവ് റനില്‍ വിക്രമസിംഗെ. അമ്മാവന്‍റെ ക്യാബിനറ്റില്‍ അദ്ദേഹവും മന്ത്രിയായിരുന്നു. അങ്ങനെ 28ാം വയസ്സില്‍ ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന ഖ്യാതിയും നേടി.  

സേനാനായകെമാരുടെയും ബണ്ടാരനായകെമാരുടെയും സുവര്‍ണ കാലത്തിന് അന്ത്യം കുറിക്കാന്‍ അവരുടെ അത്രയൊന്നും പാരമ്പര്യമോ പരിഷ്ക്കാരമോ അവകാശപ്പെടാനില്ലാത്ത ഒരു കുടുംബത്തിലെ അംഗത്തിനു കഴിയുമെന്ന് അധികമാരും സങ്കല്‍പ്പിക്കുകപോലും ചെയ്തിട്ടുണ്ടാവില്ല. മഹിന്ദ രാജപക്സെയുടെ ആഗമനം വാസ്തവത്തില്‍ അതിന്‍റെ ആരംഭമായിരുന്നു. 

ബണ്ടാരനായകെമാരുടെ പാര്‍ട്ടിയായ എസ്എല്‍എഫ്പിയിലൂടെ വളര്‍ന്ന അദ്ദേഹം ചന്ദ്രിക കുമാരതുംഗയുടെ കീഴില്‍ മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായിരുന്നു. ചന്ദ്രികയുടെ പിന്‍ഗാമിയായി 2005ല്‍ പ്രസിഡന്‍റുമായി.

പ്രസിഡന്‍റ് എന്ന നിലയിലുള്ള പത്തു വര്‍ഷത്തെ ഭരണത്തിനിടയില്‍ അദ്ദേഹം തന്‍റെ മുന്‍ഗാമികള്‍ക്കൊന്നും കഴിയാതിരുന്ന ഒരു കാര്യം നേടി. കാല്‍നൂറ്റാണ്ടിലേറെ കാലമായി തുടരുകയായിരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുകയും തമിഴ് പുലികളെ തുരത്തുകയും ചെയ്തു. യുദ്ധത്തിന്‍റെ അവസാന ഘട്ടത്തില്‍ വ്യാപകമായ തോതില്‍ മനുഷ്യാവകാശ ധ്വംസനം നടന്നുവെന്നായിരുന്നു പരക്കേയുള്ള ആക്ഷേപം. മഹിന്ദ അത് അവഗണിച്ചതു കൂടാതെ യുദ്ധത്തില്‍ നേടിയ വിജയത്തിന്‍റെ പേരില്‍ മുന്നാം തവണയും പ്രസിഡന്‍റാകാന്‍ 2015ല്‍ മുന്നോട്ടുവരികയും ചെയ്തു. പ്രതിപക്ഷത്തെ യുഎന്‍പിയെ മാത്രമല്ല, ഭരണകക്ഷിയായ എസ്എല്‍എഫ്പിയിലെ ഒരു വലിയ വിഭാഗത്തെയും ഇതു രോഷാകുലരാക്കി.

ബദ്ധശത്രുക്കളായിരുന്ന ഈ കക്ഷികള്‍ ചരിത്രത്തില്‍ ആദ്യമായി കൈകോര്‍ക്കുകയും മഹിന്ദയുടെ ക്യാബിനറ്റിലെ ഒരു മന്ത്രിയെത്തന്നെ അദ്ദേഹത്തിനെതിരെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തത് ഒരു അസാധാരണ സംഭവമായിരുന്നു. മഹിന്ദ തോറ്റു. എസ്എല്‍എഫ്പിക്കാരനായ മൈത്രിപാല സിരിസേന പ്രസിഡന്‍റാവുകയും യുഎന്‍പി നേതാവ് റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയാവുകയും ചെയ്തു. 

പക്ഷേ, ആ കൂട്ടുകെട്ട് അധികകാലം നീണ്ടുനിന്നില്ല. പ്രസിഡന്‍റ് പ്രധാനമന്ത്രിയെ പുറത്താക്കുകയും പാര്‍ലമെന്‍റ് പിരിച്ചുവിടുകയും ചെയ്തു. പകരം പ്രധാനമന്ത്രിയായി നിയമിച്ചത് മഹിന്ദ രാജപക്സെയെയാണ്. പക്ഷേ, സുപ്രീം കോടതി ഇടപെട്ടതിനാല്‍ 52 ദിവസത്തിനകം ആ നടപടികള്‍ റദ്ദായി. 

അതിനു മുന്‍പ്തന്നെ മഹിന്ദ തന്‍റെ (മാത്രമല്ല, സഹോദരങ്ങളുടെയും) തിരിച്ചുവരവിനുവേണ്ടി ഒരു പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിക്കഴിഞ്ഞിരുന്നു. ശ്രീലങ്ക പൊതുജന പെരുമന എന്ന ഈ പാര്‍ട്ടി 2018ലെ തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി. എസ്എല്‍എഫ്പിയുമായുള്ള ബന്ധം അപ്പോഴും മഹിന്ദ  വേര്‍പെടുത്തിയിരുന്നില്ല.

വാസ്തവത്തില്‍ മഹിന്ദയല്ല, സഹോദരന്‍ ബേസിലായിരുന്നു പുതിയ പാര്‍ട്ടിയുടെ പിന്നിലെ തലച്ചോറ്. അതിന്‍റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തത് അദ്ദേഹമാണത്രേ. 2019ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഗോടബയ രാജപക്സെ മല്‍സരിക്കുകയും വന്‍ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു. പഴക്കംചെന്ന രണ്ടു പാര്‍ട്ടികളും നിലംപരിശായി. 

പട്ടാളത്തില്‍ ലെഫ്റ്റനന്‍റ് കേണലായിരുന്ന ഗോടബയ മുന്‍പ് മഹിന്ദ പ്രസിഡന്‍റായിരുന്നപ്പോള്‍  പ്രതിരോധ വകുപ്പ് സെക്രട്ടറിയായിരുന്നു. ആ നിലയില്‍ തമിഴ് പുലികളുമായുള്ള അന്തിമപോരാട്ടത്തിനു ചുക്കാന്‍ പിടിച്ചതും മറ്റാരുമായിരുന്നില്ല.   

പ്രസിഡന്‍റായപ്പോള്‍ ഗോടബയ (72) മഹിന്ദയെ (75) പ്രധാനമന്ത്രിയാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്നു മറ്റു സഹോദരന്മാരും മന്ത്രിസഭയിലെത്തി. മൂത്ത ജ്യേഷ്ഠനായ ചമല്‍ (78) ജലസേചന വകുപ്പിന്‍റെ ചുമതല വഹിക്കുന്ന ക്യാബിനറ്റ് മന്ത്രിയും ആഭ്യന്തരം, ദേശീയ സുരക്ഷ, അത്യാഹിത നിവാരണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമാണ്.

മഹിന്ദയുടെ മകനും ശ്രീലങ്ക റഗ്ബി ടീമിന്‍റെ മുന്‍ക്യാപ്റ്റനുമായ നമല്‍ (35) യുവജന സ്പോര്‍ട്സ് വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രിപദവിക്കു പുറമെ ഡിജിറ്റല്‍ ടെക്നോളജി,  വ്യവസായ സംരംഭ വികസനം എന്നിവയുടെ സഹമന്ത്രിയായുംപ്രവര്‍ത്തിക്കുന്നു. ചമലിന്‍റ മകന്‍ ശശീന്ദ്ര (45) സഹമന്ത്രിയെന്ന നിലയില്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍  നെല്ല്, പച്ചക്കറി, പഴങ്ങള്‍, വിത്തുല്‍പാദനം, ഹൈടെക് കൃഷി എന്നിങ്ങനെ പലതും ഉള്‍പ്പെടുന്നു.

videsharangom-basil-rajapaksa-sri-lanks-politics
ബേസില്‍ രാജപക്സെ. ചിത്രം: എഎഫ്പി

ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂലൈ എട്ട്) മന്ത്രിയായി സ്ഥാനമേറ്റ ബേസിലിനു ക്യാബിനറ്റ് പദവിയോടെ നല്‍കിയിരിക്കുന്നതു സുപ്രധാനമായ ധനവകുപ്പാണ്. പ്രതിരോധം, ആസൂത്രണം, ഹൈവേകള്‍, തുറമുഖം എന്നീ വകുപ്പുകള്‍ക്കു പുറമെ പ്രധാനമന്ത്രിയെന്ന നിലയില്‍ മഹിന്ദ കൈകാര്യം ചെയ്തിരുന്നതായിരുന്നു ധനവും.

മുന്‍പ് മഹിന്ദ പ്രസിഡന്‍റായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ സാമ്പത്തിക വികസന മന്ത്രിയായിരുന്നു ബേസില്‍. ഭരണകക്ഷിയിലെതന്നെ പലരുടെയും കണ്ണില്‍ ഭാവിയിലെ ശ്രീലങ്കയുടെ പ്രസിഡന്‍റാണ് ഈ എഴുപതുകാരന്‍.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Sri Lanka’s Rajapaksa family tightens grip with ministerial picks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA