ദൗര്‍ഭാഗ്യം വിട്ടൊഴിയാത്ത രാജ്യം

HIGHLIGHTS
  • ഹെയ്റ്റി പ്രസിഡന്‍റിന്‍റെ വധത്തില്‍ ദുരൂഹത
  • ദാരിദ്യത്തോടൊപ്പം അഴിമതിയും രാഷ്ട്രീയക്കുഴപ്പങ്ങളും
videsharangom-haiti-presidential-assassination-mystery-deepens-jovenel-moise
ജോവനല്‍ മോയീസ്
SHARE

പ്രകൃതി സൗന്ദര്യത്തില്‍ ലോകത്തു മുന്‍നിരയിലാണ് കരീബിയന്‍ കടലിലെ ദ്വീപ് രാജ്യമായ ഹെയ്റ്റി. പക്ഷേ, ദുരന്തങ്ങളും ദൗര്‍ഭാഗ്യങ്ങളും ഭൂകമ്പത്തിന്‍റെയും ചഴലിക്കാറ്റിന്‍റെയും രൂപത്തില്‍ അതിനെ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഭരണാധിപന്മാരുടെ പിടിപ്പുകേടും അഴിമതിയും കൂടിയായപ്പോള്‍ ജനജീവിതം ദുസ്സഹമാവുന്നു. 

തെക്കെ അമേരിക്കയും മധ്യഅമേരിക്കയും കരീബിയന്‍ ദ്വീപുകളും ഉള്‍പ്പെടുന്ന ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യമാണ് ഹെയ്റ്റി ഇപ്പോള്‍. ജനങ്ങളില്‍ നാലില്‍ മൂന്നു പേര്‍ക്കു തൊഴിലില്ല. സാക്ഷരത 60 ശതമാനം. ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ ദൈര്‍ഘ്യം 63 വയസ്സ്.  

ഇതിനെല്ലാമിടയിലാണ് ഹെയ്റ്റിയിലെ പ്രസിഡന്‍റ് ജോവനല്‍ മോയീസ് ക്രൂരമായി വധിക്കപ്പെട്ടത്. ആരാണ് അതു നടത്തിയതെന്നോ ആരാണ് അതിന്‍റെ പിന്നിലുള്ളതെന്നോ ഒരു മാസമായിട്ടും കണ്ടെത്താനായില്ല. നേരത്തെതന്നെ കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയ രംഗത്തെ സ്ഥിതിഗതികള്‍ ഇതോടെ കൂടുതല്‍ ഗുരുതരമായി. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതു തടയാനായി അമേരിക്ക സൈന്യത്തെ അയക്കണമെന്നു പോലും രാഷ്ട്രീയ നേതാക്കളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ക്രമസമാധാന പാലനത്തില്‍ സഹായിക്കാനായി യുഎന്‍ സൈന്യത്തെ അയക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 

യുഎസ് തീരത്തുനിന്നു വളരെയൊന്നും അകലെയല്ലാതെ, ക്യൂബയുടെയും മറ്റും അടുത്തു കിടക്കുന്ന ഹെയ്റ്റിയിലേക്ക് മുന്‍പ് ഒന്നിലേറെ തവണ അമേരിക്ക സൈന്യത്തെ അയക്കുകയുണ്ടായി. പക്ഷേ, പുതിയ പ്രസിഡന്‍റ് ജോ ബൈഡനു തല്‍ക്കാലം അതിനു താല്‍പര്യമില്ല. മോയീസിന്‍റെ കൊലയാളികളെ കണ്ടുപിടിക്കാനായി അമേരിക്കയുടെ കേന്ദ്ര കുറ്റാന്വേഷണ വിഭാഗത്തിന്‍റെയും (എഫ്ബിഐ) ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന്‍റെയും സേവനം വിട്ടുകൊടുത്തിട്ടുണ്ടെന്നു മാത്രം. യുഎന്‍ സൈന്യത്തെ അയക്കണമെങ്കില്‍ രക്ഷാസമിതി തീരുമാനിക്കണം.

അഞ്ചു വര്‍ഷംമുന്‍പ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട മോയീസ് (52 ) മുന്‍പൊരു ബനാന കയറ്റുമതി ബിസിനസ്കാരനായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങിയശേഷം ഒട്ടേറെ ശത്രുക്കളെ സമ്പാദിച്ചു. അഴിമതിക്കാരനെന്നും ഏകാധിപതിയുമെന്ന ആരോപണങ്ങള്‍ക്കു വിധേയനുമായി. തലസ്ഥാന നഗരമായ പോര്‍ട്ടോ പ്രിന്‍സില്‍ കോടീശ്വരന്മാര്‍ മാത്രം താമസിക്കുകയും സാധാരണക്കാര്‍ക്കു പ്രവേശനം നിഷിദ്ധവുമായ ഭാഗത്തായിരുന്നു താമസം.

ഒട്ടേറെ കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്കു പുറമെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയും 2010ലെ ഭൂകമ്പത്തില്‍ തകര്‍ന്നുപോയതിനാല്‍ സ്വന്തം വസതിയിലാണ് മോയീസ് താമസിപ്പിച്ചിരുന്നത്. അതിനുവേണ്ടി സുഖസൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളും വിപുലീകരിച്ചിരുന്നു. മൊത്തം നൂറോളം സെക്യൂരിറ്റി ഗാര്‍ഡുകളുള്ളതില്‍ അമ്പതോളംപേര്‍ സദാസമയം ഡ്യൂട്ടിയില്‍ ഉണ്ടാകുമായിരുന്നു.

എന്നിട്ടും, ജൂലൈ ഏഴിനു രാത്രി വൈകീട്ട് ഒരു സംഘം ആളുകള്‍ക്ക് അനായാസം അദ്ദേഹത്തിന്‍റെ കിടപ്പുമുറിയില്‍വരെ എത്താനായി. നേരെ മുന്നില്‍നിന്ന് അവര്‍ അദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നു. മുഖത്തും ഉദരത്തിലും കൈകാലുകളിലുമായി 12 തവണ വെടിയേറ്റു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പ്രസിഡന്‍റിന്‍റെ ഭാര്യ മാര്‍ട്ടിനയെയും പലതവണ വെടിവച്ചു. കൊലയാളി സംഘത്തില്‍ മുപ്പതോളം പേര്‍ ഉണ്ടായിരുന്നതായി മാര്‍ട്ടിന പറയുന്നു.  

മാര്‍ട്ടിന മരിച്ചുവോ ഇല്ലയോ എന്ന് ഉറപ്പുവരുത്താന്‍ കൊലയാളികള്‍ കാത്തുനിന്നില്ല. പരുക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന അവരെ പിന്നീട് കണ്ടെത്തിയത് സുരക്ഷാ ഭടന്മാരല്ല, ജോലിക്കാരിയാണ്. മക്കളോടൊപ്പം മാര്‍ട്ടിനയെ വിമാനത്തില്‍ അമേരിക്കയിലേക്കു കൊണ്ടുപോവുകയും ഫ്ളോറിഡയില്‍ മയാമിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവര്‍ ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.  

സംഭവത്തെക്കുറിച്ചുള്ള എല്ലാ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും പ്രസിഡന്‍റിന്‍റെ അംഗരക്ഷകര്‍ക്കുതന്നെ അതില്‍ പങ്കുണ്ടെന്നുമാണ്. പ്രസിഡന്‍റിന്‍റെ ഭാര്യയുടെ മൊഴി അതു സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ആരാണവര്‍, എന്തിനാണ് അവര്‍ ഇതു ചെയ്തത് എന്നീ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. 

2016ല്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട മോയീസ് അതനുസരിച്ച് ഈ വര്‍ഷം ആദ്യത്തില്‍ സ്ഥാനമൊഴിയേണ്ടതായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടത് 2017ല്‍ ആണെന്ന ന്യായത്തില്‍ അദ്ദേഹം അതിനു കൂട്ടാക്കിയില്ല. അടുത്ത വര്‍ഷം ആദ്യത്തില്‍ മാത്രമേ അഞ്ചു വര്‍ഷക്കാലാവധി പൂര്‍ത്തിയാകൂ എന്നായിരുന്നു വാദം. അതിന്‍റെ പേരില്‍ അദ്ദേഹത്തിനെതിരെ പ്രക്ഷോഭം നടന്നുവരികയായിരുന്നു.  

മോയീസിന്‍റെ മരണത്തോടെ ഹെയ്റ്റിക്കു ഭരണാധിപനില്ലാതായി. പകരക്കാരന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കവും ഉടലെടുത്തു. പ്രധാനമന്ത്രിയായി മോയീസ് ഇക്കഴിഞ്ഞ ഏപ്രിലില്‍ നിയമിച്ചിരുന്ന ക്ളോഡ് ജോസഫാണ് അവകാശവാദവുമായി ആദ്യം മുന്നോട്ടുവന്നത്. പക്ഷേ, മരിക്കുന്നതിനു രണ്ടു ദിവസംമുന്‍പ് മോയീസ് തന്നെ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അതിനാല്‍ അധികാരത്തിലിരിക്കാന്‍ ജോസഫിന് അര്‍ഹതയില്ലെന്ന വാദം ഉയര്‍ന്നു.

ജോസഫിനു പകരമായി ഏരിയല്‍ ഹെന്‍ട്രിയെന്ന ന്യൂറോ സര്‍ജനെയാണ് മോയീസ് പുതിയ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നതെങ്കിലും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിനും സ്ഥാനമേല്‍ക്കാനായില്ല. സ്തംഭനം ഒഴിവാക്കാനായി സെനറ്റ് (പാര്‍ലമെന്‍റ്) അതിന്‍റെ അധ്യക്ഷനായ ജോസഫ് ലാംബര്‍ട്ടിനെ ആക്ടിങ് പ്രസിഡന്‍റായി തിരഞ്ഞെടുത്തു. 

പക്ഷേ, 30 അംഗ സഭയിലെ 20 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കിയുള്ള 10 അംഗങ്ങളില്‍ എട്ടു പേരാണ് ആക്ടിങ് പ്രസിഡന്‍റിനെ തിരഞ്ഞെടുത്തത്. അതിനാല്‍ അവര്‍ നടത്തിയ തിരഞ്ഞെടുപ്പിന്‍റെ സാധുത ചോദ്യം ചെയ്യപ്പെട്ടു. ഭാഗ്യവശാല്‍, ഏതാനും നാളുകള്‍ക്കുശേഷം ഒത്തുതീര്‍പ്പാവുകയും ഏരിയല്‍ ഹെന്‍ട്രി ആക്ടിങ് പ്രസിഡന്‍റാവുകയും ചെയ്തു.  

എങ്കിലും, പ്രസിഡന്‍റ് മോയീസിനെ വധിക്കുകയും അതിനു പിന്നില്‍ ചരടുവലി നടത്തുകയും ചെയ്തവര്‍ ആരാണെന്ന് ഒരു മാസമായിട്ടും തിരിച്ചറിഞ്ഞിട്ടില്ലെന്ന വസ്തുത എല്ലാവരെയും അസ്വസ്ഥരാക്കുന്നു. ഒട്ടേറെ പേരെ അറസ്റ്റ് ചെയ്ട്ടുണ്ട്.ഇവരില്‍ അധികപേരും കൊളംബിയക്കാരാണ്. 

തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കു പടിഞ്ഞാറു ഭാഗത്തു കിടക്കുന്ന രാജ്യമാണ് കൊളംബിയ. ഹെയ്റ്റിയുമായി 1600 കിലോമീറ്റര്‍ അകലമുണ്ട്. വാടകക്കൊലയാളികളുടെയും കൂലിപ്പട്ടാളക്കാരുടെയും നാട് എന്നൊരു കുപ്രസിദ്ധിയുമുണ്ട്. കൊളംബിയന്‍ പട്ടാളത്തില്‍നിന്നു വിരമിച്ച പലരും ലോകത്തിന്‍റെ പല ഭാഗങ്ങളിലെയും പ്രശ്ന പ്രദേശങ്ങളില്‍ കൂലിക്കുവേണ്ടി സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 

അവരില്‍ ചിലരെ ഹെയ്റ്റിയിലെ ആരോ വാടകയ്ക്കെടുത്തതാവാം എന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതിനുവേണ്ടിയുള്ള പരിപാടി ആസൂത്രണം ചെയ്തവര്‍ക്കു പ്രസിഡന്‍റിന്‍റെ അംഗരക്ഷകരെ വിലയ്ക്കു വാങ്ങാനും കഴിഞ്ഞു.പക്ഷേ, ആരാണവര്‍ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. 

videsharangom-column-haiti-presidential-assassination-mystery-deepens

നേരത്തെതന്നെ സംഭവബഹുലമായ ഒരു നീണ്ട ചരിത്രമുള്ള രാജ്യമാണ് ഹെയ്റ്റി. ഹിസ്പാനിയ എന്ന ദ്വീപിനെ ഡൊമീനിക്കന്‍ റിപ്പബ്ളിക്കുമായി പങ്കിടുകയാണ്. 1804ല്‍ ഫ്രാന്‍സിന്‍റെ അധീനത്തില്‍നിന്നു സ്വതന്ത്രമായ അത് അങ്ങനെ യൂറോപ്യന്‍ സാമ്രാജ്യത്വ ശക്തികളില്‍ നിന്നു മോചനം നേടുന്ന ആദ്യത്തെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായി. കറുത്തവര്‍ഗക്കാരുടെ ആദ്യത്തെ റിപ്പബ്ളിക്ക് എന്ന പേരും നേടി. 

അതിനുശേഷമുള്ള രണ്ടു നൂറ്റാണ്ടുകള്‍ക്കയിടില്‍ ചില ഇടവേളകള്‍ ഒഴിച്ചാല്‍ രാജ്യം അനിശ്ചിതത്വത്തിന്‍റെ പിടിയിലായിരുന്നു. 1911 മുതല്‍ക്കുള്ള നാലു വര്‍ഷങ്ങളില്‍ ആറു പ്രസിഡന്‍റുമാരുണ്ടായി. അവരില്‍ ചിലര്‍ കൊല്ലപ്പെടുകയും മറ്റു ചിലര്‍ ജീവരക്ഷാര്‍ഥം നാടുവിടുകയും ചെയ്തു. ഹെയ്റ്റിയിലെ യുഎസ് സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ അമേരിക്ക ആദ്യമായി 1915ല്‍ അവിടേക്കു പട്ടാളത്തെ അയച്ചത് അത്തരമൊരു സാഹചര്യത്തിലാണ്. യുഎസ് അധിനിവേശം അവസാനിച്ചത് 19 വര്‍ഷത്തിനുശേഷം.

1991ല്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്‍റിനെ പട്ടാളം അട്ടിമറിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു  അമേരിക്കയുടെ മറ്റൊരു സൈനിക ഇടപെടല്‍. അതിനു യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരമുണ്ടായിരുന്നു. ആറു മാസമാണ് അതു നീണ്ടുനിന്നതും.  

2004ല്‍ ഹെയ്റ്റി വീണ്ടും ഇളകിമറിഞ്ഞപ്പോള്‍ അവിടത്തെ ഗവണ്‍മെന്‍റിന്റെ അഭ്യര്‍ഥനയനുസരിച്ച് ക്രമസമാധാന പാലനത്തിനായി യുഎന്‍ സ്വന്തം നിലയില്‍തന്നെ ഒരു സൈനിക സംഘത്തെ അയച്ചു. ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ 2010ലെ ഭൂകമ്പത്തെയും 2016ലെ ചുഴലിക്കാറ്റിനെയും തുടര്‍ന്നുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും അവര്‍ പങ്കാളികളായി. 

പക്ഷേ, 2017 വരെ നീണ്ടുനിന്ന 13 വര്‍ഷത്തെ സേവനത്തിനിടയില്‍ അവര്‍ ഒട്ടേറെ സ്ത്രീകളെ ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്ന അതീവ ഗുരുതരമായ ആരോപണവുമുണ്ടായി. ദുരിതനിവാരണ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കുണ്ടായ പാളിച്ചകാരണം കോളറ പടര്‍ന്നുപിടിക്കുകയും ഒട്ടേറെ പേര്‍ മരിക്കുകയും ചെയ്തു. കഷ്ടിച്ച് ഒന്നേകാല്‍ കോടി മാത്രം ജനസംഖ്യയുള്ള ഈ രാജ്യത്തെ ദൗര്‍ഭാഗ്യം പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary :  Videsharangom - Haiti presidential assassination mystery deepens

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA