വരാനിരിക്കുന്നത് മഹാദുരന്തം

HIGHLIGHTS
  • കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതില്‍ പരാജയം
  • കൊച്ചിയും മുംബൈയും ചെന്നൈയും മുങ്ങിപ്പോയേക്കാം
videsharangom-what-does-the-ipcc-say-about-climate-change-aarticle-image-report
SHARE

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് കോവിഡ് മഹാമാരിയെ ഒരു വര്‍ഷംമുന്‍പ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചിരുന്നത്. അന്നു കരുതിയിരുന്നതിനേക്കാള്‍ ഭീമമായ നാശനഷ്ടങ്ങള്‍ക്കു കോവിഡ് പിന്നീടു കാരണമാവുകയും ചെയ്തു. അതിനേക്കാള്‍ എത്രയോ മടങ്ങു ഭയാനകമായ ദുരന്തമാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ രൂപത്തില്‍ മനുഷ്യരെ കാത്തിരിക്കുന്നത് എന്നറിയുമ്പോള്‍ സ്വാഭാവികമായും ഞെട്ടലുണ്ടാകുന്നു. 

യുഎന്‍ ആഭിമുഖ്യത്തിലുള്ള രാജ്യാന്തര കാലാവസ്ഥാ വ്യതിയാന പഠന സമിതി (ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്ളൈമറ്റ് ചെയിഞ്ച്) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് അത്തരമൊരു മുന്നറിയിപ്പാണ് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണമായി ലോകത്തിന്‍റെ പല ഭാഗങ്ങളിലും സമീപകാലത്തു സംഭവിച്ചതും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതുമായി ചേര്‍ത്തുവായിക്കപ്പെടുന്നു. 

യുഎന്‍ ആഭിമുഖ്യത്തില്‍ 1988ല്‍ രൂപംകൊണ്ട ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്ളൈമറ്റ് ചെയിഞ്ച് (ഐപിസിസി) ഏഴു വര്‍ഷംകൂടുമ്പോള്‍ തയാറാക്കുന്ന റിപ്പോര്‍ട്ടുകളിലെ ആറാമത്തേതാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഓഗസ്റ്റ് ഒന്‍പത്) സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നടത്തപ്പെട്ട 14,000 അന്വേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 66 രാജ്യങ്ങളിലെ 234 വിദഗ്ദ്ധ ശാസ്ത്രജ്ഞര്‍ തയാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്. 

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ രാജ്യങ്ങള്‍ക്കു നല്‍കുകയാണ് ഐപിസിസി റിപ്പോര്‍ട്ടുകളുടെ ഉദ്ദേശ്യം. ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നത് 1990ലാണ്. ആറാമത്തെ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിക്കേണ്ടിയിരുന്നത് കോവിഡ് കാരണം ഒരു വര്‍ഷത്തോളം വൈകുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മുതല്‍ നടന്ന വെര്‍ച്വല്‍ സമ്മേളനങ്ങളില്‍ വച്ച് 195 അംഗരാജ്യങ്ങള്‍ അംഗീകരിച്ചശേഷമാണ് ഇത് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതും.

GREECE-WEATHER-FLOOD

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അത്യാപത്തുകള്‍ക്കു വീണ്ടും സാക്ഷ്യം വഹിക്കുകയായിരുന്നു കഴിഞ്ഞ ചില മാസങ്ങളില്‍ ലോകം. അമേരിക്കയിലും കാനഡയിലും ഇന്ത്യയിലും ഇറാഖിലും മധ്യപൂര്‍വദേശത്തെ മറ്റു ചില രാജ്യങ്ങളിലും അനുഭവപ്പെട്ട കൊടുംചൂടും ഉഷ്ണക്കാറ്റും, ഇന്ത്യയിലും നൈജീരിയയിലും ചൈനയിലും ജര്‍മനിയിലും ബല്‍ജിയത്തിലും ബ്രിട്ടനിലും ഉണ്ടായ വെള്ളപ്പൊക്കം,  ബ്രസീലിലും റഷ്യയിലെ സൈബീരിയയിലും ഗ്രീസിലും ദക്ഷിണ യൂറോപ്പിന്‍റെ മറ്റു ചില ഭാഗങ്ങളിലും ഉത്തരാഫ്രിക്കയിലെ അല്‍ജീരിയയിലും അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലും ഉണ്ടായ കാട്ടുതീ എന്നിവ ഈ സംഭവങ്ങളില്‍ ചിലതു മാത്രമാണ്. 

ഗ്രീസിന്‍റെ പല ഭാഗങ്ങളിലും പടര്‍ന്നു പിടിച്ച കാട്ടുതീ ഒരാഴ്ച കഴിഞ്ഞിട്ടും നിയന്ത്രണാധീനമായില്ല. ഒട്ടേറെ രാജ്യങ്ങള്‍ അഭൂതപൂര്‍വമായ വരള്‍ച്ചയുടെ പിടിയിലാണ്. വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ഈ കെടുതികളുടെ അനന്തരഫലങ്ങള്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. നൂറ്റാണ്ടില്‍ ഒരിക്കല്‍മാത്രം അപൂര്‍വമായി സംഭവിക്കാറുള്ള മഹാപ്രളയങ്ങള്‍ ഈ നൂറ്റാണ്ടിന്‍റെ പകുതിയാകുമ്പോള്‍ പല സ്ഥലങ്ങളിലും വാര്‍ഷിക സംഭവങ്ങളാകാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പും ഭീതിജനകമാണ്. 

GERMANY-EUROPE-WEATHER-FLOODS

കാലാവസ്ഥാ വ്യതിയാനം കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ പതിവായിത്തീരുമെന്നു ശാസ്ത്രജ്ഞര്‍, പ്രത്യേകിച്ചും ഐപിസിസി പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സമുദ്ര ജലനിരപ്പ് ഉയരാന്‍ ഇടയുണ്ടെന്നും തല്‍ഫലമായി തീരപ്രദേശങ്ങള്‍ മുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പും ഐപിസിസി നല്‍കുകയുണ്ടായി. 

പുതിയ ഐപിസിസി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ യുഎസ് ബഹിരാകാശ വിഭാഗം (നാസ) തയാറാക്കിയ പഠനം വെളിപ്പെടുത്തുന്ന വിവരങ്ങളും ഇന്ത്യക്കാരില്‍ ഞെട്ടലുണ്ടാക്കും. സമുദ്ര ജലനിരപ്പ് ഉയരുന്നത് ഇന്നത്തെ തോതില്‍ തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടിന്‍റെ അവസാനമാകുമ്പോഴേക്കും ഇന്ത്യയിലെ പന്ത്രണ്ടു തീരപ്രദേശ നഗരങ്ങള്‍ വെള്ളത്തിനടിയിലാകുമത്രേ. കേരളത്തിലെ കൊച്ചിയും ഇവയില്‍ ഉള്‍പ്പെടുന്നു. 

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വ്യവസായ കേന്ദ്രമായ ചെന്നൈ എന്നിവയ്ക്കു പുറമെ ഗുജറാത്തില കാണ്ട്ല, ഓഖ, ഭവനഗര്‍, ഗോവയിലെ മര്‍മഗാവോന്‍, കര്‍ണാടകയിലെ മംഗളൂരു, ഒഡിഷയിലെ പാരദീപ്, ബംഗാളിലെ ഖിദിര്‍പൂര്‍, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, തമിഴ്നാട്ടിലെ തൂത്തുക്കുടി എന്നിവയാണ് മറ്റു നഗരങ്ങള്‍. 

ഓരോ വര്‍ഷവും സമുദ്ര ജലനിരപ്പ് ഒരുഞ്ചിന്‍റെ എട്ടിലൊന്ന് ഉയരുന്നുവെന്നാണ് കണക്ക്. ചൂടു കൂടുമ്പോള്‍ സമുദ്രജലം വികസിക്കുകയും കരയിലെ ഹിപാളികളും മഞ്ഞുമലകളും ഉരുകി കടലില്‍ ചേരുകയും ചെയ്യുന്നതാണ് അതിനു കാരണം. ഈ രണ്ടു പ്രതിഭാസത്തിന്‍റെയും മൂലകാരണം ആഗോള താപനമാണ്. 

അതുകൊണ്ടാണ് ആഗോള താപനം നിയന്ത്രിക്കണമെന്നു പറയുന്നത്. മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന കാര്‍ബണ്‍ മൂലമുള്ള അന്തരീക്ഷത്തിലെ ചൂടിന്‍റെ 90 ശതമാനവും ആഗിരണം ചെയ്യുന്നതു സമുദ്രങ്ങളാണ്. 

ആഗോള താപനിലയുടെ ശരാശരി വര്‍ധന  വ്യവസായ കാലഘട്ടത്തിനു മുന്‍പുളള അളവില്‍നിന്നു രണ്ടു ഡിഗ്രി സെല്‍ഷ്യല്‍സില്‍ താഴെയായി ഈ നൂറ്റാണ്ട് അവസാനിക്കുന്നതിനു മുന്‍പ് പരിമിതപ്പെടുത്തണമെന്നു 2015ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ തീരുമാനിച്ചിരുന്നത് ഇതെല്ലാം കണക്കിലെടുത്തായിരുന്നു.   യൂറോപ്പില്‍ വ്യവസായ വിപ്ളവം തുടങ്ങിയ 1850 മുതല്‍ക്കുളള വര്‍ഷങ്ങളെയാണ് വ്യവസായ കാലഘട്ടം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

താപനിലയുടെ ശരാശരി വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെ നിര്‍ത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും  പാരിസ് ഉടമ്പടിയില്‍ പറഞ്ഞിരുന്നു. ഏറ്റവുമധികം കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി, പെട്രോള്‍, ഡീസല്‍ തുടങ്ങിയ ജൈവ  ഇന്ധനങ്ങളുടെ ഉപയോഗം ഇതിനുവേണ്ടി പടിപടിയായി കുറച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഉടമ്പടിയില്‍ ഒപ്പുവച്ച എല്ലാ 195 രാജ്യങ്ങളും ഏറ്റെടുക്കുകയുമുണ്ടായി. എന്നാല്‍ അതു പാലിക്കപ്പെട്ടില്ല. ഈ നില തുടര്‍ന്നാല്‍ 2100 ആകുമ്പോഴേക്കും താപന വര്‍ധന രണ്ടു ഡിഗ്രിക്കു മുകളില്‍ എത്തിയേക്കാം. 

കാര്‍ബണ്‍ ഡയോക്സൈഡ്, മീത്തെയിന്‍ എന്നിവ പോലുള്ള ഹരിതഗ്രഹ വാതകങ്ങള്‍ ഭീമമായ തോതില്‍ അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്നതാണ് ആഗോള താപനത്തിനു മുഖ്യകാരണം. വ്യവസായ ശാലകളും വാഹനങ്ങളും പ്രവര്‍ത്തിപ്പിക്കാനായി കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം എന്നിവ പോലുളള ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നത് അതിനു നിമിത്തമാകുന്നു. 

ഇങ്ങനെ പുറത്തുവരുന്ന കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും ഭൂമിയില്‍നിന്നുള്ള ചൂടിനെ ബഹിരാകാശത്തിലേക്കു രക്ഷപ്പെടാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു. അതു മൂലമുണ്ടാകുന്ന ആഗോള താപനമാണ് പ്രവചനാതീതമായ വിധത്തില്‍ അതിവേഗം

സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നത്. കാര്‍ബണ്‍ ഡയോക്സൈഡ് വന്‍തോതില്‍ ആഗിരണം ചെയ്യുന്ന വനങ്ങള്‍ നശിപ്പിക്കപ്പെടുന്നതും ആഗോള താപനത്തിനു കാരണമാകുന്നു. ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നതു കുറയ്ക്കുക എന്നത് അതിനാല്‍ ആഗോള താപന നിയന്ത്രണത്തില്‍ നിര്‍ണായകമാണ്. മറ്റൊരു ഹരിതഗ്രഹ വാതകമായ മീത്തെയിന്‍ ആഗോള താപനത്തില്‍ വഹിക്കുന്ന പങ്കും പുതിയ ഐപിസിസി റിപ്പോര്‍ട്ടില്‍ പ്രത്യേകമായി എടുത്തു പറഞ്ഞിട്ടുണ്ട്. 

നൂറ്റാണ്ടുകളോളം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിനെ അപേക്ഷിച്ച് അതിനുള്ള മീത്തെയിന്‍റെ കഴിവ് വളരെ കുറവാണ്. എങ്കിലും കാര്‍ബണ്‍ ഡയോക്സൈഡ് സൃഷ്ടിക്കുന്ന ചൂടിന്‍റെ 80 മടങ്ങ് ചൂടിനു ആദ്യത്തെ 20 വര്‍ഷം മീത്തെയിന്‍ കാരണമാകുന്നു. 

അതിനാല്‍ മീത്തെയിന്‍ ബഹിര്‍ഗമനവും കര്‍ശനമായി നിയന്ത്രിക്കേണ്ടതുണ്ട്. എണ്ണ-പ്രകൃതി വാതക പൈപ്പ്ലൈനുകളിലെ ചോര്‍ച്ച അടയ്ക്കുക, ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ മൂടുക, കൃഷിയും കന്നുകാലി വളര്‍ത്തലും പോലുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും മാലിന്യങ്ങളില്‍നിന്നും ഉല്‍ഭവിക്കുന്ന മീത്തെയിന്‍ ഉചിതമായ വിധത്തില്‍ സംസ്ക്കരിക്കുക എന്നവയാണ് ഇതിനു നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ചില മാര്‍ഗങ്ങള്‍.

GREECE-WEATHER-FLOOD

ഭാവിയെക്കുറിച്ചുള്ള ഭീതിജനകമായ മുന്നറിയിപ്പാണ് ഐപിസിസി നല്‍കുന്നതെങ്കിലും പ്രതീക്ഷയ്ക്കു വകയില്ലെന്ന സൂചനകള്‍ അതിന്‍റെ റിപ്പോര്‍ട്ടിലില്ല. ആഗോള താപനവും അതു മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കാന്‍ മനുഷ്യര്‍ വിചാരിച്ചാല്‍ കഴിയുകതന്നെ ചെയ്യുമെന്ന വിശ്വാസം അതില്‍ പ്രതിഫലിക്കുന്നുമുണ്ട്. നവംബറില്‍ ബ്രിട്ടനിലെ ഗ്ളാസ്ഗോയില്‍ ചേരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അതിനാവശ്യമായ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉരുത്തരിഞ്ഞുവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ഈ സമ്മേളനവും കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Videsharangom - What does the ipcc say about climate change?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS