ജോ ബൈഡന്‍റെ അഫ്ഗാന്‍ ട്രാജഡി

HIGHLIGHTS
  • ട്രംപിന്‍റെ പദ്ധതി താന്‍ നടപ്പാക്കിയതാണെന്ന് ബൈഡന്‍
  • ബൈഡന്‍ രാജി വയ്ക്കണമെന്ന് ട്രംപ്
AFGHANISTAN-CONFLICT
കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ പ്രവേശിക്കാൻ അഫ്ഗാൻ യുവതിയെ സഹായിക്കുന്ന അഫ്‌ഗാൻ പൗരൻ. ചിത്രം: റോയിട്ടേഴ്‌സ്.
SHARE

അമേരിക്കയുടെ ഏറ്റവും ദീര്‍ഘമായ യുദ്ധം അവസാനിപ്പിക്കുകയും സൈന്യത്തെ നാട്ടിലേക്കു തിരിച്ചുകൊണ്ടുവരികയും ചെയ്തതിന്‍റെ കീര്‍ത്തി സ്വപനം കാണുകയായിരുന്നിരിക്കണം ഒരു പക്ഷേ പ്രസിഡന്‍റ് ജോ ബൈഡന്‍. 20 വര്‍ഷം  നീണ്ടുനിന്ന അഫ്ഗാന്‍ യുദ്ധം അവസാനിച്ചുവെന്നതു ശരി തന്നെ. പക്ഷേ അതവസാനിച്ച രീതിയും അതോടനുബന്ധിച്ചുണ്ടായ കുഴപ്പങ്ങളും ബൈഡനെ പ്രതിരോധത്തിലാക്കുന്നു.  

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമെന്നാണ് മുന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബൈഡന്‍ രാജിവയ്ക്കണമെന്നു പോലും അദ്ദേഹം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഭരണത്തിലിരിക്കുന്ന രാഷ്ട്രത്തലവനോട് മുന്‍ഗാമി ഇങ്ങനെ ആവശ്യപ്പെടുന്നത് അമേരിക്കയില്‍ പതിവില്ലാത്തതാണ്. 

അമേരിക്കയുടെയും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെയും സൈന്യം ബൈഡന്‍റെ തീരുമാനം അനുസരിച്ച് അഫ്ഗാനിസ്ഥാനില്‍നിന്നു പിന്‍വാങ്ങാന്‍ തുടങ്ങിയത് ഇക്കഴിഞ്ഞ മേയ് ഒന്നിനായിരുന്നു. അവരുമായി യുദ്ധത്തിലായിരുന്ന താലിബാന്‍ അതിനു മുന്‍പ്തന്നെ ഒട്ടേറെ ഗ്രാമങ്ങള്‍ പിടിച്ചടയ്ക്കുകയുണ്ടായി. ഓഗസ്റ്റ് ആദ്യവാരത്തില്‍ അവര്‍ പ്രവിശ്യാ തലസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും തിരിഞ്ഞു. 

AFGHANISTAN-CONFLICT-USA-BIDEN
അഫ്ഗാനിസ്ഥാൻ വിഷയത്തിൽ പ്രതികരണം നടത്തുന്ന ബൈഡൻ. വൈറ്റ് ഹൗസിൽ നിന്നുള്ള കാഴ്‌ച. ചിത്രം: റോയിട്ടേഴ്‌സ്.

പത്തു ദിവസത്തിനകം ഹെരാത്ത്, കുണ്ടൂസ്, കാണ്ടഹാര്‍, ഫൈസാബാദ്, മസാറെ ഷരീഫ്, ഗസ്നി, അസദാബാദ്, ഗര്‍ദേസ്, ജലാലാബാദ് തുടങ്ങിയ സുപ്രധാന നഗരങ്ങള്‍ കീഴടക്കിയ അവര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച  (ഓഗസ്റ്റ് 15),  രാജ്യതലസ്ഥാനമായ കാബൂളിലുമെത്തി. ചെറുത്തുനില്‍പ്പൊന്നും കൂടാതെതന്നെ കാബൂളും അവരുടെ അധീനത്തിലായി. 

കഴിഞ്ഞ ഏഴു വര്‍ഷം അധികാരത്തിലിരുന്ന പ്രസിഡന്‍റ് അഷ്റഫ് ഗനി അതിനു മുന്‍പ്തന്നെ അയല്‍പക്കത്തെ താജിക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടിരുന്നു. താന്‍ നാടുവിടുന്നതു ചോരച്ചൊരിച്ചില്‍ ഒഴിവാക്കാനാണെന്നായിരുന്നു മുന്‍കൂട്ടി തയാറാക്കി റെക്കോഡ് ചെയ്ത ടിവി പ്രസംഗത്തില്‍ അദ്ദേഹം നല്‍കിയ വിശദീകരണം. 

മുന്‍പ് ലോകബാങ്കില്‍ ഉന്നത പദവി വഹിച്ചിരുന്ന ഗനി സ്വന്തം തടി രക്ഷപ്പെടുത്താന്‍     ഒളിച്ചോടിയതാണെന്നു എതിരാളികള്‍ കുറ്റപ്പെടുത്തുന്നു. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ ഗനി ഇരുന്നിരുന്ന കസേരയില്‍, സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ താലിബാന്‍ നേതാവ് മുല്ലാ അബ്ദുല്‍ ഗനി ബറാദാര്‍ ഉപവിഷ്ടനായിരിക്കുന്ന ചിത്രവും പിന്നീട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

US-AFGHANISTAN-CONFLICT
രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ യുഎസ് വിമാനത്തിൽ അഭയം തേടിയ അഫ്‌ഗാനിസ്ഥാനിലെ ജനങ്ങൾ. ചിത്രം: റോയിട്ടേഴ്‌സ്.

താലിബാനെ ഭയന്ന് താജിക്കിസ്ഥാനിലേക്കു മാത്രമല്ല, ഉസ്ബക്കിസ്ഥാന്‍, പാക്കിസ്ഥാന്‍, തുര്‍ക്കമനിസ്ഥാന്‍, ഇറാന്‍ എന്നീ മറ്റ് അയല്‍രാജ്യങ്ങളിലേക്കു രക്ഷപ്പെട്ടവരും ഏറെയാണ്. നാടുവിടാനായി കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നതിന്‍റെയും റണ്‍വേയിലൂടെ ജനങ്ങള്‍ പരിഭ്രാന്തരായി പരക്കംപായുന്നതിന്‍റെയും വിമാനത്തില്‍ അള്ളിപ്പിടിച്ചു കയറാന്‍ ശ്രമിക്കുന്നതിന്‍റെയും പിടിവിട്ടു വീഴുന്നതിന്‍റെയും ദയനീയ  ചിത്രങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. 

അമേരിക്കയിലേക്കു പോകാന്‍ വിമാനം കാത്തിരിക്കുന്ന യുഎസ് എംബസ്സി ഉദ്യോഗസ്ഥരും അവരെ പല കാര്യങ്ങളിലും സഹായിച്ചുകൊണ്ടിരുന്ന നൂറു കണക്കിനു നാട്ടുകാരും അവിടെയുണ്ടായിരുന്നു. താലിബാന്‍റെ പിടിയിലായാല്‍ കൊല്ലപ്പെടുമെന്ന ഭീതിയില്‍ നേരത്തെതന്നെ അമേരിക്കയിലേക്കു രക്ഷപ്പെടാനായി അപേക്ഷ നല്‍കിയവരാണ് ദ്വിഭാഷികളും ഡ്രൈവര്‍മാരും മറ്റുമായി ജോലി ചെയ്തിരുന്ന ഈ അഫ്ഗാന്‍ പൗരന്മാര്‍. 

അഫ്ഗാന്‍ യുദ്ധത്തിന്‍റെ ഏതാണ്ട് അത്രതന്നെ നീണ്ടുനിന്ന യുഎസ് യുദ്ധമായിരുന്നു വിയറ്റ്നാമിലേത്. അതിന്‍റെ അവസാനത്തില്‍ 1975 ഏപ്രിലില്‍ ദക്ഷിണ വിയറ്റ്നാമിലെ അമേരിക്കന്‍ എംബസ്സിയുടെ മട്ടുപ്പാവില്‍ നിന്ന് ആളുകള്‍ രക്ഷപ്പെടാനായി ഹെലികോപ്റ്ററുകളില്‍ തൂങ്ങിപ്പിടിച്ചുകയറുന്നതിന്‍റെ ചിത്രങ്ങള്‍ ഇന്നും ഓര്‍മിക്കപ്പെടുന്നു. 

കാബൂളിലും അങ്ങനെ സംഭവിക്കുമോ എന്ന് ഏതാനും ദിവസംമുന്‍പ് ഒരു മാധ്യമ പ്രതിനിധി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ബൈഡന്‍റെ മറുപടി. പക്ഷേ, കാബൂള്‍ വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ അതിനെ ഖണ്ഡിക്കുന്നു.

മൂന്നു ലക്ഷം ഭടന്മാരുള്ളതും അമേരിക്കക്കാര്‍ പരിശീലിപ്പിച്ചതുമായ അഫ്ഗാന്‍ സൈന്യത്തെ പരാജയപ്പെടുത്താന്‍ 75,000 പേര്‍ മാത്രമുള്ള താലിബാനു കഴിയില്ലെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു ബൈഡന്‍. ജൂണില്‍ അമേരിക്കയിലെത്തി ബൈഡനെ കാണുകയും ജൂലൈയില്‍ ഫോണിലൂടെഅദ്ദേഹവുമായി സംസാരിക്കുകയും ചെയ്ത അഫ്ഗാന്‍ പ്രസിഡന്‍റ് ഗനി അദ്ദേഹത്തെ ധരിപ്പിച്ചത് അങ്ങനെയായിരുന്നുവത്രേ . 

AFGHANISTAN-CONFLICT-USA
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന പ്രസിഡന്റ് ജോ ബൈഡൻ. ചിത്രം: റോയിട്ടേഴ്‌സ്.

താലിബാന്‍റെ മുന്നില്‍ ചെറുത്തുനില്‍ക്കാതെ പല സ്ഥലങ്ങളിലും അഫ്ഗാന്‍ സൈനികര്‍ ആയുധംവച്ച് കീഴടങ്ങുകയോ അയല്‍രാജ്യങ്ങളിലേക്കു രക്ഷപ്പെടുകയോ ചെയ്യുകയായിരുന്നു. അവര്‍ക്ക് അമേരിക്ക നല്‍കിയിരുന്ന ധാരാളം ആയുധങ്ങള്‍ അങ്ങനെ താലിബാന്‍റെ കൈകളിലെത്തി.

ഈ സ്ഥിതി തുടര്‍ന്നാല്‍, ആറു മാസത്തിനകം കാബൂള്‍ താലിബാന്‍റെ പിടിയിലാകുമെന്ന് യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയുണ്ടായി. അത്ര പോലും വേണ്ടിവന്നില്ലെന്നത് അവരുടെ കണക്കുകൂട്ടലുകളിലെയും പിഴവുകള്‍ വിളിച്ചുപറയുന്നു.  

അധികാരത്തില്‍ എത്തിയാല്‍ അഫ്ഗാനിസ്ഥാനില്‍നിന്നു യുഎസ് സൈന്യത്തെ തിരിച്ചുകൊണ്ടുവരുമെന്നു വോട്ടര്‍മാര്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കുകയായിരുന്നു ബൈഡന്‍. പക്ഷേ, അതിനുവേണ്ടി ബൈഡന്‍ നടപ്പാക്കിയ പദ്ധതി അദ്ദേഹത്തിന്‍റേതായിരുന്നില്ല, മുന്‍ഗാമിയായ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റേതായിരുന്നു. താലിബാനുമായി ഒത്തുതീര്‍പ്പുണ്ടായത് ട്രംപിന്‍റെ ഭരണ കാലത്താണ്. രാജ്യത്തിനു പുറത്തുനിന്നുള്ള തീവ്രവാദികള്‍ക്കും ഭീകര സംഘടനകള്‍ക്കും അഫ്ഗാനിസ്ഥാനില്‍ അഭയം നല്‍കില്ലെന്നു താലിബാന്‍ നല്‍കിയ ഉറപ്പായിരുന്നു അതിന്‍റെ കാതല്‍. 

അങ്ങനെയൊരു ഉറപ്പ് താലിബാനില്‍നിന്നു വാങ്ങാന്‍ ട്രംപ് നിഷ്ക്കര്‍ഷിച്ചതിനു കാരണം സുവിദിതമാണ്. അമേരിക്കയില്‍ 2001 സെപ്റ്റംബറില്‍ നടന്ന  ഭീകരാക്രമണത്തിന് ഉത്തരവാദികളായ അല്‍ഖായിദ സംഘത്തിനും അവരുടെ നേതാവ് ഉസാമ ബിന്‍ ലാദനും അഫ്ഗാനിസ്ഥാനില്‍ പാര്‍ക്കാനായത് താലിബാന്‍ ഭരിക്കുമ്പോഴായിരുന്നു. അവരെ വിട്ടുകൊടുക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ താലിബാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ആ വര്‍ഷം ഒക്ടോബറില്‍ അമേരിക്കയുടെ അഫ്ഗാന്‍ യുദ്ധത്തിന്‍റെ തുടക്കം. 

ഈ വര്‍ഷം മേയ് ഒന്നിനകം യുഎസ്-നാറ്റോ സൈന്യങ്ങളെ പിന്‍വലിക്കാനാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ട്രംപ് തീരുമാനിച്ചിരുന്നത്. ബൈഡന്‍ ആ തീയതികളില്‍ മാറ്റംവരുത്തുക മാത്രം ചെയ്തു. ഈ വര്‍ഷം മേയില്‍ തുടങ്ങി സെപ്റ്റംബര്‍ 11ന് (അമേരിക്കയിലെ ഭീകരാക്രമണത്തിന്‍റെ ഇരുപതാം വാര്‍ഷികത്തിന്) മുന്‍പ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. താലിബാന് അതിഷ്ടമായിരുന്നില്ല. അതിനാല്‍ ഓഗ്സ്റ്റ് അവസാനിക്കുന്നതിനു മുന്‍പ്തന്നെ സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ബൈഡന്‍ തയാറാവുകയും ചെയ്തു.  

ഇതിനെല്ലാമിടയില്‍ ഒരു കാര്യം പ്രത്യേകിച്ചും മുഴച്ചുനില്‍ക്കുകയായിരുന്നു. അമേരിക്കയും താലിബാനും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ കാബൂളിലെ ഗവണ്‍മെന്‍റിനു പങ്കുണ്ടായിരുന്നില്ല. അഫ്ഗാനിസ്ഥാന്‍റെ ഭാവി സംബന്ധിച്ച് താലിബാനും അഷ്റഫ് ഗനിയുടെ ഗവണ്‍മെന്‍റും തമ്മില്‍ ചര്‍ച്ച നടത്തണമെന്നു നിര്‍ദേശിച്ചിരുന്നുവെങ്കിലും കാര്യമായ ചര്‍ച്ചകളൊന്നും നടന്നുമില്ല. 

ആ സാഹചര്യത്തില്‍ യുഎസ്-നാറ്റോ സൈന്യങ്ങള്‍ സ്ഥലം വിടുന്നതോടെ അഫ്ഗാനിസ്ഥാന്‍ വീണ്ടും താലിബാന്‍റെ അധീനത്തിലാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഇത്രയും വേഗം അതു സംഭവിച്ചതില്‍ മാത്രമേ പലരും അല്‍ഭുതപ്പെടുന്നുള്ളൂ. 

മുന്‍പ് ആറു വര്‍ഷം (1996-2001) നാടു ഭരിച്ചിരുന്ന താലിബാന്‍റെ പുതിയ ഭരണത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ എന്തായിരിക്കും. ഈ ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണത്രേ ജനങ്ങളില്‍ വലിയൊരു വിഭാഗം. വ്യാപകമായ തോതില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നതായി വിമര്‍ശിക്കപ്പെടുന്ന ഭരണ സംവിധാനം തിരിച്ചുവരുന്നത് അവരെ അസ്വസ്ഥരാക്കുന്നു. എത്രയും വേഗം നാടുവിടാനുള്ള പലരുടെയും ബദ്ധപ്പാടിനു കാരണവും അതാണത്രേ. 

ഈ ദുരന്തം എന്തുകൊണ്ട് മുന്‍കൂട്ടി കാണാനായില്ലെന്നും അത് ഒഴിവാക്കാന്‍ എന്തുകൊണ്ട് തക്ക സമയത്തു നടപടികള്‍ ഉണ്ടായില്ലെന്നുമുള്ള ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. 2300 യുഎസ് ഭടന്മാര്‍ കൊല്ലപ്പെടുകയും ഇരുപതിനായിരത്തിലേറെ  പേര്‍ക്കു പരുക്കേല്‍ക്കുകയും രണ്ടു ലക്ഷം കോടി  ഡോളര്‍ ഹോമിക്കപ്പെടുകയും ചെയ്ത യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനുള്ള തിടുക്കത്തിലായിരുന്നു ബൈഡന്‍. 

AFGHANISTAN-CONFLICT
കാബൂൾ വിമാനത്താവളത്തിനരികെ ദൃശ്യമായ ഗതാഗതക്കുരുക്ക്. ചിത്രം: റോയിട്ടേഴ്‌സ്

അതിനിടയില്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധ വിശദാംശങ്ങളിലൊന്നും പതിഞ്ഞില്ലെന്നും അഫ്ഗാന്‍ പ്രസിഡന്‍റ് പറഞ്ഞതെല്ലാം അദ്ദേഹം കണ്ണുംപൂട്ടി വിശ്വസിച്ചുവെന്നുമുള്ള കുറ്റപ്പെടുത്തലുകളും തുടങ്ങിക്കഴിഞ്ഞു. അതേസമയം, യുഎസ് താല്‍പര്യം മുന്‍നിര്‍ത്തി ഏറ്റവും ഉചിതമായ വിധത്തിലാണ് താന്‍ പ്രശ്നം കൈകാര്യം ചെയ്തതെന്ന നിലപാടില്‍ ബൈഡന്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ്

സൈനിക പിന്മാറ്റത്തിന്‍റെ കാര്യത്തില്‍ ട്രംപിനെയെന്നപോല ബൈഡനെയും അമേരിക്കക്കാര്‍ പൊതുവില്‍ പിന്താങ്ങുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ സംഭവങ്ങള്‍ ട്രംപിന്‍റെയും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെയും കൈകളില്‍ ബൈഡനെ അടിക്കാനുള്ള വടിയായി മാറുകയാണെന്നു പലരും സംശയിക്കുന്നു. താനായിരുന്നു അധികാരത്തിലെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നും  ബൈഡന്‍ രാജിവയ്ക്കണമെന്നുള്ള ട്രംപിന്‍റെ പ്രസ്താവന അതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം             

Content Summary : Videsharangom - Joe Biden says he stands 'squarely behind' Afghanistan decision

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA