സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ്

HIGHLIGHTS
  • അഫ്ഗാനിസ്ഥാനിലേത് ദുരന്തങ്ങളുടെ തുടര്‍ക്കഥ
  • സമാധാനത്തിന്‍റെ നീണ്ടകാലം രാജഭരണത്തില്‍
videsharangom-afghanistan-from-the-soviet-invasion-to-the-us-withdrawl
താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതോടെ രാജ്യം വിടാനുള്ള തത്രപ്പാടിൽ കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിലെത്തിയ കുടുംബം തങ്ങളുടെ കൈക്കുഞ്ഞിനെ മതിലിനു മുകളിൽ നിൽക്കുന്ന യുഎസ് പട്ടാളക്കാരെ ഏൽപിക്കുന്നു. ചിത്രം: റോയിട്ടേഴ്‌സ്
SHARE

'സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ്' എന്നത് വളരെ മുന്‍പ്തന്നെ ചരിത്രകാരന്മാര്‍ അഫ്ഗാനിസ്ഥാനു നല്‍കിയിരുന്ന പേരാണ്. പഴയകാലത്തെ പല വന്‍ശക്തികളും വിശ്രുത പോരാളികളും ആ രാജ്യം വെട്ടിപ്പിടിച്ചുവെങ്കിലും ദീര്‍ഘകാലം അതിന്‍റെ ഫലം അനുഭവിക്കാന്‍ അവര്‍ക്കായില്ല. തോറ്റു പിന്മാറേണ്ടിവന്നു. അങ്ങനെ കിട്ടിയ ആ പേര് സമാനമായ സംഭവങ്ങളുടെയും അനുഭവങ്ങളുടെയും  വെളിച്ചത്തില്‍ ഇന്നും പ്രസക്തമാകുന്നു.

അലക്സാന്‍ഡര്‍ ചക്രവര്‍ത്തി, ജെങ്കിസ് ഖാന്‍, ഇന്ത്യ ഭരിച്ചിരുന്ന മൗര്യന്മാര്‍, മുഗിളന്മാര്‍, ബ്രിട്ടനിലെയും റഷ്യയിലെയും ചക്രവര്‍ത്തിമാര്‍ എന്നിവരെല്ലാം അഫ്ഗാനിസ്ഥാനെ കീഴടക്കുകയോ കീഴടക്കാന്‍ ശ്രമിക്കുകയോ ചെയ്തവരാണ്. പലര്‍ക്കും കൈപൊള്ളി. ആധുനിക ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയുടെ 20 വര്‍ഷം നീണ്ടുനിന്ന അഫ്ഗാന്‍ യുദ്ധത്തിന്‍റെ പര്യവസാനവും ഫലത്തില്‍ വ്യത്യസ്തമായില്ല. 

മൂന്നു ദശകങ്ങള്‍ക്കു മുന്‍പ് അന്നത്തെ മറ്റൊരു വന്‍സൈനിക ശക്തിയായ സോവിയറ്റ് യൂണിയനു ഒന്‍പതു വര്‍ഷത്തെ അധിനിവേശത്തിനുശേഷം തോല്‍വി സമ്മതിച്ച് പിന്‍വാങ്ങേണ്ടിവന്നതും അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. ആ സംഭവവും  ഒരിക്കല്‍കൂടി ഓര്‍മയിലെത്താന്‍ യുഎസ് സൈനിക പിന്മാറ്റത്തിന്‍റെ ദയനീയമായ അന്ത്യം  കാരണമാകുന്നു. 

ഈ യുദ്ധങ്ങളുടെയും അവയുടെ ഇടവേളകളില്‍ ഉണ്ടായ ആഭ്യന്തര കലാപങ്ങളുടെയും ഫലമായി അഫ്ഗാനിസ്ഥാന്‍ ദശകങ്ങളായി നിലകൊള്ളുന്നത് ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളുടെ കൂട്ടത്തിലാണ്. ദാരിദ്ര്യം  തുടച്ചു നീക്കാന്‍ സഹായകമായ വിധത്തിലുള്ള എണ്ണ-ധാതു പദാര്‍ഥ നിക്ഷേപങ്ങള്‍ രാജ്യത്തിന്‍റ ചില ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, കുന്നുകളും മലകളും നിറഞ്ഞ ആ രാജ്യത്തിലേക്ക് മുന്‍കാലങ്ങളില്‍ സാമ്രാജ്യത്വ ശക്തികള്‍ ആകര്‍ഷിക്കപ്പെട്ടതിനു കാരണം അതൊന്നുമായിരുന്നില്ല, ഭൂമിശാസ്ത്രപരമായ അതിന്‍റെ കിടപ്പായിരുന്നു. മധ്യേഷ്യയും ദക്ഷിണേഷ്യയും കൂടിച്ചേരുന്ന തന്ത്രപ്രധാന ഭാഗത്ത് കിടക്കുന്ന ആ പ്രദേശം സ്വന്തമാക്കാനായി 1839നും 1919നും ഇടയില്‍ ബ്രിട്ടനും റഷ്യയും മൂന്നു തവണ യുദ്ധം ചെയ്യുകയുമുണ്ടായി.

അഫ്ഗാനിസ്ഥാനിലൂടെ ഇന്ത്യ വെട്ടിപ്പിടിക്കാന്‍ റഷ്യ ശ്രമിക്കുകയാണെന്ന ഭീതിയായിരുന്നു ബ്രിട്ടന്. റഷ്യയുമായി ചേര്‍ന്നു കിടക്കുന്ന മധ്യേഷ്യയിലക്കു തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കാന്‍ ബ്രിട്ടന്‍ ഉദ്ദേശിക്കുകയാണെന്നു റഷ്യയും ഭയപ്പെട്ടു.  

പില്‍ക്കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിനും അഫ്ഗാനിസ്ഥാന്‍ വേദിയായിത്തീര്‍ന്നു. അതിന്‍റെ പാരമ്യത്തില്‍, 1979 ഡിസംബര്‍ 24നു സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനിലേക്ക് ഇരച്ചുകയറുകയും ഒരു പാവ ഗവണ്‍മെന്‍റിനെ കാബൂളില്‍ അവരോധിക്കുകയും ചെയ്തത് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. അതിനെതിരായ ജനങ്ങളുടെ സായുധ സമരം രൂക്ഷമായപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ ഒന്‍പതു വര്‍ഷത്തിനു ശേഷം സൈന്യത്തെ പിന്‍വലിക്കാന്‍ സോവിയറ്റ് നേതൃത്വം നിര്‍ബന്ധിതരാവുകയും ചെയ്തു.  

സോവിയറ്റ് അധിനിവേശം പെട്ടെന്നുണ്ടായതായിരുന്നില്ല. അതിനുളള സാഹചര്യം  ആറു വര്‍ഷംമുന്‍പ് (1973 നവംബറില്‍) മുഹമ്മദ് സാഹിര്‍ ഷാ രാജാവ് സ്ഥാന  ഭ്രഷ്ടനായതോടെ തന്നെ ഉരുത്തിരിഞ്ഞു വരികയായിരുന്നു. ആധുനിക ചരിത്രത്തില്‍ അഫ്ഗാന്‍ ജനത ഏറ്റവും നീണ്ടകാലം (39 വര്‍ഷം) സമാധാനത്തോടെ ജീവിച്ചത്  സാഹിര്‍ ഷായുടെ ഭരണത്തിലാണ്. 

യുഎസ്-സോവിയറ്റ് ശീതയുദ്ധത്തില്‍ അദ്ദേഹം പക്ഷം പിടിച്ചിരുന്നില്ല. രണ്ടാം  ലോകമഹായുദ്ധത്തില്‍ പോലും നിഷ്പക്ഷത പാലിക്കുകയായിരുന്നു.  ചികില്‍സയ്ക്കായി ഇറ്റലിയില്‍ പോയിരുന്ന തക്കംനോക്കി അദ്ദേഹത്തെ അളിയനും മുന്‍പ്രധാനമന്ത്രിയുമായ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ പട്ടാള സഹായത്തോടെ അട്ടിമറിച്ചു. അഫ്ഗാനിസ്ഥാനെ ദാവൂദ് റിപ്പബ്ളിക്കായി പ്രഖ്യാപിക്കുകയും അഞ്ചു വര്‍ഷം അതിന്‍റെ പ്രസിഡന്‍റാവുകയും ചെയ്തു. 

AFGHANISTAN-CONFLICT-SPAIN-PLANE
താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതോടെ രാജ്യം വിട്ട അഫ്ഗാൻ പൗരന്മാർ ദുബായ് വിമാനത്താവളത്തിൽ എത്തിയപ്പോൾ. ചിത്രം: റോയിട്ടേഴ്‌സ്

സോവിയറ്റ് അനുകൂലിയായിരുന്ന ദാവുദ് പക്ഷേ, അധികാരത്തില്‍ എത്തിയശേഷം സോവിയറ്റ് യൂണിയനുമായി പിണങ്ങി. പട്ടാളത്തിലെ സോവിയറ്റ് പക്ഷക്കാര്‍1978 ഏപ്രിലില്‍ നടത്തിയ വിപ്ളവത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതോടെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയും തുടങ്ങി. അഫ്ഗാന്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയെന്ന പേരുള്ള മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കക്ഷിയുടെ നേതാവ് നൂര്‍ മുഹമ്മദ് തറാക്കി പുതിയ പ്രസിഡന്‍റായി. 

അതിനുശേഷം ഭരണകക്ഷിയിലെതന്നെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.  തറാക്കി കൊല്ലപ്പെടുകയും  എതിര്‍ ചേരിയിലെ ഹഫീസുല്ല അമീന്‍ പ്രസിഡന്‍റാവുകയും ചെയ്തു. തറാക്കിയുടെ വധത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ടിരുന്ന അമീന്‍ അമേരിക്കന്‍ ചാരവിഭാഗമായ സിഐഎയുടെ ശമ്പളക്കാരനാണെന്ന സംശയവുമുണ്ടായിരുന്നു. സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനില്‍ കയറിയതിന്‍റെ മൂന്നാം ദിവസം അമീനും കൊല്ലപ്പെട്ടു.

അമീന്‍ന്‍റെ എതിര്‍ വിഭാഗത്തിലെ നേതാവായിരുന്ന ബാബ്റാക്ക് കര്‍മാലിനെയാണ്  സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാന്‍റെ പുതിയ പ്രസിഡന്‍റായി അവരോധിച്ചത്.  അദ്ദേഹത്തിന്‍റെ അഭ്യര്‍ഥനയനുസരിച്ചാണ് സൈന്യത്തെ അയച്ചതെന്ന് അവകാശപ്പെടുകയും ചെയ്തു. 

സോവിയറ്റ് അധിനിവേശത്തിനെതിരെ അഫ്ഗാനിസ്ഥാനില്‍  പൊട്ടിപ്പുറപ്പെട്ട എതിര്‍പ്പിന്‍റെ രൂക്ഷത സോവിയറ്റ് യൂണിയന്‍ പ്രതീക്ഷിച്ചതായിരുന്നില്ല. മുജീഹിദീന്‍ (വിശുദ്ധയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍) എന്നറിയപ്പെട്ടവരും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ പിന്തുണ ലഭിച്ചവരുമായ  ഗറിലാ സംഘങ്ങളെ ചെറുക്കാന്‍ സോവിയറ്റ് സൈന്യം പാടുപെട്ടു. അമേരിക്കയ്ക്കു വിയറ്റ്നാമില്‍ നേരിട്ടതുപോലുള്ള ഈ അനുഭവം സോവിയറ്റ് യൂണിയനെ സംബന്ധിച്ചിടത്തോളം ആദ്യത്തേതായിരുന്നു. 

രാജ്യാന്തര തലത്തില്‍ കടുത്ത വിമര്‍ശനങ്ങളെയും സോവിയറ്റ് യൂണിയനു നേരിടേണ്ടിവന്നു. ഗത്യന്തരമില്ലാതെ 1988  മേയില്‍ സൈന്യത്തെ പിന്‍വലിക്കാന്‍  തുടങ്ങിയ സോവിയറ്റ് യൂണിയന്‍ ഒന്‍പതു മാസം കൊണ്ടാണ് അതു പൂര്‍ത്തിയാക്കിയത്. രണ്ടര വര്‍ഷത്തിനുശേഷം സോവിയറ്റ് യൂണിയന്‍ തകരാനിടയായതില്‍ അഫ്ഗാനിസ്ഥാനിലെ പരാജയത്തിനും പങ്കുണ്ടായിരുന്നുവെന്നു കരുതുന്നവരുണ്ട്. 

സോവിയറ്റ് സൈന്യത്തെ തുരത്താന്‍ ഒന്നിച്ചു പോരാടിയ മുജാഹിദീന്‍ അത്രയും വീറോടെതന്നെ അന്യോന്യം പോരാടുന്നതാണ് പിന്നീടു കണ്ടത്. അതിന് അവസാനമുണ്ടായത് താലിബാന്‍റെ ആഗമനത്തോടെയാണ്. സോവിയറ്റ് അധിനിവേശകാലത്തു പാക്കിസ്ഥാനില്‍ അഭയം പ്രാപിച്ചിരുന്ന ലക്ഷക്കണക്കിന്  അഫ്ഗാനിസ്ഥാന്‍കാരില്‍നിന്നു ഐഎസ്ഐ (പാക്ക് സൈനിക ചാരവിഭാഗം) തിരഞ്ഞെടുത്തു പരിശീലനം നല്‍കിയതായിരുന്നു ഇവരെ. ഇവരുടെ നേതാക്കള്‍ സോവിയറ്റ് സൈന്യത്തിനെതിരായ യുദ്ധത്തില്‍ പങ്കെടുത്തവരുമായിരുന്നു. 

അഫ്ഗാനിസ്ഥാന്‍റെ മറ്റു പല ഭാഗങ്ങളും പിടിച്ചടക്കിയ താലിബാന്‍ 1996 സെപ്റ്റംബറില്‍ കാബൂളിലുമെത്തി. സോവിയറ്റ് യൂണിയന്‍ അവരുടെ അവസാനത്തെ അഫ്ഗാന്‍ പ്രസിഡന്‍റായി അവരോധിച്ചിരുന്ന മുന്‍ രഹസ്യപ്പൊലീസ് തലവന്‍ ഡോ. മുഹമ്മദ് നജീബുല്ല അപ്പോള്‍ നാടുവിടാന്‍ ഒരുങ്ങുകയായിരുന്നു. 

AFGHANISTAN-CONFLICT-BIDEN
ജോ ബൈഡൻ. ചിത്രം: റോയിട്ടേഴ്‌സ്

വിമാനത്താവളത്തില്‍വച്ച് അദ്ദേഹത്തെ അവര്‍ പിടികൂടി തടവിലാക്കി. പിന്നീട് കഠിനമായി മര്‍ദ്ദിച്ചശേഷം വെടിവച്ചുകൊന്നു കമ്പിക്കാലില്‍ കെട്ടിത്തൂക്കി. കഴിഞ്ഞ ഏഴു വര്‍ഷം പ്രസിഡന്‍റായിരുന്ന അഷ്റഫ് ഗനി ഇത്തവണ താലിബാന്‍ കാബൂളില്‍ എത്തുന്നതിനു മുന്‍പ്തന്നെ നാടുവിടുകയായിരുന്നു. ഇല്ലെങ്കില്‍ അദ്ദേഹത്തിനും ഒരുപക്ഷേ നജീബുല്ലയുടെ ഗതി സംഭവിക്കുമായിരുന്നുവെന്നു കരുതുന്നവരുണ്ട്.

സോവിയറ്റ് സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍നിന്നു തുരത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച അമേരിക്ക സോവിയറ്റ് പിന്മാറ്റത്തിനുശേഷം അഫ്ഗാനിസ്ഥാനെ മറന്നു തുടങ്ങിയിരുന്നു. അതിനിടയിലായിരുന്നു 2001 സെപ്റ്റംബറില്‍ അമേരിക്കയിലെ ഭീകരാക്രമണം. 

അതിന് ഉത്തരവാദികളായ അല്‍ഖായിദ സംഘത്തിനും അവരുടെ നേതാവ് ഉസാമ ബിന്‍ ലാദനും സംരക്ഷണം നല്‍കിയ താലിബാനെ പുറത്താക്കാന്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തി. അഫ്ഗാനിസ്ഥാനില്‍നിന്നു പാക്കിസ്ഥാനില്‍ അഭയം പ്രാപിച്ചിരുന്ന ബിന്‍ ലാദനെ കണ്ടെത്തി വധിക്കുകയും ചെയ്തു. 

പക്ഷേ, 20 വര്‍ഷത്തിനുശേഷം അമേരിക്ക അവിടെനിന്നുള്ള പിന്മാറ്റം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ്തന്നെ താലിബാന്‍ കാബൂളില്‍ മടങ്ങിയെത്തി. അതിനെ തുടര്‍ന്നുണ്ടായ കുഴപ്പങ്ങളുടെ പിടിയില്‍ പിടയുകയാണ് അഫ്ഗാനിസ്ഥാനിലെ ഏതാണ്ടു നാലു കോടി ജനങ്ങള്‍. 

Content Summary : Afghanistan: From the Soviet Invasion to the US withdrawal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA