അഫ്ഗാനിസ്ഥാനില്‍ ഇനിയെന്ത് ?

HIGHLIGHTS
  • അമേരിക്കയെ സഹായിച്ച നാട്ടുകാര്‍ അപകടത്തില്‍
  • പുതിയ യുദ്ധം താലിബാനും ഐഎസ്-കെയും തമ്മില്‍
AFGHANISTAN-CONFLICT
Taliban fighters patrol on a vehicle outside Kabul International Airport in Kabul on September 4, 2021. Photo Credit : Aamir Qureshi / AFP
SHARE

അഫ്ഗാനിസ്ഥാനിലെ അവസാനത്തെ യുഎസ് സൈനികരെയും വഹിച്ചുകൊണ്ടുള്ള വിമാനം ഓഗസ്റ്റ് 30നു ഹിന്ദുകുഷ് പര്‍വത നിരകള്‍ക്കു മുകളിലൂടെ പറന്നുപോയി. അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സൈനിക പിന്മാറ്റം അങ്ങനെ, നിശ്ചിത തീയതിക്ക് ഒരു ദിവസം മുന്‍പതന്നെ പൂര്‍ത്തിയായി. ഇരുപതു വര്‍ഷക്കാലം യുദ്ധഭൂമിയായിരുന്ന ആ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ചോദ്യം ഇതാണ് :  ഇനിയെന്ത് ?  

തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളും താലിബാന്‍റെ അധീനത്തിലാണ്. ഇത്തവണ അവരുടെ ഭരണം ഏതു വിധത്തിലായിരിക്കുംഎന്നതാണ് നാലു കോടിയോളം വരുന്ന ജനങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്നം. ആരും ഒന്നും ഭയപ്പെടേണ്ടതില്ലെന്നു താലിബാന്‍ നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം പാലിക്കപ്പെടുമെന്നു കാണാനിരിക്കുന്നതേയുള്ളൂ. 

യുഎസ് സൈനിക പിന്മാറ്റത്തിന്‍റെ അവസാന നാളുകളില്‍ വിദേശികള്‍ക്കു പുറമെ ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരും നാടുവിട്ടുപോകാനുള്ള പരക്കം പാച്ചിലിലായിരുന്നു. താലിബാനെക്കുറിച്ചുളള ഭയമായിരുന്നു അതിനുകാരണം. അവസാനത്തെ 18 ദിവസങ്ങളില്‍ അമേരിക്കന്‍ സൈനികരുടെ സഹായത്തോടെ യുഎസ് ചരക്കു വിമാനങ്ങളില്‍ കയറി അങ്ങനെ രക്ഷപ്പെട്ടത് ഒന്നേകാല്‍ ലക്ഷം പേരാണ്. പകുതിപേരും അമേരിക്കന്‍ പൗരന്മാര്‍. ഇത്രയും കുറഞ്ഞ ദിവസങ്ങളിലെ ഇത്രയും വലിയ ഒഴിച്ചുപോക്ക് മാനവ ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടില്ലത്രേ. 

എന്നിട്ടും നൂറു മുതല്‍ ഇരുനൂറുവരെ അമേരിക്കാര്‍ ബാക്കിയായി. ഇവരില്‍ പലരും ഇരട്ട പൗരത്വമുള്ളവരും അഫ്ഗാനിസ്ഥാനില്‍ കുടുംബ ബന്ധങ്ങളുള്ളവരുമായതിനാല്‍ മനഃപൂര്‍വം പോകാന്‍ വിസമ്മതിക്കുകയായിരുന്നു. രാജ്യം ഇപ്പോള്‍ താലിബാന്‍റെ അധീനത്തിലായ സ്ഥിതിക്ക്, ആവശ്യമായി വന്നാല്‍ ഇവരെയെല്ലാം നാട്ടിലേക്കു മടങ്ങാന്‍ താലിബാന്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. പക്ഷേ, അതും കാണാനിരിക്കുന്നതേയുള്ളൂ. 

TOPSHOT-PAKISTAN-AFGHANISTAN-CONFLICT
Afghans walk along a fenced corridor after crossing into Pakistan through the Pakistan-Afghanistan border crossing point in Chaman on August 27, 2021 following the Taliban's stunning military takeover of Afghanistan. Photo Credit : AFP

ഇവരുടേതിനേക്കാള്‍ ഉല്‍ക്കണ്ഠാജനകമാണ് നാടുവിടാനുള്ള അവസാനശ്രമവും പരാജയപ്പെട്ട ഒരു കൂട്ടം അഫ്ഗാന്‍ പൗരന്മാരുടെ സ്ഥിതി. യുഎസ്, നാറ്റോ സൈന്യത്തോടൊപ്പം ദ്വിഭാഷികളായും ഡ്രൈവര്‍മാരായും മറ്റും പ്രവര്‍ത്തിച്ചിരുന്നവരും അവരുടെ കുടുംബാംഗങ്ങളുമാണിവര്‍. താലിബാന്‍റെ കണ്ണില്‍ ഇവര്‍ ശത്രുക്കളായിരുന്നു. 

അതിനാല്‍ സൈനിക പിന്മാറ്റത്തോടൊപ്പം തന്നെ ഇവരെ അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപ്പെടുത്തി അമേരിക്കയില്‍ കുടിയിരുത്താനും പരിപാടിയുണ്ടായിരുന്നു. പക്ഷേ,അതിനാവശ്യമായ പ്രതേക വീസയ്ക്കു വേണ്ടിയുള്ള പരിശോധനകളും കടലാസു ജോലികളുമെല്ലാം സര്‍ക്കാര്‍ മുറയുടെ ചുഴിയില്‍പ്പെട്ടു നീണ്ടുപോയി. ഇരുപതിനായിരത്തോളം പേര്‍ രക്ഷപ്പെടാനാവാതെ അവശേഷിക്കുകയും ചെയ്തു.  

വീസയില്ലാതെതന്നെ പലര്‍ക്കും പോകാനായെങ്കിലും അവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം ലഭിച്ചിട്ടില്ല. വീസ കിട്ടുന്നതുവരേയുള്ള കാലത്തേക്ക്, അവരെ ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള യുഎസ് സൈനിക താവളങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അവര്‍ അമേരിക്കയില്‍ എത്താനുളള തങ്ങളുടെ ഊഴം കാത്തിരിക്കുമ്പോള്‍, കാബൂളില്‍ അവശേഷിച്ചിരിക്കുന്നവര്‍ തങ്ങളോടുള്ള താലിബാന്‍റെ സമീപനം എന്തായിരിക്കുമെന്ന ഭീതിയില്‍ സമയം തള്ളിനീക്കുന്നു. 

ഇവരില്‍ ഒരാളുടെ കഥ അമേരിക്കയില്‍ സവിശേഷ വാര്‍ത്തയായിട്ടുമുണ്ട്. പ്രസിഡന്‍റ് ജോ ബൈഡന്‍  സെനറ്ററായിരുന്ന കാലത്ത് 2008ല്‍ അഫ്ഗാനിസ്ഥാനില്‍ അപകടത്തിലായ സംഭവമാണ് അതിന്‍റെ പശ്ചാത്തലം. ബൈഡനും മുന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഉള്‍പ്പെടെയുള്ള മറ്റു ചില സെനറ്റര്‍മാരും സഞ്ചരിച്ചിരുന്ന ഹെലികോപറ്റര്‍ മണല്‍ക്കാറ്റില്‍പെട്ട് ഇടിച്ചിറങ്ങുകയായിരുന്നു. വിദൂരമായ ഒരു മലമ്പ്രദേശത്ത് അവര്‍ ഒറ്റപ്പെട്ടുപോയി. 

മുഹമ്മദ് എന്നു പേരായ ദ്വിഭാഷി ഉള്‍പ്പെടെയുളള ചിലരാണ് അവരെ രക്ഷപ്പെടുത്തിയത്. തന്നെയും കുടുംബത്തെയും രക്ഷിക്കണേയെന്ന് ഒരു പ്രമുഖഅമേരിക്കന്‍ പത്രവുമായി നടത്തിയ അഭിമുഖത്തിലൂടെ ബൈഡനോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് മുഹമ്മദ്. സുരക്ഷാ കാരണങ്ങളാല്‍ അയാളുടെ മുഴുവന്‍ പേര് പത്രം വെളിപ്പെടുത്തിയിട്ടില്ല. ഒളിവില്‍ പോയിരിക്കുകയാണത്രേ അയാളും ഭാര്യയും നാലു കുട്ടികളും.

ഇങ്ങനെയുള്ളവരെ മാത്രമല്ല, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയ പ്രഫഷനലുകളെയും താലിബാന്‍ നാടുവിടാന്‍ അനുവദിക്കുമോ എന്ന കാര്യംസംശയമാണ്. കാരണം ഇവരില്ലാതെ രാജ്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാനാവില്ല. ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒട്ടേറെ പേര്‍ ഇതിനകം പോയിക്കഴിഞ്ഞതിനാല്‍ അതുമൂലമുള്ള പ്രശ്നങ്ങള്‍ വരുംദിനങ്ങളില്‍ താലിബാനു നേരിടേണ്ടിവരികയും ചെയ്യും. അതേസമയം, പോകാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം അതിന് അനുവദിക്കണമെന്നു യുഎന്‍ രക്ഷാസമിതി താലിബാനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.  

താലിബാനെ ആളുകള്‍ ഭയപ്പെടുന്നത് 20 വര്‍ഷംമുന്‍പ് അഞ്ചു വര്‍ഷക്കാലം (1996-2001) അവര്‍ ഭരിച്ചപ്പോള്‍ നടപ്പാക്കിയിരുന്ന നയപരിപാടികളുടെ അടിസ്ഥാനത്തിലാണ്. ജനാധിപത്യം ഉണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ പൊറുപ്പിച്ചിരുന്നില്ല. അവരുടെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു കിരാതരീതിയിലുള്ള നിഷ്ഠുര ശിക്ഷകള്‍ നേരിടേണ്ടിവന്നു. 

സ്ത്രീകളുടെ സ്ഥിതിയായിരുന്നു ഏറ്റവും കഷ്ടം. കുടുംബാഗങ്ങളായ പുരുഷന്മാരൊടൊപ്പമല്ലാതെ അവരെ വീടുകളില്‍നിന്നു പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ല. പുറത്തുപോകുന്നവര്‍ കണ്ണുകള്‍ ഒഴികെ ശരീരം മുഴുവന്‍ മറയുന്ന വിധത്തിലുള്ള ബുര്‍ഖ ധരിക്കണമായിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭാസം നിഷിദ്ധമാക്കി. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ ഒഴികെ സ്ത്രീകള്‍ക്കു ജോലി ചെയ്യാന്‍ കര്‍ശനമായ വിലക്കുകള്‍  ഏര്‍പ്പെടുത്തി.  

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തു പക്ഷേ സ്ഥിതി അതായിരുന്നില്ല. താലിബാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇല്ലാതായി. കാബൂളില്‍നിന്നു താലിബാനെ പുറത്താക്കാന്‍ 2001ല്‍ അമേരിക്ക നടത്തിയ സൈനികാക്രമണം അങ്ങനെ മറ്റൊരു വിധത്തില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കു ഗുണകരമാവുകയായിരുന്നു. ഇരുളടഞ്ഞ ആ ദിനങ്ങള്‍ തിരിച്ചുവരുമോ എന്ന ഭയം ബന്ധപ്പെട്ട എല്ലാവരിലും ഉള്‍ക്കിടിലമുണ്ടാക്കുന്നതു സ്വാഭാവികം.  അതേസമയം, ഇതു പുതിയ താലിബാന്‍ (നയാതാലിബാന്‍) ആണെന്നു കരുതുന്നവരുമുണ്ട്. പരക്കേ വെറുക്കപ്പെടുകയും 2001ലെ അമേരിക്കന്‍ ആക്രമണം വിളിച്ചുവരുത്താന്‍ ഇടയാക്കുകയും ചെയ്ത വിധത്തിലുള്ള രീതികളൊന്നും ഇത്തവണ അവര്‍ സ്വീകരിക്കില്ലെന്നാണ് ഇങ്ങനെ കരുതുന്നവര്‍ പ്രതീക്ഷിക്കുന്നത്. 

ഇതു പഴയ താലിബാന്‍ അല്ലെന്നു കരുതുന്നവരില്‍ അമേരിക്കയിലെതന്നെ ഒരു പ്രമുഖ നയതന്ത്രജ്ഞനുമുണ്ട്-അഫ്ഗാന്‍ വംശജനായ സല്‍മേയ് ഖലീല്‍സാദ്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായിരുന്ന കാലത്ത് അഫ്ഗാനിസ്ഥാനിലെ പ്രത്യേക യുഎസ് ദൂതനായി നിയമിക്കപ്പെട്ട ഇദ്ദേഹമായിരുന്നുവല്ലോ യുഎസ്, നാറ്റോ സൈനിക പിന്മാറ്റം സംബന്ധിച്ച് താലിബാനുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത്. 

അല്‍ഖായിദയെപ്പോലുള്ള ഭീകരസംഘങ്ങള്‍ക്കു പഴയതുപോലെ താവളവും സംരക്ഷണവും  നല്‍കാന്‍ ഇനി താലിബാന്‍ തയാറാകില്ലെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. ഒത്തുതീര്‍പ്പുണ്ടായത് അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു. എങ്കിലും, ഇക്കാര്യത്തിലും താലിബാന്‍റെ വാക്കുകൾ മുഖവിലയ്ക്കെടുക്കാന്‍ പറ്റില്ലെന്നു കരുതുന്നവരും അമേരിക്കയിലുണ്ട്. 

AFGHANISTAN-TALIBAN/
An armed man who is against Taliban uprising stands at his check post, at the Ghorband District, Parwan Province, Afghanistan June 29, 2021. Photo Credit : Omar Sobhani / Reuters

അല്‍ഖായിദയോ മറ്റേതെങ്കിലും ഭീകരസംഘമോ അഫ്ഗാനിസ്ഥാന്‍ താവളമാക്കി അമേരിക്കയക്കോ യുഎസ് താല്‍പര്യങ്ങള്‍ക്കോ എതിരായി നീങ്ങിയാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് ഈ പശ്ചാത്തലത്തിലാണ്. അഫ്ഗാനിസ്ഥാനിലേക്കു വീണ്ടും പട്ടാളത്തെ  അയക്കാതെതന്നെ ഇതു സാധ്യമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലുമാണ് അദ്ദേഹം. 

അല്‍ഖായിദയേക്കാള്‍ തീവ്രതയേറിയ മറ്റൊരു ഭീകരസംഘം അഫ്ഗാനിസ്ഥാനില്‍ വേരൂന്നിക്കഴിഞ്ഞിരിക്കുന്നുവെന്നതാണ് ഇതിന്‍റെയെല്ലാം വേറൊരു വശം. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ (ഐഎസ്-കെ) എന്ന പേരുള്ള ഈ സംഘം പശ്ചിമേഷ്യയിലെ സിറിയയിലും ഇറാഖിലും കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ അതിഭീകരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട ഇസ്ലാമിക സ്റ്റേറ്റ് (ഐഎസ്) എന്ന സംഘടനയുടെ ഘടകമാണെന്നാണ് അവകാശപ്പെടുന്നത്. 

ഖൊറാസാന്‍ എന്നതു പണ്ടുകാലത്ത് അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വ്യാപിച്ചുകിടന്നിരുന്ന ഒരു പ്രദേശമായിരുന്നു. തങ്ങളുടെ പ്രവര്‍ത്തനരംഗം അഫ്ഗാനിസ്ഥാനില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെന്നു സൂചിപ്പിക്കുകയാണ് ഈ പേരിലൂടെ അവര്‍. 

US-POLITICS-BIDEN-HURRICANE
US President Joe Biden. Photo Credit: Jim Watson / AFP

നിഷ്ഠുരതയുടെ പുതിയ മാനങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഇവര്‍ അല്‍ഖായിദയെയും താലിബാനെയും കഠിനമായി എതിര്‍ക്കുന്നു. നാടുവിട്ടുപോകാനായി കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ ഓഗസ്റ്റ് 26നു ചാവേര്‍ ബോംബാക്രമണം നടത്തിയത് അവരാണ്. ഇരുനൂറോളം അഫ്ഗാന്‍ പൗരന്മാരും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടു. സൈനിക പിന്മാറ്റത്തിന്‍റെ അവസാന നാളുകളില്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് ഇവരെ ലക്ഷ്യംവച്ചായിരുന്നു. യുഎസ് സൈന്യം സ്ഥലം വിട്ടതിനാല്‍  ഇനിയങ്ങോട്ട് താലിബാനു യുദ്ധം ചെയ്യേണ്ടിവരിക ഇവരുമായിട്ടായിരിക്കും.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : The US is out of Afghanistan. What happens next in the nation now led by the Taliban?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA