ആ താലിബാന്‍തന്നെ ഈ താലിബാന്‍

HIGHLIGHTS
  • ഹഖാനിമാര്‍ക്ക് മന്ത്രിസഭയില്‍ അമിത മുന്‍തൂക്കം
  • പാക്ക് ചാരസംഘത്തലവന്‍ എത്തിയത് എന്തിന് ?
videsharangom-column-taliban-zabihullah-mujahid
Taliban Spokesperson Zabihullah Mujahid. Photo Credit : Hoshang Hashimi / AFP
SHARE

തലസ്ഥാന നഗരമായ കാബുള്‍ പിടിച്ചടക്കിയ ശേഷം മൂന്നാഴ്ച കഴിയേണ്ടിവന്നു താലിബാന് അവരുടെ പുതിയ ഗവണ്‍മെന്‍റിനു രൂപം നല്‍കാന്‍. അവര്‍ക്കിടയില്‍തന്നെവളര്‍ന്നുവന്ന അഭിപ്രായ ഭിന്നതകളാണ് ഇതിനു കാരണമെന്നായിരുന്നു അഭ്യൂഹങ്ങള്‍. പക്ഷേ, അതു സംബന്ധിച്ച വിശദവിവരങ്ങളൊന്നും ലഭിക്കുകയുണ്ടായില്ല. അതേസമയം, ഒരു കാര്യം വ്യക്തമാവുകയും ചെയ്തു. പുതിയ ഗവണ്‍മെന്‍റ് രാജ്യാന്തര തലത്തില്‍ സൃഷ്ടിച്ചിട്ടുള്ളത് അനുകൂലാഭിപ്രായമല്ല. ചില മന്ത്രിമാര്‍ രാജ്യാന്തര തലത്തില്‍ ഒട്ടും സ്വീകാര്യരല്ല എന്നതാണ് അതിന് ഒരു കാരണം. വേറെയും കാരണങ്ങളുണ്ട്.

അഫ്ഗാനിസ്ഥാനില്‍നിന്നുള്ള യുഎസ്, നാറ്റോ സൈനിക പിന്മാറ്റം പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെതന്നെ ഓഗസ്റ്റ് 15 നു കാബൂളില്‍ എത്തിയ താലിബാന്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചത് സെപ്റ്റംബര്‍ ഏഴിനാണ്. ഇതുതന്നെ ഒരു ഇടക്കാല മന്ത്രിസഭയാണെന്നാണ് അവരുടെ വക്താവ് സബീഹുല്ല മുജാഹിദ്  എടുത്തുപറഞ്ഞതും. സ്ഥിരം മന്ത്രിസഭ എപ്പോളുണ്ടാകുമെന്നോ അതിനു മുന്‍പ് തിരഞ്ഞെടുപ്പ് നടത്തുമെന്നോ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായില്ല. 

ഏതാണ്ട് അറുപതു വയസ്സ് പ്രായമുള്ള മുല്ല ഹിബത്തുല്ല അഖുന്ദ്സാദയാണ് പരമോന്നത നേതാവായി സ്ഥാനമേറ്റിട്ടുള്ളത്. ഇറാനില്‍ ആയത്തുല്ല അലി ഖമനയി വഹിച്ചുവരുന്നതിനു തുല്യമെന്നു കരുതപ്പെടുന്ന ഈ പദവി മുന്‍പ് വഹിച്ചിരുന്നതു താലിബാന്‍റെ സ്ഥാപകനേതാവ് മുല്ല മുഹമ്മദ് ഉമറായിരുന്നു. അദ്ദേഹം ജീവിച്ചിരിപ്പില്ല.അഫ്ഗാനിസ്ഥാനിലെ അധികാരത്തില്‍നിന്നു താലിബാന്‍ പുറന്തള്ളപ്പെട്ടിരുന്ന കാലത്ത് ഒളിവില്‍ കഴിയുന്നതിനിടയില്‍ 2013ല്‍ നിര്യാതനായി. താലിബാനു രൂപംനല്‍കുന്നതില്‍ ഉമറിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരില്‍ ഒരാള്‍കൂടിയാണ് അഖുന്ദ്സാദ. എങ്കിലും ഒരു പോരാളിയെന്നതിനേക്കാള്‍ മതനേതാവായി അറിയപ്പെടുന്നു. 

videsharangom-column-taliban-mullah-haibatullah-akhundzada
Mullah Haibatullah Akhundzada. Photo Credit : Reuters

ഭരണത്തലവനായ പ്രധാനമന്ത്രിയായി സ്ഥാനമേറ്റിട്ടുളളത് മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദാണ്. മുന്‍പ് താലിബാന്‍ അധികാരത്തിലുണ്ടായിരുന്ന കാലത്തിന്‍റെ അവസാനഘട്ടത്തിലും അദ്ദേഹമായിരുന്നു പ്രധാനമന്ത്രി. വിദേശമന്ത്രിയുമായിരുന്നു. എങ്കിലും, യുഎസ് സൈനിക പിന്മാറ്റം സംബന്ധിച്ച് ഖത്തറിലെ ദോഹയില്‍ നടന്ന ചര്‍ച്ചകളില്‍ താലിബാനുവേണ്ടി മുഖ്യമായി പങ്കെടുത്ത മുല്ല അബ്ദുല്‍ ഗനി ബറാദറാണ് ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുകയെന്നും റിപ്പോര്‍ട്ടകള്‍ പ്രചരിക്കുകയുണ്ടായി. താലിബാന്‍റെ രാഷ്ട്രീയ വിഭാഗം തലവന്‍ കൂടിയായ ബറാദറിനു ലഭിച്ചിട്ടുള്ളത് ഉപപ്രധാനമന്ത്രിമാരില്‍ ഒരാളുടെ സ്ഥാനമാണ്. ബറാദര്‍തഴയപ്പെട്ടുവെന്ന വ്യാഖ്യാനമുണ്ടാാവാന്‍ ഇതു കാരണമാവുകയും ചെയ്തു. 

രാജ്യാന്തര തലത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്നത്  പക്ഷേ, ഇതൊന്നുമല്ല, ഹഖാനി നെറ്റ് വർക്ക് എ്ന്നറിയപ്പെടുന്ന താലിബാന്‍ ഉപവിഭാഗത്തിനു മന്ത്രിസഭയില്‍ ലഭിച്ചിട്ടുള്ള അമിതമായ മുന്‍തൂക്കമാണ്. 33 മന്ത്രിമാരില്‍ നാലുപേര്‍ ഇവരാണ്. രാജ്യത്തെ നിയമസമാധാന പാലനത്തിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന ആഭ്യന്തര മന്ത്രിസ്ഥാനത്തു നിയമിതനായിരിക്കുന്നത് സംഘടനയുടെ തലവനായ സിറാജുദ്ദീന്‍ ഹഖാനി. സിറാജുദ്ദീന്‍റെ അമ്മാവന്‍ ഖലീലുര്‍ റഹമാന്‍ ഹഖാനി അഭയാര്‍ഥികാര്യ മന്ത്രിയായി. നജീബുല്ല ഹഖാനി, ഷെയ്ക്ക് അബുദുല്‍ ബാഖി ഹഖാനി എന്നീ മറ്റു രണ്ട്ു ബന്ധുക്കള്‍ യഥാക്രമം വാര്‍ത്താവിനിമയ മന്ത്രിയുംഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി. 

ഇരുപതു വര്‍ഷംമുന്‍പ് അഫ്ഗാനിസ്ഥാനിലെ ഭരണത്തില്‍നിന്നു പുറംതള്ളപ്പെട്ടശേഷം യുഎസ്, നാറ്റോ സൈന്യങ്ങള്‍ക്കെതിരേ താലിബാന്‍ നടത്തിയ യുദ്ധത്തെക്കുറിച്ചുളള വാര്‍ത്തകളില്‍ ഏറ്റവുമേറെ പരാമര്‍ശിക്കപ്പെട്ട പേരാണ് ഹഖാനിമാരുടേത്. അങ്ങനെ അവരുടെ സംഘടന കുപ്രസിദ്ധിനേടി. 2008 ജൂലൈയില്‍ കാബൂളില്‍ ഇന്ത്യന്‍ എംബസ്സിക്കു നേരെ ചാവേര്‍ ബോംബാക്രമണം നടത്തിയതും അവരായിരുന്നു. രണ്ട് ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 58 പേര്‍ മരിക്കുകയും 141 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.  

അമേരിക്കക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേരെ ഹഖാനിമാര്‍ തട്ടിക്കൊണ്ടുപോയതായും ആരോപിക്കപ്പെടുന്നു. യുഎസ് സേനയൊടൊപ്പം കരാര്‍ അടിസ്ഥാനത്തില്‍ സേവനം ചെയ്തിരുന്ന മാര്‍ക്ക് ഫ്രെഞ്ച്സ് അവരില്‍ ഒരാളാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അപ്രത്യക്ഷനായ ഫ്രെഞ്ച്സ് ഇപ്പോഴും അവരുടെ പിടിയിലാണെന്നാണ് അമേരിക്ക കരുതുന്നത്. ഹഖാനി ശൃംഖലയെ അമേരിക്ക ഭീകരസംഘടനയായി മുദ്രകുത്തുകയും സിറാജുദ്ദീനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം ഡോളറിന്‍റ ഇനാം പ്രഖ്യാപിക്കുകയുമുണ്ടായി.  

videsharangom-column-taliban-jalaluddin-haqqani
Jalaluddin Haqqani. Photo Credit : Mohammed Riaz / AP Photo

ഇതിനൊരു മറുവശംകൂടിയുണ്ടെന്നതും ഒരുപക്ഷേ പലരും ഓര്‍ക്കാനിടയുണ്ട്.  അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശക്കാലത്ത് ഹഖാനിമാര്‍ സോവിയറ്റ് സൈന്യത്തിനെതിരെ പോരാടിയിരുന്നപ്പോള്‍ അവരെ അമേരിക്ക കൈയയ്ച്ച് സഹായിക്കുകയായിരുന്നു. ഹഖാനി നെറ്റ് വർക്കിന്റെ സ്ഥാപകനേതാവും  സിറാജുദ്ദീന്‍റെ പിതാവുമായ ജലാലുജുദ്ദീന്‍ ഹഖാനിയെ അന്നത്തെ യുഎസ് പ്രസിഡന്‍റ് റോണള്‍ഡ് റെയ്ഗന്‍ സ്വാതന്ത്ര്യ സമര സേനാനിയെന്നു വിശേഷിപ്പിക്കുകയും ചെയ്തു. അതു പഴയകഥ. ഇപ്പോള്‍ സിറാജുദ്ദീന്‍ ആഭ്യന്തര വകുപ്പിനു നേതൃത്വം നല്‍കുന്ന പുതിയ താലിബാന്‍ ഗവണ്‍മെന്‍റിനു നേരെ എന്തു സമീപനം സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണത്രേ പ്രസിഡന്‍റ് ജോ ബൈഡന്‍. 

അമേരിക്കയ്ക്കെതിരായ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തുവെന്നതിനു പിടിയിലാവുകയും ക്യൂബയില്‍ യുഎസ് അധീനത്തിലുളള ഗ്വാണ്ടനാമോബേ തടങ്കല്‍പ്പാളയത്തില്‍ പാര്‍പ്പിക്കപ്പെടുകയും ചെയ്തവരില്‍ നാലു പേര്‍ക്കും പുതിയ ഭരണകൂടത്തില്‍ പ്രമുഖ സ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

വാര്‍ത്താവിതരണ-സാംസ്ക്കാരിക മന്ത്രി മുല്ല ഖൈറുള്ള ഖൈര്‍ക്കാഹ്, അതിര്‍ത്തി-ഗോത്രകാര്യ മന്ത്രി  മുല്ല നൂറുല്ല നൂരി, ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ഫസല്‍, ഇന്‍റലിജന്‍സ് വിഭാഗം തലവന്‍ അബ്ദുല്‍ ഹഖ് വസീഖ് എന്നിവരാണിവര്‍. താലിബാന്‍റെ തടവിലായിരുന്ന ഒരു യുഎസ് സൈനികനെ വിട്ടുകിട്ടാനായി 2014ല്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭരണത്തില്‍ അമേരിക്ക മോചിപ്പിച്ചതായിരുന്നു ഇവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ. താലിബാന്‍റെ സ്ഥാപക നേതാവായിരുന്ന പരേതനായ മുല്ല മുഹമ്മദ് ഉമറിന്‍റെ മൂത്തമകന്‍ മുഹമ്മദ് യാക്കൂബ് പ്രതിരോധ മന്ത്രിയായി നിയമിതനായ കാര്യവും പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്നു. 

videsharangom-column-ronald-reagan
Ronald Reagan. Photo Credit : AP Photo

രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഗവണ്‍മെന്‍റ് ഉണ്ടാവുമെന്നാണ് കാബൂളില്‍ എത്തിയ ഉടനെ താലിബാന്‍ നേതാക്കള്‍ നല്‍കിയിരുന്ന സുചനകള്‍. മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, ഓടിപ്പോയ പ്രസിഡന്‍റ് അഷ്റഫ് ഗനിയുടെ ഗവണ്‍മെന്‍റില്‍ പ്രധാനമന്ത്രിക്കു തുല്യമായ പദവിയോടെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ഡോ.അബദുല്ല അബദുല്ല എന്നിവരുമായി അവര്‍ നടത്തിയ ചര്‍ച്ചകള്‍ അതിന് പിന്‍ബലം നല്‍കുകയുമുണ്ടായി. 

എന്നാല്‍, ഒടുവില്‍ രൂപംകൊണ്ടത് താലിബാനു മാത്രം പ്രാതിനിധ്യമുള്ളതും ഭൂരിപക്ഷ വിഭാഗമായ പഷ്തൂനുകള്‍ക്ക് ഏതാണ്ട് പൂര്‍ണ മേധാവിത്തമുള്ളതുമായ ഭരണകൂടമാണ്.  താജിക്ക്, ഉസ്ബെക്ക്, ഹസാര തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇത്തവണയും ഫലത്തില്‍ അവഗണിക്കപ്പെട്ടു. താജിക്കുകള്‍ക്കും ഉസ്ബെക്കുകള്‍ക്കും ഓരോ മന്ത്രിസ്ഥാനം കിട്ടിയിട്ടുണ്ടെന്നുമാത്രം. സ്ത്രീകളില്‍നിന്ന് ഒരാളെങ്കിലും മന്ത്രിയാകുമെന്നു പ്രതീക്ഷിച്ചവരും നിരാശരായി. സ്ത്രീകളെ സംബന്ധിച്ച നയത്തില്‍ താലിബാന്‍ ഇത്തവണ കാര്യമായ മാറ്റംവരുത്തിയേക്കാമെന്ന സൂചനകള്‍ക്കും അടിസ്ഥാനമില്ലാതായി. 

കാബൂളില്‍ താലിബാന്‍ വീണ്ടം അധികാരത്തില്‍ എത്തിയതില്‍ ഏറ്റവുമധികം ആഹ്ളാദം പ്രകടിപ്പിച്ചത് അയല്‍രാജ്യമായ പാക്കിസ്ഥാന്‍റെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്. അഫ്ഗാനിസ്ഥാന്‍റെ കാര്യങ്ങളില്‍ നിരന്തരമായി ഇടപെടുകയും താലിബാന്‍റെ രൂപീകരണത്തില്‍തന്നെ മുഖ്യപങ്കുവഹിക്കുകയും ചെയ്ത ചരിത്രമാണ് പാക്കിസ്ഥാനുള്ളത്. ഒരു കൈകൊണ്ട് അമേരിക്കയുടെ സാമ്പത്തിക സഹായം സ്വീകരിക്കുകയും മറുകൈകൊണ്ട് അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്കയ്ക്കെതിരെ താലിബാനെ സഹായിക്കുകയുമായിരുന്നു അവര്‍. ആ പശ്ചാത്തലത്തില്‍ ഇമ്രാന്‍റെ ആഹ്ളാദ പ്രകടനം ആരെയും അല്‍ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല. 

പുതിയ താലിബാന്‍ ഗവണ്‍മെന്‍റ് പ്രഖ്യാപിക്കപ്പെടുന്നതിനു തൊട്ടുമുന്‍പുള്ള ചില ദിവസങ്ങളില്‍ പാക്ക് ചാരവിഭാഗത്തിന്‍റെ (ഐഎസ്ഐ) തലവന്‍ ലെഫ്. ജനറല്‍ ഫയിസ് ഹമീദ് കാബൂളിലുണ്ടായിരുന്നു. ഹഖാനിമാര്‍ക്കു മുന്‍തൂക്കമുളള ഈ മന്ത്രിസഭയുടെ രൂപീകരണത്തില്‍ ഹമീദ് കാര്യമായ പങ്കു വഹിച്ചതായുംഅനുമാനിക്കപ്പെടുന്നു. 

പക്ഷേ, പുതിയ ഗവണ്‍മെന്‍റിന്‍റെ രൂപവും സ്വഭാവവും അതിനു പ്രശ്നമുണ്ടാക്കാന്‍ ഇടയുണ്ട്. രാജ്യാന്തര തലത്തില്‍ അംഗീകാരം കിട്ടാനും അഫ്ഗാനിസ്ഥാനെ  സംബന്ധിച്ചിടത്തോളം അടിയന്തരാവശ്യമായിത്തീര്‍ന്നിട്ടുള്ള സാമ്പത്തിക സഹായം ലഭിക്കാനും തടസ്സമുണ്ടായേക്കാം. നേരത്തെതന്നെ രാജ്യത്തിന്‍റെ ബജറ്റ് ചെലവിന്‍റെ ഏതാണ്ട് മുക്കാല്‍ഭാഗവും നിര്‍വഹിച്ചുവന്നതു പുറത്തുനിന്നുള്ള സഹായംകൊണ്ടാണ്. 

US-POLITICS-BIDEN-HURRICANE
US President Joe Biden. Photo Credit: Jim Watson / AFP

ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍. ധാതു വസ്തുക്കളുടെ ഒരു വന്‍നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ഭൂമിക്കടിയില്‍ കിടക്കുന്നതേയുള്ളൂ. അതിനിടയില്‍ 20 വര്‍ഷം നീണ്ടുനിന്ന യുദ്ധവും തുടര്‍ച്ചയായി ഉണ്ടായ വരള്‍ച്ചയും സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കി. താലിബാന്‍ കാബൂളില്‍ എത്തുകയും പ്രസിഡന്‍റ് അഷ്റഫ് ഗനി നാടുവീടുകയും ചെയ്തതിനെ തുടര്‍ന്നു ലോക ബാങ്ക്, രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) എന്നിവയുടേത് അടക്കമുള്ള വിദേശ സഹായങ്ങള്‍ നിലക്കുകയുണ്ടായി. അതും പ്രതിസന്ധി രൂക്ഷമാക്കി. 

കടുത്ത ഭക്ഷ്യ ക്ഷാമമാണ് അഫ്ഗാനിസ്ഥാനെ തുറിച്ചുനോക്കുന്നത്. താലിബാന്‍ ഇതിനെ എങ്ങനെ നേരിടുമെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. 


ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Videshrangom Column - Taliban announces new government in Afghanistan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA